മുല്ലവള്ളിയും അവളും പിന്നെ ഞാനും
......................................
നിറയെ പൂക്കളുമായി എൻ്റെ മുറ്റത്തെ മുല്ലവള്ളി ചിരിതൂകി നിന്നു. കടും പച്ച ഇലകൾക്കിടയിൽ വെള്ളപ്പല്ലുകാട്ടിച്ചിരിച്ചു കൊണ്ടിരുന്ന അവളുടെ സൗന്ദര്യം വൈകുന്നേരത്തെ ചൂടു ചായയോടൊപ്പം ആസ്വദിച്ചു കൊണ്ട് കോലായിൽ ഇരിക്കയായിരുന്നു ഞാൻ.
......................................
നിറയെ പൂക്കളുമായി എൻ്റെ മുറ്റത്തെ മുല്ലവള്ളി ചിരിതൂകി നിന്നു. കടും പച്ച ഇലകൾക്കിടയിൽ വെള്ളപ്പല്ലുകാട്ടിച്ചിരിച്ചു കൊണ്ടിരുന്ന അവളുടെ സൗന്ദര്യം വൈകുന്നേരത്തെ ചൂടു ചായയോടൊപ്പം ആസ്വദിച്ചു കൊണ്ട് കോലായിൽ ഇരിക്കയായിരുന്നു ഞാൻ.
കുറച്ചു നേരം മുമ്പേ പെയ്തിറങ്ങിയ മഴയിൽ കുളിച്ച് ഈറനണിഞ്ഞപ്പോൾ അവൾ കൂടുതൽ സുന്ദരിയായി തീർന്നിരുന്നു. പെട്ടെന്നവൾ ഒന്നു കുണുങ്ങുകയും, അവളിൽ പറ്റിയിരുന്ന ജല കണങ്ങൾ താഴോട്ട് തുരുതുരെ വീഴുകയും ചെയ്തു. മതിലിനു മുകളിലൂടെ എത്തിച്ചു നോക്കുന്ന അവളുടെ നവ മുകുളങ്ങളെ ആരേലും തട്ടിയെടുക്കുകയാവാം.
ശബ്ദമുണ്ടാക്കാതെ ഗേറ്റു തുറന്ന് നോക്കുമ്പോൾ ഒരു കാന്താരിയാണ്. ചാടി ചാടി മുല്ലവള്ളിയിലെ പൂക്കളിറുക്കുന്നു. രണ്ടു വശത്തും പകുത്തു കെട്ടിയ മുടിത്തുമ്പ് അവളുടെ തുടുത്ത കുഞ്ഞു കവിൾത്തടതിൽ ഓരോ ചാട്ടത്തിലും തഴുകിയുലയുന്നത് കാണാൻ നല്ല ചേല്.
ഒരു കള്ളച്ചുമ പാസാക്കിയപ്പോൾ, അവൾ നിന്നു. ഭയചകിതയായി വിതുമ്പാൻ വെമ്പി നിന്ന അവളെ വേഗം ചെന്ന് സമാധാനിപ്പിച്ചു.
"മോളു വാ, ആൻ്റി പറിച്ചു തരാട്ടോ."
കൈ നിറയെ മുല്ലമൊട്ടുമായി അവൾ മടങ്ങുമ്പോൾ അതിനു പകരമായി ഒരു പഞ്ചാരയുമ്മ വാങ്ങാൻ ഞാൻ മറന്നില്ല. മോളു സ്ക്കൂളിൽ നിന്നെത്തിയിട്ടില്ല. ഇല്ലേൽ ഇതു മതി കുശുമ്പിക്കു.
"മോളു വാ, ആൻ്റി പറിച്ചു തരാട്ടോ."
കൈ നിറയെ മുല്ലമൊട്ടുമായി അവൾ മടങ്ങുമ്പോൾ അതിനു പകരമായി ഒരു പഞ്ചാരയുമ്മ വാങ്ങാൻ ഞാൻ മറന്നില്ല. മോളു സ്ക്കൂളിൽ നിന്നെത്തിയിട്ടില്ല. ഇല്ലേൽ ഇതു മതി കുശുമ്പിക്കു.
ഗേറ്റിനരികിൽ നിന്ന് മാനത്തു നോക്കിയപ്പോൾ കാർമേഘം കൂട്ടം കൂടി നിൽക്കുന്നു, പെട്ടെന്ന് മനസ്സ് ഗതകാലത്തേക്ക് ഊളിയിട്ടു. സിറ്റിയിൽ ജനിച്ചു വളർന്ന എനിക്ക് പച്ചപ്പ് എന്നും ജീവനായിരുന്നു. പക്ഷെ ആകെയുണ്ടായിരുന്ന ഒന്നര സെന്റ് സ്ഥലത്ത് വീട് ഞെരുങ്ങി നിന്നു. നീണ്ടു ഒരടി വീതിയിൽ കിടന്ന 'മുറ്റത്തൂടെയാണ് ' അച്ഛൻ കഷ്ടിച്ച് സ്ക്കൂട്ടർ ഓടിച്ച് ഉമ്മറത്ത് വച്ചിരുന്നത്. ആ വീഥി സിമന്റിട്ടിരുന്നെങ്കിലും അതിനരികിലൂടോടിയിരുന്ന പെപ്പ് ലൈനിനു ചുറ്റും ഇത്തിരി മണ്ണുണ്ടായി ഒരു പത്ത് സെന്റീമീറ്റർ വീതിയിൽ. അതും പിന്നെ റോഡിന്റെ അരികിലെ മണ്ണുമാണ് ഞങ്ങൾ ചേച്ചി അനിയത്തിമാർക്ക് മണ്ണപ്പമായിരുന്നത്. ചുമരിൽ വളരുന്ന പൂപ്പലും ചെറിയ കൂണുകളും പച്ചക്കറി കൂട്ടാനായി. പൈപ്പ് ലൈനിനോട് ചേർന്ന് നിൽക്കുന്ന കുഞ്ഞു ചെടികളും കാട്ടു പൂക്കളും ഞങ്ങളുടെ കൽ ദൈവങ്ങൾക്ക് അർച്ചന പുഷ്പങ്ങളായി. അങ്ങേ വീട്ടിലെ തെങ്ങ് നൽകുന്ന വെള്ളയ്ക്കകൾ അരച്ച് ചന്ദനവും ചുടുകട്ട പൊടിച്ച് കുങ്കുമവുമുണ്ടാക്കി. ആരോ സമ്മാനിച്ച ബ്ലാക്ക് മോളി ഹോർലിക്സ് കുപ്പിയിലെ പൈപ്പ് വെള്ളത്തിൽ കിടന്ന് ദിവംഗതയായപ്പോൾ സെമിത്തേരിയായതും ആ പത്ത് സെന്റീമീറ്റർ സ്ഥലം തന്നെ. അവളുടെ കുഴിമാടത്തിനു മുകളിൽ ഈർക്കിൽ കുരിശു വച്ച് കാട്ടുപൂക്കൾ പറിച്ചു വച്ചപ്പോൾ ഞങ്ങൾക്ക് അറിയില്ലായിരുന്നു ഹിന്ദുവും ക്രിസ്ത്യനുമൊക്കെ വേറെ മതങ്ങളാണെന്ന്. ഞങ്ങളുടെ കുട്ടിക്കളികൾ കണ്ട് ചിരിച്ചിരുന്ന അച്ഛനമ്മമാരും പറഞ്ഞു തന്നിട്ടില്ല .
അങ്ങനെ ഞങ്ങളുടെ പരിമിതമായ സൗഭാഗ്യങ്ങളിൽ ആനന്ദിച്ചങ്ങനെ പോകുമ്പോഴാണ് കൊച്ചച്ഛൻ വിവാഹിതനായി ഞങ്ങളുടെ വീടിനടുത്ത് താമസമായത്. ഞാനും കുഞ്ഞമ്മയും നല്ല കൂട്ടായി . എപ്പോഴും കുഞ്ഞമ്മയുടെ കൂടെ നടക്കും. അവർ ചെയ്യുന്ന ഒരോന്നും കണ്ടു പഠിക്കും. നാലാം ക്ലാസ്സുകാരി പെട്ടെന്ന് വലിയ വീട്ടമ്മയെ പോലെ ഉപ്പും പുളിയുമിട്ട് നിലവിളക്കു കഴുകുന്നു, ഭസ്മമിട്ട് വീണ്ടും വിളക്കി കുങ്കുമവും ഭസ്മവുമിട്ട് ഒരുക്കുന്നു. എന്തായാലും അച്ഛമ്മയ്ക്ക് സന്തോഷായി, അല്ലെങ്കിൽ വിളക്കു കൊളുത്താൻ പോലും വരാത്ത പെണ്ണാ. അടുത്ത് പൂക്കൾ വയ്ക്കണം. ഉടൻ തന്നെ ഓടി കുറച്ച് കാട്ടുപൂക്കളായി വന്നു. അച്ഛമ്മ ഓടിച്ചു.
'' കാട്ടുപൂക്കളോ നിലവിളക്കിൽ "
വിഷണ്ണയായി പുറത്തു നോക്കിയപ്പോൾ അപ്പുറത്തെ വലിയ വീടിന്റെ ഉമ്മറത്ത് നിറഞ്ഞു തുളുമ്പി ചുമരിനോട് കിന്നാരം പറഞ്ഞു നിൽക്കുന്ന വെള്ള ചെമ്പരത്തി പൂക്കൾ. അമാന്തിച്ചില്ല, ഓടിപ്പോയി ചുമരിന്റ മുകൾ വശത്ത് നിൽക്കുന്ന പൂക്കൾ ചാടി ചാടി പറിക്കാൻ നോക്കി. താഴെ പരിഭവം പറഞ്ഞ് പോറിച്ച് കൊണ്ടിരുന്ന തൊട്ടാവാടിയെ പോലും ഗൗനിച്ചില്ല.
"ചാട് ചാട്.. ആ കൊമ്പ് ഒടിച്ചെടുക്ക്..."
പരിചിതമല്ലാത്ത ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആകെ വിയർത്തു പോയി. അപ്പുറത്തെ വീട്ടിലെ ആന്റിയും അവരുടെ ഏതോ ബന്ധുവായിരിക്കണം കൂടെയുള്ള സ്ത്രീ. ആന്റി മെലിഞ്ഞ് പൊക്കത്തിൽ ഐശ്വര്യമുള്ള സ്ത്രീയാണെങ്കിൽ അവർ ഇരുണ്ട് ഉരുണ്ട ഒരു സ്ത്രീ. കണ്ടാൽ തന്നെ പേടിയാകും. ഭയന്നു വിറച്ച് മാറി നിന്ന എന്നെ ആന്റി അടുത്തു വിളിച്ചു.
കുടെയുണ്ടായിരുന്ന സ്ത്രീയോട് മിണ്ടാതിരിക്കാൻ പറഞ്ഞിട്ട് എന്നെ വീട്ടിലേക്ക് കൊണ്ട് പോയി. സ്വന്തം കൈ കൊണ്ട് കുറേ ചെമ്പരത്തി പൂക്കൾ പറിച്ചു തന്നു. എന്നിട്ട് പറഞ്ഞു:
" ഇനി ഇങ്ങനെ ചാടി പറിക്കണ്ട കേട്ടോ.ഇനി മോൾക്ക് പൂക്കൾ വേണമെന്നുള്ളപ്പോൾ നേരെയിങ്ങു കേറി വന്ന് എത്ര വേണേലും പറിച്ചോളൂ."
തുളുമ്പി നിന്ന കണ്ണുനീർ തുള്ളികൾ താഴെ വീഴാണ്ട് തലയാട്ടി, കൈ നിറയെ വെളുത്ത ആ ചെമ്പരത്തി പൂക്കളുമായി വീട്ടിലേക്ക് ഓടി ക്കേറുമ്പോൾ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ബാല്യ കാല സ്മരണ കൂടിയാണ് എന്റെ സ്മൃതി മണ്ഡലത്തിൽ ഓടി കേറിയത്. മികച്ച അദ്ധ്യാപികയ്ക്കുള്ള അവാർഡ് കിട്ടിയിട്ടുള്ള ഒരു പ്രമുഖ കോളേജിന്റെ പ്രിൻസിപ്പലായിരുന്നു ആ ആന്റി. ക്രിസ്ത്യൻ വീട്ടിലെ ആ പൂക്കൾ എന്റെ നിലവിളക്കിനെ അന്ന് കൂടുതൽ സുന്ദരിയാക്കി. പിന്നീട് ഒരിക്കലും ഞാൻ അവിടന്ന് പൂക്കൾ ഇറുത്തിട്ടില്ലെങ്കിലും ആ നന്മ നിറഞ്ഞ സ്ത്രീയുടെ ചെയ്തി എന്നെ വല്ലാതെ സ്പർശിച്ചിരുന്നു.
ഒരു മഴത്തുള്ളി വന്ന് കയ്യിൽ വീണപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്. കുഞ്ഞി കാന്താരി റോഡിൻ്റെ അങ്ങേ വശത്ത് എത്തിയിട്ടേയുള്ളൂ. എത്ര വേഗം, എത്ര ദൂരം സഞ്ചരിച്ച് മനസ്സ് തിരിച്ചെത്തിയിരിക്കുന്നു. തിരിഞ്ഞ് , മുല്ലമൊട്ടിൻ ചന്തമുള്ള ചിരി സമ്മാനിച്ച് അവൾ ഓടിപ്പോയി. പണ്ടത്തെ എൻ്റെ അതേ മുഖഛായ തോന്നിയവൾക്കപ്പോൾ!
ഇന്ദു പ്രവീൺ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക