Slider

നന്മ നിറഞ്ഞവൻ

0

നന്മ നിറഞ്ഞവൻ
================
ഇന്ന് ഞാൻ വളരെയധികം സന്തോഷവാനാണ്. ജീവിതത്തിന്റെ വലിയൊരു ലക്ഷ്യമായിരുന്ന സ്വന്തമായൊരു വീട് വെക്കലെന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. ടെറസിട്ട വീടിന്റെ മുന്നിൽ നിന്ന് കുറച്ചു മാറി കൺകുളിർക്കെ വീടിന്റെ ഭംഗി ആസ്വദിക്കുന്നേരം പിറകിൽ നിന്ന് ഒരു കൈ ചുമലിൽ വന്നു പതിച്ചത്. തിരിഞ്ഞു നോക്കുമ്പോൾ ഭാര്യ ലക്ഷ്മി.
"രവിയേട്ടാ... ഇങ്ങനെ നോക്കി നിന്നമതിയോ.. നമുക്കങ്ങു കയറി താമസിക്കണ്ടേ... "
"ആടീ.. വേണം.. വർഷങ്ങളായി നമ്മൾ ഒരുമിച്ചു കണ്ട സ്വപ്നം നടന്നു അല്ലെ.. " ഞങ്ങൾ ദീർഘനിശ്വാസം വിട്ടു പിന്നെ മുഖത്തോട് മുഖം നോക്കി ചിരിച്ചു.
"ഇന്ന് കൃഷ്ണൻ പണിക്കരെ കണ്ടിരുന്നു. പാൽ കാച്ചാൻ പറ്റിയ നല്ല ദിവസം ചോദിച്ചിരുന്നു. മറ്റന്നാൾ നല്ല ദിവസമെന്നാണ് അങ്ങേരു പറയുന്നത്."
"എല്ലാവരെയും ക്ഷണിക്കണ്ടേ... ?" അവൾ ചോദിച്ചു.
"ക്ഷണിക്കാൻ മാത്രം വലിയ ബന്ധുക്കൾ ഇപ്പോൾ ആരും നാട്ടിലില്ലല്ലോ... ഉള്ളത് പിന്നെ കുമാരൻ മാമനെ വിളിക്കാം. വയ്യാത്തിടത്ത് അങ്ങേരു വരുമോ..?"
‌"ക്ഷണിക്കുക നമ്മുടെ കടമ. അറിയിച്ചില്ല എന്ന പരാതി വേണ്ട. വരുന്നതും വരാത്തതും അവരുടെ ഇഷ്ടം.."
‌"ഉം... നിന്റെ വീട്ടുകാരും ബന്ധുക്കളും പിന്നെ അയൽവാസികളും കുറച്ചു നാട്ടുകാരും.. അത് മതി അല്ലെ " ഞാൻ അവളോട് ചോദിച്ചു.
‌"അത് മതി... അപ്പോ ഉച്ച ഭക്ഷണം അല്ലെ... സാധങ്ങൾ വേണം "
‌"അതിനെന്താ നമ്മുടെ കടയിൽ നിന്നെടുക്കാം.. "
‌കുറച്ചു നേരം ഞങ്ങൾ മൗനമായി നിന്നു.
‌"രവിയേട്ടാ... ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപെടുമോ... "
‌"എന്താ കാര്യം പറ " ഞാൻ അവളുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി. അവൾ നിർത്തി നിർത്തി പറഞ്ഞു തുടങ്ങി.
‌"പാൽ കാച്ചലിന്.. എല്ലാവരും വരും. എന്റെ അച്ഛനും അമ്മയും ബന്ധുക്കളും. അവരെല്ലാം ചിലപ്പോൾ ചോദിച്ചാലോ. രവിയേട്ടന്റെ അച്ഛനെയും അമ്മയെയും. എന്തു പറയും."
‌ഞാൻ ഒന്നും പറയാനാവാതെ ആകാശത്തെ സായാഹ്നത്തിൽ സ്വന്തം വീട് തേടി പോകുന്ന പറവകളെയും പിന്നെ സ്വന്തം വീടിന്റെ മേൽക്കൂരക്കു മുകളിലൂടെ അരിച്ചു വരുന്ന അസ്തമയ സൂര്യന്റെ പ്രഭയിലും നോക്കിനിന്നു. ചിന്തകൾ പറവകളുടെ ചിറകു പോൽ പറക്കാൻ വെമ്പൽ കൊള്ളുന്നുവോ.. ?

‌"രവിയേട്ടാ... " ലക്ഷ്മിയുടെ വിളികേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. "രവിയേട്ടാ... വർഷങ്ങൾ കുറെ ആയില്ലെ. ഇപ്പോൾ അവർ എല്ലാം മറന്നു കാണും. എല്ലാ പിണക്കവും മാറിക്കാണും. നിങ്ങൾ പോയി വിളിച്ചു നോക്ക്. അറിയിക്കുക നമ്മുടെ കടമ അല്ലെ.."
‌"പക്ഷെ... ലക്ഷ്മി അത്.... ഞാൻ എങ്ങനെ വീണ്ടും അവരുടെ അടുത്തേക്ക്... എന്നെ അവർക്ക് ഇഷ്ടമല്ലല്ലോ... " എന്റെ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു.
‌"രവിയേട്ടാ... സാരല്യ... എത്ര ആയാലും അവർ നിങ്ങളുടെ അച്ഛനും അമ്മയും അല്ലെ... അത് മാറ്റാൻ പറ്റില്ലല്ലോ... വരുന്നിടത്ത് വച്ച് കാണാം. നിങ്ങൾ ഒന്ന് പോയി നോക്കു.." ലക്ഷ്മി എന്റെ ചുമലിൽ തഴുകി ആശ്വസിപ്പിച്ചു. ഞാൻ തലയാട്ടി മൂളി.

‌രാത്രിയിൽ നാളെ അവർ തന്നോട് എങ്ങനെ പ്രതികരിക്കും എങ്ങനെ അവരെ അഭിമുഖീകരിക്കും എന്ന ചിന്തയിൽ വളരെ വൈകിയാണ് ഉറങ്ങിയതെങ്കിലും പതിവുപോലെ അതിരാവിലെ എഴുന്നേറ്റു.

‌ഞങ്ങളുടെ ഗ്രാമത്തിൽ നിന്നുള്ള പുലർച്ചെയുള്ള ബസ്സിന് തന്നെ നഗരത്തിലേക്ക് ലക്ഷ്യമാക്കി യാത്ര തുടങ്ങി. അതിരാവിലെ ആയത് കാരണം ബസ്സിൽ വളരെ തിരക്ക് കുറവായിരുന്നു. യാത്രക്കാരായി നാലഞ്ചു പേർ. എല്ലാവരും ജനലിനു അഭിമുഖമായ സീറ്റിൽ ഇടം പിടിച്ചു. ഇരുൾ മറ നീക്കി പുലരി വെളിച്ചം വന്നു തുടങ്ങിയിരുന്നു. പഴയൊരു സിനിമാ ഗാനത്തിന്റെ ഈരടികൾക്കൊപ്പം ഉയരങ്ങൾ കയറിയും ഇറങ്ങിയും താളത്തിൽ ബസ്സ് പോവുകയായിരുന്നു. ഉയരങ്ങൾ താണ്ടിയത്തിനപ്പുറം സമതലങ്ങളിലൂടെ ഇരു പുറവും പാട ശേഖരങ്ങളിലൂടെയുള്ള യാത്രയിൽ വരുന്ന കുളിർകാറ്റ് മുഖത്തെ തഴുകുമ്പോൾ എന്റെ മനസ്സും അറിയാതെ പിന്നാപുറങ്ങളിലേക്ക് ഒരു യാത്ര തുടർന്നു.

‌വിലേജ് ഓഫീസിലെ ഉദോഗസ്ഥനായ അച്ഛൻ രവീന്ദ്ര പിള്ള. വീട്ടമ്മയായ അമ്മ ശാരദ. രണ്ട് മക്കൾ ചേട്ടൻ ദിലീപൻ ഞാനും പിന്നെ ഞങ്ങളുടെ കൊച്ചു വീടും.

‌ചെറുപ്പത്തിൽ എപ്പോഴും മനസ്സിനെ അലോസരപ്പെടുത്തിയിരുന്ന ഒരു കാര്യമായിരുന്നു. അച്ഛനും അമ്മക്കും ഞങ്ങൾ മക്കളെ വേർത്തിരിച്ചു കാണൽ. അച്ഛനും അമ്മക്കും ചേട്ടനോട് ഒരു പ്രത്യേക മതിപ്പായിരുന്നു. ചേട്ടൻ നന്നായി പഠിക്കും എന്നാൽ പഠനത്തിൽ ഞാൻ തെല്ലു പുറകിലായിരുന്നു. ആദ്യമൊക്കെ ഇതെന്റെ തോന്നലാവുമെന്നു കരുതി എന്നാൽ പ്രായം കൂടുംന്തോറും ആ തോന്നൽ സത്യമായി ഭവിച്ചു. എപ്പോഴും അച്ഛനമ്മമാരുടെ ഒരു ഉപദേശമായിരുന്നു ചേട്ടനെ കണ്ടു പഠിക്കൂ.

ചേട്ടന്റെ ഇഷ്ട വിഷയമായ എഞ്ചിനീയറിംഗ് പഠിക്കാൻ അവർ സമ്മതിച്ചു എന്നാൽ പത്താം ക്ലാസും പ്രീഡിഗ്രിയും കഷ്ട്ടിച്ചു വിജയിച്ച തനിക്ക് ഇഷ്ട വിഷയമായ ഡ്രോയിങ് പഠിക്കാൻ സമ്മതിച്ചില്ല. ഗവണ്മെന്റ് ആർട്ട് കോളേജിൽ അപോക്ഷിച്ചിച്ചു. ഇന്റർവ്യൂ ടെസ്റ്റിൽ പാസ്സായിരുന്നു. തന്റെ പലവിധ സമ്മർദങ്ങൾക്കൊന്നും അവർ വഴങ്ങിയില്ല എന്നാൽ അച്ഛനും അമ്മയും പറഞ്ഞ വാക്ക് തന്നെ വല്ലാതെ വേദനിപ്പിച്ചു. 'എന്തിനാ പഠിച്ചിട്ട്. വെറുതെ ചിത്രം വരച്ചു നടക്കാനല്ലേ. എന്നിട്ട് എന്ത് സമ്പാദിക്കാനാ..' പിന്നീട് സാധാരണ ബുദ്ധികുറവുള്ള കുട്ടികൾ എടുക്കുന്ന ബി.എ. മലയാളം എടുക്കേണ്ടിവന്നു. പാരൽ കോളേജിൽ ചേർന്ന തനിക്ക് പഠനം മുഴുവനാക്കാൻ സമ്മതിക്കാതെ രണ്ടാം വർഷത്തിൽ നിർത്തേണ്ടി വന്നു. അതിന് അവർ പറഞ്ഞ കാരണം 'ഫീസ് അടക്കാൻ പണം ഇല്ല പിന്നെ പണം കളഞ്ഞു പഠിപ്പിച്ചിട്ടെന്തു കാര്യം.' പഠിപ്പ് നിർത്തിയതിനു ശേഷം വെറുതെ ഇരിക്കണ്ടാന്ന് കരുതിയാണ് ശശിയേട്ടന്റെ പലചരക്ക് കടയിൽ പണിക്ക് പോയി.
എഞ്ചിനീയറിംഗ് പഠിച്ചിറങ്ങിയ ചേട്ടന് സിറ്റിയിലെ പ്രമുഖ ബിൽഡിങ് കമ്പനിയിൽ ജോലി കിട്ടി. ഒരു വർഷത്തിന് ശേഷം അതെ കമ്പനിയിലെ എം.ഡിയുടെ ഒറ്റ മകളെ ചേട്ടനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ ആലോചന വന്നു. ചേട്ടന്റെ ഇഷ്ടത്തിന് വീട്ടുകാരും എതിര് നിന്നില്ല. ചേട്ടത്തിയമ്മക്ക് ഗ്രാമത്തിലുള്ള ഞങ്ങളുടെ ചെറിയ വീട്ടിൽ സൗകര്യം പോരാന്ന് പറഞ്ഞു ചേട്ടത്തിയമ്മയുടെ അച്ഛൻ സിറ്റിയിൽ ഉണ്ടാക്കി കൊടുത്ത വീട്ടിലേക്കു താമസം മാറി. പഠിപ്പിൽ മോശക്കാരനായ തനിക്ക് പാവപെട്ടവനായ കല്പണിക്കാരനായ ശിവേട്ടന്റെ മകൾ ലക്ഷ്മിയെ കല്യാണം കഴിച്ചു തന്നു.
ചേട്ടൻ പുതിയൊരു ആവശ്യവുമായി അച്ഛന്റെയും അമ്മയുടെയും അടുത്ത് വന്നു. ചേട്ടന് ബിസിനസ്സ് ആവശ്യമായി കുറച്ചു പണം വേണം എന്നാൽ ചേട്ടൻ ചോദിച്ച തുക അച്ഛന്റെ കയ്യിൽ എടുക്കാനില്ല അവസാനം ഒരു തീരുമാനത്തിൽ എത്തി വീടും പറമ്പും വിൽക്കുക. അച്ഛനെയും അമ്മയെയും ചേട്ടൻ കൊണ്ട് പോകാം. തന്റെ അഭിപ്രായങ്ങൾക്ക് ഒരു വിലയും അവിടെ നടന്നില്ല. കുറച്ചു കർക്കശമായി താൻ അന്ന് അച്ഛനോടും അമ്മയോടും സംസാരിച്ചു എന്നാൽ താൻ അവരുടെ ഇഷ്ടത്തിന് എതിരായി സംസാരിച്ചതിൽ കോപിഷ്ഠരായ അവർ തനിക്ക് കിട്ടേണ്ട ഓഹരിയിൽ വളരെ തുച്ഛമായ പണം തന്നു. പോകുന്നതിനു മുൻപ് അവർ പറഞ്ഞത് 'നീ ഒരിക്കലും ഗുണം പിടിക്കില്ല. നിന്നെ ഞങ്ങൾക്ക് ഒരിക്കലും കാണണ്ടാ..മരിച്ചാൽ പോലും ശവം പോലും കാണാൻ വരരുത്.' അവരുടെ വാക്കുകൾ എന്റെ മനസ്സിലും ഹൃദയത്തിലും ഇന്ന് വരെ മാറാത്ത മുറിവായി തങ്ങി നിന്നു. ഓഹരിക്കിട്ടിയ പണവും പിന്നെ ലക്ഷ്മിയുടെ താലി മാല ഒഴിച്ചുള്ള സ്വർണ്ണം വിറ്റ പണം കൊണ്ട് ഒരു പലചരക്ക് കട തുടങ്ങി. താമസം വാടക വീട്ടിൽ. സുധിയും മാളവികയും പിറന്നു. ഇന്ന് വീടെന്ന സ്വപ്നവും പൂർത്തിയായി.

‌ഒരു കുലുക്കത്തോടെ ബസ്സ് നിന്നപ്പോളാണ് കണ്ണുതുറന്നത്. ഇത് വരെ താൻ സൈഡ് കമ്പിയിൽ തല ചായ്ച്ചു വെച് മയങ്ങുകയായിരുന്നെന്നു ഓർത്തത്. ബസ്സ്റ്റാൻഡ് എത്തിയിരിക്കുന്നു. ബസ്സിറങ്ങി. ഒരു ഓട്ടോ വിളിക്കണം. പത്ത് രൂപയുടെ ഓട്ടം കാണും.

‌തിങ്ങി നിറഞ്ഞ ട്രാഫിക്ക് ജാമിലൂടെ കുത്തി കുലുങ്ങിയാണ് ഓട്ടോയിൽ പോയത്. ഡ്രൈവർ ഓട്ടോ ഓടിക്കുന്നത് കാണുമ്പോൾ അയാളുടെ എന്തോ കളഞ്ഞു പോയത് പോലെ ഇരു വശവും തിരക്കിട്ടു മാറി മാറി നോക്കിയാണ് ഓടിക്കുന്നത്.

‌വലിയ ഇരു നില വീടിന്റെ വലിയ ഗെയ്റ്റിന്റെ മുന്നിൽ ഞാൻ ചെന്നിറങ്ങി. ഗെയ്റ്റ് കടന്നാൽ വീടുവരെ കല്ലുപാകിയ മുറ്റം പിന്നെ ഇരുവശവും അരമതിൽ അതിനപ്പുറം ഗാർഡൻ. ഗാർഡനു നടുവിൽ ഊഞ്ഞാൽ. ചെടികൾ ചെടിച്ചട്ടിയിൽ അരമതിലിൽ നിരത്തി വെച്ചിരിക്കുന്നു. കൂട്ടിൽ കിടന്ന് ഏതോ വിദേശ നായ അപരിചിതനെ കണ്ടതിനാലാവും നിർത്തത്തെ കുരക്കുന്നു.

‌കോളിംഗ് ബെല്ലടിച്ചപ്പോൾ ആ വലിയ വാതിൽ എനിക്ക് മുന്നിൽ തുറന്നു. ഒരു സ്ത്രീ പുറത്ത് വന്നു.
‌"ചേട്ടത്തിയമ്മ " അറിയാതെ എന്റെ വായിൽ നിന്ന് വന്നു. എന്നെ ഒരു നിമിഷം നോക്കിയ അവർ തിരിച്ചു പോയി. ചേട്ടത്തിയമ്മ കല്യാണം കഴിച്ചു വരുമ്പോൾ മെലിഞ്ഞിരുന്നു എന്നാൽ ഇപ്പോൾ നല്ല തടി വെച്ചിരിക്കുന്നു.

‌"ദീലീപ്... സംവൺ വാണ്ട് സീ യു... " അകത്തു നിന്ന് ഉച്ചത്തിലുള്ള സംഭാഷണം കേട്ടു.
‌ഒരാൺ കുട്ടിയും പെൺകുട്ടിയും വാതിലിൽ വന്നു നിന്നു. ആൺകുട്ടിക്ക് പത്തും പെൺകുട്ടിക്ക് ഏഴും വയസ്സ് കാണും. ഞാൻ അവരെ നോക്കി ചിരിച്ചു. തിരിച്ചു കുട്ടികളും ചിരിച്ചു.
‌"അഭീ... പാറു കം ഇൻസൈഡ്... " ആജ്ഞയായ വിളിയിൽ കുട്ടികൾ തിടുക്കത്തിൽ അകത്തേക്ക് പോയി.
‌"മമ്മീ ഹൂ ഈസ് ദാറ്റ്. "
‌"വൈ ഷുഡ് യു ഗയ്സ് ലൂക്കിങ് അറ്റ് ഹിം... മേയ് ബി ഹി ഈസ് ആൻ ബെഗ്ഗർ... ഗോ ആൻഡ് സ്റ്റഡി"
‌വാതിൽക്കൽ ചേട്ടൻ വന്നു. എന്നെ അടിമുടി ഉഴിഞ്ഞു നോക്കി. ചേട്ടൻ ആകെ മാറിയിരിക്കുന്നു. തടിച്ചിരിക്കുന്നു. വയർ ചാടിയിട്ടുണ്ട്. തല മുടിയിൽ നര കയറിയിരിയിട്ടുണ്ട്.
‌"ഉം എന്താ വന്നത്. "
‌"ചേട്ടാ ഞാൻ.... "
‌"പണത്തിനാണെങ്കിൽ എന്റെ കയ്യിൽ ഒന്നുമില്ല. ഞാൻ ആകെ ടൈറ്റിലാണ്... " കർക്കശമായാണ് ചേട്ടൻ സംസാരിച്ചത്
‌"പണത്തിനല്ല ഞാൻ വന്നത്. മറ്റെന്നാൾ എന്റെ വീടിന്റെ പാൽ കാച്ചാലാണ്. ക്ഷണിക്കാൻ വന്നതാണ്. ചേട്ടനെയും ചേട്ടത്തിയമ്മയെയും മക്കളെയും..."
‌"മറ്റന്നാൾ... " ചേട്ടൻ ഒരു നിമിഷം ചിന്തയിലാണ്ടു പിന്നെ പറഞ്ഞു. "നാളെ വൈകീട്ട് ഞങ്ങൾ സിംഗപ്പൂർ പോകാൻ പ്ലാനുണ്ട്.. വരാൻ പറ്റില്ല.."
‌"എനിക്ക് അച്ഛനെയും അമ്മയെയും ഒന്ന് കാണണം..."
‌"അവരിവിടെയില്ല "
‌തെല്ലൊരു സങ്കോചത്തോടെ ഞാൻ ചോദിച്ചു. "പിന്നെ അവരവിടെ പോയി. "
‌"പ്രായം കൂടിയില്ലെ. അവരിവിടെ ഞങ്ങൾക്കും മക്കൾക്കും ശല്യമാണ് പിന്നെ അവരെ നോക്കാനൊന്നും ബുദ്ധിമുട്ടാണ്. അത് കൊണ്ട് വൃദ്ധസദനത്തിൽ ആക്കി.. " വളരെ നിസ്സാരമായി ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ ആകെ തളർന്നു.
‌"ചേട്ടാ നമ്മുടെ അച്ഛനും അമ്മയും അല്ലെ... നിങ്ങളെങ്ങനെ ഇത്ര ക്രൂരനായി..." എന്റെ കണ്ണിൽ നനവ് പടർന്നു. വളരെ ദയനീയമായാണ് ഞാൻ ചോദിച്ചത്.
‌"പ്രായമായാവർ നമുക്കൊരു ഭാരമാണ്. നിന്റെയും കൂടെ അച്ഛനും അമ്മയും അല്ലെ. അവർ വൃദ്ധസദനത്തിലുണ്ട്. അത്ര സ്നേഹ കൂടുതൽ ആണെങ്കിൽ കൂട്ടി കൊണ്ട് പോയിക്കോ... വൃദ്ധസദനത്തിൽ അഡ്രസ് ഞാൻ തരാം.."
‌"നിങ്ങൾക്കും വയസ്സാകും.... നിങ്ങൾക്കും ഇതെ ഗതി വരും ഒരിക്കൽ.. " അത് പറയുമ്പോൾ എന്റെ തൊണ്ട ഇടറിയിരുന്നു.

‌മതിൽ കെട്ടിനുള്ളിലായുള്ള വൃദ്ധസദനം ഒരു ഓടിട്ട കെട്ടിടമായിരുന്നു. വൃദ്ധസദനത്തിന്റെ പടി കടന്നു ചെല്ലുമ്പോൾ മുറ്റത്ത് മരങ്ങളും ചെടികളും നിറഞ്ഞു നിന്നിരുന്നു. പ്രായം ചെന്ന ആൺ പെൺ മക്കളാൽ ഉപേക്ഷിക്കപെട്ട വൃദ്ധർ ചിലർ മരച്ചുവട്ടിൽ ബെഞ്ചിൽ ഇരുന്ന് സംസാരിക്കുന്നു. ചിലർ പത്ര വായനയിലാണ്.

‌ഓഫീസിൽ കയറി ചെന്നു. റിസെപ്ഷനിലുള്ള പെണ്ണ് കമ്പ്യൂട്ടറിൽ എന്തോ തിരക്കിട്ട പണിയിലായിരുന്നു. അവളോട് കാര്യം പറഞ്ഞു. അവൾ കാത്തിരിപ്പു ബെഞ്ചിൽ ഇരിക്കാൻ പറഞ്ഞു. പിന്നെ ആർക്കോ ഫോൺ ചെയ്തു. എന്നോട് അകത്തേക്ക് പോകാൻ പറഞ്ഞു. പോകാനുള്ള വഴിയും പറഞ്ഞു തന്നു. അവൾ തന്റെ പണിയിലേക്കു തിരിഞ്ഞു.

‌കുറെ തിരഞ്ഞതിനു ശേഷം അവൾ പറഞ്ഞ നാല്പത്തി എട്ടാമത്തെ മുറി കണ്ടു പിടിച്ചു. മുറിയുടെ അകത്തേക്ക് കയറി ചെല്ലുമ്പോൾ മുറിയുടെ ഒരൊറ്റത്തുള്ള ഇരു കട്ടിലിൽ അച്ഛനും അമ്മയും ഇരിക്കുന്നു. എന്നെ കണ്ടതും അവർ ഞെട്ടി മിഴിച്ചു നോക്കി. പിന്നെ രണ്ട് പേരും വിങ്ങി പൊട്ടിയുള്ള കരച്ചിലായിരുന്നു. തങ്ങളുടെ തെറ്റുകൾ എന്റെ മുന്നിൽ നിരത്തി മാപ്പ് പറഞ്ഞു കരഞ്ഞു. ഞാൻ ഒന്നും പറയാനാവാതെ രണ്ട് പേരെയും ഇഴുകെ പുണർന്നു മൂർദാവിൽ ചുംബിച്ചു. മൂന്ന് പേരുടെയും കരച്ചിലിന് ശേഷം പിന്നെ വിശേഷങ്ങൾ ആയി. കാണാത്ത തങ്ങളുടെ പേരകുട്ടികളെ അവർക്ക് തിടുക്കമായി.

‌എന്റെ പുതിയ ഭവനത്തിലേക്ക് അച്ഛനെയും അമ്മയെയും കൂട്ടി വലത് കാൽ വെച്ചു കയറുമ്പോൾ സ്വീകരിക്കാൻ എന്റെ ഭാര്യയും മക്കളും ഉണ്ടായിരുന്നു. അച്ചനെന്ന വീടിന്റെ വിളക്കിനെയും അമ്മയെന്ന നട്ടെല്ലിനെയും ഞാൻ നന്മയോടെ കാത്തു സൂക്ഷിക്കുന്നു.
‌(ശുഭം )

‌നിഷാദ് മുഹമ്മദ്... "
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo