Slider

നിന്നെയും തേടി **************** ഭാഗം :- 4

0
നിന്നെയും തേടി
****************
ഭാഗം :- 4
കാവേരി കണ്ണു തുറന്നപ്പോൾ കറങ്ങുന്ന ഫാനാണ് ആദ്യം കണ്ടത്.. ആദ്യമായിട്ടാണ് അവർ ഫാനിന്റെ ചോട്ടിൽ കിടക്കുന്നത്. കയ്യിൽ ചെറുതായി വേദന തോന്നി.. അവൾ കൈ പൊക്കി നോക്കിയപ്പോൾ എന്തൊക്കെയോ ഒട്ടിച്ചു വച്ചിട്ടുണ്ടായിരുന്നു കയ്യിൽ.. അതിൽ നിന്നും ഒരു ട്യൂബ് ആ ട്യൂബിന്റെ അറ്റം എവിടെയാണെന്നറിയാൻ നോക്കിയപ്പോൾ അതൊരു പ്ളാസ്റ്റിക് കുപ്പിയിൽ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു.. അവൾ ഓർത്തു അമ്മ ഗവണ്മെന്റ് ആശുപത്രിയിൽ സെൽവനെ പ്രസവിച്ചു കിടന്നപ്പോഴും ഇങ്ങനെ കയ്യിൽ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു.. ഗുൽകോസ് എന്നായിരുന്നു അന്ന് അതിനു അച്ഛൻ പേരു പറഞ്ഞു തന്നത്.. ചെറിയ ഓരോർമ്മയെയുള്ളൂ.. അമ്മയെയും അച്ഛനേയും സെൽവനെയും ഓർത്തപ്പോൾ അവൾക്ക് കരച്ചില് വന്നു.. തലേന്നത്തെ കാര്യങ്ങളൊക്കെ ഓർത്തു..
താനെങ്ങനെ ആശുപത്രിയിൽ വന്നു.. അതോർത്ത് അവൾ മറ്റേ വശത്തേക്ക് നോക്കി. അവിടെ ഒരു സുന്ദരിയായ സ്ത്രീ അവളെത്തന്നെ നോക്കി ഇരിപ്പുണ്ടായിരുന്നു.. അവൾ പെട്ടെന്ന് ചാടി എഴുന്നേൽക്കാൻ നോക്കി..
‘കുട്ടി.. കിടന്നോളൂ..’
അവർ മധുരമായ ശബ്ദത്തിൽ പറഞ്ഞു..
‘ഞാൻ... അത് .. ഇന്നലെ.. എന്താ പറ്റിയെ.. അയാള് പോയോ.. ഇവിടെ എവിടേലും ഒളിച്ചു നിപ്പുണ്ടോ...’
‘ഇവിടെ ആരുമില്ല.. കുട്ടി സമാധാനമായി കിടന്നോളൂ.. ഈ ബോട്ടില് തീരുമ്പോ പോവാം.. ‘
കാവേരി അനുസരണയോടെ കിടന്നു..
കുറച്ചു കഴിഞ്ഞപ്പോൾ കുപ്പിയിലെ വെള്ളം മുഴുവൻ തീർന്നു.. അപ്പോഴാണ് പ്രായമായ ഒരാൾ വന്നത്..
‘ശ്രീദേവിക്കുഞ്ഞേ.. പൈസ അടച്ചു.. നമുക്ക് പോകാം.. ഈ പെണ്ണിനെ എവിടാന്ന് വച്ചാൽ ഇറക്കിവിടാം..’
‘രാഘവേട്ടാ.. അതെന്താന്ന് വച്ചാൽ നമുക്ക് തീരുമാനിക്കാം... ആദ്യം ഇവളുടെ മരുന്നൊക്കെ വാങ്ങി വാ... എന്നിട്ട് നമുക്ക് എന്തെങ്കിലും കഴിക്കാം...’
രാഘവൻ വെറുപ്പോടെ അവളെ നോക്കി എന്നിട്ട് ഒന്നുമൂളിയിട്ടു മരുന്നു മേടിക്കാൻ ഇറങ്ങി.. ഇതിനിടെ ഒരു നഴ്‌സ് വന്ന് അവളുടെ ക്യാനുല ഊരി.. ശ്രീദേവി അവളുടെ കയ്യിൽ പിടിച്ചു..
‘വാ... നമുക്ക് എന്തെങ്കിലും കഴിക്കാം..’
‘അയ്യോ എന്നെ തൊടണ്ടാ.. എന്റെ മേല് മുഴുവൻ അഴുക്കാ..’
‘ അതെയോ... സാരമില്ല.. ഞാൻ പിന്നെ കുളിച്ചോളാം..കുട്ടി വരൂ.. അല്ലാ.. പേരു ചോദിച്ചില്ലല്ലോ.. എന്താ നിന്റെ പേര്... ‘
‘കാവേരി..’
‘കൊള്ളാല്ലോ.. നല്ല പേര്..’
ശ്രീദേവി കാവേരിയെ നോക്കി പുഞ്ചിരിച്ചു.. നല്ല അഴകായിരുന്നു ആ ചിരിക്ക്.. അറിയാതെ അവളും തിരിച്ചു ചിരിച്ചു..
***********
ഒരു ഹോട്ടലിൽ കയറി കാവേരിക്ക് എന്താണ് വേണ്ടതെന്നന്വേഷിച്ചു.. അവൾ കൈമലർത്തി.. ശ്രീദേവി ഒരു ബിരിയാണി ഓർഡർ ചെയ്തു.. രാഘവൻ അസഹിഷ്ണുതയോടെ കാറിലിരുന്നതെയുള്ളൂ..
‘അല്ല.. ഒന്നും കഴിക്കുന്നില്ലേ..’
‘ആര്..’
കാവേരി മുഖം കൊണ്ട് ശ്രീദേവിയെ ഉദ്ദേശിച്ചാണെന്ന്ആംഗ്യം കാട്ടി..
‘വേണ്ട. ഞാൻ പിന്നെ കഴിച്ചോളാം.. കുട്ടിയല്ലേ രണ്ടു ദിവസമായി ഒന്നും കഴിക്കാത്തത്.. വേണമെങ്കിൽ ഞാൻ കൂട്ടിന് ഒരു ചായ കുടിക്കാം.. ‘
അവൾ ഒരു ചായ ഓർഡർ ചെയ്തു..
‘ഞാൻ.... ഒന്നും കഴിച്ചില്ലാന്ന്.. എങ്ങനെ...?’
‘അതോ... അത് ഡോക്ടർ പറഞ്ഞു..’
ബിരിയാണിയും ചായയും വന്നു.. കാവേരി ആഹാരം പെട്ടെന്ന് കഴിക്കാൻ തുടങ്ങിയതും അനിയനെ ഓർമ്മ വന്നു.. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി..
‘എന്താ കുട്ടി ഇത്.. എന്തൊക്കെ വന്നാലും ആഹാരത്തിന്റെ മുന്നിലിരുന്ന് കരയാൻ പാടില്ല.. ഉം.. വേഗം കഴിക്ക്‌..:
അവൾ പെട്ടെന്ന് തന്നെ ആഹാരം കഴിച്ചുതീർത്തു..
ബില്ലടച്ചശേഷം തിരികെ കാറിനടുത്തേക്ക് വന്നു..
‘നിനക്ക് എങ്ങോട്ടാണ് പോകേണ്ടതെന്ന് വച്ചാൽ കൊണ്ടുവിടാം.... പറയ് എങ്ങോട്ടാ പോകേണ്ടെ’
‘അത്.. എനിക്ക്... മലപ്പുറത്തേക്കാ പോകണ്ടേ..
‘മലപ്പുറത്തോ.. ‘ രാഘവൻ അവളെ കണ്ണുരുട്ടി നോക്കി...
‘അതേ... ഇവിടുന്ന് ഒത്തിരി ദൂരമാണോ....’
കാവേരി നിഷ്കളങ്കമായി ചോദിച്ചു..
‘കാവേരി എന്തിനാ.. മലപ്പുറത്ത് പോകുന്നേ..’
അതിന് അവൾ കണ്ണു നിറച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല..
‘രാഘവേട്ടാ.. ഞങ്ങളെ ആ പാർക്കിന്റവിടൊന്നു കൊണ്ടു വിട്ടോളൂ.. എന്നിട്ട് സ്കൂളീന്ന് കുട്ടികളെ വിളിച്ച് നേരെ വീട്ടിലേക്കു പൊയ്ക്കോ.. ഞാൻ ഇവളെ മലപ്പുറത്തേക്കുള്ള ബസിൽ കയറ്റി വിട്ടിട്ട് നേരെ അങ്ങെത്തിയേക്കാം.. ‘
‘കുട്ടികള് ചോദിച്ചാൽ എന്തു പറയണം കുഞ്ഞേ..’
‘ഞാൻ അരമണിക്കൂറിനുള്ളിൽ അങ്ങെത്തുമെന്നു പറയ്.. അവിടെ രമണിയേച്ചി ഉണ്ടല്ലോ.. അവർക്ക് ഭക്ഷണം കൊടുത്തോളും.. ‘
എന്തായാലും രാഘവന് സമാധാനമായി.. മാരണത്തിനെ ഇപ്പൊത്തന്നെ പറഞ്ഞു വിടുമല്ലോ.. അയാൾ തിരിച്ചു നടന്നു..
‘രാഘവേട്ടാ.. ഒന്നു നിന്നെ.’
രാഘവൻ തിരിഞ്ഞു നിന്നു..
‘അതേ.. ഇന്നലെ എവിടാരുന്നെന്ന് വീട്ടിൽ ചോദിച്ചാൽ ഒന്നും പറയാൻ നിൽകണ്ട...’
‘ചോദിച്ചാൽ ഞാൻ എന്ത് പറയണം...’
‘അത് ഞാൻ രാത്രി വിളിച്ചു പറഞ്ഞിരുന്നു.. സുമിത്രേടെ വീട്ടിലാന്ന്.. രാഘവേട്ടൻ ഒന്നും പറഞ്ഞു കൊളമാക്കാതിരുന്നാമതി.. ‘
അയാൾ ഒരു ചെറുപുഞ്ചിരിയോടെ തിരിച്ചു നടന്നു.. പിന്നെ കാറോടിച്ചു പോയി..
**********
കാവേരിയുടെ കഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ ശ്രീദേവിയുടെ കണ്ണും നിറയുന്നുണ്ടായിരുന്നു..
‘കാവേരി.. മലപ്പുറത്തുപോയാൽ തന്നെ സെൽവനെ കണ്ടുപിടിക്കാൻ പറ്റുമെന്ന് എന്താ ഉറപ്പ്.. അത് ഇവിടുന്ന് ഒരുപാട് ദൂരെയാ.. ഒരു വലിയ സ്ഥലം.. അവിടെ നിന്റെ അനിയനെ എങ്ങനെ കണ്ടെത്താനാവും.. അതുമല്ല.. അവിടെച്ചെല്ലുമ്പോളും ഇവിടെ ഉണ്ടായ അതേ അപകടങ്ങളാകും നിന്നെ കാത്തിരിക്കുന്നത്.. ഇവിടെ ആകസ്മികമായി ഞാൻ വന്നത് കൊണ്ട് നീ രക്ഷപെട്ടു.. പക്ഷെ അവിടെ ആരും നിന്നെ രക്ഷിക്കാൻ വരണമെന്നില്ല.. സെൽവനെ അന്വേഷിക്കേണ്ട എന്നല്ല ഞാൻ പറയുന്നത്.. സെൽവനെ നമുക്ക് അന്വേഷിക്കാം.. ഇപ്പൊ നീ എന്റെ കൂടെ വാ.. അല്ലാതെ നിന്നെ ഒറ്റക്ക് എങ്ങും വിടാൻ എനിക്ക് തോന്നുന്നില്ല.. ‘
‘അത്.. ഞാൻ.. എനിക്ക് ഈ ലോകത്ത് ഇനിയെന്റെ അനിയൻ മാത്രമേയുള്ളു.. അവനും കൂടി കൈവിട്ടുപോയാൽ..’
കാവേരി കരയാൻ തുടങ്ങി..
ശ്രീദേവി എങ്ങനൊക്കെയോ ആശ്വസിപ്പിച്ചു അവളെ കൂടെക്കൂട്ടി.. ഇതേ കോലത്തിൽ വീട്ടിൽ കൊണ്ടുപോയാലുള്ള സ്ഥിതി ശ്രീദേവിക്ക് ഊഹിക്കാവുന്നതെ ഉണ്ടായിരുന്നുള്ളു
അവർ ഒരു ടെസ്റ്റൈൽ ഷോപ്പിൽ കയറി.. കാവേരിക്ക് പറ്റുന്ന ഡ്രെസ്സുകൾ വാങ്ങി..
ഒരു ഹോട്ടലിൽ കയറി റൂമെടുത്തു.. കാവേരിയോട് കുളിക്കാൻ പറഞ്ഞ് ശ്രീദേവി പുറത്തു കാത്തിരുന്നു..
കുളിച്ചു ഡ്രസ് മാറി വന്ന കാവേരിയെ തനിക്കുനേരെ പിടിച്ചു നിർത്തി ശ്രീദേവി.. എന്നിട്ട് ബാഗിൽ സൂക്ഷിച്ച പൊട്ട് അവളുടെ നെറ്റിയിൽ തൊടുവിച്ചു..
**********
വീട്ടുമുറ്റത്ത് ഓട്ടോ വന്നു നിന്നു.. അതിൽ നിന്നും ശ്രീദേവി ആദ്യം ഇറങ്ങി.. രാഘവൻ മുറ്റത്ത് നിൽപ്പുണ്ടായിരുന്നു.. കൂടെയിറങ്ങിയ ആളെ കണ്ടപ്പോൾ രാഘവന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.. ഇതവൾതന്നെയാണോ.. എന്തൊരു സൗന്ദര്യം..
ശ്രീദേവി രാഘവന്റടുത്തേക്ക് നടന്നു വന്നു..
‘രാഘവേട്ടാ.. ഇന്നലെ നടന്നതൊന്നും മിണ്ടിയില്ലല്ലോ അല്ലെ.. ‘
‘ഇല്ല കുഞ്ഞേ.. ഞാൻ ഒന്നും മിണ്ടിയില്ല..’
ശ്രീദേവി കാവേരിയുടെ കയ്യിൽ പിടിച്ചു വീട്ടിലേക്കു നടന്നു... . കാവേരി ആ വീട്ടിലേക്ക് വലതുകാൽ വച്ച് ആ വീടിന്റെ പാടി ചവിട്ടി.. അതവളുടെ രണ്ടാം ജന്മമായിരുന്നു.. അക്ഷരാർഥത്തിൽ രണ്ടാം ജന്മം..
(തുടരും)

Deepa
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo