Slider

പാലായനം

1
Image may contain: 1 person, standing, indoor and closeup

ഇരുട്ട് പരന്ന വഴിയിലൂടെ അവർ ബഹുദൂരം ഓടി. കാറ്റിന്റെ ശീൽക്കാരത്തിനോട് മറപറ്റി അവരുടെ കാലടി ശബ്ദം നേർത്തുപോയിരുന്നു.അകലെ കുന്നിൽ കാലൻ കോഴിയുടെ മരണമോർമിപ്പിക്കുന്ന നിലവിളികൾ. പൊട്ടിയടർന്ന കാൽവിരലിൽ നിന്നും രക്തം ഉറവു പൊട്ടി. ഹലീമയുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണീർ കൂട്ടി പിടിച്ച അവന്റെ കൈകളിലേക്ക് ഉറ്റി വീണു.
"നാസർക്ക ഇനി എനിക്ക് വയ്യാട്ടാ.... "
ഓട്ടത്തിനിടെ ഒറ്റപ്പെട്ടു നിന്ന ഒരു മരത്തിൽ ചാരി നിന്ന് അവൾ കിതച്ചു.അവളുടെ കാൽച്ചുവട്ടിലിരുന്ന് അവനും.
കടന്ന് വന്ന ഇരുട്ടിലേക്ക് അവർ ചെവിയോർത്തു. ആക്രോശങ്ങളും ആരവങ്ങളും നേർത്തിരിക്കുന്നു. അകലെ മുനിഞ്ഞ് കത്തുന്ന പന്തങ്ങളുടെ നുറുങ്ങുവെട്ടം അവർ ഞെട്ടലോടെ കണ്ടു.
രണ്ട് നാളായ് ഉരുണ്ടുകൂടിയ ഒരനിശ്ചിതത്വം കലാപമായ് പൊട്ടി പുറപ്പെട്ടത് ഇന്ന് സന്ധ്യയ്ക്കായിരുന്നു. തെരുവിന്റെ ഒരോരത്ത് നിന്ന് തുടങ്ങിയ ആക്രമണം വളരെ പെട്ടന്നാണ് പടർന്നു പിടിച്ചത്.തൃശൂലങ്ങളും വടിവാളുകളുമായികൂട്ടം ചേർന്ന് അവരോരോ വീടുകളും കയറി ഇറങ്ങാൻ തുടങ്ങി
കിട്ടിയ സാധനങ്ങളുമായി സഹധർമ്മിണിയുടെ കയ്യും പിടിച്ച് ഓടുമ്പോൾ എങ്ങോട്ടെന്നൊരു രൂപവും അവനില്ലായിരുന്നു. എത്ര ദൂരം ഓടി എന്നറിയില്ല.ഇരുട്ട് പരന്നത് മുതൽ മുന്നിൽവഴികളില്ലായിരുന്നു.എത്രത്തോളം അകലെയെത്താമോ എന്ന് മാത്രമായിരുന്നു ചിന്ത
"ന്റുമ്മാ..."
ഹലീമയുടെ കരച്ചലിൽ അവൻ ഞെട്ടിത്തെറിച്ച് തിരിഞ്ഞ് നോക്കുമ്പോൾ അവൾ വിരലിലടർന്ന മാംസം പതിയെ അമർത്തിവെക്കാൻ നോക്കുന്നത് അവ്യക്തമായി കണ്ടു.
മുണ്ടിന്റെ കോന്തലകീറീ അവൻ പതുക്കെ മുറിവ് കൂട്ടി കെട്ടി. പിന്നെയവളെ തന്റെ മടിയിലേക്ക് ചേർത്തിക്കിടത്തി.ആകാശത്തന്നേരം നക്ഷത്ര കുഞ്ഞുങ്ങൾ വെളിച്ചമില്ലാതെ നിന്നു. കാറ്റിന്റെ നനുത്ത തലോടലിൽ അവർ അറിയാതെ ഉറക്കത്തിലേക്കു വീണു പോയി.
"നാസർ......"
നേർത്ത വിളിക്കൊപ്പം തോളിലമർന്ന കൈ സ്പർശം അവരെ ഉറക്കത്തിൽ നിന്നും ഉണർത്തി.തട്ടിപ്പിടഞ്ഞെഴുന്നേറ്റ അവർക്കു മുന്നിലെ അവ്യക്ത രൂപം അവരെ വല്ലാതെ ഭയപ്പെടുത്തി
"ആരാ..."
തൊണ്ടയിൽ കുടുങ്ങിയ വാക്കുകളിൽ അവൻ ഇടറി നിൽക്കേ ആ രൂപം അവർക്കു മുന്നിലേക്ക് കുറച്ച് കൂടി ചേർന്നു നിന്നു.
പിന്നെ പോക്കറ്റിൽ നിന്നെടുത്ത തീപ്പെട്ടി ഉരച്ച് കത്തിച്ച് അവർക്ക് നേരേ ഉയർത്തി.
" ഞാൻ സായി. നിനക്കെന്നെ അറിയും".
കെട്ടുപോയ തീപ്പെട്ടിക്കൊള്ളി അലക്ഷ്യമായി എറിഞ്ഞ് കക്ഷത്ത് വെച്ചിരുന്ന വടിവാൾ കൈ കൊണ്ട് മുറുകേ പിടിച്ച് അയാൾ നിന്നു.
" സായീ നീ.... "
" ഞാൻ നിങ്ങൾക്ക് പിന്നാലെത്തന്നെ ഉണ്ടായിരുന്നു. എനിക്കറിയണമായിരുന്നു എത്രത്തോളം നിങ്ങൾ പോകുമെന്ന്.... "
വെളിച്ചംകെട്ട ഇരുട്ടിന് കട്ടി കൂടിയത് പോലെ നാസറിനു തോന്നി.
മുഖമില്ലാതെ വന്ന വാക്കുകളിൽ അവൻ ആകെ പരവശനായി. ഹലീമ അവന്റെ കൈകളിൽ മുറുകേ പിടിച്ച് വിറച്ചു നിന്നു.
"സായി ഞങ്ങളെ ഒന്നും ചെയ്യരുത്.... ഞങ്ങളെ പോകാൻ അനുവദിക്കണം... "
നരച്ച ഇരുട്ടിൽ അവൻ കൈകൂപ്പി നിന്നത് അയാൾ കാണുന്നുണ്ടായിരുന്നു. വടിവാൾ ഷർട്ടിനു പിറകിൽ ഒളിപ്പിച്ച് കുറച്ച് സമയം മിണ്ടാതേ നിന്നു. പിന്നെ പരമാവധി ശബ്ദം നേർപ്പിച്ച് അയാൾ പറയാൻ തുടങ്ങി.
"പേടിക്കേണ്ട നാസർ.ഞാൻ ഒന്നും ചെയ്യില്ല. എന്റെ മുനീറ നിന്റെ പെങ്ങളായത് കൊണ്ട് മാത്രല്ല, ഇതുപോലൊരിക്കൽ ജീവനും കൊണ്ട് ഞങ്ങളോടുമ്പോൾ സമുദായക്കാരെല്ലാം വേട്ടയാടുന്ന നേരം സഹായിച്ചില്ലെങ്കിലും മറഞ്ഞ് നിന്ന് നീ കരഞ്ഞത് എനിക്കറിയാമായിരുന്നു. ഇപ്പോഴും നിന്നെ കുറിച്ച് പറയുമ്പോൾ നൂറു നാവുള്ള എന്റെ മുനീറയുടെ ആങ്ങള യേ എങ്ങിനെയാ ഞാൻ കൊല്ല് ആ..... "
"സായീ... " വാക്ക് മുറിഞ്ഞ് കിതച്ച് നിന്ന അയാളുടെ തോളിൽ നാസർ പതിയേ കൈ അമർത്തി. അന്നേരമാ കൈകളിൽ അയാൾ പതിയേ പിടിച്ചു നിന്നു.
"അല്ലെങ്കിലും നാസർ എനിക്കൊരാളെ കൊല്ലാനൊന്നും കഴിയില്ല. പിറന്നു വീണ നാട്ടിൽ തുടർന്നു ജീവിക്കാൻ അവരുടെ കൂടെ എനിക്ക് ചേരേണ്ടി വന്നു. എപ്പോ വിളിച്ചാലും കൂടെ ഇറങ്ങിചെല്ലേണ്ടി വരുന്ന ഒരു ബാധ്യതയായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല."
നാസർ അയാളുടെ തോളിൽ കയ്യിട്ട് നെഞ്ചോട് ചേർത്ത് പിടിച്ചു.കണ്ണീരിന്റെ നനവിൽ അവന്റെ നെഞ്ചകം പൊള്ളി. അവൻ അറിയാതേ തേങ്ങി.
" എന്റെ മുനീറാക്ക് സുഖല്ലേ സായി. "
"നാസർ വിഷമിക്കരുത് ഞാനവളെ പൊന്നുപോലെ നോക്കുന്നുണ്ട്. "
അയാളവന്റെ മുഖമുയർത്തി കണ്ണീര് തുടച്ചു.ഹലീമയേയും അവനേയും ചേർത്ത് പിടിച്ചു.
" നാസർ ഇനി സമയമില്ല നിങ്ങൾ രക്ഷപ്പെടണം. ഈ ഗ്രാമാതിർത്തിക്കപ്പുറം നിങ്ങൾക്കൊരു ലോകമുണ്ട്. എത്ര കഷ്ടപ്പെട്ടാലും പിടിച്ചു നിൽക്കണം. ഒരിക്കൽ എന്റെ മുനീറക്കൊപ്പം ഞാനും വരുന്നുണ്ട്, നിങ്ങൾക്ക് കൂട്ടായ്... "
മുറുകേ പിടിച്ചിരുന്ന നാസറിന്റെ കൈ അടർത്തിമാറ്റി അയാൾ പിന്തിരിഞ്ഞു നടക്കാൻ തുടങ്ങി.
കിഴക്കന്നേരം കുന്നുകൾക്കപ്പുറം വെളിച്ചം തലപൊക്കാൻ തുടങ്ങിയിരുന്നു.
ഹലീമയുടെ കൈ പിടിച്ച് പതുക്കെ നടക്കാൻ തുടങ്ങുമ്പോൾ അവൻ വെറുതേ ഒന്ന് തിരിഞ്ഞു നോക്കി.
രാവ് ബാക്കിവെച്ച മഞ്ഞു തുള്ളികൾ ഇലപ്പടർപ്പുകളിലുറങ്ങുന്നത് അവനന്നേരം കണ്ടു.
ഉമ്മർ വെള്ളറക്കാട്.
1
( Hide )
  1. ചിലപ്പോൾ കാൽകീഴിലെ മണ്ണ് നമ്മുക്ക് നഷ്ട്ടപ്പെട്ടു പോകാറുണ്ട്..

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo