നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#മിഴി

"ഓരോരുത്തരുടെ കൂടെ ചെന്ന് കിടന്നിട്ട് വരും തള്ളയും തന്തയും എന്തിനാണാവോ ഇതിനെയൊക്കെ ഉണ്ടാക്കി വിടുന്നത്"
പതിവുപോലെ ഉറക്കെയുള്ള സംസാരം കേട്ടിട്ടാണ് മിഴി തീയറ്ററിലേക്ക് കയറിയത്
" എന്താ നീലൂ മിനി സിസ്റ്റർ ഇന്നും ബഹളത്തിലാണല്ലോ"
ഗ്ലൗസ് ഇടുന്നതിനിടയിൽ മിഴി ജൂനിയർ സിസ്റ്ററോട് ചോദിച്ചു
" എങ്ങനെ പറയാതിരിക്കും ഡോക്ടർജി ഒരു അൺ മാരീഡ് കേസാ ഇന്ന് "
"ഹോ 2 മാസം അല്ലേ ഞാൻ കേസ് കണ്ടിരുന്നു"
"ഒരു അഹങ്കാരി പെണ്ണാ ആരും പറ്റിച്ചതൊന്നുമല്ല അഴിഞ്ഞാടാൻ പണത്തിനു വേണ്ടി നടക്കുന്നതാ കുട്ടി"
മിനി സിസ്റ്റർ മിഴിയോടായി പറഞ്ഞു
" പ്രിപ്പറേഷൻ എല്ലാം ആയോ സിസ്റ്റർജി നമുക്ക് സ്റ്റാർട്ട് ചെയ്യാം "
അവൾ മാസ്ക് ധരിച്ച് തീയറ്ററിലേക്ക് കയറി
ബാംഗ്ലൂരിന്റെ പ്രാന്ത പ്രദേശത്തുള്ള ഒരു ഹോസ്പിറ്റലായിരുന്നു അത് . കാശിന്റെ സ്വാധീനത്തിൻ നിയമവിരുദ്ധമായ ഒന്നിനും ഒരു മുടക്കവുമില്ലാത്ത ആശുപത്രി മിഴി തീയറ്ററിൽ നിന്നിറങ്ങിയപ്പോഴും അവളുടെ കണ്ണുകളിൽ രക്തം പുരണ്ട ഗ്ലൗസിനിടയിലൂടെ കണ്ട രണ്ടു മാസം പ്രായമുള്ള ഭ്രൂണത്തിൽ മുളച്ചു വന്നിരുന്ന കുഞ്ഞു വിരലുകളായിരുന്നു
സ്റ്റെത്ത് മാറ്റി വച്ച് അവൾ ചെയറിലേക്ക് ചാഞ്ഞ് കണ്ണടച്ചിരുന്നു.
" ഡോക്ടർജി കേസ് ഷീറ്റ് "
നീലുവിന്റെ ശബ്ദം കേട്ട് മിഴി കണ്ണു തുറന്നു
" എന്തു പറ്റി സുഖമില്ലേ "
നീലു മിഴിയോട് ചോദിച്ചു
" മടുത്തു നീലൂ ദിവസവും ഇപ്പോ അബോർഷൻ ആണല്ലോ ഒരു കുഞ്ഞിന് ഭൂമിയിലേക്ക് വരാൻ സഹായിക്കുന്നതാണ് ഏറ്റവും വലിയ പുണ്യമെന്ന് കരുതിയാ ഗൈനക്കോളജി തന്നെ പിജി ചെയ്തത് എന്നിട്ടിപ്പോ..........
ഒരു ഭ്രൂണം വയറ്റിൽ വരുമ്പോൾ തന്നെ അത് ഒരു ജീവനല്ലേ ഇതിന്റെ ഒക്കെ ശാപം ആണെന്ന് തോന്നുന്നു എനിക്കും.."
"ശരിയാ ഡോക്ടർജി ഇവിടെ പിന്നെ കാശും കൊടുത്ത് വരുന്നതെല്ലാം ഇതിനാണല്ലോ. ഒരു ഗുളികയിൽ തീരാനുള്ളതാ അല്ലെങ്കിൽ ഇതിനൊക്കെ ഒരു കോണ്ടം ഉപയോഗിച്ചൂടെ ഇത്രയും ആകുന്ന വരെ ''
നീലു പകുതിയിൽ നിർത്തി
" മിനി സിസ്റ്റർ ചീത്ത പറയുമ്പോൾ ഞാൻ തിരുത്താത്തതും ഇതാ "
അവൾ കേസ് ഷീറ്റ് ഒപ്പിട്ടു കൊണ്ട് പറഞ്ഞു
" പേഷ്യൻറിന് ബോധം വന്നല്ലോ നീലു എനിക്ക് ഒന്ന് കാണണം.
സാറിന് കേസ് എടുത്താൽ മതിയല്ലോ പണി എനിക്കാ"
അവൾ പുറത്തേക്കിറങ്ങി
ഒന്നും സംഭവിക്കാത്ത മട്ടിൽ കിടക്കുന്ന രോഗിയുടെ അടുത്തേക്ക് അവൾ ചെന്നു
കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയ രോഗിയുടെ മുഖം കണ്ട് മിഴി ചെറുതായി
ഞെട്ടി
"അപ്പൂ നീയോ "
"മിഴീ നീയായിരുന്നോ സർജറി ടൈമിൽ മുഖം കവർ ചെയ്തത് കൊണ്ട് ഞാൻ കണ്ടില്ല ഡോക്ടർ ജോസഫിന്റെ ജൂനിയർ നീയല്ലേ "
" നിന്റെ പേര് അപൂർവന്നല്ലേ പിന്നെ ഹോസ്പിറ്റൽ റെക്കോഡ്സിലെ സാനിയ എന്ന പേര് "
മിഴി സംശയത്തോടെ ചോദിച്ചു
"കമോൺ മാൻ ഇറ്റ്സ് ഫേക്ക് ഒരു പേര് മാറ്റാനാണോ പാട് കാശുണ്ടെങ്കിൽ "
മിഴി ഒന്നും മനസിലാകാതെ നിന്നു
"ok അപ്പൂ നാളെ പോകുന്നതിനു മുൻപ് എന്നെ കാണണം"
അപൂർവയെ നോക്കി പറഞ്ഞ് മിഴി പുറത്തേക്കിറങ്ങി നടന്നു.
രാവിലെ സിസ്റ്റർ പറഞ്ഞ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങി
"കാശിനു വേണ്ടി അഴിഞ്ഞാടി........ ഇല്ല അപ്പു അങ്ങനല്ല'"
അവൾ സ്വയം പറഞ്ഞു
.......
" കുങ്കുമപ്പൊട്ടിനെയും കുപ്പിവളകളെയും സ്നേഹിച്ച പെണ്ണായിരുന്നു ദേവേട്ടാ അവൾ "
ദേവനാരായണന്റെ നെഞ്ചിൽ തല വച്ച് കിടന്ന് മിഴി പറഞ്ഞു
"അപ്പൂന് എന്താ പറ്റിയെന്ന് എനിക്ക് അറിയില്ല പിജി ചെയ്ത ആദ്യ ഒരു വർഷത്തോളം ഞാനും അവളും ഒരേ റൂമിൽ ആയിരുന്നു.
എനിക്ക് ഹോസ്പിറ്റലിന്റെ ഹോസ്റ്റൽ ശരിയാകുന്ന വരെ.
നമ്മൾ നല്ല സുഹൃത്തുക്കളായിരുന്നു കാശിനു വേണ്ടി ഒരിക്കലുമവൾ ഇങ്ങനെ ചെയ്യില്ല അല്ലാതെ തന്നെ ഇട്ടു മൂടാൻ കാശുണ്ട് അവൾക്ക് "
"പ്രണയം ഉണ്ടായിരുന്നോ "
ദേവൻ ചോദിച്ചു
" ഉണ്ടായിരുന്നു ജിത്തു എന്നവൾ വിളിക്കാറുണ്ടായിരുന്ന ഒരാൾ ഞാൻ കണ്ടിട്ടില്ല"
"അവർ തമ്മിൽ പ്രണയം മാത്രമല്ലായിരുന്നു അല്ലേ മിഴീ"
ദേവൻ ചോദിച്ചു
" ആയിരുന്നില്ല ഒരിക്കൽ ഞാനവളോട് കുങ്കുമപ്പൊട്ടിനെ പറ്റി ചോദിച്ചപ്പോൾ അവൾ പറഞ്ഞു ജിത്തുവിന് കുങ്കുമപ്പൊട്ടാണിഷ്ടം നമ്മൾ ഒന്നാകുന്ന സമയത്ത് നെറ്റിയിലെ മാഞ്ഞ കുങ്കുമം കാണുന്നത് അവന് ലഹരിയാണെന്ന്
എന്തുകൊണ്ടോ ഞാൻ പിന്നീടതിനെക്കുറിച്ച് ചോദിച്ചില്ല പക്ഷേ പിന്നീട് പലപ്പോഴും വൈകി റൂമിലേക്ക് വരുന്ന അവളുടെ നെറ്റിയിലെ മാഞ്ഞ കുങ്കുമത്തിന് അർഥങ്ങളുള്ളത് പോലെ "
അവൾ പറഞ്ഞു നിർത്തി
" അപ്പോ ഇത് ഒരു അബദ്ധത്തിൽ പറ്റിയതാകുമെടോ അവർക്ക് ഇപ്പോ വിവാഹം കഴിക്കാൻ പറ്റാത്ത സാഹചര്യം ആകും "
"എനിക്ക് മടുത്തു ദേവേട്ടാ ഇതിപ്പോ എന്നും അബോർഷൻ മാത്രാ ഇന്ന് അപ്പൂനെ കൂടി കണ്ടപ്പോ "
ദേവന്റെ നെഞ്ചിൻ കണ്ണീരിന്റ നനവ് പടരുന്നുണ്ടായിരുന്നു
"താൻ അവളോട് സംസാരിക്ക് പറഞ്ഞ് മനസിലാക്ക് "
ദേവൻ അവളെ ചേർത്ത് പിടിച്ചു
....
"എക്സ്ക്യൂസ് മീ"
മിഴി ശബ്ദം കേട്ട് തലയുയർത്തി നോക്കി.
" അപ്പൂ വാ ഇരിക്ക് "
മിഴി പറഞ്ഞതു കേട്ട് അപൂർവ അവൾക്ക് നേരെ ഇരുന്നു
അവൾ നെറ്റിയിൽ കുങ്കുമപ്പൊട്ട് തൊട്ടിരുന്നു
"താൻ മിടുക്കിയാണ് മിഴീ ഇന്നലെ സർജറി കഴിഞ്ഞ ഞാൻ ഇന്ന് കൂൾ ആയി നടക്കുന്നു"
"ജിത്തു എവിടെ "
"ജിത്തു ഓ നീയത് മറന്നില്ലേ അവനെ ഒന്നും ഞാനോർക്കാറില്ല "
" അപ്പോൾ ഈ പ്രെഗ്നൻസി?"
മിഴി സംശയത്തോടെ ചോദിച്ചു
"എന്റെ മിഴീ ജിത്തൊക്കെ എന്റെ ജീവിതത്തിൽ കടന്നു പോയ ഒരുപാടാൾക്കാരിൽ ഒരാൾ മാത്രം ആണ് "
"എന്താ "
മിഴി അമ്പരപ്പോടെ ചോദിച്ചു
"എനിക്ക് കാശ് വേണം അതിനുള്ള ഏറ്റവും നല്ല മാർഗം ഇതൊക്കെയാണ് "
" ഇത്ര അധപതിക്കാൻ മാത്രം നിനക്ക് എന്ത് ബുദ്ധിമുട്ടാണ് കാശിനു വന്നിട്ടുള്ളത് പറയ് നിനക്ക് എന്നെ നന്നായി അറിയാം എന്തുമാത്രം ബുദ്ധിമുട്ടിയാണ് ഞാൻ പഠിച്ചത് എന്നും എന്നിട്ട് പോലും കാശുണ്ടാക്കാൻ ഞാനിങ്ങനെ ഒരു വഴി തിരഞ്ഞെടുത്തിട്ടില്ല"
"അതിന് മിഴി അല്ലല്ലോ അപൂർവ "
അവൾ ചിരിച്ചു കൊണ്ട് തുടർന്നു
" നീ പറഞ്ഞത് ശരിയാണ് എനിക്ക് കാശിന് ബുദ്ധിമുട്ട് വന്നിട്ടില്ല വീട്ടിൽ ആവശ്യത്തിലധികം കാശുണ്ട്.
ഞാൻ കുഞ്ഞിലേ തൊട്ട് സ്വാതന്ത്ര്യം ഒന്നും കിട്ടാതെ വളർന്ന കുട്ടിയാണ് എവിടെ പോയാലും അച്ഛന്റെയും അമ്മയുടെയും കണ്ണുണ്ടാകും അവസാനം ഫാഷൻ ഡിസൈനിംഗ് പഠിക്കാന്ന് പറഞ്ഞ് ഇവിടെ എത്തിയപ്പോഴും ആവശ്യത്തിനു മാത്രം കാശ്. എനിക്കതു പോരാരുന്നു എനിക്കടിച്ചു പൊളിക്കണമായിരുന്നു "
"നീയെന്തു വലിയ തെറ്റാ ചെയ്യുന്നെ എന്നറിയോ അപ്പൂ ഞാനും ദേവേട്ടനും വിവാഹ നിശ്ചയത്തിനു ശേഷം വിവാഹം വരെയുള്ള ഒരു വർഷം എന്നെ ആവശ്യമില്ലാതെ ഒന്നു സ്പർശിച്ചിട്ടു പോലുമില്ല നമ്മുടെ ശരീരം പവിത്രമാണ് അതിങ്ങനെ"
മിഴി വാക്കുകൾ പകുതിയിൽ നിർത്തി
" പവിത്രം... കേൾക്കാൻ രസമുണ്ട് നമ്മുടെ ഏറ്റവും വലിയ ആയുധം ഈ ശരീരമാണ് "
"നീ ഇപ്പോ ചെയ്ത തെറ്റെന്താന്ന് നിനക്കറിയോ ഒരു ജീവനാണ് ഇല്ലാതാക്കിയത് "
അപൂർവ മിഴിയെ നോക്കി പുച്ഛത്തോടെ ചിരിച്ചു.
" സംഭവിച്ചു പോയി മിഴീ എല്ലാ പ്രിക്കോഷനും നോക്കിയതാ. എന്തായാലും എനിക്കവനെ കെട്ടാനൊക്കത്തില്ല. അതിനും വേണ്ടി ഒന്നൂല്ലാന്നെ.. ഞാനിനി നാട്ടിൽ ചെല്ലുമ്പോൾ വീട്ടുകാർ ഒരുത്തനെ കണ്ടു പിടിക്കും ഞാനവനെ കെട്ടുകയും ചെല്ലും പിന്നിപ്പോ വന്ന ശരീരത്തിന്റെ പാടുകൾ അത് ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തോളാം "
"ഒരാളെക്കൂടി ചതിക്കാൻ അല്ലേ നീ. നിംഫോമാനിയാക് ആണോ അപൂർവ "
അവൾ ചോദിച്ചു
" ഞാൻ നിംഫോമാനിയാക് ആയിരുന്നെങ്കിൽ നീ എന്റെ കൂടെ താമസിച്ചിരുന്ന കാലത്ത് ഞാൻ ഒരിക്കലെങ്കിലും നിന്നെ എന്റെ വഴിയിലേക്ക് കൊണ്ടു വരാൻ ശ്രമിക്കുമായിരുന്നു ഞാൻ അങ്ങനെ ചെയ്തില്ലല്ലോ
അതിന് ഞാൻ ഇങ്ങനാന്ന് നിനക്കറിയുമായിരുന്നോ?
ഇല്ല ചിലപ്പോ എന്റെ കൂട്ടുകാരിൽ ആരെങ്കിലും നിംഫോമാനിയാക് ആയിരുന്നിട്ടുണ്ടാകും അതാകാം ഞാൻ ഇങ്ങനായത്"
"ഇതൊക്കെ തിരുത്താവുന്നതല്ലേ അപ്പൂ ഇപ്പോ നീ ചെയ്യുന്ന തെറ്റ് എത്രത്തോളം വലുതാന്നറിയോ നിനക്ക്.
എന്തെല്ലാം അസുഖങ്ങളാണ് ഈ പലരുമായുള്ള ബന്ധം വഴി വരുക എന്നറിയോ
ഇനി ഒരു പക്ഷേ ഒരു കുഞ്ഞിനു വേണ്ടി നീ കാത്തിരിക്കേണ്ടി വരും.
ഇവിടന്നു മെയിൻ സ്ട്രീറ്റിലെത്തുമ്പോൾ ഐ ക്രഡിൽ എന്ന ഒരു ഇൻഫർട്ടിലിറ്റി ക്ലിനിക്ക് ഉണ്ട്
നീയിപ്പോ നഷ്ടപ്പെടുത്തി കളഞ്ഞ ജീവനു വേണ്ടി കാത്തിരിക്കുന്ന കുറേ പേരെ കാണാം നിനക്ക് അക്കൂട്ടത്തിൽ ഞാനും നീയൊരിക്കൽ അങ്ങനാകാതിരിക്കാൻ ഞാൻ പ്രാർഥിക്കാം"
മിഴി പറഞ്ഞു
"കുഞ്ഞുങ്ങളില്ലെങ്കിൽ ജീവിക്കാനാകില്ലേ "
" നിന്റെ വീട്ടുകാർ ഇങ്ങനെ കരുതിയെങ്കിലോ "
" നിന്നോട് തർക്കിക്കാൻ ഞാനില്ല മിഴി.... ഇവിടെ വരുന്ന പല അബോർഷനു പിന്നിലും നീ അറിയാത്ത ഇതിലും ചീപ്പ് ആയ കഥകളുണ്ടാകും നീ അതൊന്നും അന്വേഷിക്കണ്ട എന്റെ ഫ്രണ്ട്സ് ആണ് ഇവിടെ എനിക്ക് സജസ്റ്റ് ചെയ്തത്...
ഇപ്പോ ഈ ആദർശം പറയുന്നല്ലോ നിന്റെ ഹസ്ബന്റിന് വേറാരുമായും റിലേഷൻ ഉണ്ടായിട്ടില്ല എന്ന് നിനക്ക് ഉറപ്പുണ്ടോ "
" പ്ലീസ് ഗെറ്റ് ഔട്ട് "
മിഴി കുറച്ച് ശബ്ദമുയർത്തിയാണ് പറഞ്ഞത്
അപൂർവ എഴുനേറ്റ് വാതിൽ തുറന്നു
" ഒന്നൂടെ ചോദിക്കട്ടെ ഇന്നലെ സർജറി ടൈമിൽ ആ ഇഡിയറ്റ് സിസ്റ്റർ പറഞ്ഞതു പോലെ നീ കാശിനു വേണ്ടി ആർക്കും കിടന്നു കൊടുക്കാൻ പോയിട്ടില്ല എനിക്കതുറപ്പാണ്
അബോർഷനോ ഒന്നും ഉണ്ടായിട്ടില്ല എന്നിട്ടും എന്തുകൊണ്ട് നിനക്ക് ഒരു കുഞ്ഞിനെ ദൈവം തന്നില്ല"
അപൂർവയുടെ ചോദ്യം കേട്ട് മിഴി അമ്പരന്ന് നോക്കി
"പോട്ടെ ഡോക്ടർ മിഴി ദേവനാരായണൻ"
അവൾ വാതിൽ വലിച്ചടച്ചു പുറത്തേക്ക് പോയി
മിഴി നിറഞ്ഞ മിഴികളോടെ കുനിഞ്ഞിരുന്നു പറയുന്നുണ്ടായിരുന്നു
" ശാപമാണ്‌ ശാപം ''
രാജിക്കത്ത് എഴുതി മേശപ്പുറത്ത് വച്ച് തിരിയുമ്പോഴും രക്തം പുരണ്ട ഒരു കുഞ്ഞുകൈ അവളുടെ കണ്ണിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു കുങ്കുമത്തെക്കാൾ ചുവപ്പു നിറത്തിൽ
ആതിര

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot