Slider

ഊഴം

0

ഊഴം
-----
പുറത്ത്‌ എനിക്കധികം കാത്തിരിക്കേണ്ടി വന്നില്ല. പകുതി തുറന്ന വാതിലിലൂടെ അവളെന്നെ അകത്തേക്ക്‌ ക്ഷണിച്ചു. ശീതീകരിച്ച മുറി. സാധാരണയിലധികം പൊക്കമുള്ള ഒരു കട്ടിലും അതിനെതിരെ മൃദുലമെങ്കിലും ഉറപ്പും കട്ടിയുമുള്ള ഒരു കസേര, ഒരൽപം പിന്നോട്ട്‌ ചാരിയിരിക്കാൻ പാകത്തിനുള്ളത്‌. എന്നെ, അവളതിൽ ഉപവിഷ്ടനാക്കി. അവൾ മുറിയുടെ മറ്റൊരു മൂലയിലേക്ക്‌ നീങ്ങി പുറം തിരിഞ്ഞ്‌ നിന്നു തയ്യാറെടുക്കുന്നുണ്ടായിരുന്നു.
ഞാൻ മുറിക്ക്‌ ചുറ്റും നോക്കി. എല്ലാം വളരെ ഭംഗിയായി ഒതുക്കി വച്ചിട്ടുണ്ട്‌. വലിയ ഒരു നിലക്കണ്ണാടിയിൽ എന്റെ പ്രതിബിംബം ശ്രദ്ധിച്ചു, മുഖത്തൊരൽപം ക്ഷീണമുണ്ട്‌. യാത്രയുടേതാണൊ അതൊ ഇവിടെ വരേണ്ടി വന്നതിന്റെ മാനസിക സംഘർഷമൊ?
മുറിയിലെ അടുക്കും ചിട്ടയും എന്നെ വല്ലാതെ ആകർഷിച്ചു. വീട്ടിലായാലും ഓഫീസിലായാലും വാരിവലിച്ചിടുന്ന പ്രകൃതമാണു. അബ്ദ്‌ അൽ ബാരി അലിം അപ്രതീക്ഷിതമായി, അഹങ്കാരത്തോടെ ഓഫീസ്‌ മുറി തള്ളി തുറന്നപ്പോൾ ഞാൻ ഏതൊ പ്രൊസീജിയർ എഴുതുന്ന തിരക്കിലായിരുന്നു. ജോലി ചെയ്യുന്നിടത്തും താമസിക്കുന്നിടത്തും അടുക്കും ചിട്ടയുമില്ലാത്തവനു ജീവിതത്തിലുമതുണ്ടാകില്ലാന്നു അറബി ഇംഗ്ലീഷിൽ പറഞ്ഞപ്പോൾ, കമ്പ്യൂട്ടർ മോണിറ്ററിൽ നിന്ന് കണ്ണെടുക്കാതെ ഞാൻ മറുപടി നൽകി.
"ഫ...&$്‌$ ഓഫ്‌"
" വാത്‌ ദിദ്‌ യു സെ" അറബിക്ക്‌ പിന്നേയും സംശയം.
അറബിയുടെ കണ്ണുകളിൽ നോക്കി പറഞ്ഞ വാക്കുകൾ വ്യക്തമായി ഒന്നു കൂടി പറഞ്ഞു. എന്റെ വാക്കുകൾ അനുസരിച്ച പോലെ വാതിൽ വലിച്ചടച്ച്‌ അവൻ പോയി.
അന്ന് വൈകുന്നേരം പ്രവർത്തി സമയം തീരുന്നതിനു മുന്നെ തന്നെ ആ ജോലിയും പിറ്റേന്ന് ആ രാജ്യവും എനിക്ക്‌ അന്യമായി. നിരാശ തോന്നിയില്ല, അവിടെ ചേർന്ന നാൾ മുതൽ അബ്ദ്‌ അൽ ബാരി അലിം എന്നെ മനുഷ്യനായി കണ്ടിട്ടില്ല. ഒരിന്ത്യാക്കാരനായതും അയാളുടെ യാഥാസ്ഥിതികമായ ആചാരങ്ങൾ അനുഷ്ടിക്കാത്തവനും ആയത്‌ കൊണ്ട്‌ എന്നും ഞാനയാളുടെ കണ്ണിലെ കരടായിരുന്നു.
എന്റെ ഇടത്തെ കരമവൾ ഗ്രഹിച്ചപ്പോഴാണു, ഓർമ്മകൾ വിട്ട്‌ പോയത്‌. ഷർട്ടിന്റെ കൈ, അവൾ മുകളിലോട്ട്‌ തെറുത്ത്‌ കയറ്റി. കൈ മടക്ക്‌ നിവർത്തിവച്ച്‌ അവൾ ഒന്നു തലോടി.
ഞാൻ കണ്ണുകൾ പൂട്ടി, ഇരിക്കുമ്പോൾ മൃദുലസുഖം ലഭിക്കുന്ന കസേരയിൽ തല പിന്നോട്ട്‌ ചാരി അമർന്നിരുന്നു. കൈവിരലുകൾ മുറുക്കിപ്പിടിച്ചു. ധമനികളിൽ രക്തം ചൂട്‌ പിടിക്കും പോലെ. അവൾ വിരലുകൾ കൊണ്ട്‌ എന്റെ സിരകളിലെ രക്തപ്രവാഹം ശക്തമാക്കി.
ഒരുറുമ്പ്‌ കടിക്കുന്ന വേദനയോടെ, അവൾ വളരെ ചെറിയൊരു ലോഹ നാളി കൈമടക്കിലെ ഞരമ്പിലേക്ക്‌ കുത്തിയിറക്കി, അതിന്റെ പിന്നിൽ ഘടിപ്പിച്ചിരുന്ന മറ്റൊരു കുഴലിൽ എന്റെ രക്തം ശേഖരിച്ചു.
സൂചി വലിച്ചൂരി, ഒരൽപം കോട്ടൺ അവിടെ വച്ചു, കൈമുട്ട്‌ മടക്കികൊണ്ട്‌ തന്നെ പുറത്തേക്കിറങ്ങുമ്പോൾ അവൾ പറഞ്ഞു,
" രണ്ട്‌ മണിക്കൂർ കഴിഞ്ഞ്‌ വന്നോളു, റിസൽറ്റ്‌ കിട്ടും".
ഞാൻ പുറത്തിറങ്ങി, ആദ്യമിരുന്ന കസേരയിൽ മറ്റൊരാൾ ഊഴം കാത്തിരിക്കുന്നുണ്ടായിരുന്നു.
(അശോക്‌ വാമദേവൻ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo