ലൂയിസിന്റെ വീട്ടിലേക്കുള്ള ഇടവഴി അയാളുടെ ജീവിതം പോലെയായിരുന്നു.രണ്ടു വലിയ റബ്ബര്‍ തോട്ടങ്ങളുടെ ഇടയിലൂടെ,കഷ്ടിച്ച് ഒരാൾക്ക് നടന്നു പോകാന്‍ മാത്രം ഇടയുള്ള, കറുത്ത ഉരുളന്‍ പാറകള്‍ നിറഞ്ഞ ഒരു കയറ്റമായിരുന്നു ആ വഴി.കുറച്ചു കയറി മടുക്കുമ്പോള്‍ അയാള്‍ ഏതെങ്കിലും പാറയില്‍ ചവിട്ടി നിന്ന് ഇടവഴിയുടെ അരികിലെ കയ്യാലകളുടെ വെളിയിലേക്ക് നോക്കും.കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന വിജനമായ റബര്‍ തോട്ടങ്ങളും അവയ്ക്ക് മീതെ ചാര നിറമുള്ള ആകാശവുമായിരുന്നു അയാള്‍ എപ്പോഴും കാണാറുണ്ടായിരുന്നത്.
കയറ്റം കയറി ചെല്ലുമ്പോള്‍ അയാളുടെ വീട് കാണാം.ഇടവഴി പോലെ ആ വീടും അയാളുടെ ജീവിതത്തിനെ വരച്ചു.ഓല കൊണ്ട് പടച്ചുണ്ടാക്കിയ ഒരു കൂനാച്ചി ആയിരുന്നു അത്. ചാണകം മെഴുകിയ തറ പൊട്ടി പൊളിഞ്ഞിരിക്കുന്നു.കഷ്ടിച്ച് ഒരാൾക്ക് കയറി നിൽക്കാന്‍ ഉള്ള സ്ഥലമേ അതില്‍ ഉണ്ടായിരുന്നുള്ളു.ചാണകവും പുതിയ ഓലയും കൊണ്ട് നിർമ്മിച്ച ആ കൂട് വെയില് തെളിഞ്ഞ ആദ്യ നാളുകളില്‍ വലിയ കുഴപ്പമില്ലായിരുന്നു.
അയാളുടെ ജോലി റബ്ബര്‍ വെട്ടായിരുന്നു.തോട്ടം മുതലാളിയുടെ സ്ഥലത്തായിരുന്നു അയാളുടെ ഓലക്കുടില്‍ നിന്നിരുന്നത്.ഇടക്ക് എപ്പോഴോ മദ്യപാനം അയാളില്‍ നീരാളി പോലെ പിടി മുറുക്കി.അയാള്‍ പുലർച്ചെ റബ്ബര്‍ വെട്ടാന്‍ പോകാതെയായി.മുഷിഞ്ഞ ഒരു ലുങ്കി ഉടുത്തു,വളർന്നു കയറിയ താടിയും ചൊറിഞ്ഞു,അയാള്‍ മുറ്റത്തിന്റെ അരികിലെ ചെമ്പരത്തിയുടെ ചുവട്ടിലെ പാറയില്‍ മുറി ബീഡിയും വലിച്ചു കുത്തിയിരുന്നു.
അതിനു ശേഷം മഴ വന്നു.പുതിയ ഓല മേയാഞ്ഞതിനാല്‍ ജീർണ്ണിച്ച ഓലകൾക്കി ടയിലൂടെ കള്ളകർക്കിടകം പെയ്തു.അന്ന് ഒരു നാള്‍ അയാളുടെ ഭാര്യ അയാളെയും മൂന്നു പെണ്മക്കളെയും ഉപേക്ഷിച്ചു ആരുടെയോ കൂടെ ഇറങ്ങി പോയി.
ഭാര്യയും ഉപേക്ഷിച്ചു സ്വന്തമായി ഒരു തുണ്ട് ഭൂമിയാ ,വീടോ ഇല്ലാതെ മൂന്നു പെണ്മക്കളുമായി, ജീവിതത്തിന്റെ നടുവില്‍ ,ചുവടു കേടു വന്ന റബ്ബര്‍ മരം പോലെ അയാള്‍ ചരിഞ്ഞു നിന്നു.മടിയും നിരാശയും കൂടിയതല്ലാതെ കുറഞ്ഞില്ല.കടം കയറി മൂത്തതോടെ പട്ടിണി കൂടി.മൂത്ത മകള്‍ സെലിനെ പള്ളിയുടെ അനാഥാലയത്തില്‍ നിർത്തി പഠിപ്പിക്കുവാന്‍ വികാരിയച്ചന്‍ കൊണ്ട് പോയി.പിന്നെയുള്ളത് എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ലീനയും നാലാം ക്ലാസ്സില്‍ പഠിക്കുന്ന മരിയയുമാണ്.
കുറച്ചു കയറ്റം കയറിയപ്പോള്‍ ലൂയിസ് അണച്ചു.ചങ്ക് വാടുന്ന ചാരായം അയാളെ ക്ഷീണിതനാക്കിയിരുന്നു.അയാള്‍ പുറത്തേക്കു നോക്കി.കണ്ണെത്താ ദൂരം നിര നിരയായി ,പച്ച പ്ലാസ്റ്റിക് ഷെയിഡ് അണിഞ്ഞ റബ്ബര്‍ മരങ്ങള്‍.അവയ്ക്കിടയില്‍ ,അവിടവിടെയായി ,കടും ചുവപ്പ് നിറമുള്ള റബ്ബര്‍ പാല്‍ ശേഖരിക്കുന്ന വീപ്പകള്‍ ചുവന്ന കുത്തുകള്‍ പോലെ കാണപ്പെട്ടു.
അയാള്‍ വീണ്ടും കയറ്റം കയറാന്‍ തുടങ്ങി.ഓലപ്പുരയുടെ മുന്നില്‍ ഏതാനും പേര്‍ നിൽപ്പുണ്ടായിരുന്നു.സിഗരറ്റ് പുകച്ചു നിന്ന രണ്ടു പോലീസുകാര്‍ അയാളുടെ അരികിലേക്ക് വന്നു.
"താനും കൂടി വന്നിട്ട് അഴിക്കാമെന്നു കരുതി."അവരില്‍ ഒരാള്‍ പറഞ്ഞു.
മുറ്റത്തിന്റെ അരികിലെ ചെമ്പരത്തിയുടെ ചുവട്ടില്‍ , ഇളയ കുട്ടി മരിയ അയാള്‍ സ്ഥിരമായി ഇരിക്കുന്ന ഉരുളൻപാറയുടെ മുകളില്‍ തല കുനിച്ചു കൂനിക്കൂടി ഇരിക്കുന്നുണ്ടായിരുന്നു.അവളുടെ കാല്‍ചുവട്ടില്‍ ഉരുമ്മിക്കൊണ്ട് ഒരു വെളുത്ത പൂച്ച ചുറ്റും കൂടി നിൽക്കുന്ന മനുഷ്യരെ ആകുലതയോടെ നോക്കി.
ജീർണ്ണിച്ച ഓലകൾക്കിടയിലെ പഴുതിലൂടെ അകത്ത് ഒരു കഴുക്കോലിൽ രണ്ടാമത്തെ മകള്‍ ലീന തൂങ്ങി നിൽക്കുന്നത് ലൂയിസ് കണ്ടു.ലീനയുടെ തുറിച്ച നോട്ടം തന്നെയും മറികടന്ന്‍ ചാഞ്ഞു നിൽക്കുന്ന ചെമ്പരത്തിക്കൊമ്പിലെ,വെയിലേറ്റ് വാടി വീഴാറായ ചുവന്ന പൂക്കളില്‍ പതിയുന്നത് ലൂയിസ് അറിഞ്ഞു.
അയാള്‍ അകത്തേക്ക് കയറി.ഒപ്പം പോലീസുകാരും.അപ്പോഴേക്കും ലൂയിസിന്റെ അനുജന്‍ കുര്യനും ,തോട്ടം മുതലാളിയുടെ മകന്‍ ഡേവിസും അവന്റെ കൂട്ടുകാരും എത്തിയിരുന്നു.അവരും മുറിക്കുള്ളിലേക്ക് കയറി.
മുറിയില്‍,ഓലപനമ്പുകളുടെ ഇടയില്‍ തിരുക്കുടുംബത്തിന്റെയും ,രക്തം വിയർക്കുന്ന ഗദ്സമേനിലെ യേശുവിന്റെയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു.അവ മങ്ങിയിരുന്നു.അയയില്‍ പെൺകുട്ടികളുടെ പിഞ്ഞിത്തുടങ്ങിയ വസ്ത്രങ്ങള്‍ ,അവരുടെ കരച്ചിലു പോലെ തൂങ്ങി കിടന്നു.മുറിയില്‍ ശുക്ലത്തിന്റെയും രക്തത്തിന്റെയും ചാവ്ഗന്ധം കെട്ടി നിന്നു. പൊട്ടി പൊളിഞ്ഞ ചാണകം മെഴുകിയ തറയില്‍ ലീനയുടെ രക്തത്തുള്ളികള്‍ ചുവന്ന ബിന്ദുക്കളായി കിടക്കുന്നത് അയാള്‍ കണ്ടു.
അപ്പോള്‍ ലൂയിസിന് റബ്ബര്‍ തോട്ടത്തില്‍ അവിടവിടെയായി വച്ചിരുന്ന ചുവന്ന വീപ്പകള്‍ ഓർമ്മ വന്നു.
അപ്പോള്‍ ലൂയിസിന് റബ്ബര്‍ തോട്ടത്തില്‍ അവിടവിടെയായി വച്ചിരുന്ന ചുവന്ന വീപ്പകള്‍ ഓർമ്മ വന്നു.
ചുവന്ന ബിന്ദുക്കള്‍.
ഒരു മഴ പെയ്തിരുന്നുവെങ്കില്‍ എന്ന് അയാള്‍ ആഗ്രഹിച്ചു.പൊള്ളുന്ന ചൂടാണ് എങ്ങും.
അവർ ലീനയെ അഴിക്കാന്‍ തുടങ്ങി.
അവള്‍ അടുത്തകാലത്തായി തീരെ മെലിഞ്ഞു പോയതായി ലൂയിസിന് തോന്നി.അയാളുടെ ആത്മാവ് അയാളില്‍ നിന്ന് വേർപെട്ടു അവളെ കോരിയെടുത്തു മടിയില്‍ കിടത്താന്‍ വെമ്പി.പക്ഷെ അയാളുടെ ശരീരം തളർന്നി രുന്നു.മുറിയുടെ മൂലക്ക് കിടന്ന,കുട്ടികളുടെ പാഠപുസ്തകങ്ങള്‍ വച്ചിരുന്ന മേശയില്‍ കൈ കുത്തി അയാള്‍ നിലത്തേക്ക് വീഴാതിരിക്കാന്‍ ശ്രമിച്ചു.ആ ശ്രമത്തിനിടയില്‍ മേശ മറിഞ്ഞു പുസ്തകങ്ങള്‍ ചിതറി.
അയാള്‍ നിലത്തു വീണു.
ഡേവിസും കുര്യനും കൂടി അയാളെ എഴുന്നേല്പിച്ചു ചാരി ഇരുത്തി.അപ്പോഴേക്കും മരിയ ഓടിവന്നു അയാളെ കെട്ടിപിടിച്ചു.
"അപ്പച്ചാ.."അവള്‍ ശബ്ദമില്ലാതെ തേങ്ങി.
മുറിയില്‍ ചിതറി കിടന്ന പാഠപുസ്തകങ്ങള്‍ അവള്‍ പെറുക്കിയെടുത്തു.അവള്‍ പഠിച്ചു കൊണ്ടിരുന്ന മലയാളം പുസ്തകത്തിലെ തുറന്നിരുന്ന താളില്‍ ചേച്ചിയുടെ രക്തത്തുള്ളികള്‍ പറ്റിപിടിച്ചു.
അവള്‍ അതുമായി അപ്പന്റെ അരികില്‍ പോയിരുന്നു.ചേച്ചിയുടെ പഴയ പുസ്തകമായിരുന്നു അവളും പഠിച്ചു കൊണ്ടിരുന്നത്.രക്തത്തുള്ളികള്‍ കൊണ്ട് മറഞ്ഞ പാഠത്തിന്റെ പേര് മരിയക്ക് അറിയാമായിരുന്നു.
അവള് അതുമായി അപ്പന്റെ അരികില്‍ പോയിരുന്നു.ചേച്ചിയുടെ പഴയ പുസ്തകമായിരുന്നു അവളും പഠിച്ചു കൊണ്ടിരുന്നത്.രക്തത്തുള്ളികള്‍ കൊണ്ട് മറഞ്ഞ പാഠത്തിന്റെ പേര് മരിയക്ക് അറിയാമായിരുന്നു.
ദശാവതാരങ്ങള്‍.
ഈശ്വരന്റെ പത്ത് അവതാരങ്ങളെക്കുറിച്ച് ഉള്ള പാഠഭാഗം.അതിന്റെ രണ്ടാമത്തെ പേജ് നഷ്ടമായിരിക്കുന്നു.ക്ലാസിലെ ഓരോ കുട്ടികളും ഏതെങ്കിലും ഒരു അവതാരത്തെ കുറിച്ച് ,കൂടുതല്‍ പഠിച്ചു ക്ലാസില്‍ ഉപന്യാസം അവതരിപ്പിക്കണം എന്നാണ് ടീച്ചര്‍ പറഞ്ഞത്.അവള്‍ അവതരിപ്പിക്കേണ്ടത് പരശുരാമനെ കുറിച്ചാണ്.ഇനി ആരാണ് അതൊക്കെ തനിക്ക് പറഞ്ഞു തരുന്നത്.?
അപ്പോള്‍ അവള്‍ കവലയില്‍ അമ്പലത്തിനടുത്ത് പെട്ടിക്കട നടത്തുന്ന അപ്പൂപ്പനെക്കുറിച്ച് ആലോചിച്ചു.എവിടുന്നോ ആ നാട്ടില്‍ വന്ന അപ്പൂപ്പന്‍.സദാ കരിമ്പടം കൊണ്ട് ദേഹം മൂടി ,നീണ്ടു വളർന്ന വെളുത്ത താടിയില്‍ തടവി ,ആ കടക്കുള്ളില്‍ ഉറക്കം തൂങ്ങിയിരിക്കുന്ന അപ്പൂപ്പന് ധാരാളം പുരാണകഥകള്‍ അറിയാമെന്ന് ഒരിക്കല്‍ ചേച്ചി പറഞ്ഞിരുന്നു.പക്ഷെ മിക്കപ്പോഴും ആ കട അടഞ്ഞു കിടക്കും.ആ അപ്പൂപ്പന്‍ എവിടെയെങ്കിലും നാട് ചുറ്റാന്‍ പോയിരിക്കയാവും.
പോലീസുകാര്‍ എഴുത്ത്കുത്തുകള്‍ തുടങ്ങിയിരുന്നു.
ശവശരീരം പോസ്റ്റ്‌മോർട്ടം ചെയ്യാന്‍ കൊണ്ട് പോയി.നാട്ടുകാര്‍ വീടിനു ചുറ്റും തിങ്ങിക്കൂടിയിരുന്നു.കൂടാതെ ചാനലുകാരും.
കുറച്ചു കഴിഞ്ഞപ്പോള്‍ ഇടവകപള്ളിയിലെ വികാരിയുടെ ഒപ്പം ലൂയിസിന്റെ മൂത്തമകള്‍ സെലിന്‍ വന്നു.അവള്‍ പത്താംക്ലാസ്സിലാണ് പഠിക്കുന്നത്.അപ്പന്റെയും അനിയത്തിയുടെയും ഒപ്പം അവളും തളർന്നിരുന്നു.അവളുടെ കണ്ണുകൾക്ക് ജീവനില്ലെന്നും അവള്‍ ഒരു നിഴല് പോലെ ചുരുങ്ങിയിരിക്കുന്നുവെന്നും ലൂയിസിന് തോന്നി.
ഒരു മഴ പെയ്തിരുന്നുവെങ്കില്‍.
പോസ്റ്റ്‌മോർട്ടം കഴിഞ്ഞതിനു ശേഷം ലീനയുടെ ശവം പള്ളിയിലേക്ക് എടുത്തു.അധികം ആളുകള്‍ ഒന്നുമുണ്ടായിരുന്നില്ല.
"അവള് പെഴയായിരുന്നു.ലൂയിസിനെ തോട്ടത്തില്‍ വാറ്റ് ഉണ്ടാക്കാന്‍ വിട്ടു കഴിഞ്ഞു ആ ഡേവിസും പിള്ളേരും സ്ഥിരം ആ പെരയ്ക്കാത്തു ആയിരുന്നു. ലൂയിസിന്റെ അനിയൻ കുര്യനാ ഇടനില."
ലീനയുടെ ശവം കുഴിയിലേക്ക് താഴുമ്പോള്‍ ,സെമിത്തേരിയില്‍ നിന്ന് അകന്നുമാറി ,കൗതുകത്തോടെ കണ്ടുകൊണ്ട്, നാട്ടുകാരില്‍ ഒരുത്തന്‍ അടുത്ത് നിന്നവനോട് പറഞ്ഞു.
ഡേവിസും കുര്യനുമാണ് പെട്ടി കുഴിയിലേക്ക് ഇറക്കിവയ്ക്കുവാന്‍ നിന്നത്.പെട്ടി ഇറക്കി വച്ച ശേഷം,കുഴിയിലേക്ക് കുന്തിരിക്കം നിക്ഷേപിക്കുമ്പോള്‍ ഡേവിസിന്റെ കണ്ണുകള്‍ കൊച്ചുമരിയയില്‍ പതിഞ്ഞു.അപ്പോള്‍ അവന്‍ വീണ്ടും ലീനയെ ഓർത്തു.
ലീനയെ അവന്‍ ആദ്യമായി കണ്ട കാഴ്ച.
ഓലപ്പുരയില്‍ കക്കൂസ് ഇല്ലാത്തതു കൊണ്ട്,വിജനമായ റബർത്തോട്ടത്തിലെ പാറക്കൂട്ടത്തില്‍ കൈതകളുടെ മറവിലെ കുഴിയിലായിരുന്നു ആ പെണ്കുട്ടികള്‍ പ്രാഥമിക കാര്യങ്ങള്‍ നിർവഹിക്കാൻ പോയിരുന്നത്.
ഒരു ദിവസം ഉച്ചക്ക് കൈതക്കാട്ടില്‍ നിന്ന് ഇറങ്ങിവന്ന ലീന ഡേവിസിന്റെ മുമ്പിൽ പെട്ടു.
"നിന്റെ എല്ലാം ഞാന്‍ കണ്ടെടി..പെണ്ണെ.."അവന്‍ വഷളച്ചിരി ചിരിച്ചു കൊണ്ട് പറഞു.
അവള്‍ ഇപ്പോള്‍ പെട്ടിയിലായി.അറിയാതെ അവന്‍ ചുണ്ടുകള്‍ നനച്ചു.
ഇപ്പോഴും മാറുന്നില്ല കൊതി.അവള്‍ ഒരു പഴുത്ത കൈതചക്കയായിരുന്നു.
ഇപ്പോഴും മാറുന്നില്ല കൊതി.അവള്‍ ഒരു പഴുത്ത കൈതചക്കയായിരുന്നു.
എല്ലാത്തിനും മുൻപന്തിയില്‍ നിന്ന ഡേവിസിന് വികാരിയച്ചന്‍ നന്ദി പറഞ്ഞു.
"സെലിനു നാളെ പരീക്ഷയുണ്ട്.അത് കൊണ്ട് ഇന്ന് അവള്‍ മഠത്തില്‍ നിൽക്കട്ടെ.ഇനി ഇപ്പൊ ഇതിന്റെ കേസും ,ചാനലുകാരും ഒക്കെ ആകെ ബഹളമായിരിക്കും.പരീക്ഷ കഴിഞ്ഞു അങ്ങോട്ട് വിടാം.കുറച്ചു ദിവസം കഴിയുമ്പോ മരിയയെയും നമ്മുക്ക് മഠത്തില്‍ നിർത്താം ."
അച്ചന്‍ ലൂയിസിനോട് പറഞ്ഞു.അത് കേട്ട് മരിയ ചേച്ചിയെ നോക്കി.ദൃഷ്ടി ദൂരെ ഉറപ്പിച്ചു മൂത്ത ചേച്ചി നിശബ്ദയായി നില്ക്കുന്നു.അച്ചന്റെ വിരലുകള്‍ ,ചേച്ചിയുടെ തോളിലെ മാംസളതയില്‍ അമരുന്നത് മരിയ കണ്ടു.
അപ്പോള്‍ മരിയ ആ സ്വപ്നം ഓർമ്മിച്ചു.രണ്ടു ദിവസം മുന്പ് തോട്ടത്തിൽ പാൽ വീപ്പകൾ സൂക്ഷിക്കുന്ന സ്റ്റോര്‍ മുറിയുടെ പുറകിലെ പേരയുടെ ചുവട്ടില്‍ ഇരുന്നു അവള്‍ മയങ്ങിപോയി.
പാൽ വീപ്പകളുടെ നടുവില്‍ ലീന ചേച്ചി വീണു കിടക്കുന്നു .ചേച്ചിയുടെ ശരീരത്തിന് മുകളില്‍ ആരോ രണ്ടു പേര്‍.
"അവളെ ഒന്നും ചെയ്യരുത്..എന്റെ മരിയയെ ഒന്നും ചെയ്യരുത്..എന്നെ വേണമെങ്കില്‍ കൊന്നോ..."
അത് സ്വപ്നമായിരുന്നോ?
അതോ..ഉറക്കത്തിനിടക്ക് അറിയാതെ താന്‍ കണ്ടതോ..?ഇപ്പോള്‍ താന്‍ അത് എന്ത് കൊണ്ട് ഓർമ്മിച്ചു?
അതോ..ഉറക്കത്തിനിടക്ക് അറിയാതെ താന്‍ കണ്ടതോ..?ഇപ്പോള്‍ താന്‍ അത് എന്ത് കൊണ്ട് ഓർമ്മിച്ചു?
പൊടുന്നനെ ആൾക്കൂട്ടത്തിനു ഇടയില്‍ അനുകമ്പ നിറഞ്ഞ രണ്ടു കണ്ണുകള്‍ അവള്‍ കണ്ടു.താടിയും മുടിയും നീട്ടി വളർത്തി ,ദേഹം മുഴുവന്‍ മൂടി പുതച്ചു ,ആ അപ്പൂപ്പന്‍.നാട്ചുറ്റല്‍ കഴിഞ്ഞു അപ്പൂപ്പന്‍ തിരിച്ചെത്തിയോ ?
പിറ്റേന്ന് ആകാശം മൂടിക്കെട്ടി.ലൂയിസ് കാത്തിരുന്ന മഴയുടെ ഒരുക്കം.
"മോള് പോയി കുറച്ചു മെഴുകുതിരി മേടിച്ചു കൊണ്ട് വാ.."അയാള്‍ മകളെ പറഞ്ഞു വിട്ടു.
മരിയ അമ്പലത്തിനു അരികിലെ ആ പെട്ടിക്കടയിലെക്ക് ഓടി.ആർക്കും അറിയാത്ത കഥകള്‍ ആ അപ്പൂപ്പന് അറിയാം...അവളുടെ കയ്യില്‍ ആ പാഠപുസ്തകവും ഉണ്ടായിരുന്നു.
മഴ തുടങ്ങിയിരുന്നു.പെട്ടിക്കടയില്‍ കരിമ്പടം കൊണ്ട് പുതച്ചു മൂടി ,വൃദ്ധന്‍ ഉറക്കം തൂങ്ങി ഇരിക്കുകയാണ്.വൃദ്ധന്റെ മടിയില്‍ സദാ കൊണ്ട് നടക്കുന്ന ഭാണ്ഡവും ഉണ്ടായിരുന്നു.
മഴ തുടങ്ങിയിരുന്നു.പെട്ടിക്കടയില്‍ കരിമ്പടം കൊണ്ട് പുതച്ചു മൂടി ,വൃദ്ധന്‍ ഉറക്കം തൂങ്ങി ഇരിക്കുകയാണ്.വൃദ്ധന്റെ മടിയില്‍ സദാ കൊണ്ട് നടക്കുന്ന ഭാണ്ഡവും ഉണ്ടായിരുന്നു.
മരിയയുടെ ശബ്ദം കേട്ട് അദ്ദേഹം കണ്ണ് തുറന്നു.നനഞ്ഞു ഒലിച്ചു പിഞ്ചു കുട്ടി.
"മഴ നനയാതെ ഇങ്ങു കേറി നിന്നോ മോളെ.."വൃദ്ധന്‍ അവളെ തന്റെ അരികില്‍ ഇരുത്തി.
അവളുടെ പാഠപുസ്തകം നനഞ്ഞിരുന്നു.ചേച്ചിയുടെ രക്തക്കറ വീണ പുസ്തകത്തിന്റെ താള്‍ തുറന്നു അവള്‍ ചോദിച്ചു.
"അപ്പൂപ്പാ എന്താ ഈ അവതാരം ന്നു വച്ചാ ?"
വൃദ്ധന്‍ അവളെ ചേർത്ത് പിടിച്ചു അവളുടെ മുടിയിഴകള്‍ തഴുകി.
"മോളെ. മനുഷ്യർക്കെല്ലാം മനസ്സില്ലേ? " വൃദ്ധൻ ചോദിച്ചു.
അവള്‍ മൂളി.
"മനുഷ്യർക്കും ,മൃഗങ്ങൾക്കും ,സർവ്വ ചരാചരങ്ങള്ക്കും മനസ്സുണ്ട്.അതെല്ലാം ഒരുമിച്ചു ചേർന്ന് ഈ പ്രപഞ്ചത്തിനു ഒരു മനസ്സാക്ഷിയുണ്ട്..,നിരപരാധികളുടെ കണ്ണീരു വീണു ഭൂമി സഹിക്കാന്‍ വയ്യാതെ നിലവിളിക്കുമ്പോള്‍ പ്രപഞ്ചമനസ്സാക്ഷിയില്‍ ഒരു മിന്നലായി ആ മഹാപ്രഭു അവതരിക്കുന്നു."
വൃദ്ധന്‍ ആകാശത്തേക്ക് വിരല്‍ ചൂണ്ടി.ചക്രവാളത്തില്‍ ഒരു ഇടിമിന്നല്‍ പുളഞ്ഞിറങ്ങി.
"അത് പോലെ."
"ആരാ അപ്പൂപ്പാ മിന്നലായി വരുന്നത് .?"അവള്‍ ചോദിച്ചു.
വൃദ്ധന്‍ അതിനു മറുപടി പറഞ്ഞില്ല.മഴക്കാറ്റ് വീശി അയാളുടെ മുഖം നനഞ്ഞു.പക്ഷെ അയാള്‍ ഒന്നും അറിയുന്നുണ്ടായിരുന്നില്ല.പാതിയടഞ്ഞ ആ മിഴികള്‍ ആകാശചരുവില്‍ ഉറപ്പിച്ചു,ഏതോ മനോഹര ദർശനം കാണുന്നത് പോലെ നോക്കിയിരിക്കുകയാണ്.അലൌകികമായ ഒരു സന്തോഷത്തില്‍ ആ മുഖം തിളങ്ങി.പതിയെ ആ ചുണ്ടുകള്‍ മന്ത്രിച്ചു.
"ശാന്താകാരം ഭുജഗ ശയനം
പദ്മനാഭം സുരേശം
വിശ്വാധാരം ഗഗന സദ്രശ്യം
മേഘ വർണ്ണം ശുഭാംഗം."
പദ്മനാഭം സുരേശം
വിശ്വാധാരം ഗഗന സദ്രശ്യം
മേഘ വർണ്ണം ശുഭാംഗം."
വൃദ്ധന്റെ കണ്ണുകള്‍ അടഞ്ഞു.മരിയ അയാളെ കുലുക്കി വിളിച്ചു.
"അപ്പൂപ്പാ ഉറങ്ങരുതേ,പരശുരാമനെ കുറിച്ച് പറഞ്ഞു താ..."
വൃദ്ധന്‍ ഉണർന്നു.ഒരു സ്വപ്നത്തില്‍ നിന്നെന്ന പോലെ വൃദ്ധന്‍ പരശുരാമനെ കുറിച്ച് പറയാന്‍ തുടങ്ങി.
"വിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് പരശുരാമന്‍.. ജമദഗ്നി മഹർഷിക്ക് രേണുക എന്ന ഭാര്യയിലാണ് വിഷ്ണുഭഗവാന്‍ ഭാർഗവരാമന്‍ എന്ന നാമധേയത്തില്‍ അവതരിച്ചത്. രാമൻ ശിവനെ തപസ്സുചെയ്ത് പ്രീതിപ്പെടുത്തി പരശു സ്വന്തമാക്കി. അങ്ങനെ പരശുരാമനായി. തന്റെ പിതാവിനെ വധിച്ച ദുഷ്ടരായ ക്ഷത്രീയരെ ഭാരതമാകെ ഇരുപത്തിയൊന്നു തവണ സഞ്ചരിച്ചു നിഗ്രഹിച്ചു. താന്‍ കൊന്നൊടുക്കിയ ക്ഷത്രിയരുടെ രക്തംകൊണ്ട് പരശുരാമന്‍ അഞ്ച് കയങ്ങള്‍ നിർമ്മിക്കുകയും അതിൽ വച്ച് പിതൃക്കള്ക്ക് തർപ്പണം നടത്തുകയും ചെയ്തു. ...."
മഴ തിമിർത്തു പെയ്തു കൊണ്ടിരുന്നു.മരിയ വൃദ്ധന്റെ പറയുന്ന കഥ ഒരു കടലാസ്സില്‍ മെല്ലെ കുറിച്ച് കൊണ്ടിരുന്നു.ആ നിമിഷം അവള്‍ എല്ലാം മറന്നിരുന്നു.
നേരം വൈകിയിരുന്നു.അവള്‍ ധൃതിയില്‍ പുരയിലേക്ക് ഓടി.തിടുക്കത്തിനിടയില്‍ പരശുരാമന്റെ കഥ എഴുതിയ കടലാസ് അവള്‍ എടുക്കാന്‍ മറന്നു.
ആ മഴ തോർന്നു കഴിഞ്ഞപ്പോള്‍ മരിയ അനാഥയായി മാറിയിരുന്നു.തോട്ടത്തിലെ കേടു വന്നു ചരിഞ്ഞു നിന്ന ഒരു റബ്ബർമരക്കൊമ്പില്‍ അവളുടെ അപ്പന്‍ ലൂയിസും,ദൂരെ മഠത്തിലെ ഡോർമിറ്ററിയില്‍ അവളുടെ മൂത്ത ചേച്ചി സെലിനും ഓരോ മുഴം കയറില്‍ മേഘങ്ങളിലേക്ക് കയറിപ്പോയി.
മരിക്കുമ്പോള്‍ സെലിന്‍ ഗർഭിണിയായിരുന്നു.അവള്‍ മരിച്ചതല്ല കൊന്നതാണ് എന്ന് നാട്ടുകാര്‍ പറഞ്ഞു.
ആ രണ്ടു പെട്ടികള്‍ കൂടി കുഴിയിലേക്ക് ഇറക്കുമ്പോള്‍ ,കണ്ണ്നീര്‍ നഷ്ടപെട്ട് പകച്ചു നോക്കി നില്ക്കുന്ന നാലാംക്ലാസ്കാരി പെണ്ണിനെ ഡേവിസും ഇടവകവികാരിയും ആർത്തിയോടെ നോക്കി.
ഡേവിസ് അവളെ ചേർത്തു പിടിച്ചു. ആ കൊച്ചു പെൺകുട്ടിയുടെ ശരീരത്തില്‍ നിന്നുയരുന്ന ഗന്ധം അവനിലെ പിശാചിനെ വീണ്ടും ഉണർത്തി.അവന്‍ ചുണ്ടുകള്‍ നനച്ചു കൊണ്ട് കുര്യനെ നോക്കി കണ്ണിറുക്കിക്കാണിച്ചു.
ലീനയുടെയും സെലിന്റെയും മരണത്തെക്കുറിച്ചു ഫെയ്സ്ബുക്കിലും പത്രങ്ങളിലും ,ചാനലുകളിലും ആദ്യം കുറച്ചു വാർത്തകള്‍ വന്നെങ്കിലും അതെല്ലാം പിന്നീട് നിശബ്ദമായി.പോലീസ് അന്വേഷണം മന്ദഗതിയില്‍ ആയപ്പോള്‍ ഒരാള്‍ മാത്രം അതേ കുറിച്ച് അന്വേഷിക്കാന്‍ അധികാരികളുടെ അടുത്ത് ചെന്നു.അത് കവലയിലെ പെട്ടിക്കട നടത്തുന്ന ആ വൃദ്ധന്‍ ആയിരുന്നു.
മരിയയെ ഇളയപ്പന്‍ കുര്യന്റെ വീട്ടിലാക്കി.എങ്കിലും പത്തു ദിവസങ്ങള്‍ കഴിഞ്ഞു കനത്ത മഴ പെയ്യുന്ന മറ്റൊരു വൈകുന്നേരം അവളും ഇളയ ചേച്ചി തൂങ്ങിയ അതേ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടു.
പോലീസ് അന്വേഷിച്ചു വരുമ്പോള്‍ ഭാണ്ഡക്കെട്ട് മുറുക്കി മറ്റൊരു യാത്രക്ക് തയ്യാര്‍ എടുക്കുകയായിരുന്നു ആ വൃദ്ധന്‍.
"തന്റെ കടയില്‍ ആ കുഞ്ഞു ഇടയ്ക്കിടെ വരുമായിരുന്നു എന്ന വിവരം ലഭിച്ചിട്ടുണ്ട്.ആ കുഞ്ഞിനെ താന്‍ പീടിപ്പിച്ചതിനു തെളിവുകള്‍ ഉണ്ട്.കയറെടോ ജീപ്പില്‍..."പോലീസുകാര്‍ അയാളെ ജീപ്പിനു പിന്നിലേക്ക് തള്ളിയിട്ടു.
പോലീസ് സ്റ്റേഷനില്‍ ഇടവക വികാരിയും ,ഡേവിസും,കുര്യനും കാത്തു നില്ക്കു ന്നുണ്ടായിരുന്നു.
"നിനക്ക് നാട്ടിലെ മാന്യന്മാരെ പീഡനക്കേസില്‍ കുടുക്കണം അല്ലെ..ഇപ്പോള്‍ ഈ കൊച്ചു പെണ്ണ് മരിച്ച കേസില്‍ നീയാ പ്രതി.."എസ്.ഐ അയാളെ നിലത്തിട്ടു ചവിട്ടി.കവിളുകള്‍ അടിച്ചു പൊട്ടിച്ചു.
ഒരു ഉണക്കയില പോലെ അയാള്‍ ചുരുണ്ട് കൂടി കിടക്കുന്നത് ചുറ്റിനുമുള്ളവര്‍ ചിരിയോടെ കണ്ടു നിന്നു.അപ്പോഴും അയാള്‍ ഭാണ്ഡത്തില്‍ നിന്നും പിടിവിട്ടിരുന്നില്ല.
ഒരു പോലീസുകാരന്‍ കയ്യിൽ ഒരു കടലാസ്സ് കഷണവുമായി എസ്.ഐയുടെ അടുത്ത് വന്നു.
"ഇതാണ് സര്‍ കിളവന്റെ കടയില്‍ നിന്ന് വീണ്ടെടുത്ത മരിയയുടെ കൈപ്പടയില്‍ ഉള്ള കുറിപ്പ്."
പോലീസുകാര്‍ അയാളെ ഭിത്തിയില്‍ ചാരിനിർത്തി .അയാളുടെ മുഖത്ത് നിന്നും കൈകാലുകളില്‍ നിന്നും രക്തം ഒഴുകി.
"തുറക്കെടാ പട്ടീ,നിന്റെ കയ്യിലെ ഭാണ്ഡക്കെട്ട്.പിള്ളേരെ പിടിക്കാന്‍ നീ സൂക്ഷിച്ചിരിക്കുന്ന ആയുധം ഞങ്ങളും ഒന്ന് കാണട്ടെ.."
പോലീസുകാര്‍ ആക്രോശിച്ചു.
പോലീസുകാര്‍ ആക്രോശിച്ചു.
അയാള്‍ നിലത്തേക്ക് ഊർന്നു.പിന്നെ വിറയ്ക്കുന്ന കൈകള്‍ കൊണ്ട് ഭാണ്ഡം അഴിക്കാന്‍ ആരംഭിച്ചു.പുറത്ത് മഴക്കുള്ള ഒരുക്കമായി ഒരു കാറ്റ് വീശി തുടങ്ങി.
അപ്പോള്‍ കടലാസ്സിൽ മരിയ എഴുതിയ കുറിപ്പ് എസ്.ഐ ഉറക്കെ വായിക്കാന്‍ തുടങ്ങി.
"ക്ഷത്രീയനാശം പൂർത്തിയാക്കിയ പരശുരാമന്‍ പിന്നെ പ്രത്യക്ഷപ്പെടുന്നത് ത്രേതായുഗത്തിലാണ്.സ്വന്തം തപശ്ശക്ക്തി ശ്രീരാമന് സമ്മാനിച്ച് മഹേന്ദ്ര പർവ്വതത്തിലേക്ക് തപസ്സിനായി പിൻവാങ്ങുന്ന പരശുരാമന്‍ തന്നെയാണ് മഹാഭാരതത്തില്‍ കർണ്ണനെ അസ്ത്രവിദ്യ അഭ്യസിപ്പിക്കുന്നത്. തേത്രായുഗത്തിന്റെ അന്ത്യത്തിൽ ജനിച്ച് ദ്വാപരയുഗത്തിലുടനീളം ജീവിച്ച പരശുരാമൻ ഇന്നും ജീവിക്കുന്ന ഏഴു ചിരഞ്ജീവികളില്‍ ഒരാളാണ്.പത്താമത്തെയും അവസാനത്തെയും അവതാരമായ കൽക്കിയെ ആയുധവിദ്യകള്‍ അഭ്യസിപ്പിക്കുവാന്‍ ,കലിയുഗത്തിന്റെ അവസാനം വരെ അദ്ദേഹം കൽക്കിയുടെ വരവിനായി ഭൂമിയില്‍ എവിടെയോ ഇപ്പോഴും കാത്തിരിക്കുന്നു."
വൃദ്ധന്‍ അപ്പോഴേക്കും ഭാണ്ഡം അഴിച്ചു കഴിഞ്ഞിരുന്നു.അതില്‍ നിന്നും ഒരു വെണ്മഴു ആ കൈകളില്‍ പ്രത്യക്ഷപെട്ടു.പുറത്തെ കാറ്റ് ശക്തിപ്രാപിച്ചു.ഹുങ്കാരശബ്ദത്തോടെ കൊടുംകാറ്റിന്റെ ഞാണൊലി മുഴങ്ങി.
മുഖത്തേക്ക് വീണു കിടന്ന മുടിയിഴികള്‍ കോതിയൊതുക്കി വൃദ്ധന്‍ നിവർന്നു നിന്നു.ആ കണ്ണുകളില്‍ നിന്ന് പൌരാണികമായ കഠിനകോപത്തിന്റെ അഗ്നി തിളങ്ങി.ദിവ്യമായ ശരീരത്തില്‍ നിന്ന് യോഗശക്തി കൊണ്ട് പീഡനത്തിന്റെ അടയാളങ്ങള്‍ മറഞ്ഞു.ബലിഷ്ഠമായ ആ കരങ്ങള്‍ മഴുവില്‍ പിടിമുറുക്കി.
കൊടുംകാറ്റിനെ വെല്ലുന്ന ശബ്ദത്തില്‍ വൃദ്ധന്‍ ചോദിച്ചു.
"ഏഴു ചിരഞ്ജീവികളില്‍ ഒരാളായ ദ്രോണപുത്രന്‍ അശ്വതാത്മാവ് കുരുക്ഷേത്ര യുദ്ധം അവസാനിച്ച രാത്രിയില്‍ പാണ്ഡവ കുടീരത്തില്‍ കയറി തന്റെ പിതാവിനെ കൊന്ന ധൃഷ്ടദ്യുമ്നനെ വധിച്ചത് എങ്ങനെയാണു എന്ന് അറിയാമോ.?"
ഒരു നിമിഷം കൊണ്ട് വൃദ്ധന്‍ വികാരിയുടെ മുന്നില്‍ എത്തി.ഒരു മിന്നല്‍ പോലെ മഴു ആഞ്ഞു വീശി.ളോഹയണിഞ്ഞ ശരീരം തുണ്ടം തുണ്ടമായി നിലത്തു വീണു.രക്തം വെള്ളചാട്ടം പോലെ കുതിച്ചു.
"ദാ ഇത് പോലെയാണ് അന്ന് അശ്വതാത്മാവ് കൊന്നത്.പശുവിനെ കൊല്ലുന്നത് പോലെ മൂന്ന് തുണ്ടമായി.ഒരിക്കലും മോക്ഷം ലഭിക്കാത്ത ദുർമരണം."
എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നതിനു മുൻപ് മഴു ആയുധമാക്കിയ യോഗി ഒരു ചുഴലിക്കാറ്റ് പോലെ ആഞ്ഞു വീശി.പുറത്തു കൊടുംകാറ്റിൽ പുൽക്കൊടികള്‍ വരെ ബ്രഹ്മരഹസ്യം അറിഞ്ഞ ശരങ്ങള്‍ പോലെ ഉറഞ്ഞു തുള്ളി.
അരിഞ്ഞിട്ട അധമ ശരീരങ്ങൾക്കിടയിലൂടെ രക്തം ഒരു പുഴ പോലെ പുറത്തെ മണ്ണിലെക്കൊഴുകി ഒരു ചെറു കുളത്തിന്റെ രൂപം പ്രാപിച്ചു.അത് കണ്ടു ആ യോഗി ഒരു നിമിഷം ഏതോ ഓർമ്മയിൽ ലയിച്ചു മൗനിയായി.
സർവ്വം തച്ചുടച്ച കൊടുംകാറ്റ് അവസാനിച്ചു.എല്ലായിടവും വിജനമായിരുന്നു. നിശബ്ദവും.
പുറത്തിറങ്ങിയ യോഗി ചക്രവാളചരിവിലെക്ക് ഒരു നിമിഷം നോക്കി. പിന്നെ സ്വയം മന്ത്രിച്ചു.
"ഇനിയും..ഇനിയും ..എത്ര നാള്‍ അവിടുന്ന് വരാന്‍ ഞാന്‍ കാത്തിരിക്കണം.?"
വൃദ്ധന്‍ തന്റെ ഭാണ്ഡവും തോളിലേറ്റി നടന്നു തുടങ്ങി.ഇനിയും അദേഹത്തിനു ഏറെ സഞ്ചരിക്കണം.ഏറെ നാള്‍ കാത്തിരിക്കണം.
ചോരനിറമുള്ള സന്ധ്യ തുടങ്ങുകയാണ്.
(അവസാനിച്ചു)
By Anish francis

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക