Slider

അച്ഛൻ..

1

അച്ഛൻ..
സന്ധ്യക്ക് അമ്മ തറവാട്ടിലേക്ക് നോക്കി ഇളയമ്മയോട് പറയുന്നത് കേട്ടു"ഇന്ന് കുട്ടേൾടെ അച്ഛന് നൈറ്റാ"ഞാനും മക്കളും മാത്രമേ ഉള്ളൂ..ഒന്ന് ഇങ്ങോട്ട് ശ്രദ്ധിച്ചോളണേ എന്നാണ് ആവാക്കിലുള്ള ധ്വനി.ഇത്കേട്ടതും പഠിച്ചു കൊണ്ടിരുന്ന പുസ്തകം ഞാൻ അടച്ചു വെച്ചു. ഇത് കണ്ടു കൊണ്ട് ആണ് അമ്മ അങ്ങോട്ട് വന്നത്"എന്താ,,ഇന്ന് വായനയൊന്നും ഇല്ലേ"...അമ്മ എന്നോട് ചോദിച്ചു"ഞാൻ വളരെയധികം സന്തോഷത്തോടെപറഞ്ഞു"ഇന്നച്ഛൻ വരൂലാല്ലോ....അപ്പൊ പഠിക്കണ്ടാലോ"അമ്മയുടെ മുഖം ചുവന്നതും"നീയെന്താടീ പറഞ്ഞേ...അച്ഛൻ വന്നില്ലേൽ നിനക്ക് സന്തോഷാ"എന്നും പറഞ്ഞു എൻെറ കാലിനിട്ട് ഒന്ന് രണ്ട് അടിയും തന്നു.അച്ഛൻ വളരെ കർശന സ്വമാവമുള്ള ആളാണ്... മോളേഎന്നൊന്നും അധികം വിളിക്കില്ല ഞങ്ങൾ മൂന്നുമക്കളെയും പേര് എടുത്താണ് വിളിക്കുക.
പിറ്റേന്ന് ഉച്ചയ്ക്ക് ആണ് അച്ഛൻ വന്നത് കൈയിൽ ഒരു കവറുമുണ്ട് എന്നെ വിളിച്ച് കവർ തന്നു .അമ്മ അത് എന്നോട് വാങ്ങി അമ്മ അത് തുറന്നതും ഞങ്ങൾ മക്കൾ മൂക്ക് വിടത്തി ..നല്ല ബിരിയാണിയുടെ മണം.
അമ്മ അച്ഛനെ നോക്കി. അമ്മക്ക് മനസിലായി അച്ഛൻ ഇന്നലെ ബിരിയാണി കഴിച്ചിട്ടുണ്ടെന്നും അതിനാൽ ഞങ്ങൾക്കായി വെറെ വാങ്ങി കൊണ്ട് വന്നതാണെന്നും.
ഒരു ദിവസം അച്ഛൻ അമ്മയോട്പറഞ്ഞു"വൈകിട്ട് ഞാൻ നേരത്തെ വരും ടൗണിൽപോവ്വാം സർക്കസ് കാണാൻ.. മക്കളെ തയ്യാറാക്കി നീയും ഒരുങ്ങി നിന്നോ".. അച്ഛൻ്റെ സഹപ്രവർത്തകരും കുടുംബവും ഒക്കെയുണ്ട് ഞങ്ങളോടൊപ്പം..
ആന സൈക്കിൾ ഓടിക്കുന്നതും,സിംഹം തീ ക്കുള്ളിലൂടെ ചാടുന്നതും കരിമ്പുലി ഇളിച്ചുകാണിക്കുന്നതും പേടിയോടെയും വിസ്മയത്തൊടെയും കാൺകെ..കൈയിലെ പെട്ടി നിറയെ വർണ്ണ കടലാസിൽ പൊതിഞ്ഞ മിഠായികളും ഫ്രൂട്ടിയും കൂൾ ഡ്രിങ്ങ്സുമായിവന്ന ഹിന്ദിക്കാരനോട് ഞങ്ങൾ അവയോരൊന്നും വാങ്ങി വച്ചു. കൈയിൽ കൊള്ളാത്തത് മടിയിലും വെച്ചു..
പിന്നീട് അയാൾ പൈസയും ചോദിച്ചു വന്നപ്പോൾ ആണ് അച്ഛൻ കാര്യം അറിയുന്നത്.ഞങ്ങളുടെ കയ്യിൽ നിന്നും പൊട്ടിക്കാത്തതും,കഴിക്കാത്തതുമെല്ലാം തിരികെ വാങ്ങി അയാളെ ഏൽപ്പിച്ച അച്ഛനോട് ഞങ്ങൾക്ക് ദേഷ്യമായിരുന്നെങ്കിൽ,തൻ്റെ പോക്കറ്റിലെ കാശ് തികയാതെ കൂട്ടുകാരനോട് കടംവാങ്ങി ഞങ്ങൾ കഴിച്ചു തീർത്ത മിഠായികളുടെകാശ് കൊടുത്ത അച്ഛനോട് അമ്മക്ക് സ്നേഹവും,ദയയുമായിരുന്നു..
പതിനാറുകാരിയുടെ ശാഠൃത്തൊടെ"അമ്മേ.കുളത്തിൽ പോയി നീന്തി കുളിച്ചു വന്നോട്ടേ"എന്ന്ചോദിച്ച എന്നോട് "വേണ്ട അച്ഛൻ അതുംകണ്ട് വന്നാ വഴക്ക് പറയും"എന്ന് പറഞ്ഞപ്പോൾ.. അച്ഛനോടായിരുന്നു ദേഷ്യം. എന്നാൽ അത് ഞങ്ങളുടെ പ്രായത്തിനുവേണ്ടിയിരുന്ന സ്വകാര്യതയ്കും,സുരക്ഷയെ ഓർത്തുമാണ് അച്ഛൻ്റെ 'വഴക്ക് പറയൽ 'എന്ന് ഞങ്ങളേക്കാളും അമ്മ തിരിച്ചറിഞ്ഞിരുന്നു.
വീണ്ടും ഓർമ്മ വരികയാണ്...അന്ന് അച്ഛൻ മൂന്ന് കവറുമായാണ് വന്നത്.എൻ്റെ കയ്യിൽ കവർതന്നു പറഞ്ഞു"ഇന്നാ മൂന്നാൾക്കൂടിയാ കേട്ടോ"..അത് മൂന്ന് ചുരിദാറിൻ്റെ തുണികളായിരുന്നു അത് കൈയിൽ കിട്ടിയതും ഞങ്ങൾ തമ്മിൽ അടിയായി."എനിക്കിതുമതി,....."ഞാനാ ഇത് ആദ്യം തൊട്ടേ "എനിക്ക് ഈ കളറാ ചേരുക'അതോണ്ട് നീ അതെടുത്തോ"എന്നോക്കെ പറഞ്ഞു അങ്ങോട്ടും,ഇങ്ങോട്ടും.പിടിയും,വലിയും..
അമ്മ അടുക്കളയിൽ നിന്നും പറയുന്നത് കേട്ടു"ഇതുങ്ങൾക്കൊന്നും ഒന്നും വാങ്ങികൊടുക്കാത്തതാ...നല്ലത്"...
അതുംകൂടികേട്ടിട്ടാവണം അതുവരെ എല്ലാം കേട്ട് സഹിച്ചും ക്ഷമിച്ചും നിന്ന അച്ഛൻ ഞങ്ങളുടെ അടുത്തേക്ക് ദേഷ്യപെട്ട് വന്നതും ഞങ്ങളുടെ കൈയനിന്നും കവറുകളും തുണികളും വാങ്ങി കോലായിലേക്ക് വലിച്ചെറിഞ്ഞത്.ഒന്നും മിണ്ടാതെ അമ്മ അതെടുത്ത് ഓരോന്നായി ഞങ്ങളുടെ കൈയിൽ വച്ചു തന്നു.അന്നും അച്ഛനോടായിരുന്നു ദേഷ്യം..
അടുത്ത വീട്ടിലെ ബേബിചേച്ചിയെകൊണ്ട് അത് തയ്പ്പിച്ച് അതും അണിഞ്ഞുവന്ന ഞങ്ങളെ നോക്കി സന്തോഷത്തൊടെ പുഞ്ചിരിച്ച അമ്മയെ മാത്രമേ ഞാൻ കണ്ടുള്ളൂ...അമ്മ ക്ക് പിറകിൽ നിന്ന് ആർദ്ര ഹൃദയത്തൊടെ ഞങ്ങളെ നോക്കിയ അച്ഛനെ ഞാൻ കണ്ടില്ല.
കോളേജിലേക്ക് പോവാനായി ബാഗും തോളിലിട്ട്ഇറങ്ങുന്ന എനിക്കായി അച്ഛൻ്റെ പോക്കറ്റിൽ നിന്നും പൈസ എടുത്തുതരുന്ന അമ്മയോടായിരുന്നു ഞാൻ യാത്ര പറഞ്ഞിറങ്ങിയിരുന്നത്.കേസേരയിലിരുന്ന് പത്രം വായിക്കുന്നതിനിടെ"സൂക്ഷിച്ചു പോണേ മോളേ"എന്ന്അച്ഛൻ പറയാതെ പറയുന്നത് ഞാൻകേട്ടില്ലെങ്കിലും അമ്മ കേട്ടിട്ടുണ്ടാവും.
എനിക്ക് വിവാഹാലോചനകൾ നടക്കുകയാണ് ഏട്ടൻ എന്നെ കാണാൻ വന്നപിറ്റേന്ന് വൈകുന്നേരം അച്ഛൻ എൻ്റെ അരികിൽ വന്നു"അന്വേഷിച്ചതിൽ കുഴപ്പമൊന്നും ഇല്ല.അച്ഛന് ഇഷ്ടായി...നിന്നെ ഞാൻ നിർബദ്ധിക്കില്ല..നിനക്ക് പൂർണ്ണ സമ്മതമാണെങ്കിൽമാത്രം അച്ഛനിത് നടത്താം"അവിടം തൊട്ട് അച്ഛനെ ഞാൻ അറിഞ്ഞുവരികയായിരുന്നു...സ്വന്തം മകളെ മറ്റൊരാളെ ഏൽപ്പിക്കാൻ പോവുകയാണ് ആമനസിൻ്റെ ആദിയും,വിഷമങ്ങളുമെല്ലാം...ഞാൻ അറിയുകയായിരുന്നു.
കക്ഷത്തിലൊരു ബാഗും വെച്ച് അച്ഛൻ കല്യാണം വിളിയൊക്കെ കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോൾ ഞാൻ ഓടിപോയി വെള്ളമൊക്കെ എടുത്തു കൊടുക്കും,..എനിക്കായി സ്വർണ്ണമെടുക്കാൻ അച്ഛൻ. ഒരുപാട്ബുദ്ധിമുട്ടിയിട്ടുണ്ട്.ജുവലറിയിലിരിക്കെ"നിനക്ക് ഇഷ്ടമുള്ള ഡിസൈൻ നോക്കി എടുത്തോ'എന്ന് അമ്മായി പറഞ്ഞപ്പോൾ.. എൻ്റെ അച്ഛൻ്റെ മുഖമായിരുന്നു മനസ്സിൽ..
കല്യാണസാരിയും ,ആഭരണവും,പൂവും,അണിഞ്ഞ് ദക്ഷിണവെച്ച് അച്ഛൻ്റെ പാദങ്ങൾ തൊട്ടപ്പോൾ എൻ്റെമിഴികൾ നിറഞ്ഞു തൂവിയിട്ടും...എൻെറനെറുകയിൽ കൈവച്ച് അച്ഛൻ പുഞ്ചിരിക്കുകയായിരുന്നു..ആ കണ്ണിലെ സ്നേഹകടൽ ഞാൻ കണ്ടറിയുകയായിരുന്നു...ഏട്ടൻ്റെ കൈയിൽ എൻ്റെ കൈ ചേർത്ത് പിടിച്ചു നിൽക്കുമ്പോൾ ആമനസ്സ് വിതുമ്പുന്നതൊടൊപ്പം,സന്തോഷിക്കുന്നതും ഞാൻ തൊട്ടറിയുകയായിരുന്നു.
നിറവയറുമായി ഞാൻ വെറുതെ ചടഞ്ഞിരിക്കുന്നത് കണ്ടാൽ അച്ഛൻ പറയും"ഇതിലൂടെ ഒക്കെ ഇത്തിരി നടന്നൂടെ നിനക്ക്"..ആ സ്നേഹശാസന ഞാൻ കേട്ടറിയുകയായിരുന്നു...എൻെറ ആരോഗ്യത്തിലുള്ള ഉൽകണ്ഠയാണ് അതെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു.
എനിക്ക് പ്രസവവേദന തുടങ്ങിയപ്പോഴും..അച്ഛൻ്റെ ഭയവും വേവലാതിയും ഞാൻ കാണുകയായിരുന്നു.എന്നെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോവുമ്പോൾ വണ്ടിയിൽ മുന്നിൽ ഇരിക്കുമ്പോഴും അമ്മയൊടൊപ്പം പിറകിൽ ഇരിക്കുന്ന എന്നെ ഇടക്കിടെ വേവലാതിയൊടെ നോക്കുമ്പോൾ ആസ്നേഹവാൽസലൃം ഞാൻ അറിഞ്ഞു.ലീവ് കിട്ടാത്തതിനാൽ ഏട്ടൻ്റെ അസാന്നിധ്വത്തിലും അച്ഛനാണ്...
എനിക്കായി ഹോസ്പിറ്റലിൽ ഓടിനടന്നത്
മോൾ ഉണ്ടായ ശേഷം ഹോസ്പിറ്റലിലെ കിടക്കയിൽ വേദനസഹിക്കാനാവാതെ വളരെ ബുദ്ധിമുട്ട് സഹിച്ച് എണീറ്റ് ഇരുന്ന എൻ്റെ മടിയിലേക്ക് അമ്മ കുഞ്ഞിനെ എടുത്തു വെച്ചു തന്നു.എല്ലാവരും അടുത്തുണ്ട് അച്ഛനെ കാണാതെ ഞാൻ ചോദിച്ചു"അമ്മേ അച്ഛനെവിടെ"അപ്പോഴാണ് വാതിൽ കടന്ന് അച്ഛൻ അകത്തേക്ക് വന്നത്..ഞാൻ കുഞ്ഞിനെ മടിയിൽ വെച്ചിരിക്കുന്ന കാഴ്ച കണ്ട് അച്ഛൻ കണ്ണടയെടുത്ത് മുണ്ടിൻ്റെ തുമ്പ് ഉയർത്തി. കണ്ണുകൾ തുടക്കുന്നത് അമ്മയൊടൊപ്പം ഞാനും കണ്ടു.. അച്ഛൻ കരയുന്നത് ഞാൻ ആദ്യമായി കാണുകയായിരുന്നു...
ഇപ്പോൾ ഞാൻ വീട്ടിലേക്ക് ഫോൺ വിളിച്ചാൽ ആദ്യം അമ്മയൊട് അച്ഛനെയാണ് അന്വേഷിക്കുക ,കുറച്ചു നേരം അച്ഛനോട് സംസാരിക്കും...വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അച്ഛനോട് ആദ്യം പറയുന്നു ,അമ്മക്ക് അത് ഒരുപാട് സന്തോഷം നൽകുന്നുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു.അച്ഛൻ സ്നേഹംനെഞ്ചിലക്കി വെച്ച് ഗൗരവത്തിൻ്റെ മുഖം മൂടി എടുത്തു അണിയുകയായിരുന്നു എന്ന സത്യം ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു ,ഒരച്ഛൻ്റെസ്നേഹത്തിൻ്റെ ആഴം അളക്കാൻ മക്കൾക്ക് സാധിക്കില്ല..അതിൻ്റെഅളവുകോൽ അമ്മമാർക്ക് മാത്രം അറിയാം...മക്കളോടുള്ള ആ മനസിലെ സ്നേഹം എത്രത്തോളമുണ്ടെന്ന് അമ്മമാർക്ക് മാത്രം അറിയാം..
ഇന്ന് ഞനും എൻ്റെ അനിയത്തിമാരും ഭർത്താവും,കുഞ്ഞുങ്ങളുംകുടുംബവും,ഒക്കെയായി നന്നായി ജീവിക്കുന്നുണ്ടെങ്കിൽ...അതിൻ്റെ പിന്നിൽ അച്ഛൻ്റെ കഷ്ടപാടും,ആരും കാണാത്ത കണ്ണീരും,പ്രാർത്ഥനകളുംകൂടിയുണ്ട്........എൻ്റെ അച്ഛനും ,എല്ലാ അച്ഛൻമാർക്കും...ആയുർ ആരോഗ്യ സൗഖൃം ഉണ്ടാവട്ടേ........
ലീബബിജു...
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo