Slider

നശിക്കാത്ത നന്മ

0

നശിക്കാത്ത നന്മ
******************
കോരിച്ചൊരിയുന്ന മഴയിലൂടെ
സൈറൺ മുഴക്കി വന്ന ആംബുലൻസ്
ഞങ്ങളെ കടന്നു പോയി..
തൊട്ടുപിറകെ പോലീസ്ജീപ്പും
അതിന്റെ പുറകിലെ സീറ്റിൽ ഒരു
കുട്ടിയുമുണ്ട്
വണ്ടിയുടെ സ്പീഡിൽ റോഡിലൂടെ
ഒഴുകിയ വെള്ളം മൊത്തം ദേഹത്തേക്കു
തെറിച്ചു ബാക്കി കൂടി നനഞ്ഞൊട്ടി
ഞങ്ങൾ മൂന്നാളും
അവനെ കിട്ടി അല്ലെ?"..
മൃദുല പതുക്കെ ചോദിക്കുന്നുണ്ട്..
ഞങ്ങൾ നിശബ്ദരായി സ്‌കൂൾ കോമ്പൗണ്ടിലേക്കു കയറിച്ചെന്നു
വിശാലമായ ഗ്രൗണ്ട് മൊത്തം ജനങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്നു..പന്തലിനുള്ളിൽ ഉള്ളവരൊഴികെ എല്ലാവരും നനഞ്ഞു കൊണ്ടു പുറത്തൊക്കെയായി നിൽക്കുകയാണ്.
ആരൊക്കെയോ കരയുന്നുണ്ടു.
കുറെ കുട്ടികൾ കുറച്ചു ടീച്ചർമാർ
പിന്നെ കുറച്ചു അമ്മമാരും..
പന്തലിന് നടുവിൽ ടേബിളിൽ അവൻ
നീണ്ടു നിവർന്നു കിടന്നു..ഒരു ശവപ്പെട്ടി പോലുമില്ലാതെ..ഒരു ഉണക്കപ്പുൽ കിടക്കയിൽ..കണ്ണടച്ച് ഉറങ്ങുംപോലെ
വെള്ള പുതച്ചു കിടന്നു ആ കുഞ്ഞുശരീരം
ഇതിന് മുൻപ് ഫ്ലാറ്റിൽ പാലും കൊണ്ട്
വന്നപ്പോൾ ആണ് ഞാൻ അവനെ
കണ്ടിട്ടുള്ളത്..
അവനു അമ്മ ഇല്ലെന്നു മറ്റു ടീച്ചർമാർ പറഞ്ഞാണ് ഞങ്ങൾ അറിഞ്ഞത്..
കുടിച്ചുവന്നു അമ്മയെ വെട്ടിക്കൊന്ന
അച്ഛൻ ഇപ്പോൾ ജയിലിലാണ്
അവനും അനിയത്തിയും
മുത്തശ്ശിയുടെ കൂടെയാണ് താമസം
അവർക്കു കുറച്ചു എരുമകൾ ഉണ്ട്..
അതാണ് ആകെയുള്ള ആദായം..
അതുകൊണ്ടു തന്നെ എല്ലാവീട്ടിലും പാല് കൊടുത്തതിനു ശേഷമാണ് അവന്റെ
സ്‌കൂളിൽ പോക്ക്
"സിദ്ധാർത്ഥ സ്‌കൂളിൽ "അവന് എങ്ങനെ അഡ്മിഷൻ കിട്ടി എന്ന് ആലോചിച്ചിട്ടുണ്ട് ഞാൻ ..
കാരണം പൈസക്കാരുടെ മക്കൾ
പഠിക്കുന്ന ഇവിടുത്തെ ഏറ്റവും
വലിയ സ്‌കൂളാണത്..
പ്രിൻസിപ്പാൾ വിജയപ്രസാദ്‌ സർ
ആണ്
ഈ സ്‌കൂളിന്റെ നേട്ടത്തിന് പിന്നിൽ..അദ്ദേഹത്തെപ്പറ്റി
കേട്ടറിവേയുള്ളു എനിക്കന്ന്
വല്ലാത്ത കണിശക്കാരൻ..
ചെറിയ തെറ്റുകൾ പോലും ക്ഷമിക്കില്ല..
അദ്ദേഹത്തിന്റെ അടിയും പേരുകേട്ടതാണ്
ഒരു കുട്ടി തെറ്റു ചെയ്താൽ ആ ക്‌ളാസിലെ മുഴുവൻ കുട്ടികളെയും ഗ്രൗണ്ടിൽ ഇറക്കി നിർത്തി അവരുടെ മുന്നിൽ വച്ചാണ്
ആ കുട്ടിയെ അടിക്കുക..
അതുകൊണ്ട് തന്നെ അച്ചടക്കത്തിന് പേരുകേട്ടതായിരുന്നു "സിദ്ധാർത്ഥ സ്‌കൂൾ"
ആ സ്‌കൂളിൽ നിന്നാണ് കുട്ടികൾ
ഇന്റർവെൽ സമയത്തു മതില് ചാടി
അപ്പുറത്തെ ബേക്കറിയിൽ പോയി
"പുനുഗുലു"(ആന്ധ്രക്കാർ കൂടുതലായി കഴിക്കുന്ന ചെറിയ ബോൾ പോലെയുള്ള പലഹാരം)കഴിച്ചതു
അതിനിടെ ആരെയോ കണ്ട കുട്ടികൾ
ഓടുകയും അതിൽ ഒരാൾ റോഡിൽ
വീഴുകയും ചെയ്തു
അപ്പോത്തന്നെ ഹോസ്പിറ്റലിൽ
എത്തിച്ചെങ്കിലും ശ്വാസകോശത്തിൽ
പലഹാരം ബ്ലോക്കായി ആ കുട്ടി
തൽക്ഷണം മരിച്ചിരുന്നു
അത്രയേ കടക്കാരനും നാട്ടുകാർക്കും
അറിയൂ
മറ്റേ കുട്ടി പേടിച്ചു അപ്പോൾത്തന്നെ ഓടിക്കളഞ്ഞതിനാൽ അവനെ അന്വേഷിച്ചുപിടിച്ചു പോലീസ് സ്‌കൂളിലേക്ക് കൊണ്ടുവന്നതാണിപ്പോൾ
ഓഫിസ് റൂമിൽ കുറേസമയമായിട്ടു
അവനെ ചോദ്യം ചെയ്യുകയാണ് സി ഐ .
പുറത്തുമൊത്തം ആളുകളും
അവന്റെ വാക്കുകൾക്കായി കാത്തിരിക്കയായിരുന്നു..
ഉള്ളിൽ വിജയപ്രസാദ്‌ സാറും
കുട്ടിയുടെ അമ്മാവനും
ടീച്ചർമാരും മാത്രമേയുള്ളു
ശവത്തിനരികിൽ ബോധമില്ലാതെ
കിടന്ന മരിച്ചകുട്ടിയുടെ മുത്തശ്ശി
ഇതൊന്നും അറിഞ്ഞില്ല
"ഇനിയും നീ പറഞ്ഞില്ലെങ്കിൽ തീർച്ചയായും
നീ അടി വാങ്ങിക്കും"
സി ഐ ലാത്തി എടുത്തു മേശപ്പുറത്തു
വച്ച് അവനെ നോക്കി
"പറ മോനെ എന്തിനാ ആ സമയത്തു
കടയിൽ പോയത് നിങ്ങൾ?"
"സായിക്ക് വിശന്നിട്ടാ"
വിക്കി വിക്കി അവൻ പറഞ്ഞു..
"ചോദിച്ചാൽ വിടാത്തത് കൊണ്ട്
പുറകിലൂടെ ചാടിയതാ"
ഏങ്ങലടിച്ചുകൊണ്ടു അവൻ പറഞ്ഞു
"ശരി..അതിനിടെ ആരെക്കണ്ടിട്ടാ
നിങ്ങൾ ഓടിയത്?"
അവന്റെ മുഖത്തു രക്തമയം ഇല്ലായിരുന്നു
പേടിയോടെ അവൻ ടീച്ചർമാരെയും
മാമനെയും മാറിമാറി നോക്കി
പിന്നെ പതുക്കെ കൈ ചൂണ്ടി.....
എല്ലാവരും ഞെട്ടിത്തരിച്ചുപോയി
വിജയപ്രസാദ്‌ സർ ചാടിയെണീറ്റു..
അതിനു മുന്നേ അദ്ദേഹത്തിന്റെ മുഖത്തു അവന്റെ അമ്മാവൻ ഒരു പച്ചത്തെറി വിളിച്ചു ആഞ്ഞടിച്ചു.പകച്ചുനിൽക്കുന്ന
അദ്ദേഹത്തെ വലിച്ചു പുറത്തേക്കു
തള്ളിയിട്ടു..
"ഇവനാ ഇവനൊറ്റയൊരുത്തനാ എന്റെ ചെറുക്കൻ മരിക്കാൻ കാരണം"
രണ്ടു നിമിഷം കൊണ്ട് അവിടമൊരു യുദ്ധക്കളമായി മാറി..
ആ ചെളിവെള്ളത്തിൽ ഇട്ടു
ആരൊക്കെയോ അദ്ദേഹത്തെ
ക്രൂരമായി മർദിച്ചു.
പത്തിൽ താഴെയുള്ള പോലീസുകാർക്ക്
ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
സ്ത്രീകളെല്ലാം നിലവിളിച്ചുകൊണ്ട് ഓടിമാറി..പുരുഷന്മാർ ശാപവചനങ്ങളും തെറിവാക്കുകളും വിളിച്ചു പറഞ്ഞു
അദ്ദേഹത്തെ മഴവെള്ളത്തിൽ ഇട്ടു
ചവിട്ടിയരച്ചു..
മൂക്കിലൂടെയും വായിലൂടെയും ചോരയൊഴുകി കീറിപ്പറിഞ്ഞ ഷർട്ടോടെ ഒടുവിൽ അദ്ദേഹത്തെ പോലീസുകാർ എങ്ങനൊക്കെയോ വലിച്ചെടുത്തു താങ്ങിപിടിച്ചു ജീപ്പിൽ
കയറ്റുന്നത് കണ്ടു മരവിച്ചുനിന്നു ഞങ്ങളും..അപ്പോളും അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞെട്ടൽ മാത്രമേയുണ്ടായിരുന്നുള്ളൂ.
നിരപരാധിത്വം
വിളിച്ചുപറയുന്നുണ്ടായിരുന്നു ആ
കണ്ണുകൾ
******************
ഇന്നു വർഷാവസാന കാൻവാസിങ്ങിനു ഇറങ്ങിയതായിരുന്നു ഞങ്ങൾ
പതിവുപോലെ അടുത്തവർഷത്തേക്കുള്ള കുട്ടികളെ പിടുത്തമാണ് ലക്‌ഷ്യം
കരിമ്പിൻ തോട്ടത്തിനിടയിൽ നിന്നും ഒരു പെൺകുട്ടി "മിസ്സ്"എന്ന് വിളിക്കുന്നത്
കേട്ടാണ് ഞങ്ങൾ സംസാരം നിർത്തിയത്
ഇരുനിറത്തിൽ മെലിഞ്ഞ ഒരു പെൺകുട്ടി
പാതി ചവച്ച കരിമ്പിൻ തണ്ടുമായി എന്റെയടുത്തേക്കു ഓടിവന്നു
"ഞാൻ വിദ്യാദേവി ആണ് മിസ്..പണ്ട് പാല് കൊണ്ട് വരാറുള്ള സായ് അണ്ണയ്യയുടെ അനിയത്തി" തെലുഗിൽ അവൾ പറഞ്ഞു
അവന്റെ മരണത്തോടെ അവളെയും മുത്തശ്ശിയേയും കൊണ്ട് മാമനും
കുടുംബവും പോയി എന്നാണ് കേട്ടത്
എം ഇ ഒ വന്നു സ്‌കൂൾ പൂട്ടി സീൽ
വച്ചെങ്കിലും ലക്ഷങ്ങൾ വാരിയെറിഞ്ഞു
ഒരു മാസത്തിനുള്ളിൽ മാനേജ്‌മെന്റ്
റീ ഓപ്പൺ ചെയ്തിരുന്നു..
എല്ലാ ദുരന്തവും പോലെ ആ ഒൻപതാം ക്‌ളാസുകാരന്റെ മരണവും എല്ലാവരും മറന്നു..
4വർഷത്തിന് ശേഷമാണ് ഇപ്പോൾ അവർ തിരിച്ചെത്തിയിരിക്കുന്നത്
ആ മുത്തശ്ശി ഞങ്ങളെ കണ്ട സന്തോഷത്തിൽ കുറെ കരയുകയും പറയുകയും ചെയ്തുകൊണ്ടേയിരുന്നു.
നാട്ടുരീതിയിലുള്ള തെലുഗായതിനാൽ
എല്ലാം മനസിലായില്ലെങ്കിലും
കുറെയൊക്കെ എനിക്കു മനസിലായി
മകന്റെയും മരുമകളുടെയും
പീഡനത്തിൽ മനംമടുത്താണ് കൊച്ചുമകളെയും കൊണ്ട് അവർ തിരിച്ചുവന്നിരിക്കുന്നത്..
സ്‌കൂളുകാർ കുറെ കാശു കൊടുത്തു..അതൊക്കെ മകൻ കൈക്കലാക്കി..കുറച്ചുകാലം നന്നായി നോക്കി..പിന്നെ അരപ്പട്ടിണിയും മുഴുപട്ടിണിയും ആയതോടെ അവർ കൊച്ചുമകളെയും കൊണ്ട് തിരിച്ചുപോന്നു
"അപ്പോൾ ഇനി നിങ്ങൾ എങ്ങനെ ജീവിക്കും?മോളെ പഠിപ്പിക്കണ്ടേ?"
ദുർഗമിസ് അവരോട് ചോദിച്ചു
"അതിനുള്ളത് പ്രസാദ് സാർ അയച്ചു തരുന്നുണ്ട് മാസാമാസം..അതുംകൂടി അവൻ വാങ്ങിയെടുക്കുന്നതുകൊണ്ടാ ഇവളെയും കൊണ്ട് ഇങ്ങു പോന്നത് ഞാൻ"
കുറച്ചു നിമിഷത്തേക്ക് ഞങ്ങൾ ആരും
ഒന്നും സംസാരിച്ചില്ല..അത്രയേറെ ഞെട്ടിച്ചു
ആ വാർത്ത ഞങ്ങളെ..
ആ സാറിന്റെ ഒരുവിവരവും പിന്നിതുവരെ കേട്ടിരുന്നില്ല ഞങ്ങൾ..
വർക്ഷോപ്പിൽ ഉള്ള
സ്‌കൂൾ ബസിന്റെ കാര്യങ്ങൾ
അന്വേഷിക്കാൻ
പോയ സാറിനെ കണ്ടു കുട്ടികൾ ഓടുകയായിരുന്നു എന്ന്
തെളിഞ്ഞതോടെ
സാറിനെ വെറുതെവിട്ടു എന്ന്
കേട്ടിരുന്നു.
പക്ഷെ ഇങ്ങോട്ടു വന്നില്ല
അദ്ദേഹം പിന്നെ
"അപ്പോ സർ ഇപ്പോ എവിടെയാണുള്ളത്?"
"അതറിയില്ല..എല്ലാമാസവും മോളുടെ പേരിൽ കാശ് വരും..അന്നെല്ലാരും പറഞ്ഞു ആ കാശു വാങ്ങേണ്ട എന്ന്..പക്ഷെ
എനിക്കറിയാം സാറ് മനഃപൂർവ്വം എന്റെ മോനെ കൊന്നതല്ല..അവൻ നല്ലോണം പഠിക്കുന്നത് കൊണ്ട് ഒരുറുപ്പിക പോലും ഫീസ് വാങ്ങാതെയാ അവിടെ പഠിപ്പിച്ചതു അന്ന്..ആ സാർ എന്റെ മോനെ ഒരിക്കലും കൊല്ലാൻ വേണ്ടി ഒന്നും
ചെയ്യില്ല.."
തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ നിശ്ശബ്ദരായിരുന്നു..ഇത്രയും കാലം
അറിയാതെ പറ്റിയ അബദ്ധത്തിനു പ്രായശ്ചിത്തം ചെയ്തുകൊണ്ടിരിക്കുന്ന സാറിന്റെ മുന്നിൽ... അന്ന് അയാളെ
തല്ലി പൊലീസിന് കൈ മാറിയ ഓരോ ബന്ധുക്കളും പുഴുക്കൾക്ക് സമമായിതീർന്നിരുന്നു ഞങ്ങളുടെ
മനസ്സിൽ അപ്പോൾ
By
വിനീത അനിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo