തെങ്ങോലത്തലപ്പിലൂടെ ഊർന്നിറങ്ങി തൊടിയിലൂടെ മുറ്റത്തേക്കു നടന്നു നീങ്ങുന്ന ഇളം വെയിലിനൊപ്പമാരുന്നു അവൾ വന്നതു...
ഞാനപ്പൊ കിണറ്റിൻ കരയിലിരുന്നു പല്ലു തേക്കുവാരുന്നു ...
ഉമ്മ തുണിയലക്കുന്ന തിരക്കിലും ..
ആ സമയം തന്നെയായിരുന്നു ഇളനീർ പെണ്ണു വയസ്സറിയിച്ചതറിഞ്ഞു കാണാൻ വന്ന വരയണ്ണാനും കുറുമ്പിക്കാക്കയും തമ്മിൽ എന്തോ പറഞ്ഞു വഴക്കായതും പിടിച്ചു മാറ്റാൻ ചെന്ന പേട്ട് തേങ്ങ കാൽവഴുതി കിണറ്റിലേക്കു വീണതും ...
അതെ സമയം കിണറിനകത്തെ നാലാമത്തെ പടവിൽ ധ്യാനത്തിലിരിക്കുകയായിരുന്ന പേക്രോം തവളയെ ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു എലുമ്പൻ നീർക്കോലി ...
തേങ്ങാ വീണ ശബ്ദം കേട്ടതും ഭൂമി കുലുങ്ങുന്നെന്നും പറഞ്ഞു പേക്രോം തവള ചാടിയ ചാട്ടം വല്ല ഒളിമ്പിക്സിനും ആയിരുന്നേൽ സ്വർണം കിട്ടിയേനെ ...
ഒരു സെക്കന്റിന്റെ നൂറിലോരംശത്തിൽ തന്റെ ദൗത്യം ഫിനിഷ് ചെയ്യാനാവാതെ പോയ എലുമ്പൻ നീർക്കോലിയാവട്ടെ അടിതെറ്റി വെള്ളത്തിലേക്കു വീണു...
അപ്പൊഴെക്കും വെയിൽ പതുങ്ങി പതുങ്ങി അടുക്കള വാതിലടുത്തെത്തിയിരുന്നു...
ശബ്ദം കേട്ടാവണം അലക്കുന്നതിനു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഉമ്മ അങ്ങോട്ടേക്കോടി വന്നതു.
അപ്രതീക്ഷിതമായ ഉമ്മയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചു രണ്ടു പാന്റും ഒരു ഷർട്ടും അലക്കു കല്ലിൽ നിന്നു നിറയെ വെള്ളമുണ്ടാരുന്ന ബക്കറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തു..
പതിവു നേരം കഴിഞ്ഞിട്ടും ബ്രേക്ക് ഫാസ്റ്റ് കിട്ടാത്തത് കൊണ്ടാവണം പൂവാലിപ്പശു ഒന്നുരണ്ടു വട്ടം ശ്രദ്ധ ക്ഷണിക്കൽ പ്രേമയത്തിനു അനുമതി ചോദിച്ചു മുരടനക്കി ...
അതാരും ശ്രദ്ധിച്ചില്ലാന്നു മാത്രം ..
അപ്പോഴാണു കിണറ്റിൽ വീണ തെങ്ങയെയും എന്നെയും മാറി മാറി നോക്കി പെങ്ങളൊരു നിരീക്ഷണത്തിൽ എത്തിയതു...
കിണറ്റിൻ കരയിൽ നിക്കുവാരുന്ന എന്റെ തലയിൽ വീഴേണ്ട തേങ്ങയാണ് പോലും ലക്‌ഷ്യം തെറ്റി കിണറ്റിലേക്കു വീണതു....
അതുകേട്ടതും ഞാൻ തെങ്ങിൻ മോളിലെക്കൊന്നുടെ നോക്കി ...
ഒരൊറ്റക്കണ്ണൻ തേങ്ങ എന്നെ തന്നെ നോട്ടമിട്ടു നിപ്പുണ്ടാരുന്നു...
ഞാൻ നിന്ന നിപ്പിൽ മുറ്റത്തേക്കു ചാടി....
ആ സമയം നോക്കി അടുക്കളപ്പടിയിൽ തലചായ്ച്ചുറങ്ങുകയായിരുന്ന വെയിലിന്റെ നെഞ്ചത്ത് ചവുട്ടി അവൾ തൊടിയിലേക്കു ചാടിയിറങ്ങി എങ്ങൊട്ടെക്കൊ രക്ഷപ്പെട്ടത് ഞാനൊഴികെ മറ്റാരും കണ്ടില്ല .
By
Rayan Sami
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക