Slider

കുക്കുടു കുക്കുടു തീവണ്ടി

0
Image may contain: 1 person, flower, plant, outdoor and nature

കുക്കുടു കുക്കുടു തീവണ്ടി..കൂകിപ്പായും തീവണ്ടിയിലെ
ബാത്റൂം സാഹിത്യങ്ങൾ കണ്ടിട്ടുണ്ടോ..
അതിലൊന്നിനെ അലങ്കരിക്കുന്നത് നമ്മുടെ സ്വന്തം നമ്പറാണെങ്കിലോ..
വെള്ളിമൂങ്ങ സിനിമയിൽ അത്തരം രംഗങ്ങൾ കണ്ടു ചിരിക്കുമ്പോൾ അറിഞ്ഞില്ല നമുക്കുള്ളത് വരാനിരിക്യാണെന്ന്...
ഇത് വെറും കഥയല്ല
ജീവിതത്തിൽ നിന്നു ചീന്തിയെടുത്തൊരേടാണ്.
വക്കുകളിൽ രക്തം പൊടിഞ്ഞിട്ടില്ലെന്നു മാത്രം
അത്രയ്ക്ക് അഹങ്കരിക്കണില്യാ
കുറച്ച് നാളു മുൻപാണ് എന്നെ തേടി ആദ്യത്തെ ട്രെയിൻ കോളെത്തിയത്..
ഹലോ ആരാണ്...
ഞാനാ..
ഏതു ഞാൻ..
പശ്ചാത്തലത്തിൽ ട്രെയിനിൻറെ കടപട..
വിളിക്കുന്നയാളിൻറെ ശബ്ദത്തിൽ മസാല
ഞാനാ...ട്രെയിനീന്നാ..
ഏതു ട്രെയിനി..
ട്രെയിനിയല്ല..ട്രെയിൻ...ട്രെയിനിന്ന് നമ്പറെടുത്ത് വിളിക്യാ...
ങേ...
ഒറ്റ വാക്കിൽ നിന്നു തന്നെ കണ്ണിലൂടെ വെള്ളിമൂങ്ങ പറന്നു.
പണികിട്ടി...എന്നു മനസിലായി.
എന്താ മിണ്ടാത്തേ...സൂപ്പർ സൗണ്ടാട്ടോ...ഞാൻ എങ്ങോട്ടാ വരണ്ടേ...
പൊന്നു സഹോദരാ ..ഞാൻ താനുദ്ദേശിക്കുന്നയാളല്ല..വിട്ടേക്ക്..
ബസിനുള്ളിൽ വെച്ച് ജാക്കി ലിവർ കുത്തി കയറ്റി.. മാറി മാറി ബലാത്സംഗം ചെയ്ത കാപാലികൻമാരെ സഹോദരാ എന്നു അഭിസംബോധന ചെയ്യാതിരുന്നതാണ് നിർഭയയുടെ തെറ്റെന്ന് അക്കാലത്ത് ഒരു സ്വാമി പ്രസ്താവിച്ചിരുന്നു.
അതുകേട്ടതു മുതൽ സന്ദർഭോചിതമായി ഈ സഹോദരൻ വിളി വാക്യത്തിൽ പ്രയോഗിക്കാറുള്ളതാണ്.
പക്ഷേ ഒന്നും സംഭവിച്ചില്ലാ..
മലയാളിയ്ക്ക് കുടുംബത്തുള്ളവൾ മാത്രമാണ് പെങ്ങളെന്ന് തെളിയിച്ചു കൊണ്ട് അവൻ കത്തിക്കയറാൻ ശ്രമിക്കുകയാണ്.
കോൾ കട്ടു ചെയ്തു.
നോ രക്ഷ
സ്വിച്ചോഫ് ചെയ്തു..
എത്ര നേരത്തേക്കാണ്..
ഉപദേശിച്ചു..
സഹോദരാ..നിങ്ങളൊന്നോർത്തു നോക്ക്...ആ ട്രെയിനിൽ എത്രയോ പേർ കയറുന്നു..
എത്രയോ പേർ ആ നമ്പർ കാണുന്നു.
പകഷേ ആ നമ്പർ കുത്തി വിളിച്ചതാരാ...നിങ്ങള് മാത്രം.
അപ്പോ നിങ്ങൾക്കെന്തോ കുഴപ്പമുണ്ട്..ഇല്ലേ..തോന്നുന്നില്ലേ...
താൻ ഉടനടി ഒരു ന്യൂറോളജിസ്റ്റിനെ കാണണം..
ആര് കേൾക്കാൻ..
ആള് നമ്മുടെ ഔട്ടായിപ്പോയ ഗതാഗത മന്ത്രിയെ പോലെ അങ്ങട്...ഇങ്ങട് ചാടാനുള്ള ശ്രമമാണ്.
പിന്നേം കണ്ണു തുറപ്പിക്കൽ..
എടോ താനെന്താ വിചാരിച്ചേ എനിക്ക് ട്രെയിനിൽ നമ്പറെഴുതേണ്ട കാര്യമെന്താ...ഏതോ രാജ്യത്തു നിന്ന് വേറേതോ രാജ്യത്തേക്ക് പോകുന്നവർ..അവരെയൊക്കെ ഇൻഫോം ചെയ്തിട്ടെന്തിനാ..
ഞങ്ങളുടെ നാട്ടിലെന്താ പുരുഷൻമാരില്ലേ..
വെട്ടാൻ വരുന്ന പോത്തുണ്ടോ വേദം കേൾക്കുന്നു!
ഫോൺ കട്ട് ചെയ്തും സ്വിച്ചോഫ് ചെയ്തും മടുത്തു.
ഓണായാലുടനെ വിളികൾ വരുന്നു.
ആരൊക്കെയോ..വിളിക്കുന്നു.
ശബ്ദവും ഭാവവും മാറുന്നു.
പശ്ചാത്തല സംഗീതം മാത്രം സെയ്ം
കടപടകടപട..
നമ്പർ മാറ്റാൻ പ്രിയ്പെട്ടവരുടെ വിദഗ്ധോപദേശം
പക്ഷേ ബാങ്ക്..ഓഫീസ്..പഞ്ചായത്ത്..ബ്ലോക്ക്..വില്ലേജ്..ഇൻഷുറൻസ്..ഗ്യാസ്...ഹസ്..ബന്ധുക്കൾ..സുഹൃത്തുക്കൾ...എല്ലായിടത്തൂന്നും വിളിക്കുന്നത് ഈ നമ്പറിലേക്കാണ്.എട്ടു വർഷമായി മാറ്റാതെ കൊണ്ടു നടക്കുന്ന ഈ ഒരേയൊരു കൺമണിയെ ഉപേക്ഷിക്കുന്നത് അപ്രായോഗികമാണ്.
തുരുതുരെ കോളുകൾ വന്നു കൊണ്ടിരിക്യാണ്.
ഓഫീസിൽ...
ബസിൽ..
പാതിരാത്രിയിൽ...
നട്ടുച്ചയ്ക്ക്..
വലഞ്ഞൂ..
നിലത്തും നിൽക്കാൻ വയ്യാത്ത ഗതിയായി..
ഇനി ഒരേയൊരു വഴിയേയുള്ളൂ
സഹോദരൻ പ്രയോഗമൊക്കെ പെരുവഴിയിലുപേക്ഷിക്കുക..
അത് വളരെ എളുപ്പമായിരുന്നു.കാരണം അവനെയൊക്കെ കൊന്ന് കൊലവിളിക്കാൻ മനസ് കൊതിക്കുന്നുണ്ടായിരുന്നു.
അതോടെ ട്രെയിനികളോടുള്ള സംസാരഭാഷയിൽ ചില മാറ്റങ്ങൾ വരുത്തി.
എഴുതപ്പെടാത്ത ഭാഷയുടെ
അദൃശ്യ നിഘണ്ടു തുറന്ന് ആകെപ്പാടെയൊന്ന് ഉഷാറായി.
കോളെടുക്കുന്ന പാടെ..ആ ഭാഷാ മാലിന്യം ഞാൻ വാരിവിതറി.
അമ്പരപ്പിക്കുന്നതായിരുന്നു റിസൽറ്റ്.
പൂവാലും പൊക്കി അവരൊക്കെ കാണാമറയത്തേക്ക് ഓടി മറഞ്ഞു.
അനർഗള നിർഗളമായി ഒഴുകി വരികയാണ് ആ വാക്കുകളുടെ കല്ലോലിനി.
കുഞ്ഞുനാളിൽ ഒരു തെറിവാക്ക് പറഞ്ഞതിന് അമ്മയുടെ മൂത്ത സഹോരദരൻ കണക്കിനു തന്നതാണ്..അന്നേ നിർത്തിയതാണ് പരിപാടി.
പിന്നെ എങ്ങനെ ഇതൊക്കെ എന്നിൽ വന്നടിഞ്ഞു ആവോ...
എന്തായാലും കൊടുങ്ങല്ലൂർ ഭരണി തോൽക്കുന്ന ഭാഷാനെെപുണ്യവുമായി ഞാൻ രണ്ടും കൽപിച്ചു നിന്നു.
ചിലർ നമ്പർ വാട്ട്സാപിൽ സേവ് ചെയ്ത് ആ വഴിയ്ക്കായി പരാക്രമം.
അവിടെയും ഇതു തന്നെ രക്ഷ.
ട്രെയിനികൾ വാലും പൊക്കിയോടി..
ഏകദേശം ഒന്നരവർഷമെടുത്തു അവരെയെല്ലാം തുടച്ചു നീക്കാൻ.
അതോടെ പട്ടു പോലെയുള്ള നമ്മുടെ സ്വഭാവം വളരെ പരുക്കനായി പോയി.
ആരെങ്കിലും നമ്പർമാറി വിളിച്ചാൽ പോലും ക്രൂരമായി സംസാരിക്കുകയാണ്.....
ഇന്നലെ ഒരു അബദ്ധവും പറ്റി.
ഓഫീസിൽ നിന്ന് സബ്എഡിറ്റർ വാട്ട്സാപിൽ..പട്ടീ...എന്നയച്ചു.
നമ്പർ സേവ് ചെയ്തിരുന്നില്ല.
ഉടനെ മറുപടി നൽകി
യുവർ ഫാദർ.....
പിന്നീട് നടന്ന കലാപം വളരെ വലുതായിരുന്നു.
ഓഫീസിൽ ചെന്നപ്പോൾ വളരെ ഫ്രണ്ട് ലിയായിരുന്ന ആൾ മിണ്ടുന്നില്ല
ക്ഷമാപണം ചെയ്തപ്പോൾ ഒരു ജേർണലിസ്റ്റിന് ചേർന്ന നിലയ്ക്ക് പെരുമാറണമെന്ന് എല്ലാവർക്കും മുന്നിൽ വെച്ച് ഉപദേശവും.
പഴയതു പോലെ സോഫ്റ്റാകാനൊരു മോഹം ഉള്ളിൽ മൊട്ടിട്ടുണ്ട്...
പക്ഷേ അവനെയുണ്ടല്ലോ നമ്പർ ട്രെയിനിലെഴുതി വെച്ച സാമദ്രോഹിയെ ....കിട്ടിയാൽ വെട്ടിക്കൊന്നു കളയും ഞാൻ....
അതു കണ്ടു വിളിക്കാൻ കുറേ പുരുഷജന്മങ്ങളും...
ഇവരൊക്കെയാണ് സമൂഹത്തിലെ ഇത്തിൾ കണ്ണികൾ...
ഇവൻമാരെയൊക്കെ...അല്ലേൽ വേണ്ട...സോഫ്റ്റ്..
സോഫ്റ്റ്..
ട്ർണീം....ട്ർണീ്ം....
ഹലോ ആരാ...
ഞാനാ മോളേ....ട്രെയിനീന്ന് നമ്പറെടുത്ത് വിളിക്കുവാ....
ഹ...പന്ന......
നന്നാവാൻ സമ്മതിക്കില്യാലേ

BY: Shyni John
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo