Slider

ജഡ്ജി

0

ജഡ്ജി
*********
രാവിലെ എന്റെ മൂന്നര വയസ്സായ ഇളയമകൻ ചിക്കൻ വാങ്ങണമെന്ന് പറഞ്ഞു. ചിക്കനും പലചരക്കു സാധനവും വാങ്ങുവാൻ മാർക്കറ്റിൽ പോയി.
"എന്തൊക്കെ സാധനങ്ങളാമേടിക്കേണ്ടത് " സഹധർമ്മിണിയെ മൊബൈലിൽ വിളിച്ചു.
"പച്ചക്കറി, അരിപ്പൊടിപാക്കറ്റ്, റവ വറുത്തത് പാക്കറ്റ്,കടുക്.. പിന്നെ... ".
പിന്നെ കേൾക്കുന്നതിനു മുമ്പ് ഞാൻ കട്ട് ചെയ്തു. അടുത്ത സാധനം വാങ്ങണമെന്ന് പറഞ്ഞ് എന്തായാലും വീണ്ടും വിളിക്കും.
പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങി. പ്ളാസ്റ്റിക് നിരോധനം ആയതു കൊണ്ട് സാധനം കൊണ്ടുപോകാൻ മാർഗമില്ലാത്തതിനാൽ പഴയ ഒരു കനംകുറഞ്ഞ കവർ കച്ചവടക്കാരനായ അലീക്കാ എനിക്കു നൽകി.
"പ്ളാസ്റ്റിക്ക് നിരോധനം കൊണ്ട് കാര്യമില്ല ". സാധനത്തിന് വന്ന ഒരു മധ്യവയസ്ക്കൻ പറഞ്ഞു.
"അതു ശരിയല്ല, മുപ്പതു കൊല്ലം കഴിഞ്ഞാൽപ്പോലും പ്ളാസ്റ്റിക് ബാഗ് കൊണ്ട് മണ്ണിനുണ്ടായ നാശം മാറ്റുവാൻ കഴിയില്ല.. "അലീക്ക ഇടപെട്ടു പറഞ്ഞു.
"അങ്ങനെയാണെങ്കിൽ വാഹനത്തിൽ നിന്നുള്ള പുക നമ്മൾ ശ്വസിക്കുന്നില്ലേ ",എന്ന് മധ്യവയസ്ക്കൻ.
"പച്ചക്കറി വിഷമല്ലേ.. എന്നിട്ടും നമ്മൾ വാങ്ങുന്നില്ലേ ", എന്ന് വേറൊരാൾ.
അപ്പോഴാണ് അലീക്ക ചിക്കന്റെ കാര്യംപറഞ്ഞത്.
"ഞാനും ചിക്കന്റെ ബിസിനസ്സ് ചെയ്തതാ, മുപ്പത്തെട്ട് ദിവസം കൊണ്ടാ ഒരു കോഴി പൂർണ്ണ വളർച്ചയെത്തി രണ്ടര... മൂന്നു കിലോയുള്ള കോഴിയുണ്ടാകുന്നത്, ഹോർമോൺ കുത്തി വച്ചിട്ടാ.
പണ്ടൊക്കെ നമ്മളൊക്കെ കൊല്ലത്തിൽ ഒരിക്കലാകോഴിക്കറി ഉപയോഗിക്കുന്നത്. ഇപ്പോൾ ദിവസവും ചിക്കനാ... രോഗവും കൂടുന്നു... ",അലീക്ക പറഞ്ഞു .
ചിക്കൻ കടയിലേക്ക് കയറുമ്പോൾ അലീക്ക പറഞ്ഞ വാക്കുകളാണ് മനസ്സിൽ.
നല്ല വെള്ളസുന്ദരികളായ കോഴികൾ എന്നെ നോക്കുന്നുണ്ട്.
"ഒരു ഒന്നര കിലോ തൂക്കമുള്ള കോഴിയുണ്ടോ ".
"ചെറിയ തൂക്കമുള്ളത് ഉണ്ടാകില്ല.. ". ചിക്കൻ കടക്കാരൻ ഷാജഹാൻ.
"എന്നാലും ഒന്ന് നോക്ക് ".
അപ്പോഴാണ് വേറൊരു കൂട്ടിൽ കുറച്ചു നാടൻ കോഴികളെ കണ്ടത്.
"കിലോ നെത്രയാ.. ".
"മുന്നൂറു രൂപ".
"ഒരുകാര്യം ചെയ്യാം,തൂക്കം കുറഞ്ഞത് നോക്കി നാടൻ വേണോ ബ്രോയിലർ വേണോയെന്ന് തീരുമാനിക്കാം". ഞാൻ പറഞ്ഞു.
ബ്രോയിലർ തൂക്കി.ഒന്നേ തൊള്ളായിരം.നാടൻതൂക്കി ഒന്നേ ഇരുന്നൂറ്.
നാടൻ കോഴി ചെറിയ ഒരു പൂവൻകോഴിയാണ് വൃത്തിയുണ്ട്.
ബ്രോയിലർ നല്ലതടിച്ചു വെളുത്ത സുന്ദരിയാണ്.
ഏതു വേണമെന്ന് ആലോചിച്ചു.
"ഇവിടെ ജഡ്ജി ഞാനാണല്ലേ.... എന്റെ നാവിൻതുമ്പിലാണ് ഇവരുടെ ആയുസല്ലേ..... ".
ഞാനിതു പറയുമ്പോൾ ഷാജഹാൻ ശരിവച്ചു.
പക്ഷേ അയാളുടെ മുഖത്ത് ഒരു വിഷാദമുള്ളത് ഞാൻ ശ്രദ്ധിച്ചു. 'വകവരുത്തേണ്ടത് അയാളാണല്ലോയെന്ന വിഷമമാണെന്ന് 'എനിക്ക് തോന്നി.
"കുടുംബശ്രീക്കാര് തരുന്നതാ... നാടൻ കോഴിയെ... എനിക്ക് ആകെ കിട്ടുന്നത് ഇരുപത്തി യഞ്ചു രൂപയാലാഭം ".
'പാവം ഈ കൊല ചെയ്താൽ ആ കെ ഇത്രയല്ലേ കിട്ടുന്നുള്ളൂ.. ജീവിത പ്രശ്നമല്ലേ ', ഞാൻ ആലോചിച്ചു.
മുന്നൂറ്റി അമ്പതു രൂപ കൊടുത്ത് കഷ്ണങ്ങളാക്കി കവറിലിട്ട നാടൻ പൂവനെ ഞാൻ വാങ്ങി.
"നാടൻ കോഴിക്ക് നല്ലരുചിയാണല്ലേ ". പൊരിച്ച കഷ്ണം കടിച്ചു കൊണ്ട് ഭാര്യമൊഴിഞ്ഞു.
***********************
പാർട്ടി ഓഫീസിൽ ലോക്കൽനേതാവ് ചർച്ച നടത്തുകയാണ്.
"നമുക്ക് ആരെയാ പകരം വക വരുത്തേണ്ടത് .ഇപ്പോൾ ചർച്ച ചെയ്ത് തീരുമാനിക്കണം".
ലോക്കൽ നേതാവ് തങ്കപ്പൻ ചർച്ചയ്ക്ക് തുടക്കമിട്ടു.
"മോഹനകൃഷ്ണൻ ഉണ്ട്..... പക്ഷേ മൂപ്പര് ഗൾഫിലൊക്കെ പോയി വന്നതാണ്. അത്യാവശ്യം സമ്പാദ്യം ഒക്കെയുണ്ട് ".
"പിന്നെ അപ്പുറത്തെ കരയിലെ കൃഷ്ണനുണ്ട്. തേങ്ങ പറിക്കലും നാടൻപണിയുമാണ് ജോലി ". പല അഭിപ്രായങ്ങൾ ചർച്ചയിൽ ഉയർന്നു.
"എന്നാൽ പിന്നെ കൃഷ്ണൻ തന്നെയാകട്ടെ നമ്മുടെ നേർച്ചക്കോഴി.തല അറുത്താൽ മതി... ",നേതാവ് ചർച്ചയ്ക്കൊടുവിൽ കല്പിച്ചു.
നടപ്പിലാക്കുവാൻ അനുയായികൾ സന്തോഷത്തോടെ പാർട്ടി ആഫീസിൽ നിന്നും പുറത്തേക്കിറങ്ങി.
****************
എന്റെമകൻ പൊരിച്ച കോഴിക്കാലുകടിക്കുന്നത് ഞാൻ നിറഞ്ഞ മനസ്സോടെ നോക്കിയിരുന്നു.
Written by Saji Varghese
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo