Slider

പടിപ്പുര കടന്നൊരാൾ ഭാഗം - 4 (അവസാന ഭാഗം)

0
പടിപ്പുര കടന്നൊരാൾ ഭാഗം - 4 (അവസാന ഭാഗം)
-----------------------------------------------------------------------------
അത്രയും നാൾ മീര ഒറ്റയ്ക്ക് കൊണ്ട് നടന്നിരുന്ന വലിയ ഭാരം എന്റെ നെഞ്ചിലേക്ക് പകർന്നു തരികയായിരുന്നു അന്ന്. ഒട്ടും പ്രതീക്ഷിക്കാതെ ചിലത് കേട്ടതിന്റെ എല്ലാ ആശങ്കകളും എന്നിൽ നിറഞ്ഞു. വന്ന കാര്യം മുഴുവനാക്കാൻ കഴിയാതെ മടങ്ങാൻ തുടങ്ങിയ അവളെ ഞാൻ പോകാൻ അനുവദിച്ചില്ല. എന്റെ കർക്കശമായ വാക്കുകൾക്ക് മുൻപിൽ ആദ്യമായി അവൾ തോറ്റു തന്നു.
അത്രയും ദിവസത്തെ മാനസികാവസ്ഥ ആയിരുന്നില്ല പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ. മീര മടങ്ങി പോകാത്തതിൽ തറവാടിനകത്ത് അല്പം മുറുമുറുപ്പുകൾ നടക്കുന്നുണ്ടായിരുന്നു. സൗമ്യയുമായുള്ള വിവാഹക്കാര്യത്തിൽ ഞാൻ കാണിച്ച താൽപര്യക്കുറവ് അതിന്റെ ശക്തി വർദ്ധിപ്പിച്ചു.
പിന്നീടുള്ള ഒരു ദിവസങ്ങളിലും മുൻപ് കണ്ട ആ ദൃഢ നിശ്ചയം അവളിൽ കാണാൻ കഴിഞ്ഞില്ല. ഒരു പരാജിതയുടെ മുഖമായിരുന്നു പിന്നീട് അവൾക്ക്. എന്നെ കാണുമ്പോൾ ആ വിഷാദത്തിനു ശക്തി കൂടുന്നത് പോലെ തോന്നിച്ചു. തിരിച്ചു പോകുവാൻ അവൾ വല്ലാതെ ആഗ്രഹിച്ചിരുന്നു. എന്നോടവൾ അത് പലവട്ടം സൂചിപ്പിച്ചു. പക്ഷെ ഞാൻ ചില തീരുമാനങ്ങൾ എടുത്ത് കഴിഞ്ഞിരുന്നു.
******
ഒരു ചെറിയ നടത്തം കഴിഞ്ഞെത്തിയപ്പോൾ അകത്തളത്തിൽ എന്തൊക്കെയോ സംസാരങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. ഈയിടെയായി സംസാരങ്ങളുടെ വിഷയം മീരയോ ഞാനോ ആകുന്നതുകൊണ്ട് ആ വഴിക്ക് അധികം ശ്രദ്ധ കൊടുത്തില്ല. എങ്കിലും ഒരു പാളിനോട്ടത്തിനിടയിൽ കണ്ടു ആ സദസ്സ്. തറവാട്ടിലെ തലമൂത്ത എല്ലാവരും അവിടെ ഉണ്ടായിരുന്നു. ഒഴിഞ്ഞ് മാറി മുറിയിലേക്ക് കടക്കാനുള്ള എന്റെ ശ്രമത്തെ തടഞ്ഞുകൊണ്ട് ഒരു പിൻവിളി വന്നു.
അതോടെ വിഷയം ഞാനാണെന്ന് എനിക്കുറപ്പായി. ഞാൻ മെല്ലെ നടന്ന് അവർക്കടുത്തെത്തി. എല്ലാ മുഖങ്ങളിലും പതിവിൽ കവിഞ്ഞ ഗൗരവം ഉണ്ടായിരുന്നു. ചോദ്യങ്ങൾ എന്തായിരിക്കും എന്നൊരു ഊഹം ഉള്ളതിനാൽ മനസ്സ് ഉത്തരങ്ങൾ തേടി തുടങ്ങിയിരുന്നു.
"നീ ഇരിക്ക്..."
വല്യമ്മാവൻ ഗൗരവം വിടാതെ പറഞ്ഞു. ഞാൻ അനുസരണയോടെ ഇരുന്നു.
"ചില കാര്യങ്ങൾ സംസാരിക്കാനാണ് വിളിച്ചത്. എന്താണെന്ന് നിനക്കും അറിയുമായിരിക്കുമല്ലോ..."
ഞാൻ ഒന്നും മിണ്ടിയില്ല. മൗനമായി തന്നെ തുടർന്നു.
"നിന്റെ കല്ല്യാണക്കാര്യം തീരുമാനിക്കാനുള്ള തയ്യാറെടുപ്പായിരുന്നു ഞങ്ങൾ. നിന്നോട് ചോദിക്കേണ്ട മര്യാദ ഉണ്ടല്ലോ..."
ഞാൻ അമ്മയെ തുറിച്ചു നോക്കി. അമ്മ എനിക്ക് മുഖം തരാതെ തിരിഞ്ഞ് നിന്നു. അമ്മ സംസാരിച്ചാൽ ആ വിഷയത്തിൽ എന്നിൽ നിന്ന് ഒരു അനുകൂല മറുപടി കിട്ടില്ലെന്ന് ഭയന്ന് അമ്മാവനെ കൊണ്ട് പറയിപ്പിക്കുകയാണ് അമ്മ. അമ്മാവനോട് ഞാൻ എതിർത്തൊന്നും പറയില്ലെന്ന് അമ്മക്ക് നല്ല ബോധ്യമുണ്ട്. അദ്ദേഹം തുടർന്നു.
"നല്ലൊരു മുഹൂർത്തം നോക്കി നമ്മുക്കതങ്ങ് നിശ്ചയിക്കാം അല്ലെ..."
പെട്ടെന്ന് ഒരുത്തരം പറയുന്നത് ആ അവസരത്തിൽ അഭികാമ്യമാണോ എന്ന് സംശയിച്ചു. പക്ഷെ ഇനിയും വൈകുന്നത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവക്കും എന്നുള്ളത്കൊണ്ട് എന്റെ പ്രതികരണം വൈകിക്കൂടാ എന്ന് തോന്നി.
"നീ ഒന്നും പറഞ്ഞില്ലല്ലോ..."
"അത്... എനിക്ക് ഒരു കാര്യം പറയാനുണ്ട്."
അമ്മയുടെ മുഖഭാവം മാറുന്നത് എനിക്ക് കാണാമായിരുന്നു. അത് വകവെക്കാതെ ഞാൻ പറഞ്ഞു തുടങ്ങി.
"എനിക്ക്... എനിക്ക് ഈ കല്ല്യാണം വേണ്ട... ഞാൻ വേറൊരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നുണ്ട്. അവളെ മാത്രമേ വിവാഹം കഴിക്കാൻ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. എല്ലാവരും അതിന് സമ്മതിക്കണം."
ഒരു തീരുമാനം പോലെ ഞാൻ പറഞ്ഞ് നിർത്തി. എല്ലാവരുടെയും കണ്ണുകൾ എനിക്ക് നേരെ ആയിരിക്കും എന്നുറപ്പുള്ളതുകൊണ്ട് ഞാൻ മുഖമുയർത്തി നോക്കിയില്ല. കനത്ത നിശബ്ദത അവിടെ തളംകെട്ടി നിന്നു. ഇനി വരുന്നതെന്തും നേരിടുക തന്നെ എന്ന് നിശ്ചയിച്ച് ഞാൻ മനസ്സിനെ ബലപ്പെടുത്തി.
"ഇതായിരുന്നല്ലേ നിന്റെ മനസ്സിൽ... ഞാൻ ജീവിച്ചിരിക്കുമ്പോ ഇത് നടക്കില്ല. നിന്റെ മനസ്സിൽ ആര് തന്നെ ഉണ്ടെങ്കിലും അത് മറന്നേക്ക്. ഞാൻ നിശ്ചയിക്കുന്ന കുട്ടിയെ അല്ലാതെ ആരെയും നീ വിവാഹം കഴിക്കില്ല. എന്നെ ധിക്കരിച്ചാൽ പിന്നെ ഒരു നിമിഷം ഞാൻ ജീവിച്ചിരിക്കില്ല."
അമ്മയുടെ വാക്കുകൾക്ക് പ്രതിഷേധത്തിന്റെ സ്വരം. അവസാനമായപ്പോഴേക്കും നേർത്ത് നേർത്ത് കരച്ചിൽ രൂപത്തിലായി. ഇതായിരിക്കും അമ്മ പറയുക എന്നെനിക്ക് അറിയാമായിരുന്നു. അതിനാൽ ഒട്ടും ഞെട്ടൽ ഉണ്ടായില്ല.
"അമ്മ എന്ത് തന്നെ പറഞ്ഞാലും ശരി, അവളെ അല്ലാതെ വേറെ ആരെയും ഞാൻ വിവാഹം കഴിക്കില്ല. അതിനിനി നിങ്ങൾ സമ്മതിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ ഇങ്ങനെ നിന്നോളാം. അല്ലാതെ ആരെയും ധിക്കരിച്ച് ഇറങ്ങി പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അതിന്റെ തിക്തഫലങ്ങൾ അനുഭവിച്ചവർ ഇവിടെ തന്നെ ഉണ്ടല്ലോ... അല്ലെ അമ്മാവാ..."
അമ്മാവൻ ഒന്ന് ഞെട്ടിയത് പോലെ എന്നെ നോക്കി. ആ മുഖത്ത് നിറഞ്ഞ് നിന്നിരുന്ന ഗൗരവം പതിയെ ദയനീയമായി. ആ മുഖം വിളറുന്നത് എല്ലാവർക്കും കാണാമായിരുന്നു. ഇഷ്ടപ്പെട്ട പെണ്ണിന്റെ കൂടെ ഇറങ്ങിപ്പോയി ജീവിതം തുടങ്ങിയ ആളാണ് അമ്മാവൻ. ഒടുവിൽ ഭാര്യയെ ഉപേക്ഷിച്ച് മടങ്ങി വന്ന ശേഷമാണ് തറവാട്ടിൽ കാരണവരായി ജീവിതം തുടങ്ങിയത്. അമ്മാവനോടുള്ള സ്നേഹം മൂലം, അദ്ദേഹത്തെ വിഷമിപ്പിക്കണ്ട എന്ന് കരുതി ആരും ഇന്ന് വരെ പഴയ കാര്യങ്ങളൊന്നും ചികയാൻ പോയില്ല. അതിന് ശേഷമാണ് ഈ തറവാട്ടിൽ പ്രണയിക്കുന്നതിനോട് ഇത്രയും എതിർപ്പ് ഉണ്ടായത്.
അദ്ദേഹം പിന്നെയും ഒന്നും പറഞ്ഞില്ല. ആ മൗനത്തിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു. ആ മനസ്സ് ഭൂതകാലത്തിൽ ഉഴറുകയായിരുന്നു എന്ന് എനിക്ക് മനസ്സിലായി.
"കിച്ചൂ...."
അമ്മയാണ്. അമ്മാവനോട് അങ്ങനെ ഒക്കെ സംസാരിച്ചതിലുള്ള പ്രതിഷേധം മുഴുവൻ ആ വിളിയിൽ ഉണ്ടായിരുന്നു. അത് മനസ്സിലാക്കി ഞാൻ അമ്മയെ രൂക്ഷമായി നോക്കി.
"ഇതൊന്നും ഈ തറവാട്ടിൽ നടക്കില്ല. നിന്റെ മനസ്സിൽ ആ പെങ്കൊച്ചാണെന്ന് എനിക്ക് നേരത്തെ മനസ്സിലായി. നീ വിളിച്ച് വരുത്തിയതാണ് ആ കുട്ടിയെ അല്ലെ... വെറുതെയല്ല അവൾ എവിടെയും പോകാതെ ഇവിടെ തന്നെ അടയിരുന്നത്. നിന്റെ ആശ നടക്കാൻ പോകുന്നില്ല. എവിടെ നിന്നോ വന്ന അനാഥപെണ്ണിനെ നിന്റെ പെണ്ണായി വാഴിക്കാൻ ഞാൻ സമ്മതിക്കില്ല. അതിന്റെ തന്തയും തള്ളയും എങ്ങനെ ഉള്ളവരാണെന്ന് ആർക്കറിയാം."
"അമ്മെ..."
എന്റെ വിളിയിൽ അമ്മയുടെ വാക്കുകളോടുള്ള സകല ദേഷ്യവും ഉണ്ടായിരുന്നു.
"അവളെപ്പറ്റി അനാവശ്യം പറയരുത്. അമ്മക്ക് അവളെ ശരിക്കും അറിയില്ല. അമ്മ പറഞ്ഞത് ശരിയാ... മീര തന്നെയാണ് എന്റെ മനസ്സിൽ. അവളെ മാത്രമേ ഞാൻ വിവാഹം കഴിക്കുന്നുള്ളൂ. പിന്നെ അവൾ അനാഥ പെണ്ണൊന്നും അല്ല. അവളുടെ അമ്മ മാത്രമേ ജീവനോടെ ഇല്ലാത്തതുള്ളു. അച്ഛൻ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്. അവളുടെ മാതാപിതാക്കൾ മോശം ആളുകളാണെന്ന് ഞാൻ കരുതുന്നില്ല. കാരണം, എന്റെ വല്യമ്മാവൻ നല്ലവനാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്."
ഞെട്ടലോടെ അദ്ദേഹം മുഖമുയർത്തി എന്നെ നോക്കി. ഉൾക്കൊള്ളാനാവാത്ത സത്യം കേട്ടതിന്റെ അമ്പരപ്പ് എല്ലാ മുഖങ്ങളിലും ഉണ്ടായിരുന്നു. അമ്മാവന്റെ മനസ്സിൽ അപ്പോൾ നടക്കുന്ന സംഘർഷങ്ങൾ എന്തൊക്കെയാണെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞില്ല. ഞാൻ ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
"നീ പറഞ്ഞത് സത്യമാണോ കിച്ചൂ...?"
ചെറിയമ്മാവന്റെ ചോദ്യം കേട്ട് ഞാൻ അദ്ദേഹത്തെ നോക്കി.
"സത്യം. അവൾ വല്യമ്മാവന്റെ മകൾ ആണ്. അമ്മാവൻ അവളെയും അമ്മയെയും ഉപേക്ഷിച്ച് പോന്നതാണ്. അതിന് ശേഷം ഒരു ആക്‌സിഡന്റിൽ അവളുടെ അമ്മ മരിച്ചു. പിന്നേയുള്ള ജീവിതം അനാഥാലയത്തിൽ ആയിരുന്നു.
മുതിർന്നപ്പോൾ മുതൽ അവൾ അച്ഛനെ അന്വേഷിക്കുകയാണ്. അച്ഛന്റെ പേരല്ലാതെ മറ്റൊന്നും അവൾക്കറിയില്ല. അതുകൊണ്ട് തന്നെ കണ്ടു പിടിക്കാൻ വല്ലാതെ പ്രയാസപ്പെട്ടു. ഈയടുത്താണ് അവൾ കണ്ടെത്തിയത്. അവളുടെ അച്ഛൻ എന്റെ അമ്മാവനാണെന്ന അറിവാണ് എന്നെ അന്വേഷിച്ച് വരാൻ അവളെ പ്രേരിപ്പിച്ചത്.
ഞാനും മീരയും ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്. അന്നും എനിക്കവളെ ഇഷ്ടമായിരുന്നു. പക്ഷെ അവൾ ഒഴിഞ്ഞ് മാറുകയായിരുന്നു. ആ വിഷമമാണ് ഞാൻ ബാംഗ്ലൂർ വിടാൻ തന്നെ കാരണം. മീര എന്നെ തേടി വന്നപ്പോൾ എനിക്ക് സന്തോഷം തോന്നി. പക്ഷെ അവൾ തേടി വന്നത് എന്നെയല്ല, അവളുടെ അച്ഛനെയാണ്."
എല്ലാവരും ഞെട്ടിനിൽക്കുകയാണ്. കേട്ട സത്യം അത്രപെട്ടെന്നൊന്നും ആരും ഉൾക്കൊള്ളില്ല എന്നെനിക്ക് അറിയാമായിരുന്നു. ഒരു ആശങ്ക ആ ഹൃദയങ്ങളിൽ പടരുന്നത് ഞാനറിഞ്ഞു.
അമ്മാവൻ ഒരക്ഷരം പോലും മിണ്ടിയില്ല. മുഖം കുനിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ മടിയിലേക്ക് കണ്ണുനീർ തുള്ളികൾ വീഴുന്നത് ഞാനറിഞ്ഞു. അത് ആ ഹൃദയത്തിൽ നിന്നുമാണ് വരുന്നതെന്ന് എനിക്ക് തോന്നി. അത്രയും ദിവസം എനിക്ക് അദ്ദേഹത്തിനോട് തോന്നിയ വെറുപ്പും ദേഷ്യവും ആ നിമിഷം അലിഞ്ഞ് ഇല്ലാതായി.
ഇനിയൊന്നും പറയാനില്ലെന്ന് തോന്നിയതുകൊണ്ട് ഞാൻ തിരിഞ്ഞ് നടക്കാൻ ഭാവിച്ചു. അപ്പോഴാണ് അവിടെ നടന്ന കോലാഹലങ്ങൾ ഒന്നും അറിയാതെ മീര അകത്തളത്തിലേക്ക് കടന്ന് വന്നത്. പെട്ടെന്ന് എല്ലാവരും ഒന്ന് ഞെട്ടി. പിന്നീട് സകല മുഖങ്ങളും അവൾക്ക് നേരെ ആയി.
മീര ഓരോരുത്തരേയും മാറി മാറി നോക്കി. പിന്നെ എന്നെയും. അവിടെ നടന്ന സംഭവങ്ങൾ അവൾ ഊഹിച്ചിട്ടുണ്ടായിരുന്നു. എനിക്ക് നേരെ വന്ന നോട്ടം ദയനീയമായി. ഞാൻ മുഖം കുനിച്ചു. അവൾ നിറഞ്ഞ് വന്ന കണ്ണുനീർ മറച്ചു പിടിച്ചുകൊണ്ട് തിരിഞ്ഞ് നടന്നു.
******
ആ സംഭവത്തിന് ശേഷം തറവാട് വല്ലാത്ത മൗനത്തിലായിരുന്നു. ആരും പരസ്പരം സംസാരിക്കുന്നത് പോലും മിതപ്പെടുത്തി. അമ്മാവനോ മീരയോ പരസ്പരം മിണ്ടിയില്ല. അവരുടെ മുറികളിൽ നിന്നും വെളിയിലേക്ക് പോലും വന്നില്ല. വല്ലാത്തൊരു അവസ്ഥ ആ വീടിന്റെ അന്തരീക്ഷം മോശമാക്കിക്കൊണ്ടിരുന്നു.
മീര തിരിച്ച് പോകാനുള്ള ഉറച്ച തീരുമാനം എടുത്തുകഴിഞ്ഞിരുന്നു. എന്റെ വാക്കുകൾ കേൾക്കാൻ അവൾ തയ്യാറായില്ല. അവളെ നഷ്ടപ്പെടുന്നതോർത്ത് എനിക്ക് നിരാശയായി. അതുപോലെ തന്നെ ഒരു നിരാശ അവളിലും ഉണ്ടായിരുന്നു. പക്ഷെ അത് എന്നെ നഷ്ടപ്പെടുത്തുന്നതിന്റെ ആയിരുന്നില്ല. മകളാണ് എന്നറിയുമ്പോൾ അമ്മാവൻ അവളെ ഉപേക്ഷിക്കില്ലെന്ന് ഒരു പ്രതീക്ഷ അവളിൽ ബാക്കിയുണ്ടായിരുന്നു. അതിനെ തെറ്റിച്ചുകൊണ്ട് അദ്ദേഹം അവൾക്ക് മുഖം കൊടുക്കുക പോലും ഉണ്ടായില്ല.
പോകാനുള്ള ബാഗുകൾ എല്ലാം തയ്യാറാക്കി അവൾ ഉമ്മറത്തേക്ക് എത്തി. പിന്നെ എന്തോ ഓർത്തത് പോലെ ബാഗുകൾ അവിടെ വച്ച് അകത്തേക്ക് നടന്നു. അമ്മാവന്റെ മുറിയിലേക്കായിരുന്നു അവൾ പോയത്.
വാതിലിൽ മെല്ലെ തട്ടിക്കൊണ്ട് അവൾ മുറിക്കകത്തേക്ക് കയറി. കിടക്കുകയായിരുന്ന അദ്ദേഹം അവളെക്കണ്ട് ഞെട്ടി. പിന്നെ മെല്ലെ എഴുന്നേറ്റ് മുഖം താഴ്ത്തി ഇരുന്നു. ആ കണ്ണുകൾ അപ്പോഴും ഈറനോടെയായിരുന്നു. ഒരു കുറ്റവാളിയെപ്പോലെ ഉള്ള ആ ഇരുപ്പ് എനിക്ക് വല്ലാത്ത വിഷമം ഉണ്ടാക്കി.
"ഞാൻ പോവാണ്..."
അദ്ദേഹം ഒരു ഞെട്ടലോടെ മുഖമുയർത്തി നോക്കി.
"ഒന്ന് കാണാൻ ആണ് വന്നത്. എല്ലാവരോടും സത്യം പറയണം എന്ന് കരുതിത്തന്നെയാണ് വന്നത്. പക്ഷെ, ഇവിടെ വന്നപ്പോൾ ഞാനായിട്ട് ഈ വീടിന്റെ സന്തോഷം കളയേണ്ട എന്ന് തോന്നി. മിണ്ടാതെ മടങ്ങിപ്പോകാൻ തുടങ്ങിയതാണ്. കിഷോറിനോട് ഒന്നും പറയാതിരിക്കാൻ കഴിഞ്ഞില്ല. ക്ഷമിക്കണം.
എല്ലാവർക്കും ബുദ്ധിമുട്ടായി എന്നെനിക്കറിയാം. ഞാൻ പോകുന്നതോടെ എല്ലാം പഴയ പടി ആകട്ടെ. ഇനിയൊരിക്കലും ഈ വഴി വന്ന് ശല്യപ്പെടുത്തില്ല. പോട്ടെ..."
അമ്മാവൻ ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. ഒരു മറുപടിക്ക് കാക്കാതെ അവൾ തിരിഞ്ഞ് നടന്നു. നിറഞ്ഞ് താഴെക്കൊഴുകുന്ന കണ്ണുനീർ മറച്ച് പിടിക്കാൻ അവൾ ശ്രമിച്ചില്ല.
ബാഗുകൾ എടുത്ത് അവൾ മുറ്റത്തേക്കിറങ്ങി. പടിപ്പുര എത്തുന്നതിന് മുൻപേ ഒരു പിൻവിളി അവളെ തേടിയെത്തി.
"ഉണ്ണിമോളെ..."
ഒരുപാട് വർഷങ്ങൾക്കപ്പുറത്ത് നിന്നും ആ വിളി കേട്ടത് പോലെ അവൾ നിന്നു. പക്ഷെ തിരിഞ്ഞ് നോക്കിയില്ല.
അമ്മാവൻ മെല്ലെ നടന്ന് അവൾക്കരികിൽ എത്തി. അപ്പോഴേക്കും ആ നാല് കണ്ണുകളും പെയ്തുതുടങ്ങിയിരുന്നു. പിന്നീടത് ഒരു പേമാരിപോലെ തിമിർത്ത് പെയ്യാൻ തുടങ്ങി. അദ്ദേഹം നീട്ടിയ കൈകൾക്കുള്ളിലേക്ക് ഒരു കൊടുങ്കാറ്റ് പോലെ അവൾ പായുകയായിരുന്നു. ആ കാഴ്ച കണ്ടുനിന്ന എല്ലാ കണ്ണുകളിലും സന്തോഷത്തിന്റെ മഴത്തുള്ളികൾ പെയ്തിറങ്ങി.
(അവസാനിച്ചു)
-ശാമിനി ഗിരീഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo