Slider

പെണ്മക്കളുടെ രക്ഷിതാക്കൾ

0

കിടന്നിട്ടുറക്കം വന്നില്ല ...
എങ്ങിനെ വരാനാണ് ..
നാളെ അവളെ വേറൊരുത്തന്റെ കൈപിടിച്ചേൽപ്പിക്കയാണ് ..
ഇന്നലെ വരേം വാപ്പാന്നു വിളിച്ചു പിറകെ നടന്നവൾ നാളെയീ വീടു വിട്ടിറങ്ങുവാണ് ..
ഈ നെഞ്ചിൽ കിടന്നാണവൾ വളർന്നത് ...
ഈ കൈവിരൽത്തുമ്പു പിടിച്ചാ നടന്നു തുടങ്ങിയെ ...
ഇനിയവളുടെ പാദസരക്കിലുക്കം കേൾക്കില്ലയീ വീട്ടിൽ ..
ഇനിയവളുടെ കിളിക്കൊഞ്ചൽ മുഴങ്ങില്ല ...
അവളു പോയാൽ മരിച്ച വീടു പോലെ നിശബ്ദമാവും ഇവിടം ..
മുഖത്തോടു മുഖം നോക്കി നിൽക്കുന്ന രണ്ടാത്മാക്കളും ബാക്കിയാവും ..
ഓർക്കുന്തോറും മനസ്സു പിടഞ്ഞു ..
കണ്ണുകൾ നിറഞ്ഞു ...
മനസ്സൊരുപാട് ദൂരം പിറകിലെക്കോടി ...
★★
ഇക്കാ..
മം എന്താ ...?
നമുക്കൊന്ന് വീടു വരെ പോയാലോ ..
ഫോണ്‍ ചെയ്തപ്പൊ ഉമ്മ പറഞ്ഞു വാപ്പാക്ക് നല്ല സുഖമില്ലാന്നു ...
അതൊണ്ട് ഓടിപ്പിടിച്ചു പോവണോന്നുണ്ടോ ...?
അതല്ലിക്കാ ..ഉമ്മാക്കു കാലുവേദന ആയതോണ്ട് പ്രയാസുള്ള ജോലിയൊന്നും ചെയ്യാൻ കഴീല്ല ..
വാപ്പയുടെ അസുഖം കൂടിയാവുമ്പോ ഉമ്മ ശരിക്കും തളർന്നു പോവും ..
നടക്കുന്ന കാര്യം വല്ലതും പറ ..
നീ പോയാ ഇവിടുത്തെ കാര്യം ആരു നോക്കും ....
എന്നും പറഞ്ഞു അവളുടെ വായടപ്പിക്കുകയാരുന്നു ഞാനന്ന് ചെയ്തതു...
ഒരുപക്ഷേ അന്നിതുപോലെ അവളുടെ വാപ്പയും നെഞ്ചു പൊട്ടിക്കരഞ്ഞു കാണണം...
കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ചു കൊണ്ടു നടന്ന മകൾ ഒരുനാൾ ആരുമല്ലാതായി തീരുന്ന അവസ്ഥ ..
അന്നവൾ വാപ്പാനെ ഓർത്തു ഒരുപാടു കരഞ്ഞിരുന്നു...
ഞാനതു കാര്യമാക്കീല്ലാന്നു മാത്രല്ല കണക്കിനു പരിഹസിക്കുകയും ചെയ്തു....
പക്ഷെ കണക്കുകൾ സൂക്ഷിക്കുന്ന കാര്യത്തിൽ കാലത്തിനു പിഴച്ചില്ല...
പ്രാർത്ഥനകളും കാത്തിരിപ്പും കൊണ്ടു നേടിയ സ്വന്തം മകളിലൂടെ കണക്കു തീർക്കുന്നു ഇപ്പോ ...
യാ റബ്ബീ എന്നോടു പൊറുക്കണേ ...
"വാപ്പ ഒരു സർപ്രൈസുണ്ടു ...
ആരാ കാണാൻ വന്നിരിക്കുന്നെന്നു നോക്കിയെ ..."
വേഗം എഴുന്നേറ്റു
പുറത്തേക്കു നടന്നു..
വന്നതു അവനാരുന്നു...
മകൾക്ക് വെണ്ടി അവൾ തന്നെ കണ്ടെത്തിയവൻ ...
നാളെ ഇവന്റെ കൈപിടിച്ചാ മകളീ വീട്ടീന്നു ഇറങ്ങുന്നതു...
ശരിക്കും അത്ഭുതപ്പെട്ടു പോയി ..
"യാ അല്ലാഹ് ..മോനെന്താ ഈ നേരത്തു..."?
"ഒന്നുല്ല വാപ്പാനെ ഒന്നു കാണണോന്നു തോന്നി ...
"ഇത്രയും കാലം നിങ്ങൾക്കു വേണ്ടി എന്നെ സൂക്ഷിച്ചു സംരക്ഷിച്ച വാപ്പാക്ക് എന്തു സമ്മാനമാണ് നൽകാൻ പോവുന്നെന്നു ഇവളു ചോദിച്ചപ്പോ എനിക്കാദ്യം മറുപടി ഉണ്ടാരുന്നില്ല ...
പിന്നീടു തോന്നി വാപ്പാനെ ഒന്നു നേരിട്ടു കാണണമെന്ന് ..
ഈ കൈപിടിച്ചൊന്നു ചുംബിക്കണമെന്നു ...
കരളു പറിച്ചെടുക്കുന്ന വേദനയോടെ സ്വന്തം മകളെ കൈമാറുന്നതിന് പകരായിട്ടു എന്തു തന്നാലും മതിയാവില്ലാന്നറിയാം ..
പക്ഷേ ഞാൻ വാക്കു തരുന്നു ...
വാപ്പാക്ക് എപ്പൊ അവളെ കാണാൻ തോന്നുന്നുവോ അന്നവളെ ഞാൻ തന്നെ കൊണ്ടുവന്നു മുന്നിൽ നിർത്തിയിരിക്കും ....
തീർച്ച ...!!
മോനേ ...
ഞാനുറക്കെ വിളിക്കാൻ ശ്രമിച്ചുവെങ്കിലും വാക്കുകൾ പുറത്തേക്കു വന്നില്ല ...
അവനെ നെഞ്ചോടു ചേർത്തു പിടിക്കുമ്പോ ഒരു മകനില്ലാതായിപ്പോയതിന്റെ സങ്കടം കൂടി മറക്കുകയായിരുന്നു ഞാൻ .
★★
മാതാവിനെ കഴിച്ചാൽ ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടെണ്ടത്‌ ആരെന്നു ചോദിച്ചാൽ ഞാൻ പറയും പെണ്മക്കളുടെ രക്ഷിതാക്കളെയെന്നു..
ആചാരങ്ങളും നാട്ടു നടപ്പുകളും എന്തു തന്നെ ആയിക്കൊട്ടെ ..
സ്വാർത്ഥ മോഹങ്ങൾ അരങ്ങു വാഴുന്ന ഇന്നിൻറെ ലോകത്തും മറ്റാർക്കോ വേണ്ടി ആണെന്നു അറിഞ്ഞു കൊണ്ടു തന്നെ ഒരു കുഞ്ഞിനെ സ്‌നേഹം കൊടുത്തു സംരക്ഷിക്കുന്ന അവരെയല്ലേ നാം ആദരിക്കേണ്ടതും സ്നേഹിക്കെണ്ടതും.

By
Rayan Sami
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo