Slider

പാഥേയം

2
Image may contain: 1 person, sitting, motorcycle and outdoor

മുംബൈ നഗരത്തിനു വേഗത കൂടുതലാണ്. നേരം വെളുക്കുന്നതും ഇരുട്ടുന്നതും ഒക്കെ വളരെ പെട്ടെന്നാണെന്നു തോന്നിപ്പോകും.. നിലാവിൽ തെളിഞ്ഞു കാണുന്ന കെട്ടിടങ്ങൾ പുറമേക്ക് ഭംഗിയും സൗന്ദര്യവും ഉള്ളതായി തോന്നുമെങ്കിലും മിക്കത്തിനും ഉള്ളിൽ നിറയെ വിങ്ങലുകളായിരിക്കും.. പ്രത്യേകിച്ച് പഴഞ്ചൻ മനസ്സായി ജീവിക്കുന്ന മലയാളികളുടെ...
പഴഞ്ചൻ എന്ന വാക്ക് എനിക്കേറെ പ്രിയപ്പെട്ടതാണ്.. കാരണം പലരിൽ നിന്നും ഞാൻ ഇടയ്ക്കിടെ കേൾക്കുന്ന വാക്കാണത്‌.. ഭാര്യയിൽ നിന്നും,മകനിൽ നിന്നും മകളിൽ നിന്നും പിന്നെ സഹപ്രവർത്തകരിൽ നിന്നും.."പഴം ജെൻ" "ന്യൂജെൻ".. ഹോമോസാപ്പീന്സിന്റെ പുതിയ ക്ലാസിഫിക്കേഷൻ. കാലത്തിനൊപ്പം കോലം മാറുന്നവൻ ന്യൂജെൻ, കാലത്തിനൊപ്പം ഓടിയെത്താത്തവൻ പഴഞ്ചൻ...
" നിങ്ങളിത് എത്ര നേരമായി ചായയും കുടിച്ചിരിക്കുന്നു. ബാൽകണിയിൽ ഉള്ള ചെടികൾക്ക് ഓരോ കപ്പ് വെള്ളമൊഴിക്കണം.. ബ്രെഡും ജാമും മേശപ്പുറത്തുണ്ട്,കഴിക്കാൻ മറക്കണ്ട.. വേസ്റ്റ് ഒരു കവറിൽ കെട്ടി വെച്ചിട്ടുണ്ട് കളയാൻ മറക്കരുത്. പെൻഷൻ ആയതിനു ശേഷം മറവി കുറച്ച കൂടുതലാണ്.." ജോലിക്കു പോകാനിറങ്ങുന്ന ഭാര്യയുടെ വാക്കുകൾ എന്നെ ചിന്തയിൽ നിന്നുണർത്തി...
കുറെ നാളുകളായി ഉറക്കം കിട്ടുന്നില്ല.. സ്വപ്നത്തിൽ നിറയെ വിശക്കുന്നു വിശക്കുന്നു എന്ന നിലവിളികൾ മാത്രം... ഇടക്കിടക്ക് എണീക്കുന്നു... ഉറക്കം ശരിയാകാത്തതിന്റെ ബുദ്ധിമുട്ടുകൾ വേറെയും.. ഭാര്യയും മക്കളും ഒരേ സ്വരത്തിൽ സൈക്കോളജിസ്റ്റിനെ കാണാൻ പറഞ്ഞു.. മുപ്പത് വർഷം മുംബൈയിൽ ജോലി ചെയ്തു.. റിട്ടയേർഡ് ആയതിനു ശേഷം നാട്ടിൽ പോയി ജീവിക്കാൻ ആഗ്രഹിച്ചതായിരുന്നു. പക്ഷെ ഭാര്യയും മക്കളും എതിർത്തു.. ആ പഴഞ്ചൻ നാട്ടിലേക്ക് ഞങ്ങൾ ഇല്ല എന്നായിരുന്നു മറുപടി...
എന്നാലും രണ്ടും കല്പിച്ചു നാട്ടിൽ ഒന്ന് പോകാൻ തീരുമാനിച്ചു.. വിവരം പറഞ്ഞ ഉടൻ കേട്ടത് കുറെ പരാതികളായിരുന്നു. നിങ്ങൾ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ആര് നോക്കും,അച്ഛൻ പോയാൽ വൈകുന്നേരം എന്നെ പിക്ക് ചെയ്യാൻ ആര് വരും, തുടങ്ങി നൂറു കൂട്ടം കാര്യങ്ങൾ.. അവസാനം പറഞ്ഞുറപ്പിച്ചു, യാത്രയ്ക്കുള്ള സമയവും,പിന്നെ നാട്ടിൽ നിൽക്കാൻ ഒരു ദിവസവും...
കുറെ നാൾ യാത്ര ചെയ്യാതിരുന്നൊണ്ട് വല്ലാതെ ക്ഷീണം തോന്നി.. എങ്കിലും സ്വന്തം വീട്ടുമുറ്റത്തെത്തിയപ്പോൾ അതെല്ലാം പോയി... റബ്ബർ മരങ്ങളുടെ നടുവിൽ; കാത്തിരിക്കാനും വന്നുചേരാനും ആളില്ലാതെ കിടക്കുന്ന എന്റെ തറവാട്... റബ്ബർ കരിയിലകളാൽ മുറ്റം നിറഞ്ഞു കിടക്കുന്നു. ഇഴജന്തുക്കൽ വല്ലതും ഉണ്ടായാലും അറിയില്ല... അതിലൂടെ ഉമ്മറത്തെത്തി.. വാതിൽ തുറക്കാതെ അവിടെയിരുന്നു..
തെക്കേപറമ്പിൽ അടുത്തടുത്തായി ഒരു കർപ്പൂരമാവും തെങ്ങും നിൽക്കുന്നുണ്ട്... മാവിനെക്കാൾ അഞ്ചു വർഷം ചെറുപ്പമാണ് തെങ്ങിന്.. മാവ് അച്ഛന്റെ ഓർമ്മയാണ്,പത്തു വർഷം മുന്നേ അച്ഛനെ അടക്കിയതാണ് അവിടെ.. അഞ്ച് വർഷം മുന്നേ അമ്മയെയും. ചുറ്റും തെച്ചി പൂവിട്ടു നിൽക്കുന്നു.. കാടുപിടിച്ച് കിടക്കുകയാണവിടം.. ഒറ്റ മകനായിരുന്ന എനിക്ക് കാത്തിരിക്കാനും അവർ മാത്രമേ ഉണ്ടായിരുന്നുള്ളു.
തെക്കേ പറമ്പിൽ മൂലയിൽ ഒരു പന നിൽക്കുന്നു.. അതിനടുത്തേക്കു പോകാൻ എന്തോ ഒരു ഭയം... കുട്ടിക്കാലത്തു വർഷത്തിലൊരിക്കൽ അച്ഛനും മറ്റു കുടുംബക്കാർക്കുമൊപ്പം വിളക്കുമായി രാത്രിയിൽ പനയുടെ ചുവട്ടിലേക്ക് പോകാറുണ്ടായിരുന്നു.. മുത്തപ്പനെ ഊട്ടാൻ.. കള്ളും,പിന്നെ മുത്തപ്പന് ഇഷ്ടമുള്ള മറ്റെന്തൊക്കെയോ ഉണ്ടാകുമായിരുന്നു... അതുകൊണ്ട് തന്നെ മാറ്റ് മരങ്ങളോടുള്ള സ്വാതന്ത്ര്യം എനിക്ക് ആ മുത്തപ്പൻ പനയോട് ഉണ്ടായിരുന്നില്ല.. ദൂരെ നിന്ന് നോക്കാറെയുള്ളു...
"എപ്പോ എത്തി..?" ചോദ്യം അമ്മാവന്റെ ആയിരുന്നു.. അടുത്ത് തന്നെയാണ് അമ്മാവന്റെ വീട്. "ഇപ്പൊ എത്തിയിട്ടേ ഉള്ളു, അമ്മാവന് സുഖം തന്നെയല്ലേ.."
"അതെ, ഇപ്പൊ എന്താ ഒരു മുന്നറിയിപ്പില്ലാതെ?" അമ്മാവന്റെ മുഖത്തു ഒരു സംശയം.
"ഒന്നുമില്ല..ഒന്ന് വരാൻ തോന്നി.." ഞാൻ പനയിലേക്ക് നോക്കി നിന്നു. ഒരു ദീർഘ നിശ്വാസത്തോടെ അമ്മാവൻ പറഞ്ഞു തുടങ്ങി, "എന്തൊരു ഐശ്വര്യമുള്ള വീടായിരുന്നു ഇത്, ഇടിഞ്ഞു വീഴാറായ ഈ തൊഴുത്തു കണ്ടില്ലേ, എന്തോരം പശുക്കളുണ്ടായിരുന്നു ഇവിടെ, എല്ലാ മാസം ഒന്നാം തീയതി ഈ മുറ്റത്തു അമ്മ പൊങ്കാലയിടാറുണ്ടായിരുന്നു... അത് കേട്ടപ്പോഴേക്കും എന്റെ നാവിൽ ആ പായസത്തിന്റെ രുചി വന്നു... ചൂട് പായസം ഇലയിൽ ഒഴിച്ച് പ്ലാവില കൊണ്ട് കോരി കുടിക്കും....
അമ്മാവൻ തുടർന്നു, "അച്ഛൻ പോയതിനു ശേഷം മുത്തപ്പനെ ഊട്ടിയിട്ടില്ല... തെക്കിനിയിൽ വിളക്ക് വെക്കാറില്ല.. എല്ലാ ഐശ്വര്യങ്ങളും പോയി.. നിങ്ങളാരും ഇങ്ങോട്ട് വരാറില്ലല്ലോ.അവർക്കൊരു പിടി ബലിച്ചോറു പോലും കൊടുത്തിട്ടില്ല".
കാടുപിടിച്ച കിടക്കുന്ന അസ്ഥിതറകൾ, ആരും തിരിഞ്ഞു നോക്കാതെ നിൽക്കുന്ന പന, ഐശ്വര്യമില്ലാതെ തെക്കിനി, പ്രേതാലയം പോലെ ഒരു വീട്... നൂറും പാലും കിട്ടാതെ സർപ്പങ്ങൾ അലയുന്ന കാവ്.. ബലിച്ചോറു കിട്ടാതെ അലയുന്ന ആത്മാക്കൾ.. പിന്നെ ഞാൻ എങ്ങനെ ഉറങ്ങും? എന്റെ വേര് നശിക്കുമ്പോൾ ഞാൻ എങ്ങനെ നിവർന്നു നിൽക്കും..ചെയേണ്ടത് എല്ലാം ചെയ്യണം.
"നിങ്ങൾക്കു ആർക്കേലും അസുഖങ്ങൾ എന്തേലുമുണ്ടോ?" അമ്മാവന്റെ ചോദ്യം ഒന്ന് സംശയിപ്പിച്ചു. "അല്ല, അങ്ങനെ എന്തേലും ഉണ്ടെങ്കിലേ ഇപ്പോഴത്തെ തലമുറ ഇതൊക്കെ അന്വേഷിച്ചു വരൂ.. പരിഹാര കർമങ്ങൾക്ക്. നല്ല നിലയിൽ ജീവിക്കുമ്പോൾ കാരണവന്മാരുടെ അനുഗ്രഹം അല്ലെ അവർക്ക് ചെയ്യാനുള്ളത് ചെയ്യണം എന്ന് ആരും കരുതില്ല... വയ്യാതാകുമ്പോൾ മാത്രം അത് ആത്മാക്കളുടെ പിടലിക്ക്... എന്താ ചെയ്യാ?? " ഇല്ല,ആർകും ഇതുവരെ ഒന്നുമില്ല.. പക്ഷെ ചെയ്യാൻ ഉള്ളതു എല്ലാം അമ്മാവൻ ചെയ്യണം. ഒരു കെട്ടു രൂപ എടുത്തു അമ്മാവന്റെ കയ്യിൽ വെച്ച് കൊടുത്തു. എത്രയാ വേണ്ടതെന്നു പറഞ്ഞാൽ മതി. എന്റെ കയ്യിൽ പൈസ മാത്രമേ ഉള്ളൂ, സമയം ഇല്ല.. എനിക്ക് വേണ്ടി എല്ലാം ചെയ്യണം. അമ്മാവൻ ഒന്നും മിണ്ടിയില്ല.
നിൽക്കുന്നില്ല.ബാഗും എടുത്തു ഇറങ്ങി.. ഇനിയെന്നാ ഇങ്ങോട്ട് എന്ന അമ്മാവന്റെ ചോദ്യത്തിന്, ഒട്ടും ചിന്തിക്കാതെ മറുപടി നൽകി, "ആരോഗ്യം നശിക്കുമ്പോൾ വിശ്രമിക്കാൻ ഞാൻ വരും. അന്ന് എനിക്ക് കിടക്കാൻ അച്ഛന്റെയും അമ്മയുടെയും അടുത്ത് തന്നെ കുറച്ചു സ്ഥലം വൃത്തിയാക്കി ഇടണം".. മറുപടിക്ക് കാത്തു നിന്നില്ല,തിരിഞ്ഞു നോക്കാതെ വേഗം നടന്നു........

by: Dr Smitha
2
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo