നിന്നെയും തേടി
****************
****************
ഭാഗം :- 2
ഓടി ഓടി അവർ ഒരു ഗോഡൗണിന്റെ അരികിലെത്തി.. അവിടെ ലോഡ് നിറച്ച ഒരു ടെമ്പോ കണ്ടു. അതിന്റെ പുറകിൽ അവൾ അനിയനെ കയറ്റി വിട്ടു.. പുറകെ അവൾ കയറാൻ പോയപ്പോൾ ആക്രോശം കേട്ടു..
‘എടീ… ‘
അവൾ ടെംബോയിൽ കയറാതെ ഓടി.. തുറന്നു കിടന്ന ഗോഡൗണിലേക്ക്.. അവൾ പാഴ്സലുകളുടെ ഇടയിൽ അഭയം പ്രാപിച്ചു.. അക്രമികൾ അവിടെ ഓടിക്കയറി…
‘എടീ പെണ്ണേ മര്യാദക്ക് ഇറങ്ങി വരുന്നതാ ബുദ്ധി.. കണ്ടു പിടിച്ചിട്ടുണ്ടെങ്കിൽ നിന്നെ ഞങ്ങൾ കൊന്നു കളയും.. ‘
അപ്പോളാണ് ബഹളം കേട്ട് ഗോഡൗണിന്റെ സെക്യൂരിറ്റി വന്നത്..
‘നിങ്ങൾക്കെന്താ ഗോഡൗണിൽ കാര്യം.. ഇറങ്ങി പൊയ്ക്കെ…’
അവർ തിരിഞ്ഞു നോക്കി നോക്കി ഇറങ്ങി.
‘അണ്ണാ ആ ചെറുക്കൻ ടെംബോയിൽ കാണും.. അവനെ പൊക്കാം..’
‘പോടാ.. ചെറുക്കനെ കിട്ടിയിട്ട് എന്തിനാ.. നീ വേഗം വാ അല്ലെങ്കിൽ അവന്മാരെല്ലാം കൂടി അവളെ തീർക്കും..’
അവർ പോയെന്ന് ഉറപ്പായതോടെ കാവേരി പതിയെ ഗോഡൗണിൽ നിന്നും ഇറങ്ങി.. അനിയനെ കയറ്റിവിട്ട ടെമ്പോ അവിടെ കാണാനില്ലായിരുന്നു.. അവൾ ഓടി സെക്യൂരിറ്റിയുടെ അടുത്തു ചെന്നു ചോദിച്ചു..
‘ചേട്ടാ.. ഇവിടെ ഒരു വാൻ കിടപ്പുണ്ടായിരുന്നല്ലോ.. അതെവിടെ..’
‘അതു പോയിട്ട് അഞ്ചു മിനിട്ടായല്ലോ കൊച്ചേ.. എന്താ കാര്യം..
‘അതെങ്ങോട്ടാ പോയെന്ന് അറിയാമോ...’
‘പിന്നില്ലാതെ.. അത് മലപ്പുറത്തേക്ക് ചരക്ക് കൊണ്ടുപോകുന്ന വണ്ടിയാ... അല്ലാ.. നിനക്കിതൊക്കെ അറിഞ്ഞിട്ട് എന്തിനാ..’
കാവേരിയുടെ കണ്ണിൽ നിന്നും കണ്ണീർ ധാര ധാരയായി ഒഴുകുന്നതല്ലാതെ അവൾ മറുപടി ഒന്നും പറഞ്ഞില്ല.. അവൾ നടന്നു പോയി .. അതേ അനിയനെ നഷ്ടപ്പെട്ടിരിക്കുന്നു…
പിന്നീടാണ് കാവേരി അമ്മയെപ്പറ്റി ഓർത്തത്... അവൾ ചാരായ ഷാപ്പിന്റെ അടുത്തേക്ക് പോയി.. അച്ഛനോട് പറയാൻ..പക്ഷെ അവിടെയും അവരുടെ ആൾക്കാർ.. അവൾ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു.. അവർ ബോധമില്ലാത്ത അച്ഛനെ എടുത്തുകൊണ്ടു പോകുന്നത് അവൾ കണ്ടു… അവൾ ശബ്ദമുണ്ടാക്കാതെ അവരുടെ പിന്നാലെ പോയി.. അവർ ടെന്റിലേക്കാണ് പോയത്.. അവിടുത്തെ ബഹളം നിലച്ചിരുന്നു… അച്ഛനെ അവർ ടെന്റിനുള്ളിലേക്ക് കൊണ്ടുപോയി… ശേഷം പുറത്തു വന്നു ടെന്റിന് തീകൊളുത്തി…
അവൾ ഓടി… അടുത്തെങ്ങും വീടുകളില്ല… കൊറേ ദൂരം ചെന്നു ഒരു വീട്ടിൽ പറഞ്ഞു… തെരുവിൽ അലയുന്ന അവളെപ്പോലെയുള്ള കുട്ടികളെ ആരു സഹായിക്കാൻ…. വീണ്ടും കുറെ വീടുകളിൽ കയറി… ഒന്നോ രണ്ടോ പേര് സഹായിക്കാൻ സന്നദ്ധത കാട്ടി… പക്ഷെ തിരിച്ചു വന്നപ്പോഴേക്കും എല്ലാം ഒരു പിടി ചാരമായിരുന്നു..
ആരൊക്കെയോ ചേർന്ന് പോലീസിനെ വിളിച്ചു വരുത്തി.. അവൾ പറയുന്നതൊന്നും ആരും ചെവിക്കൊണ്ടില്ല... തുണികൊണ്ടുള്ള ടെന്റിൽ മണ്ണെണ്ണ വിളക്കുമറിഞ്ഞു.. അങ്ങനെ ഉണ്ടായ അപകടം... അല്ലെങ്കിൽ തന്നെ തെരുവ് സർക്കസുകാരുടെ കേസ് കണ്ടുപിടിച്ചാൽ എന്താണ് മേന്മ.. ഒരുപാട് പ്രമുഖർ നീതികിട്ടാതെ കഷ്ടപ്പെടുമ്പോഴാ..
അച്ഛനും അമ്മയും അനിയനും നഷ്ടപ്പെട്ട പതിനാലുകാരി സഹായം തേടുന്നു.... ഒറ്റദിവസം കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ സഹതാപ തരംഗം... പക്ഷെ തരംഗം മാത്രം.. ആരും സഹായിക്കാനില്ല.. .
കഷ്ടപ്പാടാണേലും ഒരു കുടുംബം ഉണ്ടായിരുന്നു… ഒറ്റ രാത്രി കൊണ്ട് എല്ലാം നഷ്ടമായി..... ഇനി ഒന്നും അവൾക്ക് സ്വന്തമായി ഇല്ല.. ഉണ്ട് ... അവളുടെ അനിയൻ എവിടെയോ ജീവിച്ചിരിപ്പുണ്ട്.... ഇന്ന് മലപ്പുറത്തേക്കുള്ള ചരക്കു വണ്ടിയിൽ കയറിപ്പറ്റണം.. അതായി അവളുടെ ചിന്ത മുഴുവൻ..
അന്നും വന്നു അവളുടെ കുഞ്ഞു ശരീരം തേടി മനുഷ്യർ... മൃഗങ്ങളെന്നു പറയാൻ പറ്റില്ലല്ലോ.. മൃഗങ്ങൾ തിരിച്ചറിവില്ലാത്ത പാവങ്ങളല്ലേ.. മനുഷ്യർ തിരിച്ചറിവുള്ള ദുഷ്ടന്മാരും..
അതിനുമുന്നേ അവൾ അവിടം വിട്ടിരുന്നു മലപ്പുറത്തേക്കുള്ള ടെമ്പോ വാനിൽ കയറി.. വണ്ടി വിട്ടു.. അവൾ മലപ്പുറത്തു എത്തുന്നതും നോക്കി ഉറക്കമില്ലാതെ കാത്തിരുന്നു.. ഇന്നത്തെ ചരക്ക് തിരുവനന്തപുരത്തേക്കാണെന്നറിയാതെ.. ..
‘കുഞ്ഞനിയാ.. നിന്നെയും തേടി.. ‘
(തുടരും)
ദീപാ ഷാജൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക