Slider

ശർക്കരമിഠായി

0
ശർക്കരമിഠായി
മഴ തോർന്നു മരങ്ങളിൽ നിന്നെല്ലാം മഴത്തുള്ളികൾ അവയുടെ അവസാന താളവുമായി പൊഴിഞ്ഞു തുടങ്ങി
കോളേജിൽ നിന്ന് ബാഗുമായി ഗേറ്റു കടന്നു വന്നപ്പോഴേ ശാലു കണ്ടു ഉമ്മറത്ത് ഗേറ്റിലേക്ക് നോക്കി നിൽക്കുന്ന തന്റെ അച്ഛൻ രഘുവിനെ അവൾ നടന്ന് രഘുവിനടുത്തെത്തി
"മഴ നനഞ്ഞോ വാവേ നീ..."മുന്നിലെ പടികളിറങ്ങി താഴേക്ക് ചെന്ന് ശാലുവിന്റെ തലയിൽ തടവി നോക്കി കൊണ്ട് രഘു ചോദിച്ചു "ഇല്ലച്ഛാ... കുറച്ച് നനയേണ്ടി വന്നു "രണ്ടു പേരും വീടിന്റെ വരാന്തയിലേക്ക് കയറി
"ഗീതേ ആ തോർത്തിങ്ങെടുത്തേ..... "
രഘു അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞിട്ട് തുടർന്നു ''മഴ നല്ലതുപോലെ തോർന്നിട്ട് വന്നാൽ പോരായിരുന്നോ വാവേ നിനക്ക്.... "
രഘു ചോദിച്ചു ബാഗ് അടുത്ത് ഉള്ള സെറ്റിയിലേക്കിട്ടിട്ട് ശാലു പറഞ്ഞു
"ഇപ്പൊ തന്നെ വൈകിയല്ലോ...ഇനിയും താമസിച്ചാൽ എന്റെ പുന്നാര അച്ഛൻ ഇവിടി ങ്ങനെ നോക്കി നിന്ന് വിഷമിക്കുമെന്ന് ഈ വാവയ്ക്ക് അറിയാല്ലോ....."
അവൾ രണ്ടു കൈകൾ കൊണ്ടും രഘുവിന്റെ ഇരു കവിളുകളിലും പിച്ചി കൊണ്ടാണത് പറഞ്ഞത് ഗീത അപ്പോഴേക്കും തോർത്തു മായെത്തി രഘു അതു വാങ്ങി ശാലുവിന്റെ തല തുവർത്തുവാൻ തുടങ്ങി
''എന്താടീ....നീ ഇത്ര താമസിച്ചത്.... സമയമെത്രയായെന്ന് കണ്ടോ.... "
ഗീത ചെറിയ ദേഷ്യത്തോടു കൂടെ ചോദിച്ചു "കണ്ടോ അച്ഛാ... ഈ അമ്മ തുടങ്ങി ശാലു ചിണുങ്ങി
"മഴയല്ലായിരുന്നോ ഗീതൂ നീ ദേഷ്യപ്പെടുന്നതെന്തിനാ... "
രഘു മറുപടി പറഞ്ഞു
"ഉം....ഞാനൊന്നും പറയുന്നില്ല അച്ഛൻ കൊഞ്ചിച്ചോ മോളെ....ഒരച്ഛനും ഒരു മകളും പെണ്ണിനെ കെട്ടിക്കാറായി ഇപ്പൊഴും കൊച്ചു കുട്ടിയാണെന്നാ വിചാരം"ഗീത പറഞ്ഞു
"മതി അച്ഛാ തോർത്തിയത്..." പറഞ്ഞു കൊണ്ടു ശാലു തോർത്തു മാറ്റി
ശാലു പിന്നെയും സംസാരം തുടർന്നു
"പിന്നെ അച്ഛാ ഒരു കാര്യം...."ശാലു എന്തോ പറയാൻ തുടങ്ങി
"എന്താ മോളെ പറഞ്ഞോളു... "രഘു അനുവദിച്ചു ''ആ സാബു ഇല്ലേ....ആ നാറി ഇന്നും എന്റെ പുറകെ വന്നു.... "ശാലു പറഞ്ഞു നിർത്തിയപ്പോൾ "എന്നിട്ട്.... "രഘു ചോദിച്ചു
"അച്ഛനന്ന് പറഞ്ഞല്ലോ അവൻ നല്ലവനല്ല അവനോട് കൂട്ടു വേണ്ട മിണ്ടരുത് എന്നൊക്കെ....
"ഉം...."രഘു മൂളി
''ഞാൻ നല്ലതുപോലെ രണ്ട് കൊടുത്തു ആ നാറിക്കിട്ട് ഇനി ആ തെണ്ടി...എന്റെ പുറകെ വരില്ല....
"കണ്ടോടി....എന്റെ വാവയെ ഇങ്ങനെ വേണം പെൺപ്പിള്ളേരായാൽ.. "തോർത്ത് ഗീതയുടെ തോളിലേക്കിട്ട് കൊണ്ട് രഘു പറഞ്ഞു
"ശരി.....ശരി...നിങ്ങൾ അച്ഛനായി മകളായി എന്നാലും ചെറുക്കൻമാരെ ചീത്ത പറയാനൊന്നും നീ പോകണ്ട നീ ആരാ അവൻമാരെയൊക്കെ നന്നാക്കാൻ "
ഗീത ദേഷ്യത്തോടെ പറഞ്ഞു
"കണ്ടോ അച്ഛാ ഈ അമ്മ ഞാൻ എന്തു ചെയ്താലും എപ്പൊഴും കുറ്റമാണ് " എന്ന് ശാലു കുറ്റപ്പെടുത്തിയപ്പോൾ
"അതു അമ്മ മോളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടല്ലേ മോളെ.....
നീ പോയി കുളിച്ചു വാ നമുക്ക് ഭക്ഷണം കഴിക്കാം" രഘു ആശ്വസിപ്പിച്ചു
"ശരി ഞാൻ കുളിച്ചിട്ടു വരാമേ.... ഗീതൂ.... "
അവൾ ഗീതയുടെ കവിളിൽ നുള്ളിയിട്ട് ബാഗുമെടുത്ത് മുറിയിലേക്ക് കയറാൻ നേരം "അടി...."എന്നു പറഞ്ഞൊരു ചെറിയ അടിയും കൊടുത്തു ഗീത
"നിൽക്ക് മോളെ ദാ നിനക്കിഷ്ടമുള്ള സാധനം എന്നു പറഞ്ഞ് രഘു ഒരു ചെറിയ പൊതി ശാലുവിന് കൊടുത്തു അവളത് തുറന്നു നോക്കി "ഹായ് ശർക്കര മിഠായി താങ്ക്സ് "എന്നു പറഞ്ഞവൾ രഘുവിന്റെ കവിളിലൊരുമ്മ കൊടുത്തിട്ട് മുറിയിലേക്കോടി
"ഈ പെണ്ണിന്റെ ഒരു കാര്യം വലുതായി എന്നിട്ടും ഇപ്പൊഴും ശർക്കര മിഠായിയും തിന്നു നടക്കുന്നു അവളുടെ താളത്തിന് തുള്ളാൻ ഒരച്ഛനും ഗീത പറഞ്ഞു "
''എന്താ ഗീതൂ... അവൾക്കിഷ്ടമുള്ളതല്ലേ നമ്മളവൾക്ക് വാങ്ങി കൊടുക്കേണ്ടത് അവളെന്നും നമുക്ക് വാവ തന്നെയാണ്
നീ പ്രസവിച്ച് നഴ്സ് കൊണ്ടു വന്ന് എന്റെ കൈയ്യിലേക്കവളെ തന്നപ്പോഴുള്ള ആദ്യത്തെ അവളുടെ ആ ചിരി...എന്റെ കണ്ണുകളിലും...
ആ ചൂട്...എന്റെ കൈകളിൽ ദാ ഇപ്പോഴുമുണ്ട്.....
നീ വാ നമുക്ക് ഭക്ഷണമെടുത്ത് വയ്ക്കാം "
എന്നു പറഞ്ഞ് രഘു ഗീതയുടെ തോളിൽ കൈയ്യിട്ട് കൊണ്ട് അകത്തേക്ക് കയറി...
ശർക്കരമിഠായി പൊതി മേശപ്പുറത്ത് വച്ചു കുളിച്ചുമാറാനുള്ള വേഷവുമായി ശാലു കുളിമുറിയിലേക്ക് കയറി....
ഷവറിൽ നിന്നുള്ള തണുത്ത വെള്ളം നഗ്നമായ അവളുടെ ശരീരത്തിലൂടെ തഴുകി താഴേെക്കൊഴുകിയപ്പോൾ മാറിലെ ചില കുഞ്ഞു മുറിവുകളിലെ നീറ്റലേറ്റവളുടെ മുഖത്തൊരു കള്ള പുഞ്ചിരി പ്രത്യക്ഷപ്പെട്ടു......
അവൾ മനസ്സിൽ പറഞ്ഞു കള്ളനാണ് സാബു എന്തൊക്കെയാ കാണിച്ചത്
ഇന്നിങ്ങ് വരട്ടെ നോക്കിക്കോ....
അവൻ വളർത്തി വച്ചിരിക്കുന്ന....
ആ നഖങ്ങളും.....ആ.. കോന്ത്രൻ പല്ലും ഞാൻ മുറിക്കും ഇനി ഇങ്ങനത്തെ വേലയുമായി വന്നാൽ.....
സോപ്പു പത ആ കുഞ്ഞു മുറിവുകൾ കുറച്ചധികം വേദനയവൾക്ക് നൽകിയപ്പോഴും എന്തോ ഓർമ്മയിലവൾ ആനന്ദിക്കുകയായിരുന്നന്നേരം....
"ഇന്നെനിക്ക് അച്ഛൻ ചോറ് വാരി തന്നാൽ മതി ഇനി എനിക്ക് കൈയ്യിലൊന്നും മീൻ മണമാക്കാൻ വയ്യ "എന്നു പറഞ്ഞു കൊണ്ട് ശാലു ഡൈനിംങ്ങ് ടേബിളിൽ വന്നിരുന്നു....
അച്ഛൻ ഉരുട്ടികൊടുക്കുന്ന ഓരോ ഉരുള ചോറും ഓരോരോ കുസൃതികൾ പറഞ്ഞു കൊണ്ടവൾ കഴിച്ചു കൊണ്ടിരുന്നു ഏതൊരു കുറ്റബോധവും ഇല്ലാതെ.....
ആരെയൊക്കെയോ പറ്റിച്ചല്ലോ എന്ന ഭാവത്തോടു കൂടെ.....
ഇടയ്ക്കൊക്കെ സാബുവിനെ ചീത്ത പറഞ്ഞ് നല്ല കുട്ടിയാവാനും മറന്നിട്ടില്ലായിരുന്നു..
"അമ്മേ ഞാൻ കിടക്കുവാണേ രാവിലെ നേരത്തെ എഴുന്നേൽക്കണം പഠിക്കാനുണ്ട്"
എന്നു പറഞ്ഞ് ശാലു വാതിലടച്ചു
കിടക്കാൻ നേരം അവൾ ആലോചിച്ചു ഇന്നെന്തുമാത്രം പേടിച്ചു മഴയത്ത് ആ കാറിനുള്ളിൽ താനും സാബു ചേട്ടനും അതിന്റെ മുന്നിൽ തന്നെ അച്ഛനും സ്കൂട്ടർ കൊണ്ടുവച്ച് മഴതോരാൻ ആ കടയിൽ കയറി നിന്നു
കാറിലെ ഗ്ലാസ് കറുപ്പായത് കൊണ്ട് അച്ഛൻ നമ്മളെ കണ്ടില്ല കണ്ടായിരുന്നെങ്കിലോ... അച്ഛനവിടെ നിൽക്കെ ഈ സാബു ചേട്ടൻ
ശോ........
ശാലു എഴുന്നേറ്റു സമയം നോക്കി പുറത്തു നിന്നും ആ മുറിയിലേക്ക് കയറാനുള്ള തുറക്കാതെ ഇട്ടിരുന്ന ആ ഒരു വാതിലിന്റെ കൊളുത്തവൾ ശബ്ദമുണ്ടാക്കാതെ തുറന്നു വച്ചു ലൈറ്റണച്ചവൾ കട്ടിലിലേക്ക് കിടന്നു....
മേശപ്പുറത്തിരുന്ന ശർക്കര മിഠായി കുറച്ച് കഴിഞ്ഞപ്പോഴേക്കും ഉറുമ്പരിച്ചു തുടങ്ങിയിരുന്നു
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പോലീസ് സ്റ്റേഷൻ എന്നെഴുതിയ ആ കെട്ടിടത്തിനു മുന്നിൽ നിൽക്കുന്ന രഘുവിന്റെയും ഗീതയുടേയും അടുത്തേക്ക് വന്ന് ഒരു പോലീസുകാരൻ പറഞ്ഞു "ആളിനെ കിട്ടി അവിടെന്ന് പുപ്പെട്ടിട്ടുണ്ട് കുറച്ച് സമയമെടുക്കും ഇവിടെയെത്താൻ വേണേൽ അകത്ത് കയറിയിരിക്കാം "
''വേണ്ട നമ്മളിവിടെ നിന്നോളാം"തളർന്ന സ്വരത്തിൽ രഘുവിന്റെ മറുപടി വന്നു കുറച്ചപ്പുറത്ത് മാറി നിൽക്കുന്നവരെ കണ്ടിട്ട് പോലീസുകാരൻ വീണ്ടും ചോദിച്ചു
"അതൊക്കെ ആ സാബുവിന്റെ ആൾക്കാരാണ് അല്ലേ..."
"നമുക്ക് അറിയില്ല സാർ" രഘു മിണ്ടാതിരുന്നപ്പോൾഗീത ആണ് മറുപടി പറഞ്ഞത്
"അവൻ ആള് ശരിയല്ല നിങ്ങളുടെ കുട്ടിക്കിത് എന്താ പറ്റിയത്.... നിങ്ങൾക്കറിഞ്ഞുകൂടായിരുന്നോ ഇത് നേരത്തെ... "
അയാൾ വീണ്ടും ചോദിച്ചു
രഘു മുഖമുയർത്തി അയാളെ നോക്കുമ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു ഒരച്ഛന്റെയും അമ്മയുടേയും ആ നിസ്സഹായമായ അവസ്ഥ കണ്ടു നിൽക്കാൻ കഴിയാത്തതിനാലാവും അയാൾ അകത്തേക്ക് കയറി പോയി
ഒരു പോലീസ് ജീപ്പും അതിന് പുറകിൽ ഒരു കാറും വന്നു നിന്നു കുറച്ച് പോലിസുകാരും പിന്നെ കാറിൽ നിന്ന് ശാലുവും സാബുവും ഇറങ്ങി
ശാലു രഘുവിന്റെയും ഗീതയുടേയും മുന്നിലൂടെ അവരെ കണ്ട ഭാവം പോലും നടിക്കാതെ അപ്പുറത്ത് നിൽക്കുന്ന സാബുവിന്റെ ആൾക്കാരുടെ അടുത്തേക്ക് നടന്നു പോയി അവിടെ ചെന്ന് എന്തൊക്കെയോ കളിതമാശകൾ പറഞ്ഞവർ ചിരിച്ചു....
"വാവേ......"എന്ന് അച്ഛൻ വിളിച്ചതവൾ കേട്ടില്ല കേൾക്കാൻ വേണ്ടി ആ ശബ്ദം പുറത്തേക്ക് വന്നിരുന്നോ എന്നറിയില്ല
വന്നാലും അവളത് കേൾക്കുകയുമില്ലായിരുന്നു അവളുടെ കാതുകൾ കൊട്ടിയടച്ചിരിക്കുവാണല്ലോ....
സ്വയമേ തന്നെ
"ഇരിക്കൂ..... "ഇൻസ്പെക്ടർ മുന്നിലെ കസേര കാണിച്ചു രഘുവിനോട് പറഞ്ഞു
"വേണ്ട സാർ നിന്നോളാം"രഘു പറഞ്ഞു ഇൻസ്പെക്ടർ എല്ലാപേരേയും നോക്കിയിട്ട് രഘുവിനോടായി പറഞ്ഞു
"പെൺകുട്ടി പറയുന്നു അവൾക്ക് അവന്റെയും വീട്ടുകാരുടേയും കൂടെ പോയാൽ മതിയെന്ന് കുട്ടി മേജറായത് കൊണ്ട് നമുക്ക് പറ്റില്ലാന്ന് പറയാനും കഴിയില്ല നാളെ കോടതിയിലും ഇതു തന്നെ പറഞ്ഞാൽ കുട്ടിയെ അവരുടെ കൂടെ വിടും താങ്കൾ എന്തു പറയുന്നു മിസ്റ്റർ രഘു"
കുറച്ച് നിമിഷങ്ങൾ മൗനമായി കടന്നു പോയി
"ശരി ഇന്ന് വീട്ടിലേക്ക് പോയിട്ട് നാളെ നമ്മൾ അവളെ കോടതിയിലേക്ക് കൊണ്ടു വരാം സാർ" രഘു മിണ്ടാതെ നിന്നപ്പോൾ ഗീതയാണത് പറഞ്ഞത്
ഇൻസ്പെക്ടർ ശാലുവിന്റെ മുഖത്തേക്ക് നോക്കി "ഇല്ല ഞാൻ പോകുന്നില്ല.... "ശാലു പറഞ്ഞു "പോകുന്നില്ലെങ്കിൽ ഇന്നു നമ്മൾ നിന്നെ വിടില്ല ഇന്നിവിടെ ഇരിക്കേണ്ടി വരും അതിനേക്കാൾ നല്ലത് വീട്ടിൽ പോയിട്ട് നാളെ വരൂ"ഇൻസ്പെക്ടർ ഒന്നു കൂടെ പറഞ്ഞ് നോക്കി
"വേണ്ട ഞാൻ ഇവിടിരുന്നോളാം.... "അവൾ വീണ്ടും പറഞ്ഞു
"വാവേ.....ഒരു ദിവസം ഇന്നൊരു ദിവസത്തേക്ക് നമ്മളെ കൂടെവാ മോളേ.....
ഇവിടിങ്ങനെ ഇരിക്കണ്ട....
സാർ ഒന്നു പറയൂ.... അവൾ പറയുന്നതെല്ലാം നമ്മൾ സമ്മതിക്കാം ഇന്നൊരു ദിവസത്തേക്ക് വീട്ടിലേക്ക് പോകാമെന്ന് പറയണം സാർ.... "
ഒരു യാചകനെ പോലെ തേങ്ങിക്കരഞ്ഞുകൊണ്ട് രഘു ആ ഇൻസ്പെക്ടറുടെ മുന്നിൽ നിന്നു
ആ വാക്കുകൾ അദ്ദേഹത്തിന്റെ നെഞ്ച് പിടഞ്ഞു കാണും ഗീത മുഖം പൊത്തി വാവിട്ടു കരയുവായിരുന്നു അപ്പോഴേക്കും
"ഇല്ല ഞാൻ പോകില്ല എനിക്ക് വിശ്വാസമില്ല ഞാനിവിടെ ഇരിക്കും.... "
ശാലുവിന്റെ ഒരു ദയയുമില്ലാത്ത വാക്കുകൾ മറുപടിയായി വന്നു കഴിഞ്ഞു
ഹൃദയം പൊട്ടിയവർ ആ പോലീസ്റ്റേഷനിൽ നിന്നിറങ്ങി രഘുവിന്റെ ചെവിയിൽ ആ വാക്കുകൾ മുഴങ്ങിക്കൊണ്ടിരുന്നു.....
വിശ്വാസമില്ല......
വിശ്വാസം.....
അവന്റെ പല്ലുകൾക്കിടയിലിരുന്നാ വാക്കുകൾ ഞെരിഞ്ഞു
സ്റ്റേഷനു മുന്നിലുള്ള റെയിൽവേ പാളത്തിനു അരികിലൂടെ കൈകൾ കോർത്തു പിടിച്ചു തന്റെ അച്ഛനും അമ്മയും നടന്ന് അകന്ന് അകന്ന് പോകുന്ന ചിത്രം ശാലുവിന്റെ കൃഷ്ണമണിയിലൂടെ നമുക്ക് കാണാം
പക്ഷേ എന്തൊക്കെയോ സുഖകരമായ സ്വപ്നങ്ങൾ താലോലിച്ച് അവന്റെ ചുമലിലേക്ക് ചാരിയിരുന്ന അവളുടെ കണ്ണുകൾ ആ കാഴ്ച കാണുന്നുണ്ടായിരുന്നില്ല....
കോടതി വരാന്തയിൽ നിൽക്കുമ്പോഴും രഘു പ്രതീക്ഷിച്ചു തങ്ങളുടെ വാവ പറയും അച്ഛന്റെയും അമ്മയുടേയും കൂടെ പോകണമെന്ന് പക്ഷേ അതുണ്ടായില്ല നിർദാക്ഷണ്യം അവൾ തലേന്നു പറഞ്ഞതു തന്നെ ആവർത്തിച്ചു
എല്ലാപേരും നോക്കിനിൽക്കെ തങ്ങളുടെ വാവ മറ്റൊരാളിന്റെ കൂടെ വാഹനത്തിൽ കയറി അകന്നകന്നു പോകുന്നതും നോക്കി ആ അച്ഛനുമമ്മയും കോടതി വളപ്പിൽ നിലത്തിരുന്നു വാവേ.....മോളെ.....
പോകല്ലെ....മോളെ.....
എന്നു വിളിച്ചവർ പൊട്ടിപൊട്ടി കരഞ്ഞു.....
ചെവിയടഞ്ഞു പോയ ആ മകൾ അതു കേൾക്കുന്നുണ്ടായിരുന്നില്ല......
മഴ തോർന്ന് മഴത്തുള്ളികളുടെ അവസാന സംഗീതമായി.....
കൈയിൽ എന്തൊക്കെയോ സാധനങ്ങളുമായി ഗേറ്റു കടന്നു വന്നപ്പോഴേ രഘു കണ്ടു ഉമ്മറത്തെ പടിയിൽ ഇരുന്ന് കടലാസ്സ് തോണി വെള്ളത്തിലിട്ട് കളിക്കുന്ന അഞ്ചു വയസ്സുകാരി ചിന്നുമോളും അടുത്തിരുന്ന് അതുണ്ടാക്കി കൊടുക്കുന്ന ഗീതയേയും
കൈയ്യിലിരുന്ന സാധനങ്ങൾ ഗീതയെ ഏൽപ്പിച്ച് രഘു ചോദിച്ചു "വാവ എവിടെ...."
''അകത്ത് കുഞ്ഞാവയെ ഉറക്കുവാണ് " ചിന്നുമോളാണ് മറുപടി പറഞ്ഞത്
രഘു കുറച്ച് മിഠായികൾ ചിന്നു മോൾക്ക് കൊടുത്തിട്ട് പറഞ്ഞു മോള് പോയി കളിച്ചോളു "അവന്റെ വിവരമെന്തെങ്കിലും..."
രഘു അകത്തേക്ക് കയറി സെറ്റിയിലേക്കിരുന്നപ്പോൾ ഗീത ചോദിച്ചു "കേട്ടതൊക്കെ ശരിയാണ്....അവൻ വേറൊരു പെൺകുട്ടിയുമായിട്ടാണ് താമസം അതിൽ ഒരു കുട്ടിയുമായെന്ന് പറയുന്നു.... "
ഗീത മറുപടി ഒന്നും പറയാതെ കുറച്ച് നിമിഷങ്ങൾ കടന്നു പോയി
"വാവ ഒന്നും അറിയണ്ട അവൾക്ക് വിഷമമാകും അവളുടെ കണ്ണുകൾ നിറയുന്നത് എനിക്ക് കാണാൻ വയ്യ ഗീതൂ..... " രഘു തളർന്ന സ്വരത്തിൽ പറഞ്ഞു
വാതിലിന് പിന്നിൽ ഒരു തേങ്ങൽ നോക്കിയപ്പോൾ ശാലു നിൽക്കുന്നു അവളെല്ലാം കേട്ടിരുന്നു പഴയ കുസൃതിയൊന്നുമില്ല അവളുടെ മുഖത്ത് രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി നമ്മളുടെ വാവ ഇപ്പോൾ....രഘു ചിന്തിച്ചു
രഘു എഴുന്നേറ്റ് അവളുടെ തലയിൽ തലോടി ''മോള് വിഷമിക്കണ്ട നിനക്ക് ഈ അച്ഛനുണ്ട് മോളെ.....ദാ അമ്മയുണ്ട്.... "
ഒരു കൈ കൊണ്ട് രഘു ഗീതയെ ചേർത്തു നിർത്തി ''എന്റെ മോൾ കരയരുത്...."ഒരു കൈ കൊണ്ട് ശാലുവിന്റെ കണ്ണുനീർ തുടച്ച് അവളെയും ചേർത്തു നിർത്തി
"നമുക്ക് പഴയതു പോലെ സന്തോഷമായി ജീവിക്കാം...മോൾക്കും കുഞ്ഞുങ്ങൾക്കും എന്നുമുണ്ടാകും ഈ അച്ഛനും അമ്മയും " ചിന്നുമോൾ അപ്പോഴേക്കും "ഞാനുമുണ്ടേ...." എന്നു പറഞ്ഞ് കൊണ്ട് ഒരു കൈയ്യിൽ കടലാസ് തോണിയുമായി അവരുടെ ഇടയിലേക്ക് നുഴഞ്ഞു കയറി.....
ഉറങ്ങി കിടന്ന ചിന്നുമോൾ കൈയ്യിൽ മുറുകെ പിടിച്ചിരുന്ന ശർക്കരമിഠായി പൊതിഞ്ഞിരുന്ന കടലാസ്സ് എടുത്ത് മാറ്റിയിട്ട് അവളുടെ ചുണ്ടുകളും കൈയ്യും തുടച്ചു കൊടുത്തിട്ടവൾ മുറിയ്ക്കകത്തെ പുറത്തേക്കിറങ്ങുന്ന തുറക്കാത്ത വാതിലിലേക്ക് നോക്കി....
അതിനടുത്തേക്ക് ചെന്നു കൊളുത്തുകൾ ഇട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തി....
അച്ഛനോടു പറഞ്ഞു നാളെത്തന്നെ ഈ വാതിൽ മാറ്റി ഇവിടെ കെട്ടിയsയ്ക്കാൻ പറയണമെന്നുറപ്പിച്ച് അവൾ ചിന്നുമോളെ ചേർത്ത് മുറുകെ പിടിച്ചു കിടന്നു
ശർക്കര മിഠായി പൊതിഞ്ഞിരുന്ന കടലാസ്സ് കാറ്റിലവിടെ പാറി നടന്നു....
ജെ.......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo