Slider

അഷ്ടബന്ധം

0

അഷ്ടബന്ധം
***********************
ഇരവിമംഗലം തറവാടിന്റെ പൂമുഖത്തെ തൂണില്‍ ചാരിയിരുന്നു കല്യാണി പുറത്തേക്കു നോക്കി.കുന്നിന്‍മുകളിലെ ഇടതൂര്‍ന്ന മരച്ചില്ലകള്‍ക്കിടയിലൂടെ ,വൈകുന്നേര വെയില്‍ വിരുന്നു വന്നു.തൊടിയിലെ തിങ്ങി നിറഞ്ഞ ഫല വൃക്ഷങ്ങള്‍ക്കിടയില്‍ വിഷുവിന്റെ വരവറിയിച്ചു കണിക്കൊന്നയുടെ മഞ്ഞനിറം.മുറ്റം നിറയെ കൊന്നപൂ പൊഴിഞ്ഞു കിടക്കുന്നു.നാളെ കുറച്ചു അകലെയുള്ള സൂര്യദേവനെ പ്രതിഷ്ഠിച്ചിരിക്കുന്ന കുടുംബക്ഷേത്രത്തില്‍ അഷ്ടബന്ധ കലശമാണ്.പിന്നെ ഇളയ മകന്‍ രവിയുടെ പിറന്നാളാണ്.അവനു രണ്ടു വയസ്സ് നാളെ തികയും.
അടുക്കളയില്‍ നിന്ന് നെയ്യ് ചൂടാകുന്ന ഗന്ധം.കല്യാണി എഴുന്നേറ്റ് അകത്തേക്ക് പോയി.പോകുന്ന വഴി അകത്തെ മുറിയില്‍ ചെന്ന് നോക്കി.സരസ്വതി ദേവിയുടെ വലിയ ചിത്രത്തിന് ചുവട്ടിലെ കട്ടിലില്‍ രവി ഉറക്കത്തിലാണ്.
അവനു അവല് നനച്ചത്‌ വലിയ ഇഷ്ടമാണ്.കല്യാണി അടുക്കളയില്‍ ചെന്നു.ഒരുക്കിവച്ച തേങ്ങാക്കൊത്തും കടലയും സ്വര്‍ണ്ണ നിറം പൂണ്ട നെയ്യിലെക്ക് ചേര്‍ത്തു.പിന്നെ ശരക്കര വെള്ളം ചേര്‍ത്ത് ചൂടാക്കാന്‍ വച്ചു.
അപ്പോഴേക്കും മൂത്ത മകള്‍ ഗീത അടുക്കളയിലേക്ക് ഓടി കയറി വന്നു.എട്ടു വയസ്സായി അവള്‍ക്ക്.വല്ലാത്ത ഒരു സ്വഭാവമാണ് അവള്‍ക്ക്.വഴക്കും മുന്‍കോപവും നല്ല കൂടുതലാണ്.രവി ഉണ്ടായതിനു ശേഷം ഗീതക്ക് അമ്മയുടെ സ്നേഹം പകുത്തു പോകുന്നതില്‍ നല്ല ദേഷ്യം ഉണ്ട്.
"അമ്മേ ഒരു ഗ്ലാസ്‌ വെള്ളം.."
പുളിയിലക്കര മുണ്ടിന്റെ മുഷിഞ്ഞ കോന്തല കൊണ്ട് മുഖത്തെ വിയര്‍പ്പു തുടച്ചു കല്യാണി മോളുടെ നേര്‍ക്ക് തിരിഞു.
"നിനക്ക് തന്നെ എടുത്തു കുടിച്ചു കൂടെ.എല്ലാത്തിനും എന്റെ കൈ തന്നെ വേണോ..."
അവള്‍ മുഖം വീര്‍പ്പിച്ചു കൊണ്ട് വെള്ളം എടുത്തു.കല്യാണി ശര്‍ക്കവെള്ളം അടുപ്പില്‍ നിന്ന് വാങ്ങി ആറാന്‍ വച്ചു.
"അമ്മ അവല് വിളയിക്കാന്‍ പോവാണോ..?"
പുറകില്‍ നിന്ന് ഗീതയുടെ ശബ്ദം.
ഗീത അവല് വാരിയെടുക്കുന്നത് കല്യാണി കണ്ടു.കല്യാണി അത് അവളുടെ കയ്യില്‍ നിന്ന് ബലമായി പിടിച്ചു വാങ്ങി,അത് ശര്‍ക്കര വെള്ളത്തിലേക്ക് ഇട്ടു.അതിലേക്ക് നെയ്യും ,ഏലക്കാപൊടിയും ചേര്‍ത്ത് ഇളക്കാന്‍ തോന്നി.
"ഇതേ,ന്റെ രവിക്കുള്ളതാ.നാളെ എന്റെ കുട്ടന് രണ്ടു വയസ്സ് തികയും."
പുറകില്‍ ഒരു ഗ്ലാസ് പൊട്ടിച്ചിതറുന്ന ശബ്ടം കേട്ട് കല്യാണി ഞെട്ടി നിന്നു.ആ ശബ്ദം ഏതോ ദു:സ്വപ്നത്തെ ഓര്‍മ്മിപ്പിച്ചു.മനസ്സിന്റെ അടച്ചിട്ട രഹസ്യ ജനാലകള്‍ക്കപ്പുറം ,ഒളിച്ചിരുന്ന കാരണമില്ലാത്ത ഒരു ഭയം പൊടുന്നനെ എഴുന്നേറ്റ് വരുന്നത് പോലെ.എന്തോ ഒന്ന് തുടങ്ങാന്‍ പോവുന്നത് പോലെ.
കല്യാണി തിരിഞ്ഞു നോക്കി.
ഗീതയുടെ മുഖം ദേഷ്യം ചുവന്നു തുടുത്തിരിക്കുന്നു.കണ്ണുകള്‍ ദൂരെ എങ്ങോ ഉറപ്പിച്ചു അവള്‍ മുരണ്ടു.
"അമ്മക്കിപ്പോ രവി മതി.എന്നാ എന്നെ എവിടെയെങ്കിലും കൊണ്ട് കളഞ്ഞേക്ക്."
അവള്‍ അത് പറഞ്ഞു പുറത്തേക്ക് ഇറങ്ങിയോടി.
കല്യാണി ഗീതയുടെ പുറകെ പൂമുഖത്തേക്ക്‌ ഓടി ചെന്നു.ഗീത മുറ്റത്ത്‌ തന്നെയുണ്ട്‌.അവളുടെ അരികില്‍ ഒരു വൃദ്ധന്‍ നില്‍ക്കുന്നു.
കാവി വേഷധാരി.തിങ്ങി വളര്‍ന്ന നരച്ച താടിയും മുടിയും.തോളില്‍ ഒരു വലിയ സഞ്ചി.മുന്തിരിചാറു പോലെ സ്നേഹം നിറഞ്ഞ നോട്ടം കൊണ്ട് അദ്ദേഹം ഗീതയെ നോക്കി.അവള്‍ തല കുനിച്ചു മുറ്റത്തിന്റെ മൂലയില്‍ പതുങ്ങി നിന്നു.
"മോള്‍ക്ക് അരിശം കൂടുതലാ അല്ലെ..." അദ്ദേഹം കല്യാണിയോടു ചോദിച്ചു.
അവള്‍ മറുപടിയായി ഒന്ന് ചിരിച്ചു.
"സ്വാമി കയറി ഇരിക്കു.കുടിക്കാന്‍ എന്തെങ്കിലും എടുക്കട്ടെ..."
വൃദ്ധന്‍ പൂമുഖത്തെ അരഭിത്തിയില്‍ കയറി ഇരുന്നു.അവള്‍ അകത്തു പോയി ഒരു ലോട്ടയില്‍ സംഭാരം എടുത്തു കൊണ്ട് വന്നു.
"ഞാന്‍ നിങ്ങളുടെ സൂര്യസേവ ക്ഷേത്രത്തില്‍ പോയിരുന്നു.അഷ്ടബന്ധം നടക്കുന്ന സ്ഥലങ്ങളില്‍ ഒക്കെ ഞാന്‍ പോവാറുണ്ട്.അവിടെ വച്ച് കല്യാണിയുടെ ഭര്‍ത്താവ് ഗോവിന്ദനെ കണ്ടിരുന്നു."
വൃദ്ധന്‍ സംഭാരം കുടിക്കുന്നതിനിടയില്‍ പറഞ്ഞു.
ക്ഷേത്രത്തിലെ ബിംബവും അത് സ്ഥാപിച്ചിരിക്കുന്ന പീഠവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു തരം പശയാണ് അഷ്ടബന്ധം.ശംഖു പൊടിച്ചത്,കടുക്ക,കോലരക്ക് തുടങ്ങി എട്ടു വസ്തുക്കള്‍ ചേര്‍ത്താണ് ഇത് നിര്‍മ്മിക്കുന്നത്.വര്‍ഷങ്ങള്‍ കൊണ്ട് ബിംബം ഉറപ്പിച്ചിരിക്കുന്ന അഷ്ടബന്ധം ഇളകിയാല്‍ ദേവചൈതന്യം മോശമാകും. അഷ്ടബന്ധം നിര്‍മ്മികുമ്പോള്‍ ഇരവിമംഗലത്തെ ഒരു അംഗം അവിടെ വേണമെന്ന് നിര്‍ബന്ധമാണ്‌.തറവാട്ടില്‍ സൂക്ഷിക്കുന്ന ഭാരമുള്ള മരചുറ്റിക കൊണ്ട് ഇടിച്ചാണ് അത് നിര്‍മ്മിക്കുന്നത്.
"ഞാന്‍ ഗോവിന്ദന്റെ കൈ നോക്കിയിരുന്നു.ചില പ്രത്യേകതകള്‍ അതില്‍ കണ്ടിരുന്നു.അത് കൊണ്ട് കല്യാണിയുടെ കൈയും ഒന്നും നോക്കണം എന്ന് തോന്നി.ഇങ്ങു അടുത്ത് വരൂ..."
അവള്‍ സ്വാമിയുടെ അടുത്ത് ചെന്നു.വൃദ്ധന്‍ ഒരു നിമിഷം കണ്ണടച്ചതിന് ശേഷം കല്യാണിയുടെ കൈ നിവര്‍ത്തി നോക്കി.ആ മുഖത്ത് ഒരു കാളിമ മിന്നി മാഞ്ഞു.
"മകന് രണ്ടു വയസ്സ് തികയുന്നത് വരെ അമ്മയുടെ കണ്‍വെട്ടത്തു തന്നെ വേണം."
"നാളെ അവന് രണ്ടു വയസ്സ് തികയും സ്വാമി."
"എങ്കില്‍ രക്ഷപെട്ടു.നാളെ അസ്തമയം വരെ സൂക്ഷിച്ചാല്‍ മതിയല്ലോ." വൃദ്ധന്‍ പറഞ്ഞു.
കല്യാണിയുടെ വിടര്‍ത്തിയ കൈപ്പടത്തിലെ രേഖകളിലൂടെ വൃദ്ധന്റെ കണ്ണുകൾ
പാഞ്ഞു.
"ചന്ദ്രമംഗളയോഗം.നിങ്ങളുടെ ഭര്‍ത്താവിന്റെ കൈ പരിശോധിച്ചപ്പോള്‍ നിങ്ങള്‍ക്ക് അത് കാണുമെന്നു ഞാന്‍ കരുതി.എന്റെ ഊഹം ശരിയായി.ഇതൊക്കെ ഒരു ശാസ്ത്രമല്ലേ..."
അവള്‍ ഒന്നും മനസ്സിലാവാതെ വൃദ്ധനെ നോക്കി.
വൃദ്ധന്‍ രണ്ടു രേഖകള്‍ അവളെ ചൂണ്ടിക്കാണിച്ചു.
"ചന്ദ്രന്റെയും ചൊവ്വയുടെയും മണ്ഡലങ്ങള്‍ നേരെ എതിര്‍ ദിശയിലേക്ക് സഞ്ചരിക്കുന്നു.മക്കള്‍ വഴി നിങ്ങള്‍ക്ക് അപകടം സംഭവിക്കാം.മകന്‍ ചെറുപ്രായത്തില്‍ നിങ്ങളില്‍ നിന്ന് അകന്നു പോകരുത്.ഒരു പക്ഷെ കൊലപാതകം വരെ മക്കള്‍ വഴി സംഭവിക്കാം."
അവള്‍ ഞെട്ടിത്തരിച്ചു നിന്നു.
"സാരമില്ല.മക്കളെ കൂടുതല്‍ അടുത്ത് നിര്‍ത്തുക.സ്നേഹിക്കുക.ഭക്തി പ്രോത്സാഹിപ്പിക്കുക."
"ഇതിനു പരിഹാരം ഒന്നുമില്ലേ സ്വാമി.." പതറിയ സ്വരത്തില്‍ അവള്‍ ചോദിച്ചു.
"ഈശ്വരഭക്തി മാത്രം.ഗ്രഹങ്ങളെ സ്വാധിനിക്കുന്ന സൂര്യന്‍ അല്ലെ നിങ്ങളുടെ കുടുംബ പ്രതിഷ്ഠ.അഷ്ടബന്ധം നടക്കുന്ന മുഹൂര്‍ത്തത്തില്‍ നന്നായി പ്രാർത്ഥിക്കുക.ആ സമയം ചില വിധികള്‍ ഒക്കെ ഗ്രഹനായകന്‍ തട്ടിമാറ്റും."
വൃദ്ധന്‍ യാത്ര പറഞ്ഞിറങ്ങി.
അകത്തു നിന്ന് രവി ഉറക്കെ കരഞ്ഞു.കല്യാണി ഓടി ചെന്ന് അവനെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചു.അവളുടെ കണ്ണില്‍ നിന്ന് നീര് പൊടിഞ്ഞു.
"നീ എന്നെ കൊല്ലുമോ...രവിക്കുട്ടാ...ആ സ്വാമിക്ക് തെറ്റിയതാവും അല്ലെ മോനെ..."
രവി അവളെ നോക്കി ഉറക്കെ ചിരിച്ചു.പിന്നെ അമ്മയുടെ മുഖത്ത് ഉമ്മ കൊടുത്തു കൊണ്ട് ചിണുങ്ങി.അവലിന്റെ മധുതരതരമായ ഗന്ധം അവന്‍ അറിഞ്ഞിരിക്കുന്നു.
അവള്‍ അടുക്കളയില്‍ ചെന്ന് ഒരു പാത്രത്തില്‍ അവല് വിളയിച്ചതു അവന്റെ വായില്‍ വച്ച് കൊടുത്തു.കല്യാണി ഗീതയെ വിളിച്ചു.അവള്‍ വന്നില്ല.പിണങ്ങി ഇരിക്കുകയാണ്.
വൈകുന്നേരം ഗോവിന്ദന്‍ വന്നപ്പോള്‍ അവള്‍ സ്വാമി പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞു.
"ഒരു അലഞ്ഞു നടക്കുന്ന സ്വാമിയാണ് അയാള്‍.എവിടെ നിന്ന് വരുന്നു എന്ന് ആര്‍ക്കുമറിയില്ല.നീ അതൊന്നും കാര്യാക്കണ്ട.അല്ലെങ്കില്‍ തന്നെ നാളെ അവനു രണ്ടു വയസ്സ് തികയൂലോ..."
ഭര്‍ത്താവ് ആശ്വസിപ്പിച്ചു.
അതിരാവിലെ കല്യാണി എഴുന്നേറ്റു.പൂജാമുറി ചാണകവെള്ളം തളിച്ച് ശുദ്ധമാക്കി.കുളിച്ചു ശുദ്ധിയായി അവള്‍ ലക്ഷ്മിമന്ത്രം ചൊല്ലി ഉള്ളുരുകി പ്രാര്‍ഥിച്ചു.പിന്നെ മക്കളും ഒരുമിച്ചു അമ്പലത്തില്‍ പോയി ദര്‍ശനം നടത്തി.
തെളിഞ്ഞ ഒരു ദിവസമായിരുന്നു അത്.
"ഗീതേ നീ രവിയെ നോക്കിക്കോണം.ഇങ്ങോട്ടും പോയേക്കരുത്‌." കുഞ്ഞിനെ ഗീതയെ ഏല്‍പിച്ച ശേഷം കല്യാണി അടുക്കളയില്‍ കയറി.ഇന്ന് അവന്റെ പിറന്നാളാണ്.ഉച്ചക്ക് പായസം ഉണ്ടാക്കണം.
രണ്ടു പേരും മുറ്റത്തിരുന്നു കളിക്കാന്‍ തുടങ്ങി.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഗീത വീടിന്റെ അകത്തേക്ക് നോക്കി.അമ്മ ഇറങ്ങി വരുന്ന ലക്ഷണമില്ല.
"കുട്ടാ,ഇവിടെ തന്നെ ഇരുന്നോണം .ഞാന്‍ മാമന്റെ വീട്ടില്‍ പോയി രമ്യയുടെ കയ്യില്‍ നിന്ന് ബാലരമ മേടിച്ചു ഓടി വരാം."
മാമന്റെ മകള്‍ രമ്യയും ഗീതയും ഒരേ പ്രായമാണ്.
ഗീത പോയതിനു ശേഷം രവി തനിച്ചായി.
പച്ചയും നീലയും നിറമുള്ള ഒരു ശലഭം തൊടിയിലെ വാഴക്കൂട്ടത്തിലേക്ക് മറയുന്നത് അവന്‍ കണ്ടു.അത് പതിയെ അവന്‍ മുറ്റം വിട്ടു ,വഴിയിലേക്ക് ഇറങ്ങി അങ്ങോട്ട്‌ പിച്ച വച്ച് നടക്കാന്‍ തുടങ്ങി.എന്തൊരു ഭംഗിയാണ് അതിന്.
നടക്കും തോറും ആ ശലഭം പറന്നകന്നു.
"ആഹാ മോന്‍ എങ്ങോട്ടാ .."ശബ്ദം കേട്ട് അവന്‍ തലയുയര്‍ത്തി.
അത് ഒരു വൃദ്ധയായിരുന്നു.യാചകി.അവര്‍ കുറെ നേരമായി തൊടിയില്‍ പതുങ്ങി വീട്ടിലെ രംഗങ്ങള്‍ കാണുന്നുണ്ടായിരുന്നു.കീറിപ്പറിഞ്ഞ പുതപ്പ് കൊണ്ട് ദേഹം മൂടിയിരിക്കുന്നു.തോളില്‍ ഒരു മാറാപ്പ്.നരച്ചു ചപ്രിച്ച മുടി കാറ്റില്‍ പറന്നു.രവി കൗതുകത്തോടെ ആ രൂപത്തെ നോക്കി.
വൃദ്ധ ചുറ്റിനും നോക്കി.ആരുമില്ല.അവര്‍ മാറാപ്പില്‍ നിന്ന് ഒരു മിട്ടായി എടുത്തു അവനു കൊടുത്തു.
"നല്ല മധുരമാ.രവിമോന്‍ തിന്നോ..."
രവി ചിരിച്ചു കൊണ്ട് അത് വായില്‍ ഇട്ടു ചവച്ചു തിന്നു.പിന്നെ മയങ്ങി വൃദ്ധയുടെ കയ്യിലേക്ക് വീണു.
അല്പം കഴിഞ്ഞപ്പോള്‍ കുട്ടികളുടെ ശബ്ദം കേള്‍ക്കാഞ്ഞപ്പോള്‍ കല്യാണി പുറത്തു വന്നു.ഗീത ഒരു കഥപുസ്തകം വായിച്ചു കൊണ്ട് വരുന്നത് കല്യാണി കണ്ടു.അമ്മയെ കണ്ടു അവള്‍ പരുങ്ങി.
"ടീ,രവി എന്തിയേടി.."
"ഇവിടെ ഉണ്ടായിരുന്നു.ഞാന്‍ ഇപ്പൊ പോയതെ ഉണ്ടായിരുന്നുള്ളു."
രവിയെ അവര്‍ അവിടെയെങ്ങും കണ്ടില്ല.അവന്റെ പിറന്നാളിന് ഉണ്ടാക്കിയ പാല്‍പ്പായസത്തിന്റെ ഗന്ധം അവിടെ എങ്ങും പരന്നു.പക്ഷെ രവി വന്നില്ല.
>>>>>>
"രവീ..എന്താ ഒരു ആലോചന?"
കതിരേശന്റെ ചോദ്യം കേട്ട് രവി ഞെട്ടി ഉണര്‍ന്നു.
ചില സമയം രവി അങ്ങനെയാണ്.രാത്രികളില്‍ പെട്ടെന്ന് എന്തോ ഓര്‍മ്മ വരുന്നത് പോലെ തോന്നും.ചില പരിചിതമായ ഗന്ധങ്ങള്‍.ചില മുഖങ്ങള്‍.ഒരു മിന്നല്‍ പോലെ അവ ഓര്‍മ്മയില്‍ നിന്ന് വഴുതിമാറി പോകും.
എല്ലാ അനാഥരും അങ്ങിനെയാവും.ഊരും പേരും അറിയാതെ,മാതാപിതാക്കള്‍ ആരെന്നു അറിയാതെ..ഓര്‍മ്മ ഉറക്കാത്ത കാലത്തെ ,ദ്രശ്യങ്ങള്‍ ,മങ്ങിയ സ്വപ്‌നങ്ങള്‍ പോലെ ചില രാത്രികളില്‍ അവനെ തേടിയെത്തുന്നു.
"രവീ ,ഇത്രയും നല്ല കൊട്ടേഷന്‍ ഈ അടുത്ത കാലത്ത് നമ്മള്‍ക്ക് കിട്ടിയിട്ടില്ല.അമ്പതു ലക്ഷം വര്‍ക്ക് കഴിഞ്ഞാല്‍ കിട്ടും.ഇരുപത്തഞ്ചു പുറകിലത്തെ പെട്ടിയില്‍ ഉണ്ട്."ഡ്രൈവ് ചെയ്യുന്നതിനിടയില്‍ കതിരേശന്‍ പറഞ്ഞു.
"ഇപ്പൊ കേരളത്തില്‍ വൃദ്ധകളെ പീഡിപ്പിക്കുന്നത് സാധാരണ സംഭവമാണ് എന്നാണ് കൊച്ചിയില്‍ നിന്ന് നമ്മുക്ക് കൊട്ടേഷന്‍ തന്നവര്‍ പറഞ്ഞത്.കിഴവിയെ കൊല്ലുക.എന്തെങ്കിലും മോഷ്ടിക്കുക.പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വൃദ്ധ മരിച്ചു എന്ന രീതിയിലെ കേസ് വരികയുള്ളു.പിന്നെ പോലീസിനു അത് തേയ്ച്ചു മായിച്ചു കളയാന്‍ ഉള്ള സ്വാധീനം ഒക്കെ വര്‍ക്ക് തന്ന പാര്‍ട്ടിക്കുണ്ട്.നമ്മളെ ഒരുതരത്തിലും ബാധിക്കില്ല."
"കിളവിയെ കൊല്ലുക എന്നൊക്കെ പറഞ്ഞാല്‍...."രവി ചോദിച്ചു.
"ഓ,ഇത് വരെ ആരെയും കൊല്ലാത്ത ഒരാള്.നിനക്ക് എന്താ ഇപ്പൊ ഒരു മടി.ചെന്നെയിൽ വന്ന് വർക്ക് തന്നത് ഫീൽഡിലെ നമ്മുടെ പേരും കൊണ്ട് കൂടിയാണ്.അത് കളയരുത്."
അവന്‍ മിണ്ടിയില്ല.
"ടാ,ആ കിളവിയുടെ മോള്‍ക്ക് ഇല്ലാത്ത സങ്കടം നിനക്ക് എന്തിനാ.അവര്‍ ഇവിടുത്തെ വലിയ രാഷ്ട്രീയ നേതാവാ.ഇത് കൊണ്ട് രണ്ടു നേട്ടം അവര്‍ക്കുണ്ട്. ഒന്ന് ആ തള്ള ഇത് വരെ അവര്‍ക്ക് സ്വത്തു എഴുതികൊടുത്തിട്ടില്ല.അവര്‍ക്ക് മകളെ ഇഷ്ടമല്ല എന്നാണ് കേട്ടത്.പിന്നെ ഉടനെ ഇലക്ഷന്‍ വരികയാ.തള്ളയുടെ മരണം മകള്‍ വോട്ടാക്കും.ഒപ്പം സ്വത്തും."
കടത്തുരുത്തിക്ക് സമീപമുള്ള ഒരു ലോഡ്ജില്‍ വണ്ടി നിര്‍ത്തി.
"പിന്നെ ഒരു ഗുണമുണ്ട്.കിളവിക്ക് സംസാര ശേഷിയില്ല.ഇപ്പോള്‍ കിടപ്പിലുമാണ്.അവരുടെ മകന്‍ ചെറുപ്പത്തില്‍ എങ്ങോ കാണാതെ പോയി ,അതിനു ശേഷം കരഞ്ഞു കരഞ്ഞു പോയതാണ് എന്നാണ് കേട്ടത്.എല്ലാം കൊണ്ടും നമ്മള്‍ക്ക് അനുകൂലം.അവരുടെ അടുത്തുള്ള അമ്പലത്തില്‍ എന്തോ കലശമാണ് .അത് കൊണ്ട് അടുത്തുള്ള വീടുകളില്‍ ഒന്നും ആരുമില്ല."
ആയുധങ്ങള്‍ തയ്യാറാക്കി ബാഗില്‍ വയ്ക്കവേ വീണ്ടും കതിരേശന്റെ ശബ്ദം.
അവന്റെ ഉള്ളില്‍ വെറുപ്പ്‌ നിറഞ്ഞു.കാരണമില്ലാതെ എന്തോ ഒന്ന് തന്നെ പിന്‍വലിക്കുന്നു.
വീടിന്റെ സമീപത്തെ വിജനമായ റോഡില്‍ വണ്ടി നിര്‍ത്തി.
"എല്ലാം പ്ലാന്‍ പോലെ.വര്‍ക്ക് കഴിയുമ്പോ മിസ്‌കോള്‍ ചെയ്യുക.ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു നിര്‍ത്താം."
രവി തൊടിയില്‍ ചാടി കടന്നു.എല്ലായിടവും കാട് പിടിച്ചു കിടക്കുന്നു.എങ്കിലും ,ഉള്ളില്‍ എവിടെയോ ഒരു തോന്നല്‍.മുന്പ് എപ്പോഴോ താന്‍ ഇവിടെ വന്നത് പോലെ.ചിലപ്പോ ഏതെങ്കിലും മുജ്ജന്മ ബന്ധമാകാം.
വീടിന്റെ മുന്‍വശം അടച്ചിരിക്കുകയാണ്.
വിശാലമായ മുറ്റം..മിനുസമായ പൂമുഖത്തുണുകള്‍.നീലയും പച്ചയും നിറമുള്ള ഒരു ശലഭം ഒരു മിന്നല്‍ പോലെ പ്രജ്ഞയില്‍ കടന്നു പോയി.
പരിസരത്ത് ആരുമില്ല.ദൂരെ അമ്പലത്തില്‍ നിന്ന് ചെണ്ടമേളം കേള്‍ക്കുന്നു.
അവന്‍ പിന്‍വാതില്‍ തകര്‍ത്തു അകത്തു കയറി.
അവലിന്റെ ഗന്ധം.നെയ്യുടെ ഗന്ധം.ഓര്‍മ്മയുടെ ഗന്ധം.
അതിപരിചിതമായ , നനുത്ത ഒരു വികാരം ഉള്ളില്‍ തെളിയുന്നു.പക്ഷെ അത് തിരിച്ചറിയാന്‍ രവിക്ക് കഴിയുമായിരുന്നില്ല.നീണ്ട ഇരുപത്തിയഞ്ച് കൊല്ലങ്ങള്‍ കൊണ്ട് ഓര്‍മ്മകള്‍ മഞ്ഞു പടലങ്ങള്‍ പോലെ അവ്യക്തമായ സ്വപ്‌നങ്ങള്‍ മാത്രമായി മാറിയിരുന്നു.
അവന്‍ അകത്തെ മുറിയില്‍ ചെന്നു.അരണ്ട വെളിച്ചത്തില്‍ കട്ടിലില്‍ ശോഷിച്ച ഒരു വൃദ്ധ രൂപം.അവന്‍ ലൈറ്റ് ഓണ്‍ ചെയ്തു.
കല്യാണി കണ്ണ് തുറന്നു.മുറിയില്‍ ബലിഷ്ഠകായനായ ഒരു ചെറുപ്പക്കാരന്‍.
ഇന്ന് അഷ്ടബന്ധ കലശം നടക്കുന്ന ദിവസമാണ്.വീട്ടില്‍ ആരുമില്ല.അവർ ഭയന്നു.
പക്ഷേ അവന്റെ തിളങ്ങുന്ന മുഖം.കണ്ണുകള്‍...ആ കണ്ണുകള്‍.അഷ്ടബന്ധത്തേക്കാൾ വലുതായിരുന്നു മുലപ്പാലിന്റെ ഓർമ്മ .
"രവീ..രവീ.." കല്യാണിയുടെ ശബ്ദം പുറത്തു വന്നില്ല.കണ്ണില്‍ നിന്ന് അടക്കിവച്ച വേദനയുടെ അണ പൊട്ടി ഒഴുകി.പ്രിയതരമായ ഒരു താരാട്ടിന്റെ ഓർമ്മകൾ അലച്ചു വന്നു.
മോനെ..
രവി ആ സ്ത്രീയുടെ അരികില്‍ ചെന്നു.
ഇവരെ താന്‍ കൊല്ലണം.
അവരുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നു.തൊണ്ടയില്‍ നിന്ന് എന്തോ അസ്പഷ്ടമായി പുറത്തു വരുന്നു.
ചുങ്ങി ചുളിവു വീണ മുഖം.ആ രേഖകള്‍ വേദന തിന്ന വര്‍ഷങ്ങളുടെ രേഖകള്‍ ആവാം.ഈ മുഖം ..ഈ കണ്ണുകള്‍ ..
അവന്‍ അവരുടെ അരികില്‍ ഇരുന്നു.അവരുടെ ശോഷിച്ച കൈകള്‍ അവനെ തൊട്ടു.
"മോനെ...രവീ....നീ വന്നു.."
തൊണ്ടയിലെ ജീവനറ്റ ഞരമ്പുകള്‍ കൊണ്ട് കല്യാണി പറയാന്‍ ശ്രമിച്ചു.
എന്താണ് ഈ സ്ത്രീയെ താനുമായി ബന്ധിപ്പിക്കുന്ന കണ്ണി...ഇല്ല കഴിയുന്നില്ല.
അവന്‍ അവരുടെ കൈ വിടുവിച്ചു മുറിയുടെ വെളിയില്‍ കടക്കാന്‍ ഒരുങ്ങി..അപ്പോള്‍ മുന്‍വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു.
ഒരു സ്ത്രീ മുറിയില്‍ കടന്നു വന്നു.
"അത് ശരി. ഏറ്റ പണി ചെയ്യാതെ പോവുകയാണ് അല്ലെ. സാരമില്ല.ഇത്രയും ആക്കാമെങ്കില്‍ ഈ തള്ളയെയും കൊന്നു നിന്നെയും ജയിലില്‍ കേറ്റാന്‍ എനിക്ക് കഴിയും."ഗീത ആക്രോശിച്ചു.പൂജാമുറിയില്‍ ചെന്ന് അഷ്ടബന്ധക്കൂട്ട് നിര്‍മ്മിക്കുന്ന മരചുറ്റിക എടുത്തു അവള്‍ പാഞ്ഞു വന്നു.
ആ നിമിഷം ദൂരെ സൂര്യസേവാ ക്ഷേത്രത്തില്‍ അഷ്ടബന്ധം ഉറപ്പിക്കുന്ന മുഹൂര്‍ത്തമായിരുന്നു.ചക്രധാരിയായി തപസ്സ് ഭാവത്തില്‍ ഇരിക്കുന്ന സൂര്യഭഗവാന്റെ പ്രതിഷ്ടയില്‍ അഭിഷേകം തുടങ്ങി.ശംഖ്നാദം മുഴങ്ങി.സപ്താശ്വങ്ങളെ പൂട്ടിയ രഥത്തില്‍ ഗ്രഹങ്ങളെ നിയന്ത്രിക്കുന്നവന്‍ കരുണാപൂര്‍വ്വം കണ്ണ് തുറന്നു.
രവി ഗീതയുടെ കയ്യില്‍ നിന്ന് ആ മരചുറ്റിക തട്ടി മാറ്റി.പിന്നെ അത് കൊണ്ട് അവളെ ആഞ്ഞടിച്ചു.അവള്‍ നിലത്തു വീണു പിടഞ്ഞു.
ആ വൃദ്ധയെ ഒരു നിമിഷം നോക്കിയിട്ട് അവന്‍ അവിടെ നിന്ന് രക്ഷപെട്ടു.
>>>
കടല്‍ത്തീരത്ത് തിരകള്‍ തല്ലുന്ന പാറക്കെട്ടില്‍ രവി ചിന്താധീനനായി ഇരുന്നു.
ഒരിക്കല്‍കൂടി ആ വൃദ്ധയെ കാണണം എന്ന തോന്നല്‍.പക്ഷെ അവരുടെ മകള്‍ മരിച്ചത് കൊണ്ട് ഇനി അങ്ങോട്ട്‌ പോവുന്നത് ശരിയാകുമോ എന്ന ഭയം..
"എന്താ ആലോചിക്കുന്നത്...?"ചോദ്യം കേട്ട് അവന്‍ തലയുയര്‍ത്തി.
അത് ഒരു വൃദ്ധന്‍ ആയിരുന്നു.കാവി വേഷം.തോളില്‍ സഞ്ചി. സൂര്യതേജസ്സ് ജ്വലിക്കുന്ന മുഖം.
"ആ കൈ ഒന്ന് കാണിക്കൂ.."വൃദ്ധന്‍ അരികില്‍ ഇരുന്നു പറഞ്ഞു.
അവന്‍ വെറുതെ കൈപ്പടം നിവര്‍ത്തി അയാളുടെ മുന്നില്‍ വച്ചു.
"എങ്ങോട്ടോ പോവുന്ന കാര്യമല്ലേ ആലോചിച്ചത്..?"വൃദ്ധന്‍ ചോദിച്ചു.
"അതേ.."രവി അത്ഭുതത്തോടെ പറഞ്ഞു.
"നിങ്ങള്‍ അങ്ങോട്ട്‌ പോകണം.നിങ്ങളെ കാത്തിരിക്കുന്ന ഒരാള്‍ ഉണ്ട് അവിടെ." വൃദ്ധന്‍ പറഞ്ഞു.
വൃദ്ധൻ യാത്ര പറഞ്ഞു ദൂരെ മറയുന്നത് രവി നോക്കിയിരുന്നു. അപ്പോൾ ചക്രവാളത്തിന്റെ ചുവന്ന ഹസ്തരേഖയിലേക്ക് സൂര്യന്‍ മുങ്ങിത്താഴുകയായിരുന്നു.
(അവസാനിച്ചു)

By
Anish Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo