Slider

അവനും അവളും...

0

അവനും അവളും...
-----------------------------------
എന്തുകൊണ്ടു നോക്കിയാലും രണ്ടു ധ്രുവങ്ങളില്‍ ആയിരുന്നു അവര്‍.. ഒരിക്കലും കൂട്ടി മുട്ടാന്‍ പാടില്ലാത്തവര്‍.. എന്നിട്ടും അവള്‍ അവനെ സ്നേഹിച്ചു..
അവള്‍... ഒരു തുളസിക്കതിര്‍ പോലെ നിര്‍മ്മലയായിരുന്നു.. പേടമാനിനെ പോലെ മനോഹരിയും..
അവനോ പുഴുക്കുത്തേറ്റ പനിനീര്‍ പൂവ്..
അവള്‍ അടുത്തെത്തി താലോലിക്കുമ്പോളൊക്കെ മുള്ളു കൊണ്ടു കുത്തി മുറിവേല്‍പ്പിക്കും..
ചോര കിനിഞ്ഞിറങ്ങുന്ന ആ മുറിവുകളില്‍ മരുന്നു വെച്ചു കെട്ടി പുഞ്ചിരിച്ചു കൊണ്ട് പിന്നെയും അവള്‍ അവനോട് ഒട്ടിച്ചേര്‍ന്നു നിന്നു.. വീണ്ടും മുറിവുകള്‍ ഏറ്റുവാങ്ങാനായി...അത്രയ്ക്ക് ഇഷ്ടമായിരുന്നു അവള്‍ക്കവനെ..
അവനോ... ?..
അവന്‍ അവളെ സ്നേഹിച്ചിരുന്നോ?.. അറിയില്ല...
എപ്പോളും അവളെ വേദനിപ്പിക്കാനേ അവന്‍ ശ്രമിച്ചിട്ടുള്ളു.. അവളുടെ വേദനകളില്‍ അവന്‍ ആനന്ദം കണ്ടെത്തി.. അവന്‍റെ ആനന്ദമായിരുന്നു അവള്‍ക്ക് എന്നും പ്രധാനം.. അതുകൊണ്ടുതന്നെ അവളെന്നും വേദനകള്‍ സ്വയം ഏറ്റുവാങ്ങി..
എപ്പോളും അവനു ചുറ്റും ഒരുപാട് ആളുകളുണ്ടായിരുന്നു.. അവന്‍റെ മിത്രങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍.. അവരുടെ ആരവങ്ങളില്‍ അവനലിഞ്ഞു ചേര്‍ന്നു..
പക്ഷേ അവളെ അവന്‍ എല്ലാത്തില്‍ നിന്നും അകറ്റി.. അവളുടെ സൗഹൃദങ്ങളെ അവന്‍ എതിര്‍ത്തു.. അവള്‍ ആരോടും കൂട്ടുകൂടുന്നത് അവനു ഇഷ്ടമല്ലായിരുന്നു.. അവനു വേണ്ടി അവള്‍ എല്ലാം ഒഴിവാക്കി..
അവളുടെ കൂട്ടുകാര്‍ ആ ബന്ധത്തെ എതിര്‍ത്തു..
'' അവനു ഒരിക്കലും നിന്നോട് നീതി പുലര്‍ത്താനാവില്ല.. കാരണം അവന്‍ വളര്‍ന്നത് ചളിയിലാണ്‌..''
''ചളിയില്‍ വളര്‍ന്ന താമരയല്ലേ ഏറ്റവും ശ്രേഷ്ഠമായത്..''
എന്നു മറുപടി പറഞ്ഞു വിമര്‍ശനത്തിന്‍റെ മുനയൊടിച്ചു അവള്‍..
അവന്‍റെ സുഹൃത്തുക്കളും വന്നു അവളെ ഉപദേശിക്കാന്‍..
''അവനു നഷ്ടപ്പെടാന്‍ ഒന്നുമില്ല.. മുകളിലാകാശം താഴെ ഭൂമി.. അതു പോലെയല്ല നീ''..
പക്ഷേ അവളതൊന്നും മുഖവിലയ്ക്കെടുത്തില്ല.. അവള്‍ക്ക് അവനായിരുന്നു വലുത്.. അവളുടെ ലോകം അവനില്‍ മാത്രമായി ചുരുങ്ങി..
അവള്‍ ആ ലോകത്ത് സന്തോഷം കണ്ടെത്തി..
ആ സമയം കരിമ്പു കാട്ടിലിറങ്ങിയ കൊമ്പനാനയെ പോലെ അവന്‍ ജീവിതം ആസ്വദിക്കുന്നുണ്ടായിരുന്നു..
എല്ലാം അറിഞ്ഞിട്ടും അവള്‍ അറിഞ്ഞതായി ഭാവിച്ചില്ല.. കാരണം അവന്‍ നഷ്ടപ്പെടുന്നത് അവള്‍ക്ക് താങ്ങാനാവില്ലായിരുന്നു...
അവളുടെ ആ ദൗര്‍ബല്യത്തെ അവന്‍ ആവോളം മുതലെടുത്തു.. ചുറ്റുമുള്ള ആരവങ്ങള്‍ ഒഴിയുമ്പോളൊക്ക അവന്‍ അവളെത്തേടിയെത്തി.. പരാതിയും പരിഭവവുമില്ലാതെ രണ്ടു കെെയ്യും നീട്ടി അവളവനെ സ്വീകരിച്ചു..
കുറച്ച് നാള്‍ കഴിയുമ്പോള്‍ വീണ്ടും പഴയ പടിയാകും.. എന്നാലും അവന്‍ തിരികെ വരുന്നതുവരെ അവള്‍ കാത്തിരുന്നോളണം.. അതാണ് അവന്‍റെ നിയമം.. അവനു വേണ്ടി അവനുണ്ടാക്കിയ നിയമം.. അത് അനുസരിക്കാന്‍ അവളെപ്പോഴും ഒരുക്കമായിരുന്നു..
അവള്‍ ജീവിതത്തില്‍ കണ്ണീര്‍ ഒഴുക്കിയിട്ടുണ്ടെങ്കില്‍ അത് അവനുവേണ്ടി മാത്രമായിരുന്നു.. അവന്‍റെ സ്നേഹത്തിനു വേണ്ടി..
അവന്‍ പിണങ്ങുമ്പോള്‍ അവളൊരുപാട് കരഞ്ഞു.. അവന്‍റെ സ്നേഹം തിരിച്ചുകിട്ടാന്‍ എന്തു വിട്ടു വീഴ്ചയ്ക്കും ഒരുക്കമായിരുന്നു..
ഒരിക്കല്‍പോലും അവള്‍ ചിന്തിച്ചില്ല എന്തിനു വേണ്ടിയാണ് താന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന്.. ഇതുകൊണ്ട് എന്താ നേട്ടമെന്ന്.. അവള്‍ക്ക് സ്വാര്‍ത്ഥ താല്പര്യങ്ങളില്ലായിരുന്നു.. ഉള്ളത് സ്നേഹം മാത്രം.. മനസ്സു നിറയെ അവനോടുള്ള കറകളഞ്ഞ സ്നേഹം..
അങ്ങനെ ഇണങ്ങിയും അതിലേറെ പിണങ്ങിയും അവരുടെ ബന്ധം മുന്നോട്ട് പോയി..
ഒരിക്കല്‍ ഒരു ചെറിയ തെറ്റിദ്ധാരണയുടെ പേരില്‍ അവന്‍ അവളെ ഒരു പേരിട്ട് വിളിച്ചു .. പിഴച്ചവള്‍ എന്നര്‍ത്ഥം വരുന്ന ഒരു നാടന്‍ പ്രയോഗം.. അത്രയും നികൃഷ്ടമായിരുന്നു ആ വാക്ക്.. ഇതുവരെ സിനിമയില്‍ മാത്രമേ അവളത് കേട്ടിരുന്നുള്ളു..
ആ അപമാനം അവള്‍ക്ക് താങ്ങാനായില്ല.. ഇനിയും മുന്നോട്ടു പോവുന്നതില്‍ അര്‍ത്ഥമില്ല എന്നവള്‍ക്ക് തോന്നി..
അവളുടെ മനസ്സില്‍ നിന്നും അവനെ പുറത്താക്കി പടിയടച്ചു പിണ്ഡം വെച്ചു..
തിരിച്ചു കയറാന്‍ അവന്‍ പല രൂപത്തിലും ശ്രമിക്കുന്നു.. പക്ഷേ അവളുടെ മുന്നില്‍ ഇനി അതൊന്നും വിലപ്പോവില്ല.. അവളുടെ തീരുമാനത്തിന് കാരിരുമ്പിന്‍റെ ഉറപ്പായിരുന്നു..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo