Slider

എന്റെ ബാല്യകാല സുഹ്യത്ത്

0
No automatic alt text available.

ലത്തീഫ്....എന്റെ കൂട്ടുകാർക്കിടയിൽ അവനായിരുന്നു കുറച്ച് മുതിർന്ന കുട്ടി.
ഞങ്ങളെ കൂടുതൽ സ്നേഹിച്ചിരുന്നതും, കെയർ ....ചെയ്തിരുന്നതും അവനായിരുന്നു.....
കളികൾക്കിടയിൽ വീണ് കാലോ കൈയോ പൊട്ടിയാൽ ആ മുറിവ് കഴുകി .....കമ്യൂണിസ്റ്റ് പച്ചയുടെ ഇല കൈപ്പത്തിയിലിട്ട് ഞരടി അതിന്റെ ചാറ് മുറിവിൽ പുരട്ടി തരും..... അതിനു ശേഷം എല്ലാം മാറിയല്ലോ എന്ന മട്ടിൽ എന്റെ മുഖത്ത് നോക്കിയുള്ള അവന്റെ ചിരിക്ക് ഒരു പ്രത്യേക ഭംഗിയാണ്...
വെളുത്ത് ചുവന്ന ആ മുഖത്ത് നുണക്കുഴികൾ വിരിയുന്നത് കാണാനും.... ആ പൂച്ചകണ്ണുകളിലെ തിളക്കവും ........
ഞാനാണെങ്കിൽ മുറിവ് വച്ചു കെട്ടി തരുന്നത് വരെ കരഞ്ഞു കൊണ്ടിരിക്കും....അന്ന് ആ വച്ച് കെട്ടിയ മുറിവുമായി നടക്കുന്നത് ഒരു ഗമയാണ്.... കാരണം...കാണുന്നവരൊക്കെ എന്ത് പറ്റിയെന്ന് ചോദിക്കും... ". .സഹതപിക്കും.....സ്നേഹവും കിട്ടും.. അതിനുള്ളൊരടവാണത്......
കുഞ്ഞു വീട് ഉണ്ടാക്കി കളിക്കുമ്പോൾ ആൺകുട്ടി അവനായത് കൊണ്ട് അവൻ അച്ഛനാകും.... അമ്മയായി എപ്പോഴും എന്നെയാണ് തിരഞ്ഞെടുക്കുക.... ഇല്ലെങ്കിൽ അവനില്ലെന്ന് പറഞ്ഞ് ഒഴിയുമായിരുന്നു.... അത് കൊണ്ട് കൂട്ടുകാരികൾ സമ്മതിക്കും.....
കല്ലുകളിക്കുന്നത് എന്റെ ബാപ്പാക്ക് ഇഷ്ടമുള്ള കാര്യമല്ല.. 'കല്ലാടും മുറ്റത്ത് നെല്ലാടില്ല 'എന്നാണ് പറയുക..... ഞങ്ങൾക്കാണെങ്കിൽ ഏറ്റവും ഇഷ്ടമള്ള കളിയും....
ആരും കാണാതെ ഇരുന്ന് കല്ലുകളിക്കുമ്പോൾ പുറകിലൂടെ വന്ന് വാപ്പാടെ വക..... ചൂരൽ വീശിയൊരടിയുണ്ട്... വേദന കൊണ്ട് പുളയുന്ന എന്നെ കാണുമ്പോൾ അവൻ വാപ്പാടെ കാലിൽ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് പറയും... 'വേണ്ടിക്കാ.... അവളെ തല്ലല്ലേ... ഞാൻ പറഞ്ഞിട്ടാ അവൾ വന്നത് ' എന്നും പറഞ്ഞ്...
എന്നേക്കാൾ വേദന അവനായിരുന്നു എന്നു തോന്നുമായിരുന്നു....
അവനാ കാലിൽ പിടിക്കുന്ന സമയം കൊണ്ട് ഞാൻ ഓടി രക്ഷപ്പെടുകയും ചെയ്യും.....
ഊഞ്ഞാൽ ആടുന്നെങ്കിൽ നേന്ത്രയൂഞ്ഞാൽ തന്നെ ആടണമെന്നാണ് എന്റെ വാശി... അങ്ങനെ എന്നെ തലക്കു മുകളിലൂടെ ഊഞ്ഞാലാട്ടി വിടുന്നതിന് അവനു മാത്രമേ കഴിയുമായിരുന്നുള്ളൂ......മാവിന്റെ ഇലയിൽ ചെന്ന് കാൽ തൊടുമ്പോഴേ എനിക്ക് സന്തോഷമാവുകയുള്ളൂ...... എന്റെ എല്ലാ വാശികൾക്കും ക്ഷമയോടെ അവൻ കൂട്ടുനിന്നു...
തോട്ടിൽ തോർത്തിട്ട് മീൻ പിടിക്കാൻ
പഠിപ്പിച്ചത് അവനായിരുന്നു... ഓലപ്പന്ത് ഉണ്ടാക്കി എറിഞ്ഞ് ദേഹത്ത് തട്ടി വേദനിക്കുന്നവരെ കണ്ട് ഞാൻ ചിരിക്കുമ്പോൾ .....അവൻ എന്നെ മാത്രം എറിയില്ലെന്ന് കൂട്ടുകാരികൾ എപ്പോഴും പരാതി പറഞ്ഞു...
ഉഴുതുമറിച്ച പാടത്ത് നിന്ന് കളിമണ്ണ് കൊണ്ട് വന്ന് കുഴച്ച് കളി പാത്രങ്ങൾ ഉണ്ടാക്കിത്തന്നിരുന്നതും അവനായിരുന്നു... വലുതാകുമ്പോൾ ഞാനിവളെ കെട്ടും എന്ന് എന്റെ ഉമ്മയോടവൻ പറയുമായിരുന്നു.. വലുതാകുമ്പോഴല്ലെ...... അത് അപ്പോൾ ആലോചിക്കാമല്ലൊ എന്ന് ചിരിച്ചു കൊണ്ട് ഉമ്മ മറുപടിയും പറയും.... ഇതെല്ലാം അവന്റെ തമാശയായേ ഉമ്മ കരുതിയുള്ളു......
ഞാൻ വളരെ ചെറുതായിരിക്കുന്ന സമയത്താണ് അവനും കുടുംബവും ഞങ്ങളുടെ വീടിനടുത്ത് താമസത്തിനെത്തിയത്....
അവർ തലശ്ശേരിക്കാർ ആയിരുന്നു...
അവന്റെ ബാപ്പ ഒന്നാം തരം ബിരിയാണി ഉണ്ടാക്കുന്ന ആളും.....
ചെമ്പിൽ നിന്നും ചോറ് മാറ്റുമ്പോൾ..നെയ്യിൽ മൊരിഞ്ഞ് അടിപിടിച്ച പീസ് ഇളക്കി കുട്ടികൾക്ക് തരും.. എന്തൊരു മണവും രുചിയുമായിരുന്നു അതിന്....
അവൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് അവർ സ്ഥലം വിറ്റ് തലശ്ശേരിയിലേക്ക് പോകാൻ തയ്യാറെടുത്തു..... ഞാനന്ന് നാലാം ക്ലാസിൽ പഠിക്കുകയാണ്... പോകാൻ നേരം അവൻ എന്റെ ഉമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു..... ഞാൻ വരും ഇത്ത .... ഞാൻ വരും.... കരഞ്ഞു കരഞ്ഞ് അവൻറെ മുഖം ചുവന്ന് തുടുത്തിരുന്നു... കണ്ണുകൾ നിറഞ്ഞൊഴുകി...... ഉമ്മ അവനെ തലയിൽ തടവി ആശ്വസിപ്പിച്ചു...
മോന് എപ്പോൾ വേണമെങ്കിലും വരാലോ...ഞങ്ങളൊക്കെ ഇവിടില്ലേ....
ഉമ്മാടെ ആ വാക്കുകൾക്ക് അവനെ കുറച്ച് സമാധാനിപ്പിക്കാൻ കഴിഞ്ഞെന്ന്
തോന്നുന്നു.... അങ്ങനെ ആ കുടുംബം യാത്രയായി......
പോയതിനു ശേഷം മാസങ്ങൾ കൂടുമ്പോൾ അവന്റെ ഒരു കത്ത് ഞങ്ങളെ തേടി വരുമായിരുന്നു.....
എന്നാൽ, പിന്നീട് ഞങ്ങൾക്കും അവിടെ നിന്നും മാറി താമസിക്കേണ്ടി വന്നു..... അതോടെ എഴുത്തും നിലച്ചു.... പരസ്പരം ഒന്നും അറിയാതെയുമായി...
അവരെല്ലാം ഞങ്ങൾക്ക് ഇടക്ക് ഓർക്കുവാനുള്ള ഒരു ഓർമ മാത്രമായി......വർഷങ്ങൾ കഴിഞ്ഞു .... എന്റെ വിവാഹം കഴിഞ്ഞു....ആദ്യ ഢെലിവറിക്ക്, വേണ്ടി എന്നെ വീട്ടിൽ കൊണ്ടു വന്നിരിക്കുന്ന സമയം.......
ഉമ്മാടെ വിളി കേട്ട് മുൻവശത്തേക്ക് ചെന്ന ഞാൻ കണ്ടത് അവിടെ നിൽക്കുന്ന ഒരു ചെറുപ്പക്കാരനെയാണ്... എവിടേയോ കണ്ട് മറന്ന പോലെ... ആ കണ്ണുകൾ.... സൗമ്യമായ പുഞ്ചിരി.....പെട്ടെന്നു തന്നെ ആളെ മനസിലായ എനിക്ക് അൽഭുതവും, സന്തോഷവും അടക്കാനായില്ല.... എന്റെ ബാല്യകാല സുഹൃത്ത് .... ഇത്ര വർഷങ്ങൾക്ക് ശേഷം ഒരറിവുമില്ലാതിരുന്ന ഞങ്ങളെ തേടിപ്പിടിച്ച് കണ്ടെത്തിയിരിക്കുന്നു.... സത്യത്തിൽ അവന്റെ സ്നേഹത്തിനു മുമ്പിൽ ഞങ്ങൾ ചെറുതായി പോയത് പോലെ തോന്നി.....
എന്റെ സന്തോഷത്തിനതിരില്ലായിരുന്നു .... ലത്തീഫ് ....എന്നു വിളിച്ചു കൊണ്ട് ഞാനവന്റെ അടുത്തേക്കോടി ചെന്നു... അപ്പോൾ ഞാനാ പഴയ കുട്ടിയായി മാറിയത് പോലെ തോന്നി....
എന്നാൽ അവന്റെ മുഖത്തെ സന്തോഷം പെട്ടെന്ന് മാഞ്ഞു..അവൻ എന്നേയും എന്റെ കഴുത്തിൽ കിടക്കുന്ന കട്ടിയുള്ള മാലയിലേക്കും നോക്കി.... എന്നിട്ട് എന്നിൽ നിന്നും കണ്ണുകൾ മാറ്റി ഉമ്മാനെ നോക്കി കൊണ്ട് നിന്നു... അവന്റെ കണ്ണുകൾ ചുവന്നിരുന്നു.....ഇവനിതെന്ത് പറ്റി എന്ന മട്ടിൽ നിന്ന.... എന്നെ നോക്കി ഉമ്മ പറഞ്ഞു.......മോളവന് ചായയെടുക്കൂ...
ഇവനിതെന്ത് പറ്റി? ആളാകെ മാറിപ്പോയി.... പഴയ സ്നേഹമൊന്നുമില്ല...അതാണിങ്ങനെ.... വലുതാകുമ്പോൾ ആളുകളുടെ സ്വഭാവവും ഇങ്ങനെ മാറുമോ... ഇതെല്ലാം ചോദിക്കണം എന്നെല്ലാം ചിന്തിച്ച് ...വിഷമത്തോടു കൂടി ഞാൻ അടുക്കളയിലോട്ട് പോയി......
ചായയുമായി വന്നപ്പോൾ അവനെ കാണുന്നില്ല.... അവനെവിടെ എന്ന ചോദ്യത്തിന് ''അവൻ പോയി'..... പൊയ്ക്കോട്ടെ.. ''എന്ന് മാത്രം ഉമ്മ പറഞ്ഞു,,... ഉമ്മാടെ മുഖത്തും ഒരു വിഷമം...
ഞാൻ കാര്യം ആരാഞ്ഞപ്പോൾ ഉമ്മ പറഞ്ഞു.....
ഞങ്ങളെ തിരഞ്ഞുപിടിച്ച് വന്നതിന്റെ ഉദ്ദേശം.... ചെറുപ്പത്തിൽ അവൻ ഉമ്മയോടാവശ്യപ്പെട്ട ഒരു കാര്യം നിറവേറ്റാനാണെന്ന്.......
അവൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഓണർ ഇവന്റെ സ്വഭാവവും പ്രവർത്തികളും ഇഷ്ടപ്പെട്ടതിന്റെ പേരിൽ അയാളുടെ മകളെ വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടതും..... നാട്ടിൽ പോയ ശേഷം മറുപടി പറയാം എന്ന് പറഞ്ഞ് ഞങ്ങളെ അന്വേഷിച്ച് പോന്നതും മറ്റും..... ഇതൊന്നും വിശ്വസിക്കാൻ കഴിയാതെ അന്തിച്ചു നിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളു.....
അന്നു മുതലാണ്... പിരിഞ്ഞ് പോയ പഴയ കൂട്ടുകാരിയെ തേടി വർഷങ്ങൾക്ക് ശേഷം വരുന്ന സിനിമയിലെ നായകൻ.... കഥാപാത്രം മാത്രമാണെന്ന് വിശ്വസിച്ചിരുന്ന ഞാൻ അത് ജീവിതത്തിലും സംഭവിക്കുമെന്ന് തിരിച്ചറിഞ്ഞത്.......
പലരുടെ ജീവിതത്തിലും തിരിച്ചറിയപ്പെടാതെ പോകുന്ന സ്നേഹങ്ങളും മറ്റും ഉണ്ടാകുമെന്നും....
എന്റെ പ്രിയ കൂട്ടുകാരാ നീയിന്നെവിടെ എന്നെനിക്കിയില്ല....
എങ്കിലും ഞാൻ ആഗ്രഹിക്കുന്നു.... നിനക്ക്ചേരുന്ന സുന്ദരിയും....സൽസ്വഭാവവുമുള്ള ഒരു ഭാര്യയെ നിനക്ക് ലഭിച്ചുവെന്നും കുഞ്ഞുങ്ങളുമായി നീ സന്തോഷപൂർവ്വം ജീവിക്കുന്നുവെന്നും....
ഞാൻ പ്രാർത്ഥിക്കുന്നു നിങ്ങൾക്കായ്...
ഇനിയൊരിക്കലും കണ്ടുമുട്ടുവാൻ ഇടയില്ലെങ്കിലും..... ആഗ്രഹമുണ്ട്.... നിന്റയാ പുഞ്ചിരിക്കുന്ന മുഖമൊന്ന് കാണുവാൻ..
കാരണം നീയിന്നും എന്റെയാ പഴയ കളിക്കൂട്ടുകാരൻ തന്നെയാണല്ലോ......
(Raziya Maju)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo