Slider

#കുറ്റ_ബോധം

0

കൺസൾട്ടിങ് മുറിക്കകത്തേക്കു അവർ കയറി വരുന്നത് കണ്ടപ്പോൾ തന്നെ എന്തോ ഒരു പന്തി കേടു തോന്നി . കരഞ്ഞു കലങ്ങിയ കണ്ണുകൾക്കുള്ളിലെവിടെയോ പ്രതീക്ഷയുടെ തീരം തിരയുകയാവും അവൾ . ആരെയോ എന്തിനെയോ ഭയക്കുന്ന പോലെ അവളുടെ പിറകിൽ ഒളിച്ചു കൊണ്ടവനുമുണ്ട് . കണ്ണുകൾ നാല് ദിക്കിലേക്കും സാദാ ചലിപ്പിച്ചു കൊണ്ട് അവൻ പരിസരം വീക്ഷിക്കുകയാണ് .
അവരെ രണ്ടു പേരെയും മുൻപിലെ കസേരയിലേക്ക് ഞാൻ ക്ഷണിച്ചു .
'' വരൂ .. ഇവിടെ ഇരുന്നോളു ''
കസേരകളിൽ അവരിരുവരും ഇരിക്കുമ്പോഴും അവനിൽ പരിഭ്രമം നിഴലിച്ചു നിൽക്കുന്നത് കാണാം . ഞാൻ രണ്ടു പേരെയും ശ്രദ്ധിച്ചു . സാധാരണ ഗതിയിൽ കുടുംബ ബന്ധങ്ങളിലെ താള പിഴകൾക്കു പരിഹാരം തേടി എന്റെ അടുക്കലെത്തുന്ന ദമ്പതികളെ പോലെയല്ല ഇവർ . അവളുടെ നിഴലിനൊപ്പം സഞ്ചരിക്കുന്നവനാണിവൻ . അത് കൊണ്ട് തന്നെ അവരെ ഭരിക്കുന്ന പ്രശ്നം മറ്റെന്തോ ആണെന്ന് വ്യക്തം .
സംശയിച്ചു നിൽക്കുന്ന എന്നെ കണ്ടത് കൊണ്ടാകാം അവൾ അവരുടെ കഥ പറഞ്ഞു തുടങ്ങി .
'' സാർ .... ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അധിക കാലമായില്ല ... വളരെ അധികം സന്തോഷത്തിലായിരുന്നു ഞങ്ങൾ . ഇക്കാക്ക് എന്നെ വലിയ ഇഷ്ടാ .. എനിക്ക് തിരിച്ചും .. ''
അവൾ അവളുടെ കല്യാണം കഴിഞ്ഞ കാലം മുതലുള്ള കാര്യങ്ങൾ പറഞ്ഞു തുടങ്ങി . അപ്പോഴും അവന്റെ മുഖത്തെ പരിഭ്രമം വിട്ടൊഴിഞ്ഞിട്ടില്ല .
'' കല്യാണം കഴിഞ്ഞു ലീവ് കഴിഞ്ഞു ഇക്ക ദുബായിലേക്ക് മടങ്ങുമ്പോൾ വലിയ സങ്കടത്തിലായിരുന്നു ഞങ്ങൾ . എന്റെ പഠനം കഴിഞ്ഞു ഇക്കയുടെ അടുക്കലേക്കു പറന്നെത്തണം എന്നതായിരുന്നു മനസ്സ് നിറയെ . പക്ഷെ അതിനിനിയും കുറച്ചു മാസങ്ങൾ കൂടെ കാത്തിരിക്കണമെന്ന യാഥാർഥ്യത്തോട് ഞാൻ പൊരുത്തപ്പെടുകയായിരുന്നു . ഇക്ക അവിടെ ചെന്നത് മുതൽ വലിയ വിഷമത്തിലായിരുന്നു . എന്നോടുള്ള സ്നേഹം കാരണം എന്നെ പിരിഞ്ഞ വിഷമത്തിലായിരുന്നു ഇക്ക . ഞാൻ ഇക്കയെ സമാധാനിപ്പിച്ചു നിർത്തുമായിരുന്നു . ''
'' ഇതൊക്കെ എല്ലാ പ്രവാസി കുടുംബങ്ങളിലും ഉള്ളതല്ലേ കുട്ടീ .. ഇന്ന് നമ്മുടെ നാട്ടിൽ കാണുന്ന ഈ അഭിവൃദ്ധിയെല്ലാം അങ്ങനെ ത്യാഗം ചെയ്ത മുൻഗാമികളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് . ജീവിതം അങ്ങനെയൊക്കെയാണ് ചിലതൊക്കെ സഹിച്ചും ക്ഷമിച്ചും വേണം മുന്നോട്ട് പോകാൻ ''
ഞാൻ അവളെ സമാധാനിപ്പിക്കുവാൻ നോക്കി .
'' അതല്ല സാർ .. അതൊക്കെ എനിക്കും അറിയാം . എന്റെ ഉപ്പയും ഒരു പ്രവാസിയാണ് . ഞാൻ പറയാൻ വന്നത് അതല്ല സാർ .. ''
'' ഹും .. പറയു കുട്ടീ ''
'' അങ്ങനെ ഇക്ക സമയം കിട്ടുമ്പോഴൊക്കെ എന്നെ വിളിക്കും . ചിലപ്പോ അഞ്ചു മിനുട്ടിന്റെ ഇടവേളയിലായിരിക്കാം അടുത്ത കാൾ .. അങ്ങനെ എപ്പോഴും വിളിച്ചു കൊണ്ടിരുന്ന ഇക്ക ഒരു ദിവസം പകൽ മുഴുവൻ എന്നെ വിളിച്ചതേയില്ല . തിരിച്ചു വിളിച്ചിട്ട് എടുക്കുന്നതുമില്ല . എനിക്കാകെ വിഷമമായി .. ഇക്കാക്കെന്തോ പറ്റിയെന്നു മനസ്സ് പറഞ്ഞു . അവസാനം എന്റെ മെസ്സേജിന് ഇക്ക മറുപടി തന്നു . തിരക്കിലാണ് പിന്നീട് വിളിക്കാമെന്ന് . ''
ഇക്കയുടെ വിളിയും കാത്ത് ഞാൻ ഇരുന്നു . പക്ഷെ ഇക്ക വിളിച്ചില്ല .. തിരിച്ചങ്ങോട്ട് വിളിച്ചാൽ എടുക്കില്ല . കുറെ മെസ്സേജുകൾ അയച്ചാൽ എന്തെങ്കിലും ഒരു മറുപടി മാത്രം . എന്നെ എന്തോ ഒഴിവാക്കുന്ന പോലെ . പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇക്കാക്ക് വന്ന മാറ്റം എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല . ഇക്കാക്കെന്ത് പറ്റിയെന്നു അറിയാൻ ഇക്കയുടെ റൂമിലുള്ള നാട്ടുകാരനായ കൂട്ടുകാരനോട് ഫേസ്ബുക് വഴി ഞാൻ ഇക്കയെ കുറിച്ച് അന്വേഷിച്ചു . അവൻ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു സാർ ..
അവളുടെ കണ്ണുകൾ നിറയുന്നുണ്ട് . മേശപ്പുറത്തിരിക്കുന്ന ടിഷ്യൂ അവൾക്ക് നേരെ നീട്ടി കണ്ണ് തുടക്കാൻ ഞാൻ ആവശ്യപ്പെട്ടു . അവന്റെ മുഖത്താണെങ്കിൽ വന്നപ്പോഴുള്ള അതെ പരിഭ്രമമാണ് നിഴലിക്കുന്നത് . അവൾ കണ്ണുകൾ തുടച്ചു തുടർന്നു .
'' ഇക്ക കുറച്ചു ദിവസമായി ജോലിക്കു പോകുന്നില്ല . എപ്പോഴും എന്തെങ്കിലും ആലോചിച്ചു നിൽക്കും . കണ്ണുകൾ നിറയുന്നത് മാത്രം കാണും . ആരും ഒന്നും ചോദിച്ചാൽ ഒരു വാക്ക് പോലും പറയില്ല . ഇക്കാക്കെന്ത് പറ്റിയെന്നു ആർക്കും അറിയില്ല . പലരും പറയുന്നു ഞങ്ങൾക്കിടയിൽ എന്തോ പ്രശ്നമുണ്ടെന്നാണ് . എന്റെ അറിവിൽ അങ്ങനെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല . മാത്രമല്ല നിറഞ്ഞ സ്‌നേഹമായിരുന്നു . ''
'' ഒരു മാറ്റം ആഗ്രഹിച്ചു സുഹൃത്തുക്കളെല്ലാം ഉത്സാഹിച്ചു നിർബന്ധിച്ചു ഇക്കയെ നാട്ടിലേക്കയച്ചു . മാത്രമല്ല ഇക്കയെ ശ്രദ്ധിക്കാൻ അന്നം തേടിയെത്തിയ അവരുടെ ജോലികളുടെ സാഹചര്യങ്ങൾ വെല്ലുവിളി ഉയർത്തുന്നുമുണ്ട് . അങ്ങനെ ഇക്ക നാട്ടിലെത്തി . മനസ്സിൽ ഈ വിഷമവും സങ്കടവും എല്ലാം നിറയെ ഉണ്ടെങ്കിലും എന്റെ ഇക്കയെ കണ്ടപ്പോൾ എന്റെ സന്തോഷം മറച്ചു വെക്കാതെ ഞാൻ ഇക്കയെ കെട്ടി പിടിക്കാൻ ചെന്നു . സാധാരണ ഗതിയിൽ ഇക്ക ഇക്കയുടെ നെഞ്ചിലേക്ക് എന്നെ ചേർത്ത് പിടിക്കാനാണ് . പക്ഷെ ഇത്തവണ ഇക്ക എന്നെ തള്ളി മാറ്റി . അതെന്നെ തീർത്തും ഞെട്ടിച്ചു കളഞ്ഞു സാർ .. എന്താ ഇക്ക ഇങ്ങനെ .?.. ഞാൻ ഒന്ന് തൊടുന്നത് പോലും ഇക്കാക്ക് ഇഷ്ടമാകുന്നില്ല . എന്റെ മുഖത്തു പോലും നോക്കുന്നില്ല . കണ്ണുകൾ ഇപ്പോഴും നിറഞ്ഞു തുളുമ്പും എന്നല്ലാതെ ഇക്ക ഒന്നും തുറന്നു പറയുന്നുമില്ല .. സാർ ഒന്ന് ചോദിക്കണം എന്റെ ഇക്കാക്കെന്ത് പറ്റിയെന്നു .. എനിക്ക് തിരിച്ചു തരണം എന്റെ ഇക്കയെ പഴയ പ്രസാദമായി മുഖത്തോടെ . ''
സകല നിയന്ത്രണവും വിട്ടു അവൾ അലമുറയിട്ട് കരയുമ്പോൾ അവനു അവളെ ആശ്വസിപ്പിക്കണമെന്നുണ്ട് . പക്ഷെ എന്തോ ഒരു ചിന്ത അവന്റെ മനസ്സിനെ അലട്ടുന്നുണ്ട് . അതവനെ അവളോടുള്ള സമീപനത്തിൽ കാര്യമായ മാറ്റം വരുത്താൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു .
ഞാൻ അവളെ ആശ്വസിപ്പിച്ചു കൊണ്ട് അവളോട് അപ്പുറത്തെ മുറിയിൽ ചെന്നു വിശ്രമിക്കാൻ ആവശ്യപ്പെട്ടു . എനിക്കവനോട് മാത്രമായി അല്പം സംസാരിക്കണമായിരുന്നു .
ഞാനും അവനും മാത്രമാണിപ്പോൾ അവിടെയുള്ളത് . അവൻ എന്നെ അഭിമുഖീകരിക്കാൻ മടിച്ചു കൊണ്ട് താള താഴ്ത്തിയിരിക്കുകയാണ് .
ഞാൻ കസേരയിൽ നിന്നും എഴുനേറ്റു പതുക്കെ അവനടുക്കൽ ചെന്നു . അവന്റെ തോളിൽ തട്ടി വിളിച്ചു .
'' എന്താടാ തലതാഴ്ത്തിയിരിക്കുന്നത് ? .. മുഖമുയർത്ത് .... ഇത്രേം വിദ്യ സമ്പന്നനായ നീ മുഖമുയർത്തി നട്ടെല്ല് നിവർത്തി തന്നെയിരിക്കണം . പ്രശ്നങ്ങൾ എന്ത് തന്നെയാകട്ടെ . അതിനെ നേരിടുന്നവനാണ് ജേതാവ് . പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങുന്നത് മാത്രമല്ല . നീ വാ .. ഞാൻ ചോദിക്കട്ടെ .. ''
അവൻ പതുക്കെ എഴുനേറ്റു . അടച്ചിട്ട മുറിയിൽ നിന്നും വീടിനു പുറത്ത് വിശാലമായ തണൽ വിരിച്ചു നിൽക്കുന്ന മുറ്റത്തിൽ കൂടി ഞങ്ങൾ നടക്കുമ്പോൾ ഒപ്പം ഇളം കാറ്റും കൂടെ ചേർന്നു . മരക്കൊമ്പിൽ അതിഥികളായ പക്ഷികൾ സംഗീതം പൊഴിക്കുന്നുണ്ട് . ഇളം കാറ്റേറ്റ് മനസ്സ് തളിർത്തതോ എന്റെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണോ എന്നറിയില്ല . അവന്റെ അവന്റെ മനസ്സ് തുറക്കാമെന്നു സമ്മതിച്ചു .
'' അവള് സാറിനോട് പറഞ്ഞില്ലേ .. അത് പോലെ അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ എനിക്ക് അതിനെ വർണിക്കാൻ വാക്കുകൾ ഇല്ല . അത്ര മാത്രം സ്നേഹത്തിലായിരുന്നു ഞങ്ങൾ . ആ അവൾ എനിക്കിന്ന് എന്റെ ആരുമല്ല സാർ ...''
'' എന്ത് ?.. എന്തൊക്കെയാണ് മോനെ നീ ഈ പറയുന്നത് ?... അവൾ നിന്റെയാരുമല്ലെന്നോ ?? എന്താണ് നിങ്ങൾക്കിടയിൽ സംഭവിച്ചത് ? ''
ഒരു മനശാത്രജ്ഞനുമപ്പുറം അവർക്കിടയിലെ പ്രശ്നം അറിയാൻ എനിക്കാകാംക്ഷയായി .
'' അതെ സാർ .. അവളിന്നെന്റെ ഭാര്യയല്ല .... അവൾ പാവമാണ് .. അവൾ ഒരു തെറ്റും ചെയ്തില്ല .. ഞാനാണ് തെറ്റുകാരൻ ... ഞാൻ മാത്രമാണ് തെറ്റുകാരൻ .. ''
അവൻ കൂടുതൽ വികാരാധീനനാകുന്നു . ഏറെ പണി പെട്ട് ഞാൻ അവനെ ആശ്വസിപ്പിച്ചു . എന്തോ ഒരു കുറ്റ ബോധമാണ് അവന്റെ മനസ്സിൽ കിടന്നു നീറുന്നത് . എന്തായിരിക്കുമത് .
'' അവളെ പിരിഞ്ഞു പോയതിൽ പിന്നെ എനിക്ക് വളരെ വിഷമം ആയിരുന്നു . അവൾ പറഞ്ഞല്ലോ സദാ സമയം ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കും . അല്ലെങ്കിൽ മെസ്സേജ് ചെയ്തു കൊണ്ടിരിക്കും . ഒരിക്കൽ ഒരു രാത്രി അന്ന് നേരത്തെ ഫോൺ സംഭാഷണം അവസാനിപ്പിച്ച് അവൾ ഉറങ്ങാൻ പോയി . പിറ്റേന്ന് രാവിലെ തന്നെ ഒരു പരീക്ഷക്ക് പോകേണ്ടതുണ്ട് . അത് കൊണ്ട് നേരത്തെ ഉറങ്ങാനാണ് അവൾ പോയത് .''
'' അങ്ങനെ റൂമിൽ ഉറക്കത്തെ ക്ഷണിച്ചു വരുത്തി ഉറങ്ങാനിരിക്കുമ്പോൾ അടുത്ത കൂട്ടുകാരൻ ഏതോ ഒരു മത പ്രഭാഷണം കേൾക്കുന്നുണ്ടായിരുന്നു. വൈവാഹിക ജീവിതമാണ് വിഷയം . കണ്ണുകൾ അടച്ചു ഉറക്കത്തെ ക്ഷണിക്കുമ്പോൾ അറിയാതെ എന്റെ കാതുകൾ ആ പ്രസംഗത്തിലേക്കു വീണു . ''
അതിൽ പറഞ്ഞ കാര്യങ്ങൾ ........................
അത് മാത്രമായി പിന്നെ എന്റെ മനസ്സിൽ .. ഞാൻ കഴിഞ്ഞു പോയ പല കാര്യങ്ങളും ഈ വിഷയവുമായി ബന്ധപ്പെടുത്തി ചിന്തിച്ചു .... അതോടെ എനിക്ക് മനസ്സിലായി സാർ അവൾ എന്റെ ആരുമല്ലാതായി മാറിയിരിക്കുന്നുവെന്ന് . അന്ന് രാത്രി എനിക്കുറങ്ങാനായില്ല . എന്റെ ചിന്തകളുടെ ചോദ്യം ചെയ്യലിൽ ഞാൻ ആകെ തളർന്നു പോയിരുന്നു സാർ . പരീക്ഷ കഴിഞ്ഞും എന്റെ വിളി വരാത്തത് കൊണ്ടാകും അവളുടെ കാളുകൾ എനിക്ക് വരുന്നുണ്ട് . പക്ഷെ ഞാൻ കാരണം , എന്റെ ആരുമല്ലാതായി മാറിയിരിക്കുന്ന അവളോട് സംസാരിക്കാൻ എന്തോ വല്ലാത്ത ഭയം .... ചില ഒഴുക്കൻ മറുപടി മാത്രം ഞാൻ അവൾക്ക് നൽകുമ്പോഴും അവൾ എത്ര മാത്രം വിഷമിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു .
'' ഞാൻ എന്റെ പ്രശനങ്ങൾ ആരോടും പറഞ്ഞില്ല .. സ്വയം മനസ്സിലാക്കാൻ നോക്കിയിട്ടും എനിക്കൊട്ടും മനസ്സിലായില്ല . എന്റെ മാറ്റം കണ്ടു കൂട്ടുകാർ നിർബന്ധിച്ചു ഞാൻ നാട്ടിലെത്തി അവളെ കാണുമ്പോൾ അവൾ പുണരാൻ അടുത്ത വരുമ്പോഴൊക്കെ ഞാൻ മാറിയൊഴിഞ്ഞത് അവൾ എന്റെ ആരുമല്ലാതായിരിക്കുന്നുവെന്ന ബോധ്യത്തിലായിരുന്നു .''
'' എന്താണ് പ്രശ്നം .. നീ അത് മാത്രം പറയുന്നില്ലല്ലോ .. അവൾ നിന്റെ ആരുമല്ലാതാകുന്നത് എങ്ങനെ ? .. നീ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരുന്നതും കാത്ത് കരഞ്ഞു പ്രാർത്ഥിച്ചു കഴിയുന്ന അവൾ എങ്ങനെ നിന്റെ ആരുമല്ലാതായി മാറും . എന്താണ് നടന്നതെന്ന് നീ തുറന്നു പറ . ''
എന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു . കാട് കേറിയുള്ള അവന്റെ വിവരങ്ങൾ എന്നെ അല്പം അലോസരപ്പെടുത്തി . പക്ഷെ അത് ഫലം കണ്ടു മടിച്ചു മടിച്ചാണെങ്കിലും അവൻ ബാക്കി പറഞ്ഞു .
'' ഞങ്ങളുടെ ആദ്യത്തെ മധു വിധു യാത്ര .. ഞാനും പിന്നെ ഒരു കൂട്ടുകാരനും ഞങ്ങളുടെ ഭാര്യമാരും . എല്ലാം അടുത്ത് കല്യാണം കഴിഞ്ഞവർ . ഒരു സായാഹ്നത്തിൽ പ്രണയ പരവശനായി എന്റെ കൂട്ടുകാരൻ അവന്റെ ഭാര്യയെ വാരിയെടുത്ത് എന്റെ മുന്നിലൂടെ നടക്കുകയായിരുന്നു . ഇത് കണ്ടപ്പോൾ എനിക്കും ഒരാഗ്രഹം അത് പോലെ ചെയ്യാൻ . ഞാൻ എന്റെ ഭാര്യയെ അടുക്കലേക്കു വിളിച്ചു . പക്ഷെ അവൾക്കു മറ്റുള്ളവർക്ക് മുന്നിൽ ഇത്തരം പ്രകടനത്തിന് താല്പര്യമില്ലായിരുന്നു . അവൾ വന്നില്ല . കൂട്ടുകാരുടെ മുന്നിൽ വെച്ച് എന്റെ ക്ഷണം നിരസിച്ചത് കാരണം കൂട്ടുകാരുടെ പരിഹാസത്തിനു ഞാൻ വിധേയനായി .''
'' ദേഷ്യവും വിഷമവുമെല്ലാം സഹിക്കാതെയായപ്പോൾ ഞാൻ അവളോട് അത് പ്രകടിപ്പിച്ചു .. അവളുടെ കൈ തട്ടി മാറ്റി ഞാൻ ദേഷ്യപ്പെട്ടു ..
'' എനിക്ക് വേണ്ട ഡീ .. ഇഷ്ടല്ല നിന്നെ ..... '' ഇത്രയും പറഞ്ഞു അവിടെ നിന്നും കടന്നു പോയ എന്റെ ദേഷ്യം അൽപ സമയം കഴിഞ്ഞപ്പോൾ തണുത്തു . കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ കൂടെ കണ്ടപ്പോൾ ആ നേരത്തെ ദേഷ്യത്തിൽ പറഞ്ഞതാണെന്ന് അവളെ സമാധാനിപ്പിച്ചു . ഞങ്ങളുടെ ജീവിതം പിന്നെയും സന്തോഷകരമായി , ഞാൻ ദുബായിലേക്ക് തിരിച്ചു പോകുന്നത് വരെ . ''
'' ദുബായിൽ പോയതിനു ശേഷം ഞാൻ അന്ന് ഒരു പ്രസംഗം കേട്ട കാര്യം പറഞ്ഞില്ലേ ?... അത് .... ''
പെട്ടെന്ന് എന്റെ ഫോൺ ശബ്ദിച്ചു ഭാര്യയാണ് . ഒരു നിമിഷം അവനോട് പറഞ്ഞു അവളോട് സംസാരിച്ചു . മറു തലക്കൽ അവൾ നല്ല ചൂടിലാണ് . ഏതോ ചെറിയ കാര്യത്തിന് വഴക്കുണ്ടാക്കി കൊണ്ടിരിക്കയാണ് ... ആദ്യം കുറേ സമാധാനിപ്പിക്കാൻ നോക്കി ഫലം കണ്ടില്ല . അവസാനം അവളോട് അല്പം ചൂടായി ഞാൻ ഫോൺ കട്ട് ചെയ്തു ഞാൻ അവനോടു ബാക്കി സംസാരിക്കാൻ വന്നു ..
'' ആ എന്നിട്ട് പറ ..... ഒരു മിനിറ്റ് സാർ .. സാറിപ്പോൾ ആരോടാ സംസാരിച്ചത് ?... '' അവൻ എന്നോട് ചോദിച്ചു .
'' എന്റെ ഭാര്യയോട് .. എന്താ .. അവൾ എന്നെ വിളിച്ച ചീത്ത നീ കേട്ടോ ? .. ''
'' ഹേ അതല്ല സാർ അവസാനം സാർ പറഞ്ഞില്ലേ അവരോട് അങ്ങനെ ..... ഈ നിമിഷം അവർ സാറിന്റെ ആരുമല്ലാതായില്ലേ ?... ''
'' ങേ ... നിന്റെ ഭാര്യ അല്ലെ നിന്റെ ആരും അല്ലാതയുള്ളു ... അതിനിടയിൽ എന്റെ ഭാര്യ എങ്ങനെ എന്റെ ഭാര്യ അല്ലാതായി മാറുന്നത് ?.. '' എന്റെ തല പെരുകുന്നത് പോലെ .
'' സാറിപ്പോ അവരോട് പറഞ്ഞില്ലേ .... വേണ്ട ... എനിക്ക് നിന്നെ വേണ്ട ''
'' ഹാ പറഞ്ഞു .. അതിനു ?... അതിപ്പോ ദേഷ്യം വന്നാൽ അതല്ല അതിനപ്പുറം പറയും .... അല്പം കഴിഞ്ഞാൽ നേരത്തെ വിളിച്ചു സംസാരിച്ച ആളേ ആകില്ല എന്റെ ഭാര്യ .. അതൊക്കെ സൗന്ദര്യ പിണക്കം ''
'' സാർ ഞാനും അത്ര മാത്രമേ എന്റെ ഭാര്യയോട് പറഞ്ഞുള്ളു .. അത് കൊണ്ടല്ലേ ഇപ്പൊ അവൾ എന്റെ ഭാര്യ അല്ല എന്ന് പറയുന്നത് .. അതായത് ഞാൻ അന്ന് കേട്ട ആ മത പ്രസംഗത്തിലെ ഉസ്താത് പറഞ്ഞു ഭാര്യയോട് '' നിന്നെ എനിക്ക് വേണ്ട '' എന്ന വാക്ക് ഉച്ചരിച്ചാൽ വരെ മത പരമായി അവിടെ ബന്ധം വേർപിരിഞ്ഞു എന്ന് . എന്റെ വായിൽ നിന്നും അങ്ങനെ ഒരു വാക്ക് വീണു പോയി സാർ ... അതാണ് അവളെ എനിക്ക് നഷ്ടപ്പെടുത്തിയത് ..... ''
ഇപ്പോഴാണ് കാര്യങ്ങളുടെ പൂർണ്ണ രൂപം കിട്ടിയത് . ഏതോ പ്രഭാഷകൻ പറഞ്ഞത് വെച്ച് ചിന്തിച്ചു പുകച്ചു അവൻ മനസ്സിലാക്കി മത പരമായി ബന്ധം വേർപ്പെട്ടു പോയെന്നു . അതിനു ശേഷം അവൻ ഇൻറർനെറ്റിൽ പരതി സമാന ഉത്തരങ്ങൾ കണ്ടെടുക്കാൻ ശ്രമിച്ചു . ആയിരം പോസിറ്റീവ് മറുപടികൾക്കിടയിൽ ഒരു നെഗറ്റീവ് ഉത്തരം മാത്രം കണ്ടിട്ടും അവൻ അതിനു മാത്രമാണ് പരിഗണന നൽകിയത് . ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു .
'' മോനെ ... വിവാഹ ജീവിതം എന്നാൽ രണ്ടു സാഹ ചര്യത്തിൽ ജീവിച്ച രണ്ടു വ്യക്തികളുടെ കൂടി ചേരലാണ് .അവർക്കു രണ്ടു പേർക്കും രണ്ടു സ്വഭാവങ്ങളും രണ്ടു അഭിപ്രായങ്ങളും കാണും . അവിടെ സ്വാഭാവികമായും പരിഭവവും പരാതിയും വഴക്കുമെല്ലാം കാണും . അത് നിനക്ക് മാത്രമല്ല ലോകത്തെ സകല ദമ്പതികൾക്കുമിടയിലുണ്ട് . അങ്ങനെ നോക്കുകയാണെങ്കിൽ വിവാഹ ബന്ധം വേർപെടാത്ത ഒരാൾ പോലും ഉണ്ടാകില്ല ഈ ഭൂമിയിൽ .എന്തിനു ഈ പ്രസംഗിച്ച ആൾ പോലും ഒരു ദിവസം നൂറു വട്ടമെങ്കിലും ഈ കണക്കിന് ബന്ധം വേർപ്പെടുത്തിക്കാണും. ഇണക്കവും പിണക്കവുമെല്ലാം ഉള്ളതാണ് ദാമ്പത്യം . ചില്ലു കൂടിനകത്ത് പ്രതിഷ്ഠിച്ചു ആരാധിക്കുന്നത് പോലെയല്ല . മനുഷ്യരാണ് .. മനുഷ്യ സഹജമായ വികാരങ്ങൾ പ്രകടിപ്പിക്കുക തന്നെ ചെയ്യും . ഇതൊന്നും തലനാരിഴ പോലെ കീറി പരിശോദിക്കേണ്ടതില്ല .. ഉള്ള ജീവിതം സന്തോഷത്തോടെ സമാധാനത്തോടെ കഴിയാൻ നോക്ക് .. ''
'' മോൻ ചെല്ല് .. അപ്പുറത്തെ മുറിയിൽ അവളുണ്ട് .. നിങ്ങൾക്കിടയിലുള്ള ബന്ധത്തിന്റെ ശക്തിയാണ് അവളിപ്പോഴും നിനക്ക് വേണ്ടി കാത്തിരിക്കുന്നത് . കേവലം നാവു ചതിച്ചത് കൊണ്ട് മുറിഞ്ഞു പോകുന്നതല്ല അത് . എന്നിരുന്നാലും അത്തരം സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കുക .''
അവൻ അവളുടെ അടുക്കൽ ചെന്നു . എന്തോ മഹാ ഭാരം ചുമലിൽ നിന്നും പൊഴിഞ്ഞു പോയ പോലെ ഒരു ആശ്വാസമുണ്ടവന്.നാളുകളിൽ ശേഷം അവൻ പുഞ്ചിരിച്ചു . ആ ചിരിയിൽ തിളങ്ങിയത് അവളുടെ മുഖമായിരുന്നു .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo