Slider

വഴിപിഴച്ചു നടന്ന മകൻ

0

വഴിപിഴച്ചു നടന്ന മകന് ഈയിടെയായി ഉണ്ടായ മാറ്റം ആമിനുമ്മാക്കു കൊറച്ചൊന്നുമല്ല സന്തോഷം നൽകിയത്...
നിസ്ക്കാരോം നോമ്പുമില്ലാണ്ട് നടന്ന ചെക്കൻ ഇപ്പൊ എന്തൊക്കെയൊ വായിച്ചും കൊണ്ടിരിപ്പാണ് ...
കൂടുതൽ സമയവും മൊബൈലിൽ ആരോടൊക്കെയൊ
സംസാരിക്കുന്നുമുണ്ട് ...
എന്തൊക്കെ ആയാലും പാതിരാവരെ അലഞ്ഞു നടന്ന മോനെ ഇങ്ങനെയെങ്കിലും തിരികെ കിട്ടിയതിൽ ആമിനുമ്മ പടച്ചോനോട് സ്തുതി പറഞ്ഞു...
പകഷെ ദിവസങ്ങൾ കഴിയുന്തോറും അവന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിത്തുടങ്ങി ...
നേരാം വണ്ണം വീട്ടിൽ നിന്നില്ലേലും ഉള്ള സമയത്തു ആമിനോന്നും പറഞ്ഞു കെട്ടിപ്പിടിക്കാറുണ്ടായ ആയിരുന്ന ചെക്കൻ ഇപ്പൊ ചിരിച്ചു കണ്ടിട്ടു ദിവസെത്രായി ...
ആമിനുമ്മ ഓർത്തു ...
എന്താ ഈ ചെക്കന് പറ്റിയേ ..
ഏത് നേരോം
ആലോചനയാണിപ്പോ ..
ദിവസോം രണ്ടു നേരോം കണ്ണാടി നോക്കിക്കൊണ്ടൊരുന്നവന്റെ ഇപ്പോഴത്തെ കോലമെന്താ ...
താടിയും മുടിയും നീട്ടി ഭ്രാന്തന്റെ മട്ടിൽ ...
സഹികെട്ടു ഒരുദിവസം അവനോടു ഇക്കാര്യം ചോദിച്ചപ്പോ തുറിച്ചൊന്നു നോക്കുക മാത്രം ചെയ്തു ....
ആയിടക്കാണ് ഒരു ദിവസം അവനെ കാണാനെന്ന പേരിൽ രണ്ടു പേർ വീട്ടിലേക്കു വന്നതു ....
ആമിനുമ്മയാണ് ആദ്യം വാതിൽ തുറന്നു പുറത്തേക്കു വന്നെ ...
അവരെ കണ്ടപാടെ വന്നവർ സലാം ചൊല്ലി ...
സലാം മടക്കിയ ശേഷം അവരോടു ആരാ എന്താന്നൊക്കെ ചോദിക്കാൻ തുടങ്ങുമ്പോഴാ അവനകത്തു നിന്നു പുറത്തേക്കു വന്നതു ...
വന്നപാടെ ഉമ്മാനെ നോക്കി അകത്തേക്കു പോവാൻ ആംഗ്യം കാണിച്ചു ...
അവരനുസരിച്ചില്ല ...
"പോവാനല്ലേ തള്ളേ പറഞ്ഞതു ..."
ഒരലർച്ചയാരുന്നു ..
അവൻറെ ആ ഭാവമാറ്റം കണ്ടു ആമിനുമ്മ ശരിക്കും ഭയന്നു പോയി ..
ഒന്നും മിണ്ടാതെ തല കുനിച്ചു അകത്തേക്കു നടക്കുമ്പോ ആ കണ്ണുകൾ നിറഞ്ഞിരുന്നുവോ ..
അവനവരോട് എന്തൊക്കെയൊ പറയുന്നതും അവർ കൊണ്ടു വന്ന ബാഗു വാങ്ങിച്ചു അകത്തോട്ടു പോവുന്നതും ആമിനുമ്മ ജനലഴികളിലൂടെ
കാണുന്നുണ്ടാരുന്നു ..
അവരുടെ മനസ്സിൽ വല്ലാത്തൊരു ഭീതി ഉടലെടുക്കുകയായിരുന്നു അപ്പോൾ ...
എന്തൊക്കെയൊ ഇവിടെ നടക്കുന്നുണ്ട് ...
യാ അല്ലാഹ് ..
എന്റെ മോനെ കാക്കണേ റബ്ബേ ..
അപ്പൊഴെക്കും അസർ ബാങ്കു വിളിച്ചു ...
ആമിനുമ്മ വേഗം വുളു എടുത്ത് നിസ്കരിക്കാനുള്ള തയാറെടുപ്പിലാരുന്നു ...
അപ്പോഴാണവൻ ധൃതിയിൽ പുറത്തേക്കിറങ്ങുന്നതു കണ്ടതു ...
അവൻ പോയെന്നുറപ്പ് വരുത്തിയതിനു ശെഷം ആമിനുമ്മ പതിയെ അവന്റെ മുറിയിലേക്കു കയറി ...
നെരത്തെ വന്നവർ കൈമാറിയ ബാഗിനുള്ളിൽ എന്താണെന്നു അറിയാനുള്ള ജിജ്ഞാസ പ്രകടമായിരുന്നു ആ മുഖത്തു....
കട്ടിലിനരികിലായി ഒതുക്കി വെച്ച ബാഗു തുറന്ന് നോക്കിയ ആമിനുമ്മ കണ്ടതു രണ്ടു മൂന്നു പാസ്പോർട്ടുകളും യാത്രാ ടിക്കറ്റുകൾ അടങ്ങിയൊരു കവറുമായിരുന്നു ...
പിന്നെ ഏതാനും ഡ്രെസ്സുകളും ലഘുലേഖകളും...
പാസ്‌പോർട്ടിൽ ഒരെണ്ണം തന്റെ മകന്റേതാണെന്നും അവനേതോ യാത്രക്കുള്ള ഒരുക്കത്തിലാണെന്നും മനസ്സിലാക്കാൻ ആ വൃദ്ധമനസ്സിനു പ്രയാസപ്പെടേണ്ടി വന്നില്ല..
എന്തോ ഓർത്തെന്ന പോലെ അവരവിടെ നിന്നെഴുന്നേറ്റു നിസ്കാരപ്പായയിലേക്കു നടന്നു ..
പ്രാർത്ഥന കഴിയുമ്പൊഴെക്കും നിസ്കാരവിരിപ്പു നനഞ്ഞു കുതിർന്നിരുന്നു..
പുറത്തു കാൽപ്പെരുമാറ്റം കേട്ടാണ് അവർ നിസ്കാരപ്പായയിൽ നിന്നെഴുന്നേറ്റതു ...
അവൻ വന്നൂന്ന് തോന്നുന്നു ..
വാതിൽ തുറന്നു കൊടുത്തു നേരേ അടുക്കളയിലേക്കു നടന്നു...
ചായക്ക്‌ വെള്ളം വെച്ചു ..
അവനിഷ്ടുള്ള പലഹാരങ്ങൾ പാത്രത്തിലേക്ക് എടുത്തു വെച്ചു ..
അപ്പൊഴൊക്കെം കണ്ണുകൾ നിറയാതിരിക്കാൻ പാടു പെടുന്നുണ്ടായിരുന്നു അവർ ...
അപ്പോഴാണവൻ അങ്ങോട്ടേക്കു വന്നതു ...
"ഉമ്മാ ..."
അവൻ വന്നതറിഞ്ഞിട്ടും കാണാത്ത മട്ടിലിരുന്ന അവർക്കാ വിളി കെട്ടപ്പോ സഹിക്കാൻ കഴിഞ്ഞില്ല ...
അതു തന്നെയല്ലെ ഉമ്മമാരുടെ ദൗർബല്യവും ...
മക്കളെന്തു തെറ്റു ചെയ്താലും ആ ഒരൊറ്റ വിളിയിലെല്ലാം അലിഞ്ഞു പോവും ..
"ഉമ്മയ്ക്കെന്നോട് ദേഷ്യം തോന്നുന്നുണ്ടോ ..."
അതും ചോദിച്ചോണ്ടവൻ ഉമ്മയുടെ കൈപിടിച്ചു ..
അവരൊന്നും മിണ്ടാതെ അവന്റെ മുഖത്തേക്കു നോക്കി ..
"ഉമ്മാ ...
ഞാനൊരു യാത്ര പോവുകയാ ...
കൂടുതലൊന്നും എന്നോടു ചോദിക്കരുത് ...
ഉമ്മയെന്നെ വെറുക്കുകയുമരുത് .."
"യാത്രയോ എന്തു യാത്ര ...."?
ആമിനുമ്മ അവന്ടെ കൈവിടുവിച്ചു
കൊണ്ടു അറിയാത്ത ഭാവം നടിച്ചു..
"അതു പറയാനാവില്ലുമ്മാ ...
പക്ഷേ ഉമ്മ പേടിക്കണ്ട ...
ഇതു സ്വർഗത്തിലേക്കുള്ള യാത്രയാണുമ്മാ .."
അതുംകൂടി കേട്ടതോടെ ആമിനുമ്മാന്റെ ക്ഷമ നശിച്ചു ..
"നിനക്കെന്താ വട്ടായോ ശൈത്താനെ ..
പിച്ചും പേയും പറയുന്നു ...
പെറ്റുമ്മാനെ തനിച്ചാക്കീട്ടു ഏത് സ്വർഗം കിട്ടാനാടാ നിനക്കു ..."
അത്രയും പറഞ്ഞപ്പോഴേക്കും അവരു ചുമച്ചു തുടങ്ങിയിരുന്നു ...
അതു കണ്ടതും അവനുമ്മാന്റെ അടുത്തേക്കു വന്നു ആ കൈപിടിക്കാൻ ശ്രമിച്ചു ..
"തൊട്ടു പോവരുതെന്നെ"യെന്നും പറഞ്ഞവരാ കൈ തട്ടിമാറ്റി ...
"കൊറച്ചു ദിവസായി ഞാനും ശ്രദ്ധിക്കുന്നു നിന്റെ മാറ്റങ്ങൾ ...
വിവരോം വിദ്യാഭ്യാസോമില്ലാന്നു കരുതി നിന്റുമ്മ മണ്ടിയാന്നു കരുതിയോ നീ ..."
ഉമ്മാന്റെ പെട്ടന്നുള്ള സ്വഭാവം അവനെ ശരിക്കും അമ്പരപ്പിച്ചു..
"എവിടേക്കാടാ നിനക്കു
പോവേണ്ടത് ...
ആർക്കു വേണ്ടിയാടാ നിനക്കു ശഹീദാവേണ്ടത് ..."?
"അങ്ങിനെ പാവങ്ങളെ കൊന്നിട്ട് നീ സ്വർഗം നേടുമെങ്കിൽ അതാദ്യം ഈ ഉമ്മാന്റെ കഴുത്തിൽ കത്തി വെച്ചിട്ടാവട്ടെ ...."
എന്നും പറഞ്ഞോണ്ടു അടുക്കളയിലെ മൂലയിൽ ഒതുക്കി വെച്ചിരുന്ന കത്തിയെടുത്തു അവന്റെ കയ്യിൽ പിടിപ്പിച്ചു ..
ചില നിമിഷങ്ങളുണ്ട് ...
ഏത് ചെകുത്താനും മനം മാറ്റമുണ്ടാവുന്ന നിമിഷങ്ങൾ ...
ഉമ്മയുടെ ഭാവമാറ്റം കണ്ടപ്പൊ അവനൊന്നു പതറി ....
അവൻ ബലമായി ആ കത്തി വാങ്ങിച്ചു ദൂരേക്കെറിഞ്ഞു ..
എന്നിട്ടു വികാരാവേശം കൊണ്ടു കിതക്കുകയാരുന്ന ഉമ്മാനെ ചേർത്തു പിടിച്ചു ..
അവർ കുതറി മാറിക്കൊണ്ടു അവന്റെ കൈവിടുവിച്ചു ...
എന്നിട്ടു എന്തൊ ഭാവിച്ചെന്ന പോലേ അകത്തേക്കു നടന്നു ...
തിരികെ വരുമ്പൊ ഒരു ഖുർആനുണ്ടാരുന്നു ആ കയ്യിൽ ..
മുറുകെ പിടിച്ചും കൊണ്ടു ....
അതുമായി അവന്റെ മുമ്പിലേക്ക് നടന്നു ....
"നോക്കെടാ ...
പടച്ചോന്റെ കിതാബാണിത് ...
ഇതൊരു വട്ടമെങ്കിലും മനസ്സിരുത്തി വായിച്ചിട്ടുണ്ടേൽ വഴിപിഴക്കില്ലാരുന്നു എന്റെ പുന്നാരമോൻ ..."
"ഒരു ജീവിയേയും ആവശ്യമില്ലാതെ ഉപദ്രവിക്കരുതെന്നു പഠിപ്പിച്ച കൂടപ്പിറപ്പിന്റെ കണ്ണീരൊപ്പണം എന്നു പഠിപ്പിച്ച മതം കൊല്ലാനല്ല പഠിപ്പിച്ചത് ...
സ്നേഹിക്കാനാണ്‌ ..."
"ഒരു തെറ്റും ചെയ്യാത്ത പാവങ്ങളെ കൊല്ലാൻ നടക്കുന്ന നിനക്കു കാത്തു വെച്ചിട്ടുള്ളത് കത്തുന്ന നരകാ ..
അതറിഞ്ഞോണ്ട് നിനക്കു പോവണോന്നുണ്ടേൽ അതെന്റെ മയ്യിത്തിൽ ചവുട്ടിക്കൊണ്ടായിക്കോട്ടെ ..."
പറഞ്ഞു മുഴുമിപ്പിക്കാനാവാതെ അവർ പൊട്ടിക്കരഞ്ഞു ...
അവൻ മറുപടിയൊന്നും പറഞ്ഞില്ല ..
പകരം ആ കൈത്തലം പിടിച്ചു അവന്റെ മുഖത്തോടു ചേർത്തു പതിയെ പറഞ്ഞു ...
"ഉമ്മാ മാപ്പ് .."
¤¤
മുന്നെ എഴുതിയതായാണ്..
ഇന്നു യാദൃച്ഛികമായി ടീവിയിലിതുപോലൊരു വാർത്ത കണ്ടപ്പൊൾ ഒന്നുടെ പോസ്റ്റണമെന്നു തോന്നി..
ആരെയും നന്നാക്കാൻ കഴിയുമെന്ന അതിമോഹമൊന്നും എനിക്കില്ല..
എങ്കിലും ആഗ്രഹിച്ചു പോവുന്നു..
എല്ലാവർക്കും വിഷുആശംസകൾ നേരുന്നു.

By rayan Sami
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo