Slider

കൈനീട്ടം (ചെറുകഥ)

0

ടൈഗറിന്റെ ഉറക്കെയുള്ളകുരപതിവില്ലാത്ത വിധം മുഴങ്ങി.
വാതിൽ തുറന്നപ്പോൾ
ഗേറ്റിനടുത്ത് ഒരു പെൺകുട്ടി നിൽക്കുന്നു.
ഏറിയാൽ എട്ട് വയസ്സ് മതിക്കും.
ഇരുണ്ട നിറമെങ്കിലും മുഖശ്രി തുളുമ്പി നിൽക്കുന്ന മുഖം.
ഇതാ ഒരു വിഷുക്കണി.മനസ്സ് മന്ത്രിച്ചു.
കടുത്തദാരിദ്യം അവളുടെ വേഷം വിളിച്ചോതുന്നു
പഴകിപിഞ്ചിയതാണെങ്കിലും വൃത്തിയുള്ള വസ്ത്രം.
" ചേച്ചി രണ്ട് റോസാപ്പൂ തരുമോ.?" അവൾ വിളിച്ച്ചോദിച്ചു.
നിഷ്ക്കളങ്കമായ ബാല്ല്യം മുന്നിൽ ദയനീയമായ ചോദ്യമെറിഞ്ഞ് നിൽക്കുന്നു.
ഗേറ്റ് അല്പം തുറന്ന് പിടിച്ച് കൊണ്ടാണ് നിൽക്കുന്നത്. മുടിരണ്ടായ്പിന്നി ഇരുവശങ്ങളിലേയ്ക്ക് ഇട്ടിരിക്കുന്നു..
റോഡിൽ നിന്നും കൈഎത്തിയാൽഅവൾക്ക് നിഷ്പ്രയാസം പൂ പറിക്കാംആരുംകാണുകയും ഇല്ല.
എന്നീട്ടും ഈ കുട്ടി അനുവാദത്തിനായ് കാത്തുനിൽക്കുന്നു. അതിശയംതോന്നി..
റോസാപ്പൂക്കളിൽ തന്നെഫ്ലോറി ബൻഡാ എന്ന പ്രത്യേക ഇനം റോസാണ് അത്. പൂക്കൾ ചെറുതും ഒരു കുലയിൽ തന്നെ ഒന്നിലധികം വിരിയുകയും ചെയ്യും. ഉണ്ണിയേട്ടന്റെ അച്ഛൻ മരിക്കും മുന്നെ എവിടെ നിന്നോ കൊണ്ടുവന്നതായിരുന്നു.
" ചേച്ചി.. രണ്ട് റോസാപ്പൂ നിക്ക് തര്യേ..?"
അവൾ വീണ്ടും.
"അതിനെന്താ.. ന്റെ കുട്ടിക്ക് തരാട്ടോ..."
അവളെ അടുത്തേയ്ക്ക് വിളിച്ചു.
മടിച്ച് മടിച്ച് അവൾ അരികിലെത്തി.
കണ്ണുകൾ ടൈഗറിന്റെ കൂട്ടിലേയ്ക്ക് ഇടയ്ക്കിടെ പായുന്നുണ്ടായിരുന്നു. ഒളിവെട്ടുന്ന കണ്ണുകളിൽ നേരിയ ഭയം മിന്നി മറയുന്നത് കണ്ടു. വാത്സല്ല്യത്തോടെ ആ കവിളുകളിൽ തലോടി..
"എന്താ മോളുടെ പേര്...?"
"പാരിജാതം, ന്നാ... വീട്ടിൽ പാറൂന്ന് വിളിക്കും... "
അവളുടെ മടങ്ങാൻ തിടുക്കം കൂട്ടുന്ന പോലെ കൈവിരലുകൾ സ്വയം അമർത്തി കൊണ്ടിരുന്നു.
" പാറു .. നല്ല പേരാണല്ലോ..??"
അവൾക്ക് ആ വാക്കുകൾ സന്തോഷം പകരുന്നു എന്ന് ആ കണ്ണുകൾ വിളിച്ച് പറഞ്ഞു.
" ആട്ടെ എന്തിനാ മോൾക്ക് റോസാപ്പൂവ്...???"
"കണി വെക്കാനാ.. !" വേഗമായിരുന്നു അവരുടെ മറുപടി. അതിനാൽ പെട്ടെന്ന് മനസ്സിലായില്ല.
"കണിവെക്കാനോ....??"
"അ... നാളെ വിഷുവല്ലെ..? കണികാണാനാ.. കൃഷ്ണന്റെ ഫോട്ടോയ്ക്ക് അടുത്ത് വയ്ക്കാൻ..!
അച്ചാച്ചിക്ക് ഉവ്വാവായിട്ട് കിടപ്പാ.വെറൊന്നും വാങ്ങാൻ പൈസായില്ല..."
അ വാക്കുകൾ കേട്ട്..
ഹൃദയം നുറുങ്ങിപ്പോയ്.
അറിയാതെ കണ്ണുകൾ നിറഞ്ഞു.
ഈ കാലത്ത് ഇങ്ങിനെയുള്ളവരും ഉണ്ടല്ലോ. നല്ലൊരു വിഷുവായിട്ട്.. എന്റെ കൃഷ്ണാ..!
ഓർത്തപ്പോൾ കണ്ണുനീർ അറിയാതെ തുളുമ്പി തെറിച്ചു.. അത് അവൾ കാണാതിരിക്കാൻ പാടുപെട്ടു.
" ചേച്ചിടെ പേരെന്തുവാ...??
നിഷ്ക്കളങ്കമായ ചോദ്യം.
" സജിക്കൊച്ച്..... "
അത് കേട്ട് അവൾ വാ പൊത്തിച്ചിരിച്ചു.
ഞാനും ചിരിച്ച് പോയ്.ഉണ്ണിയേട്ടന്സ്നേഹം കൂടുമ്പോളാണല്ലോ അങ്ങിനെവിളിക്കുന്നത്.
ചമ്മൽ മറച്ച് കൊണ്ട് തുടർന്നു.
" പാറു ,ന്നെ ചേച്ചിന്ന് വിളിച്ചോളുട്ടോ.. എന്നും."
അത് അവൾക്ക് ഇഷ്ട്ടായ്.ആദ്യമുണ്ടായിരുന്ന ഭയം അവളിൽ നിന്നും അകന്ന പോലെ.
അവൾ ചിരിച്ച് കൊണ്ട് തലയാട്ടി.
" പാറുവാ ..നമുക്ക് പൂ പറിക്കാട്ടോ."
അ നഗ്നമായ കുഞ്ഞുകൈകളിൽ പിടിച്ച് കൊണ്ട് നടന്നു.
"എടി സജി .. " പെട്ടെന്ന് പിന്നിൽ ഒരു ശബ്ദം.
അമ്മായി അമ്മയാണ്.
മുഖം കോപത്താൽ ഇരുണ്ടിരുന്നു. പട്ടാളത്തിലെ നേഴ്സായിരുന്നു അമ്മ .അതിന്റെ ഗർവ്വ് നിറഞ്ഞ് നിന്നിരുന്നുഓരോ പെരുമാറ്റത്തിലും.
"ഏതായീ അസത്ത്...??" പാറുനെ ചൂണ്ടി ചോദിച്ചു.
പാറു ഭയന്ന് തന്റെ പിന്നിൽ ഒളിച്ചു.
"ഈ കുട്ടിക്ക് രണ്ട് പൂവേണമെന്ന്. അതിന് വന്നതാ.. "
പാറുന്റെ കൈവിടാതെ പറഞ്ഞു.
" പൂവൊന്നും പറിക്കരുത്.അത് അവിടെ നിന്നോട്ടെ.." പട്ടാളക്കാരി മുരണ്ടു.
"എന്താ അമ്മെ .. ഇവൾ ഒരു പാവാ.... "
പാറൂനെ ന്യായികരിച്ചു പറഞ്ഞു.
"നീ പറഞ്ഞത് കേട്ടാൽ മാത്രം മതി .. ഇതെന്റെ വീടാ.. മനസ്സിലായല്ലോ...??"
പട്ടാളക്കാരി തെല്ലും മനസ്സലിയാതെ
ആക്ജ്ഞാപിച്ചു.
ഇത് കേട്ട് പാറുവിന്റെ കണ്ണുകൾ നിറഞ്ഞു.
ആ മനസ്സ് നോവുന്നത് നോക്കി നിൽക്കാനെ ആയുള്ളു.
"ഇവറ്റകളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല.
തക്കം പാർത്ത് എന്തെങ്കിലും മോഷ്ട്ടിച്ച് കൊണ്ട് പോകും.."
അമ്മയുടെ ശബ്ദം വീണ്ടുംഉയർന്നു.
പാറു കരഞ്ഞ് കൊണ്ട് പുറത്തേയ്ക്ക് ഓടി. .. ദൂരെമറഞ്ഞു.
തിരികെ വിളിക്കാൻ പോലുമാവാതെ തരിച്ച്നിന്നു പോയ്.
അടുത്ത് നിന്നിരുന്ന കൊന്നമരം എന്തോ അടക്കം ചൊല്ലിയോ.?
എങ്ങുനിന്നോ ഒരു ഓടക്കുഴൽ വിളി നാദം കാതിൽ ഒഴുകി എത്തി.
---------------
അടുത്ത പ്രഭാതം .
കണിക്കൊന്നകൾ പൂത്ത് നിൽക്കും മലയാളക്കരയിൽ വിഷുക്കിളിചിലച്ചു.
ഏവരുംവിഷു ആഘോഷിക്കുമ്പോൾ.
ഞങ്ങൾ അശുപത്രിയിൽ ആയിരുന്നു.
പൂജാമുറിയിൽ ഒരുക്കിയവിഷുക്കണികാണാൻ പുലർച്ചെ എഴുന്നേറ്റ് കണ്ണടച്ച് സ്റ്റെപ്പ് ഇറങ്ങുകയായിരുന്നഅമ്മയുടെ കാലൊന്ന് ഇടറി... സ്റ്റെപ്പുകളിലുടെ ഉരുണ്ട് ,പിടഞ്ഞ് താഴെയ്ക്ക് എത്തി.
വേഗം കാറിറക്കി .ശക്തിയായ പെയ്യുന്ന മഴയെ അവഗണിച്ച് ആശുപത്രിയിലെത്തി.
ഭാഗ്യം വലിയ പരിക്കൊന്നും ഏറ്റില്ല.തലയിലും മറ്റും ചെറിയ ചെറിയമുറിവുകൾമാത്രം.
ഉച്ചയായപ്പോൾ ഹോസ്പിറ്റലിൽ നിന്നും വീട്ടിലെത്തി.മഴ തോർന്നിരുന്നു..
അവിടെ മുറ്റത്ത് കണ്ട കാഴ്ച ശരിക്കും ഞെട്ടിച്ചു.
കോണിലായ് നിന്നിരുന്ന കൊന്നമരം കടപുഴകി മറിഞ്ഞ് കിടക്കുന്നു.
കൃത്യം റോസാചെടിയുടെ മുകളിൽ.
ചതഞ്ഞരഞ്ഞ റോസാപ്പൂക്കളും കൊന്നപ്പൂക്കളും കൂടിചേർന്ന് തട്ടിയെറിഞ്ഞ പൂക്കളം പോലെ കിടക്കുന്നു.
"ന്റെ കണ്ണാ ഇത്തവണ എന്നെ നീ കണി കാണിച്ചില്ലല്ലോ .. നിന്റെകൈനീട്ടം ഇതാണല്ലോ..? "
പട്ടാളക്കാരിയുടെ വേഷം അഴിഞ്ഞ് വീണിരിക്കുന്നു.
ആത്മഗഥം പോലെ പറഞ്ഞു കൊണ്ട്അമ്മ വേച്ച് വേച്ച് പൂജാമുറിയിലെയ്ക്ക് നടന്നു.
എങ്ങുനിന്നോ വീണ്ടും ആ ഓടക്കുഴൽ വിളിനാദം ഒഴുകി എത്തി.
ശുഭം.
By
Nizar vh.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo