Slider

അറവ്

0
അറവ്
നട്ടുച്ചയ്ക്ക് ഓട്ടമൊന്നുമില്ലാതെ ചടച്ചിരിക്കുമ്പോഴാണ് ഒരു ഫോൺ കോൾ വരുന്നത്.വീട്ടിൽ പോയി കിടന്നുറങ്ങിയാലൊ എന്നാലോചിച്ചതേയുള്ളു. ഫോൺ അറ്റൻഡ് ചെയ്തപ്പോൾ മനസ്സിലായി. ഹോസ്പിറ്റലിൽ നിന്നാണ്.
ഒരാഴ്ച മുമ്പ് റോഡിൽ അപകടത്തിൽ പെട്ടു കിടന്നിരുന്ന ഒരാളെ എന്റെ ഓട്ടോയിലാണ് ആശുപത്രിയിൽ എത്തിച്ചത്.
അന്നെന്റെ ഫോൺ നമ്പറും ആട്ടോയുടെ നമ്പറും ഹോസ്പിറ്റലുകാർ വാങ്ങി വച്ചിരുന്നു.
രോഗി കാരണം അവർക്കെന്തെങ്കിലും ബുദ്ധിമുട്ടായിട്ടുണ്ടാകുമോ?. അതോ രോഗി ഹോസ്പിറ്റൽ ബിൽ അടച്ചില്ലെ?.
ഇനി രോഗിയുടെ ബന്ധുക്കളിലാരെങ്കിലും നന്ദി പറയാനായിരിക്കുമോ വിളിച്ചത്?. അങ്ങിനെയെങ്കിൽ അവരുടെ നമ്പറിൽ നിന്നല്ലെ വിളിക്കുക.
ഒരു സഹായം ചെയ്തതിന്റെ പേരിൽ പ്രയാസപ്പെടേണ്ടി വരുമോ?.
വരുമാനത്തിന് മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തോണ്ടാണ് ഒരു പുതിയതല്ലാത്ത ആട്ടോ വാങ്ങിയത്.അതിന്റെ കടത്തിൽ കിടന്നുഴറുകയാണ് ഞാൻ. അപ്പോഴാണ് ഓരോരോ....?
ദൈവത്തിന്റെ ഓരോരോ പരീക്ഷണങ്ങളെ.
ഏതായാലും ഇപ്പൊ പോകേണ്ട. ഇനിയും വിളിക്കുമോ എന്ന് നോക്കാം.
ഭക്ഷണം കഴിക്കാൻ വീട്ടിൽ പോയപ്പോൾ നന്നായൊന്നുറങ്ങി. വൈകുന്നേര ഓട്ടത്തിനായി മൊബൈലും ചാവിയുമായി പുറത്തിറങ്ങുമ്പോഴാണ് മൊബൈൽ വീണ്ടും റിങ്ങ് ചെയ്യുന്നത്.
പ്രതീക്ഷയോട് കൂടി ഫോണെടുത്തു വെങ്കിലും മറുഭാഗത്തെ സ്വാഗതം പറച്ചിൽ എന്നെ വീണ്ടും അലോസരപ്പെടുത്തി. ഹോസ്പിറ്റലിൽ നിന്നു തന്നെ.
പറഞ്ഞതെല്ലാം മൂളിക്കേട്ട് എന്തു ചെയ്യണമെന്ന് ആലോചിച്ചു കുറച്ചു നേരം വണ്ടിയിൽ തന്നെ ഇരുന്നു.
എന്ത് വന്നാലും വേണ്ടീല. നേരിടുക തന്നെ.
വേഗം ആശുപത്രിയിലെത്തി കൗണ്ടറിൽ ചെന്ന് കാര്യമന്വേഷിച്ചു. അപ്പോൾ അവർ മാനേജരെ കാണാനാണ് ആവശ്യപ്പെട്ടത്.
ഇത് പ്രശ്നം അതു തന്നെയായിരിക്കും എന്ന് ഞാൻ ഉറപ്പിച്ചു.
മാനേജറുടെ റൂമിൽ മാനേജർ മാത്രമേ ഉണ്ടായിരുന്നുള്ളു
വളരെ ബഹുമാനത്തോട് കൂടിയാണ് മാനേജർ എന്നെ സ്വീകരിച്ചത്. എന്നോട് ഇരിക്കാൻ ആവശ്യപ്പെടുകയും പുഞ്ചിരിയോട് കൂടി ഒരു കവർ എന്റെ നേരെ നീട്ടുകയും ചെയ്തു.
"എന്താണിത് ?. ആശ്ചര്യ ഭരിതനായി ഞാൻ ചോദിച്ചു.
" ഇത് അപകടത്തിൽ പരിക്കേറ്റവരെ ഹോസ്പിറ്റലിൽ എത്തിക്കുന്ന ഡ്രൈവർമാർക്ക് ഞങ്ങളുടെ ഹോസ്പിറ്റൽ സംഘടന ഏർപ്പെടുത്തിയ പാരിതോഷികമാണ്". മാനേജർ പറഞ്ഞു തീരുന്നതിന് മുമ്പേ എന്റെ കൈകളിൽ കവർ വച്ചു തന്നിരുന്നു.
എന്ത് ചെയ്യണമെന്നറിയാതെ ഞാൻ മിഴിച്ചു നിൽക്കേ മാനേജർ എന്റെ നേരെ ഒരു ഫയൽകൂടി നീട്ടി.
"ഇതിലൊന്ന് ഒപ്പിടണം"
പണം കൈപ്പറ്റിയതിന്റെ തെളിവ് മാനേജറുടെ മുമ്പിൽ രേഖപ്പെടുത്തി ഞാൻ മടങ്ങുമ്പോൾ ഏറെ സന്തോഷവാനായിരുന്നു ഞാൻ. കാരണം പ്രശ്നം ഒന്നും ഇല്ലല്ലോ എന്ന സമാധാനം.
പിന്നെയാണ് ഓർത്തത് ആ വ്യക്തിയെക്കുറിച്ച് ഞാനൊന്നും ചോദിച്ചില്ലല്ലോ എന്ന്.
വേഗം തിരിച്ച് മാനേജറുടെ റൂമിലേക്ക് ഓടിക്കയറി ചോദിച്ചു.
"സർ അവരെ ഡിസ്ചാർജ് ചെയ്തോ?.
എന്റെ ചോദ്യം കേട്ട് മാനേജർ ഒന്ന് പതറിയോ എന്നൊരു സംശയം.
എന്റെ മുഖത്തേക്കും കൈയിലെ കവറിലേക്കും മാറി മാറി നോക്കി. പിന്നെ കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു.. എന്നിട്ട് അതിലെന്തോതിരഞ്ഞിട്ട് പറഞ്ഞു." അവർ ഇന്ന് രാവിലെ പോയി".
പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല. ഇത്തരം സന്ദർഭങ്ങളിലുള്ള ഓട്ടം ഒരു പ്രതിഫലവും വാങ്ങാതെ തന്നെ വേണമെന്ന് തീർച്ചപ്പെടുത്തിയതാണ്.അതുകൊണ്ട് തന്നെ ഈ കവർ ഒരു സംതൃപ്തി നൽകുന്നില്ല. എന്തോ ആദ്യത്തെ സന്തോഷം പോയി മനസിനൊരു ഭാരം വന്നിരിക്കുന്നു.
ഞാൻ കവർതിരിച്ചും മറിച്ചും നോക്കി. ആശുപത്രിയിലേക്ക് ഒരു ഇരയെ എത്തിച്ചു കൊടുത്തതിനുള്ള പ്രതിഫലം. ഇനിയും ഇരകളെ കൊടുത്താൽ അവർ ഇനിയും പാരിതോഷികം തരും. പക്ഷേ ആരോഗികൾ തന്നെപ്പോലെ പ്രയാസമനുഭവിക്കുന്നവരായിരിക്കും. അവരുടെ കണ്ണുനീരിന്റെ നനവ് പടർന്ന ഈ നോട്ടുകൾ ഒരിക്കലും തനിക്ക് സംതൃപ്തി നൽകാൻ കഴിയില്ല. ഇത് ആരോഗിക്ക് അവകാശപ്പെട്ടതാണ്.
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു.അന്ന് ആരോഗി കൊടുത്ത അഡ്രസ് ലക്ഷ്യം വച്ച്.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo