Slider

ഓര്‍മകളും മരിക്കട്ടെ

0
Image may contain: 1 person, closeup

ഉള്ളിലെവിടെയോ ചെറിയ പേടി മൊട്ടിട്ടപോലെ,ഒരിക്കല്‍ എന്റെ ചാരത്തുണ്ടായിരുന്നവരെല്ലാം ആഴത്തില്‍ വേദനിപ്പിച്ച് ദൂരേക്ക് മായാന്‍ വിധിക്കപ്പെട്ടവരായിരിക്കാം,നോവുന്ന ഓര്‍മകളാല്‍ എനിക്ക് ഭാരമേറുമ്പോള്‍ ഏകാന്ത ജീവിതത്തിനും എന്നെടെന്തോ അഭേദ്യമായ ബന്ധം ഉണ്ട്,ചങ്ങലകളാല്‍ മുറുകിയ ബന്ധം,എല്ലാരും അകലുകയാണ് എന്നെ തനിച്ചാക്കി,ബന്ധുക്കള്‍,കൂട്ടുകാര്‍,മക്കള്‍,ഭാര്യ,ഇപ്പോള്‍ ഉണ്ണിയും പോവുകയായോ?
എന്നും രാവിലെ മകളുടെ ഭര്‍ത്താവ് ദീപക് അഗര്‍വാള്‍ ഡല്‍ഹി,രാമകൃഷണപുരത്തെ സെക്ടര്‍ 4 ലെ എന്റെ ഫ്ലാറ്റില്‍ വരും,സ്വന്തം മകളില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കാത്ത കരുണയും സ്നേഹവും അച്ഛന്‍ എന്ന വിളിയും മരുമകനില്‍ നിന്നും പ്രതീക്ഷിക്കാതെ കിട്ടുന്നു.ഒരു മണിക്കൂറോളം എനിക്കൊപ്പം ചിലവഴിച്ചിട്ടാണ് അവന്‍ ഓഫീസിലേക്ക് പോവുക,മകള്‍ അവന് വേണ്ടി കൊടുത്തയക്കുന്ന ഉച്ച ഭക്ഷണം “വേണമെങ്കില്‍ കഴിക്കുക,ഇല്ലെങ്കില്‍ കളയുക” എന്ന ഭീഷണി നിറഞ്ഞ സ്നേഹത്തോടെ എനിക്ക് നല്‍കും,ജോലി കഴിഞ്ഞ് മടങ്ങുമ്പോഴും അവന്‍ എനിക്കായ് എന്തേലും കരുതും,ശേഷം ടിഫിനെടുത്ത് വീട്ടിലേക്ക് മടക്കം,പലപ്പോഴും ദീപക് വീട്ടിലേക്ക് രാത്രി മടങ്ങുമ്പോള്‍ കീമോതെറാപ്പി മരുന്നുകളുടെ മണം നിറഞ്ഞ റൂമില്‍ ഞാന്‍ അനുഭവിക്കുന്ന ഏകാന്തത എന്നെ കണ്ണ് നിറയിപ്പിച്ചു.
വേര്‍ പിരിഞ്ഞെങ്കിലും ഞാനിനിയും നീക്കം ചെയ്യാത്ത ഭാര്യയുടെ ഫോട്ടോ മേശ മുകളിലിരുന്ന് ആ നിമിഷങ്ങളില്‍ എന്നെ നോക്കി പരിഹസിക്കുന്നത് പോലെ തോന്നും.വണ്ടിയിടിച്ചും വെടിയേറ്റും ഞൊടിയിടയില്‍ മരിച്ച് വീഴുന്നവരെയോര്‍ത്ത് മണിക്കൂറോളം ദൈര്‍ഘ്യമേറിയ രാമകൃഷ്ണപുരത്തെ എന്റെ ഓരോ നിമിഷങ്ങളിലും ഞാന്‍ അസൂയപ്പെടും.മരണമെന്നെ എവിടയോയിരുന്ന് എത്തി നോക്കുന്നുണ്ട്,ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാനുള്ള ബില്ലടച്ച്‌ സാമ്പിള്‍ നല്കാന്‍ ലാബിലേക്ക് നടക്കുമ്പോള്‍ മുതല്‍ ആ സത്യം ഞാന്‍ അറിഞ്ഞിരിന്നു.
ഉണ്ണിയുടെ വിശേഷങ്ങളും അന്വേഷണങ്ങളും കഴിഞ്ഞ ചില വര്‍ഷങ്ങളായ് എല്ലാ മാസവും കത്തിന്റെ രൂപത്തില്‍ നാട്ടില്‍നിന്നും എന്നെ തേടി എത്താറുണ്ടായിരുന്നു,ഓരോ ദിവസങ്ങളോടും പൊരിതാനുള്ള വീര്യം ആ കത്തുകള്‍ എനിക്ക് പകര്‍ന്ന് തന്നിരിന്നു.പക്ഷെ ഇപ്പോള്‍ കത്തുകളുടെ വരവ് മുടങ്ങിയിട്ടും ഉണ്ണിയുടെ യാതൊരു വിവരവും ഇല്ലാതായിട്ടും മാസം രണ്ട് കഴിഞ്ഞ സന്ദര്‍ഭത്തില്‍ ഞാന്‍ ബിശ്വാസിനെ നാട്ടിലേക്ക് പറഞ്ഞയച്ചിരിക്കുക്കയാണ്,ബിശ്വാസ്, കല്‍ക്കത്ത സ്വദേശിയായ എന്റെ സഹായി.
പെറ്റമ്മയുടെ കണ്ണീര് കാണാതെ ഞാന്‍ പ്രണയിനിയുടെ കണ്ണീരിന് തടയണയിടാന്‍ പടിയിറങ്ങുമ്പോള്‍ നിഴല് വീണ ബന്ധങ്ങള്‍ എനിക്ക് മാപ്പ് തരില്ലെന്ന് അറിഞ്ഞിട്ടും പണവും ആര്‍ഭാടവും ഏറിയപ്പോള്‍ ഞാനതെല്ലാം മറക്കാതെ മറന്നു.ഡല്‍ഹിയിലെ തിരക്കേറിയ ജീവിത താളത്തിനോട്‌ ലയിച്ച് ഹരിയാന്‍വി ഭാര്യ ഉണ്ടാക്കിത്തരുന്ന വെണ്ണ പുരട്ടിയ റൊട്ടിയുടെ സ്വാദില്‍ ഞാന്‍ പിറന്നമണ്ണിന്റെ പഴമക്കാരനായി.
ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ക് ശേഷം ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ എന്റെ അടുക്കളയില്‍ വെണ്ണ പുരട്ടിയ റൊട്ടിയുടെ മണം ഉണ്ടായിരുന്നില്ല.ഞാന്‍ ഏറ്റവും സ്നേഹിച്ച എന്റെ പ്രിയതമ തന്നെ എന്നെ കൂടുതല്‍ വേദനിപ്പിച്ച് അകന്നപ്പോള്‍പട്ടിണിയും ദുരന്തവും തിരപോലെ ആഞ്ഞടിച്ചുകൊണ്ടിരുന്ന നങ്ങീലിലെ ഉണ്ണിയാണ് സ്വാന്തനത്തിന്റെ പര്യായമായത്.
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയാഘോഷ വേളയിലാണ് കേശവപുരത്ത് ഞാന്‍ പിന്നെയും കാല് കുത്തിയത്,ബസ്സില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്ക് മധുരവുമായി എത്തിയ ഉണ്ണിയെ ഞാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നെയും കാണുകയാര്‍ന്നു.അവന്‍ ഇന്നും അവിവാഹിതനാണ്.വിവാഹം കഴിക്കാത്തതിന്റെ കാരണം ചോദിച്ചപ്പോള്‍ മോണ കാട്ടി ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു.
“കറുത്തവന് ആര് വെളുത്ത പെണ്ണിനെ കൊടുക്കും?”.
ഞങ്ങള്‍ നടത്തം തുടര്‍ന്നു.
“നിക്കറിയായിരുന്നു,നീ ഒരിക്കല്‍ തിരിച്ച് വരുമെന്ന്”.
ഒന്ന് മുതല്‍ അഞ്ച് വരെ പഠിച്ച കൊക്കുമുക്ക് പള്ളിക്കൂടത്തിന്റെ മുന്നിലൂടെ ഉണ്ണിക്കൊപ്പം നടന്ന് പോകുമ്പോള്‍ കഞ്ഞിപ്പുരയിലെ ആവി പൊങ്ങുന്ന ചോറിന്റെയും ചെറുപയറിന്റെയും മണം വീണ്ടും കിട്ടി,അവിടെ പഠിച്ചിരുന്ന കാലത്ത് ആരും കാണാതെ ചെറുപയര്‍ വാരി കീശ നിറയ്ക്കുമ്പോള്‍ ഈ ലോകം കാല്‍ ചുവട്ടിലാക്കിയത് പോലെ തോന്നുമായിരിന്നു,ചോറും പയറും ഉണ്ടാക്കാന്‍ വരുമായിരുന്ന ജോസിന്റെ വല്യമ്മ ത്രേസ്യ തള്ളേടെ വഴക്ക് എത്ര തവണ അതിന് കേട്ടിട്ടുണ്ട് ,അതൊക്കെ വീണ്ടും കേള്‍ക്കാന്‍ കാതുകള്‍ നിശബ്ദതയില്‍ ആണ്ട്പോയി.
ഉണ്ണിക്കൊപ്പം പാടത്തെ ചേറിന്റെ മണമുള്ള ദിനങ്ങള്‍ പലത് കഴിഞ്ഞു,ഉച്ചയാകുമ്പോള്‍ തൊടിയിലെ മാവില്‍ നിന്നും പറച്ച മാങ്ങകൊണ്ട് ഉണ്ടാക്കിയ ചമ്മന്തി കൂട്ടി കന്നീട്ട് മനയോട് ചേര്‍ന്ന കുളത്തിന്റെ കരയില്‍ ഇരുന്ന് ഉച്ചയൂണും പല തവണ കഴിച്ചു,പണി കഴിഞ്ഞ് ആ കുളത്തില്‍ തന്നെ മുങ്ങി കുളിക്കും,എന്നിട്ട് ഉണ്ണിയുടെ വീട്ടിലേക്ക് തന്നെ മടക്കം,വര്‍ഷങ്ങള്‍ക്ക് മുന്പ് മനയിലെ ഇളയ കാരണവര്‍ ഉണ്ണിക്ക് ഇഷ്ട്ടദാനം കൊടുത്ത മണ്ണില്‍ അവന്‍ ഒരു കൂര കെട്ടി,ഒറ്റയ്ക്ക് തന്നെ താമസം,അവിടെ തന്നെ ഞാനും ആ ദിനങ്ങളില്‍ തല ചായ്ച്ചു,എന്നും വൈകുന്നേരങ്ങളില്‍ ചെത്തുകാരന്‍ തങ്കോനില്‍ നിന്നും വാങ്ങുന്ന കള്ളിനൊപ്പം കുളത്തില്‍ നിന്നും പിടിച്ച മീന്‍ കൊണ്ട് ഉണ്ണിയുണ്ടാക്കുന്ന കറിയും കൂടിയാകുമ്പോള്‍ ഓരോ ദിവസവും പൂര്‍ണമാകും.
പനങ്കള്ള് കിട്ടാത്തൊരു രാവില്‍ ഉണ്ണിക്കൊപ്പം കുളക്കടവില്‍ കിടക്കുമ്പോള്‍ പോന്തൂവലണിഞ്ഞ പഴയ ഓര്‍മകളെ ഞങ്ങള്‍ ആകാശത്തെ നക്ഷത്രങ്ങളോട് പങ്ക് വെച്ചു.മൂന്നാം തരത്തില്‍ പഠിക്കുമ്പോള്‍ ഞാനുണ്ണിയുടെ മഷിത്തണ്ട് മോഷ്ട്ടിച്ചത് മുതല്‍ ബിരുദത്തിന് പഠിക്കവെ സര്‍വകലാശാലയിലെ സുന്ദരിയായ ഉത്തരേന്ത്യന്‍ യുവതിക്ക് ഹിന്ദിയില്‍ പ്രേമലേഖനം എഴുതിക്കാന്‍ സൈക്കിളില്‍ മൈലുകള്‍ താണ്ടി ഒരാളെ കണ്ടെത്തിയതുമെല്ലാം ഇനി പഴങ്കഥയെന്ന് വിശ്വസിക്കാന്‍ പറ്റാതായി.അപ്പോഴും പണ്ട് മുത്തശ്ശി പറഞ്ഞ കഥയിലെ നായകനായ കുളത്തിന്റെ കരയില്‍ ഇന്നും ഇരിക്കാന്‍ കഴിയുന്നതില്‍ മനസ്സില്‍ കുളിരേറി.
പണ്ട് കേശവദേശം വാണിരുന്ന സുദര്‍ശന രാജാവിന്റെ കൊട്ടാരത്തിന്റെ ഭാഗമായിരിന്നു ഈ കുളം,രാജാവിന്റെ ഏക പുത്രിയായിരുന്ന രാധയ്ക്ക് മംഗല്യ പ്രായമായപ്പോള്‍ കുമാരിയെ കാണാന്‍ പല ദേശത്ത്‌ നിന്നും പലരും വന്നെങ്കിലും അവരെയൊന്നും കുമാരിക്ക് ബോധിച്ചില്ല.ശേഷം ഒരിക്കല്‍ കുളത്തില്‍ നീരാടുവാന്‍ എത്തിയ കുമാരിയോട് തോഴിമാര്‍ രാധയുടെ സങ്കല്‍പ്പത്തിലെ വരനെ കുറിച്ച് ആരാഞ്ഞു.ഈ ദേശത്തെ ഏറ്റവും ദരിദ്രനായ ഒരാളാകും തന്റെ വരന്‍,അയാളെ ഞാനീ ജലാശയത്തിന്റെ ആഴങ്ങളില്‍ കണ്ടുമുട്ടും എന്ന് പറഞ്ഞ് കുമാരി രാധ ആഴങ്ങളിലേക്ക് നീന്തി മറഞ്ഞു,പിന്നീടൊരിക്കലും കുമാരി മടങ്ങിയില്ല. ഉണ്ണിക്കൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നെയും അവിടെ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ വെള്ളത്തിന്റെ തണുപ്പിനൊപ്പം ശരീരത്തിലേക്ക് വൈദ്യുതി പ്രവഹിച്ചത് പോലെ തോന്നിയതിന് കാരണം ഇന്നുമെന്നും ഞാന്‍ മറക്കാത്ത ഈ കഥയായിരിന്നു..
ഓരോ ദിവസം കഴിയുന്തോറും മേശ മുകളില് ഡല്‍ഹിക്ക് മടങ്ങാനുള്ള ടിക്കറ്റ്‌ കാണുമ്പോള്‍ ചങ്കില്‍ തീ കോരിയിടുന്ന പോലെയാണ് തോന്നിയത്,ഡല്‍ഹിക്ക് മടങ്ങാനുള്ള താത്പര്യമേതുമില്ലാതായിട്ടും നാട്ടില്‍ തന്നെ തങ്ങാന്‍ മനസ്സ് ആഗ്രഹിച്ചില്ല,നാട്ടില്‍ കഴിയുന്ന ഓരോ നിമിഷവും ഞാന്‍ പ്രണയത്തിന് വേണ്ടി നഷ്ട്ടപ്പെടുത്തിയ കുടുംബത്തിന്റെ ഓര്‍മകളാലും,ആളുകളുടെ നോട്ടങ്ങളാലും മുറിവേല്‍ക്കുകയായിരിന്നു,എല്ലാവരും എന്നെ അറിയുന്നവരായിട്ടും ആരും പരിചയ ഭാവം കാണിക്കാത്തതും വിഷമിപ്പിച്ചു,അതില്‍ കൂടപ്പിറപ്പുകളും പെടുന്നു.
ഡല്‍ഹിയിലെ ഫ്ലാറ്റില്‍ ഞാന്‍ ഇതിലേറെ സന്തോഷവാനാണെന്ന് എനിക്ക് മനസ്സിലായി. ഉണ്ണി നിര്‍ബന്ധിച്ചെങ്കിലും അവനെ മാനിക്കാതെ ഞാന്‍ മടങ്ങാന്‍ തന്നെ തീരുമാനിച്ചപ്പോള്‍ എന്റെ അഡ്രസ്സ് വാങ്ങുകയും കത്തെഴുതുമെന്ന് വാക്ക് തരുകയും ചെയ്തു,ഇനി നാട്ടിലേക്ക് ഒരു തിരിച്ച് വരവില്ലെന്നും അവസാനമായി എന്നെ കണ്‍കുളിര്‍ക്കെ കാണൂ എന്ന് പിറന്ന മണ്ണ് വിളിച്ച് പറയുന്ന പോലെ തോന്നി.
നഗരത്തിന്റെ സുപരിചതമായ ശബ്ദ കോലാഹലങ്ങള്‍ക്കിടയിലും സുഖനിദ്രയിലാണ്ടുപോയ എന്നെ ഉണര്‍ത്തിയത് കേശവപുരത്ത് നിന്നും മടങ്ങിയെത്തിയ ബിശ്വാസ് വാതിലില്‍ മുട്ടുന്ന ശബ്ദമാണ് .
മുറിയില്‍ എനിക്കരികില്‍ വന്നിരിക്കുമ്പോള്‍ മൊബൈലിനൊപ്പം ഒരുപിടി കത്തുകളും അവന്റെ കയ്യില്‍ ഉണ്ടായിരിന്നു.ആ കത്തുകള്‍ക്കിടയില്‍ നങ്ങേലിലെ ഉണ്ണിയുടെ കത്ത് ഒരുപക്ഷെ എന്റെ തലോടലിനായ് വീര്‍പ്പ് മുട്ടുന്നുണ്ടായിരിക്കാം.
“ഇത് മൊത്തം ഉണ്ണിയുടെ കത്താണോ?” ഞാന് തിടുക്കപ്പെട്ടു.
“സര്‍,ഉണ്ണി സേട്ടന്‍ ഇനി ഇല്ല” ബിശ്വാസ് മുഖത്തേക്ക് നോക്കാതെ പറഞ്ഞൊപ്പിച്ചു.
“പാടത്ത് പണിക്കിടയില്‍ ചോറുണ്ണാന്‍ നേരത്ത് കയ്യും കാലും കളുകാന്‍ ഒരു കുളത്തിലിറങ്ങിയതാ,താളുന്നു പോയി,ഒപ്പമുള്ളവര്‍ക്ക് രശ്ശിക്കാന്‍ കളിഞ്ഞില്ല,രണ്ട് ദിവസം കളിഞ്ഞിട്ടും ബോഡി കിട്ടിയില്ലെന്ന് പറഞ്ഞ് കേട്ടു”.
ഒരു പക്ഷെ ഇന്ന് മുത്തശ്ശി ഉണ്ടെങ്കില്‍ പറയുമാര്‍ന്നു കുമാരി രാധ ഒടുവില്‍ തന്റെ ദരിദ്രനായ വരനെ ജലാശയത്തിന്റെ ആഴങ്ങളില്‍ നിന്ന് തന്നെ കണ്ടെത്തിക്കാണുമെന്ന് .അല്ലെങ്കില്‍ ആരും പറയാതെ ഞാനും അത് തന്നെ വിശ്വസിച്ച് പോയി.
കണ്ണീരിനെ പരിഹസിക്കാന്‍ കരുണയില്ലാക്കടലില്‍ ഉണ്ണിക്കൊപ്പമുള്ള ഓര്‍മകളെ പുല്‍കുമ്പോള്‍ കിട്ടുന്ന സ്വാന്തനം ഇനിയും ദൂരെയാകും.
സിയ ഷെരിഫ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo