Slider

പിൻഗാമി (ഭാഗം അഞ്ച്)

0
Image may contain: 1 person

സെയ്തു കാക്കാന്റെ കാലിലേക്ക് ഉന്തുവണ്ടിമറിഞ്ഞു. ആരോ മറിച്ചിട്ടത് പോലെയാണ് ബാവുട്ടിക്ക് തോന്നിയത്.ബാവുട്ടിയുടെ അലർച്ചകേട്ട് മാറിയപ്പോഴേക്കും ഉന്ത് വണ്ടി തട്ടിക്കഴിഞ്ഞിരുന്നു.കാല് വലിച്ചത് കൊണ്ട് പത്തിക്കു മുകളിൽ വന്ന് വണ്ടി വീണു.ഇപ്പോൾ പ്ളാസ്റ്ററിട്ടിരിക്കുന്നു. പത്ത് ദിവസത്തെറസ്റ്റ്.
സെയ്തു കാക്കവീട്ടിലേക്ക് പോയില്ല. കൊണ്ടുപോകാൻ ബന്ധുക്കൾ വന്നിരുന്നു അതുകൊണ്ട് തന്നെ കാന്റീനിനുള്ളിൽ സന്ദർശകരുടെ തിരക്കാണ്. രാത്രി പതിനൊന്നു മണിയായിക്കാണും സെയ്തു കാക്കയും ബാവുട്ടിയും ഒന്ന് കണ്ണടച്ചപ്പോൾ.
"പനിനീര് പെയ്യുന്നു
പതിനാലാം രാവിൽ
പനിമതി
പിടയെ വിളിക്കുന്നു
പുതിയൊരിശൽ മൂളി
പൈങ്കിളി "
സെയ്തു കാക്ക മനോഹരമായി പാടും. ഒരു പിതാവിന്റെ താരാട്ടുപാട്ടു പോലെ നിശബ്ദമായി ബാവുട്ടി അത് കേൾക്കാറുണ്ട്. ഉപകരണങ്ങളുടെ അകമ്പടിയില്ലാതെ തന്നെ സെയ്തു കാക്കാന്റെ പാട്ടിന് ഭയങ്കര ആസ്വാദ്യതയാണ്.
പക്ഷെ...അസമയത്തുള്ള ഈ ഗാനാലാപനമാണ് ബാവുട്ടിയെ ഉറക്കിൽ നിന്നും ഞ്ഞെട്ടിയുണർത്തിയത്. എണീറ്റ് ലൈറ്റിട്ട് നോക്കിയപ്പോൾ ബാവുട്ടി കണ്ടത് സൈതു കാക്ക രണ്ട് കണ്ണുകളും തുടക്കുന്നതാണ്. ഇതിനു മുമ്പ് സൈതു കാക്ക കരഞ്ഞത് രണ്ടാമത്തെ ഭാര്യ മരിച്ചപ്പോഴായിരുന്നു. ശക്തമായ വേദനയുണ്ടായിരിക്കും എന്ന് ബാവുട്ടി ഊഹിച്ചു.
"ചായ വേണോ?"ബാവുട്ടി ചോദിച്ചു.
"വേണം നല്ല ദാഹമുണ്ട്".
ചൂടുള്ള കട്ടൻ ചായകൊടുത്തുകൊണ്ട് ബാവുട്ടി ആശ്ചര്യത്തോടെ ചോദിച്ചു.
" കാലിന് നല്ല വേദനയുണ്ടല്ലെ?".
"കാലിനല്ലടാ വേദന ഖൽബിലാണടാ".
ഒന്നും മനസിലാവാതെ സെയ്തു കാക്കാനെ ബാവുട്ടി മിഴിച്ചു നോക്കി.
"ഇന്റെ ആയിശു.. ആയിശു ഈ പള്ളിപ്പറമ്പില് എവിടെയോ മറ പെട്ട് കിടക്കുന്നുണ്ടടാ "
" അവളാ... അവളാ ആ ഉന്തുവണ്ടിമറിച്ചിട്ടത്.. അതവളുടെ ഒരു കുസൃതിയാ"
"എന്താ സെയ്ദു കാക്കാ ങ്ങള് പിച്ചും പേയും പറയുന്നേ..? ബാവുട്ടിക്ക് സങ്കടം വന്നു തുടങ്ങി.. ബാവുട്ടിക്ക് സെയ്തു കാക്ക പിതാവിനെപ്പോലെയാണ് കണ്ടിട്ടുള്ളത്. എന്നാൽ സെയ്തു കാക്ക ബാവൂട്ടിയെ സുഹൃത്തിനെപ്പോലെയും.
"പിച്ചും പേയും ഒന്നും അല്ലെടാ.. ഉന്ത് വണ്ടി മറിയുന്നതിന്ന് മുമ്പെ കരിവളകിലുക്കവും പാദസരത്തിന്റെ ശബ്ദവും കേട്ടിരുന്നു".
അത് കേട്ടപ്പോൾ ബാവുട്ടിക്ക് ചെറിയൊരു ഭയം പോലെ.ബാവുട്ടി ചുറ്റുപാടും ഒന്നു നോക്കി.
അത് കണ്ട് സെയ്തു കാക്ക പറഞ്ഞു.
"ഓള് ഞമ്മളെ ഒന്നും ചെയ്യൂലടോ... ഓളോട്‌ എനിക്കിപ്പഴും മുഹബ്ബത്താ...
നീ ഒറങ്ങിക്കോ സുബിഹിക്ക് ഞാൻ വിളിക്കാ... എനിക്കിന്ന് ഒറങ്ങാൻ പറ്റുംന്ന് തോന്നണില്യ..
രാവിലെ സെയ്തു കാക്കാനെ ബന്ധുക്കൾ വന്ന് വീട്ടിലേക്ക് കൊണ്ടുപോയി. ബന്ധുക്കളായ സ്ത്രീകൾക്ക് കാണാനാണത്രെ.ഇരുട്ടുന്നതിനു മുമ്പുതന്നെ സെയ്തു കാക്ക കാന്റീനിൽ തിരിച്ചെത്തി. സെയ്തു കാക്കാനെ കാണാൻ പള്ളിക്കാരണവർ അബൂബക്കർ ഹാജി ആ സമയത്താണ് അവിടെ എത്തിയത്. അബൂബക്കർ ഹാജിക്ക് ഒരു അസ്വസ്ഥത തോന്നിയതിനാൽ വേഗം അവിടെ നിന്ന് പോയി.. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ബാവുട്ടി സെയ്തു കാക്കാന്റെ അടുത്തു വന്നിരുന്നു എന്നിട്ട് ചോദിച്ചു.
ഈജിന്നിലും പ്രേതത്തിലും നിങ്ങൾക്ക് വിശ്വാസമുണ്ടോ?.
ജിന്ന് ഉണ്ട് എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചാൽ തന്നെ അവൻ ഇസ്ലാമിൽ നിന്ന് പുറത്ത് പോകാൻ സാദ്ധ്യതയുണ്ട്. കാരണം ഖുർആനിൽ ജിന്നിനെ പറ്റി പലേടത്തും പറഞ്ഞിട്ടുണ്ട്.
അപ്പൊ പ്രേതമൊ?.
ജിന്ന് തന്നെ ആണ് പ്രേതം.. ജിന്നിന്റെ പല പല അവസ്ഥകളിൽ ഒന്നാണ് പ്രേതം.
പ്രേത സംസാരം അധികം നീട്ടിക്കൊണ്ടു പോകാൻ സെയ്തു കാക്ക ആഗ്രഹിച്ചില്ല.
"മാണിക്യപൂമുത്ത്
മാനിമ്പ തേൻ സത്ത്
മനുഷനെ മയക്ക്ണ
മൊഞ്ചേറും മോറ്"
സെയ്തു കാക്കാന്റെ മൂളിപ്പാട്ട് കേൾക്കുമ്പോൾ പിന്നെ ബാവുട്ടി ഒന്നും മിണ്ടില്ല. അത് കാതോർത്തിരിക്കും. ആ പാട്ടുകൾ കേൾക്കുമ്പോൾ ബാവുട്ടിയുടെ മനസിലും അനുരാഗത്തിന്റെ പുതുനാമ്പുകൾ വിരിയും
ഈ സമയം സെയ്തു കാക്ക ആയിശുവിന്റെ കൂടെയായിരുന്നു. സെയ്തു കാക്കാന്റെ ഇരുപതാമത്തെ വയസ്സിലാണ് ആയിശുവിനെ കല്യാണം കഴിക്കുന്നത്. ആയിശു വിന് അന്ന് പതിനഞ്ച് വയസ്സ്.വളരെയധികം സൗന്ദര്യവതിയായിരുന്ന ആയിശു അതുപോലെ തന്നെ നാണം കുണുങ്ങി യുമായിരുന്നു.ഇത് സെയ്തു എന്ന ചെറുപ്പക്കാരനെ ആയിശുവിൽ അനുരാഗവിവശനാക്കി.
നന്നായി പാട്ടു പാടുന്ന സെയ്തു ആയിശുവിന്റെ ഹ്യദയാന്തരാളങ്ങളിൽ കുളിർമഴ പെയ്യിച്ചു. സെയ്തുവിന്റെ പാട്ടിൽ ലയിച്ച് ഒരു പൂമ്പാറ്റയെ പോലെ അവൾ പാറി നടന്നു.
പെട്ടെന്ന് ആയിശുവിന്റെ കുളിരുള്ള ഓർമ്മകളെ തടസ്സപ്പെടുത്തിക്കൊണ്ട് പള്ളിമുക്രി കാന്റീനിലേക്ക് കയറി വന്നു. എന്നിട്ട് പറഞ്ഞു. ഇപ്പൊ ഇവിടെ നിന്ന് ഇറങ്ങി പോയ അബൂബക്കർ ഹാജി മരണപ്പെട്ടു.
വീട്ടിലെത്തിയിട്ടൊള്ളു.. അപ്പൊത്തന്നെ കൊഴഞ്ഞ് വീണു...
തുടരും ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo