നന്നായി പഠിച്ച് ഡോക്ടറാവണം വക്കീലാവണം എന്‍ജിനീയറാവണം എന്നൊന്നും ഒരിക്കലും അച്ഛൻ പറഞ്ഞിരുന്നില്ല.....
എങ്കിലും ദൂരെ നിന്ന് അച്ഛൻ വരുന്നത് അടുക്കളയിലെ കരിപിടിച്ച ജനാലക്കിടയിലൂടെ കണ്ട് അമ്മ ഉറക്കെ വിളിച്ചു പറയുമായിരുന്നു '' ദേ അച്ഛൻ വരുന്നുണ്ട് , വേഗം കളിയൊക്കെ നിര്‍ത്തിയിട്ട് പഠിക്കാന്‍ നോക്കിക്കോന്ന് ''
അത് കേട്ട് കളിയൊക്കെ നിര്‍ത്തി വെപ്രാളം പൂണ്ട് ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍ വാരിക്കൂട്ടി അതില്‍ നിന്ന് ആദ്യം കിട്ടുന്നതൊന്നെടുത്ത് ഉച്ചത്തിലൊരു വായനയാണ്......
ആ വായന കേട്ട് കൊണ്ട് അഭിമാനത്തോടെ അച്ഛൻ പടി കയറി വരുന്നത് പലവട്ടം കണ്ടിട്ടുണ്ട്... വന്നപാടെ കാല്‍കഴുകി കൊലായിലേക്ക് കയറി വാത്സല്ല്യത്തോടെ നോക്കുന്നത് കണ്ടിട്ടുണ്ട്....
വായനക്ക് തടസ്സമാവാതിരിക്കാന്‍ കുടിക്കാനുള്ള ഒരു ഗ്ലാസ്സ് വെള്ളം പോലും അച്ഛൻ പതിയെ ആയിരുന്നു ചോദിച്ച് വാങ്ങിയിരുന്നത്... ....
എന്നാല്‍ പിന്നീട് കാലം കുറച്ച് കഴിഞ്ഞപ്പോള്‍ അച്ഛന് മനസ്സിലായത്. ഈ വായനയെല്ലാം വെറും തട്ടിപ്പായിരുന്നെന്ന്... എന്നിട്ടും അച്ഛന് ഒരു ഭാവമാറ്റവും വന്നില്ല... ഒരിക്കലും അച്ഛൻ കുറ്റപ്പെടുത്തിയില്ല... ഒരിക്കലും ശാസിച്ചില്ല....
അതായിരുന്നു അച്ഛൻ .....
ആരേയും ആശ്രയിച്ചില്ല......ആരേയും കാത്തിരുന്നില്ല.... ആരോടും സഹായം ചോദിച്ചില്ല....
തന്റെ കടമകള്‍ സമയാസമയങ്ങളില്‍ ചെയ്ത് തീര്‍ത്തു..
സ്നേഹം വാരിക്കോരി പ്രകടിപ്പിച്ചില്ല.... എന്നും തലയില്‍ തൊട്ട് തലോടിയില്ല...
അമിതമായി സന്തോഷിച്ചില്ല... ദുഖങ്ങള്‍ ആരോടും പങ്കു വച്ചില്ല....
അമിതമായി സന്തോഷിച്ചില്ല... ദുഖങ്ങള്‍ ആരോടും പങ്കു വച്ചില്ല....
അതെ അച്ഛൻ അന്നും ഇന്നും അങ്ങനെയായിരുന്നു....
അച്ഛൻ എന്നും ഉറങ്ങാന്‍ നേരം എല്ലാ മുറിയിലും വന്ന് നോക്കി അനാവശ്യമായി കത്തുന്ന ലൈറ്റും , കറങ്ങുന്ന ഫാനും അണച്ചു....
രാത്രി 12 മണിക്ക് ശേഷം മുറിയില്‍ വെളിച്ചം കണ്ടാല്‍ ഓടി വന്ന് അതണക്കാന്‍ സ്നേഹത്തോടെ ഉപദേശിച്ചു...
അടുക്കളയിലെ പലചരക്കുകളുടെ തൂക്കവിവരം കാണാപ്പാഠമാക്കി.. അനാവശ്യ ചിലവ് കണ്ടാല്‍ സ്നേഹത്തോടെ അമ്മയെ ഉപദേശിച്ചു .........
എങ്കിലും ഇടക്ക് കാണാറുണ്ട്, കോലായിലെ ചാരുകസേരയില്‍ അനന്തതയിലേക്ക് കണ്ണും നട്ട് അച്ഛൻ ആലോചിച്ച് ഇരിക്കുന്നത്....
ചിലപ്പോള്‍ ഭാവിയെ കുറിച്ചുള്ള ഭയമായിരിക്കാം.... ചിലപ്പോള്‍ മക്കളെ കുറിച്ചുള്ള ആശങ്കകളായിരിക്കാം....
ഇത് കാണുമ്പോള്‍ കൗതുകമാണ്.... ചിരിയാണ് വരുന്നത്... പാവം അച്ഛൻ .... !!
എങ്ങനെ ചിരിക്കാതിരിക്കും....!!
അച്ഛനറിയില്ലല്ലോ എന്തു പറഞ്ഞാലും അത് പാലിക്കാനായി അച്ഛന്റെ ഈ മക്കള്‍ കാത്തിരിക്കുകയാണെന്ന്....
അച്ഛനറിയില്ലല്ലോ ഈ മക്കളുടെ ഉള്ളില്‍ ദൈവത്തിന്റെ സ്ഥാനമാണ് അച്ഛനുള്ളതെന്നു........ !!
By Magesh Bogi
Mahesh it's great.......achaneyanikkishtam
ReplyDelete......