Slider

വിട

0

വിട
------
വീണു കിടന്നിരുന്ന ഒരില മാത്രമായിരുന്നു ഞാൻ.... വീശിയടിച്ച കാറ്റിൽ പറന്ന് നിന്റെ കൈവെള്ളയിൽ എത്തിയ നാൾ മുതലാണ് ഞാൻ സുരക്ഷിതത്വം അറിഞ്ഞത്... താഴെയും തലയിലും വെക്കാതെ നീയെന്നെ കൊണ്ട് നടന്നു... പല പല കഥകൾ പറഞ്ഞു... കുസൃതികൾ പറഞ്ഞു... പൊട്ടിച്ചിരിച്ചു... ഒറ്റപ്പെട്ടു എന്ന് തോന്നിയ എനിക്ക് അതെല്ലാം പുതിയ അനുഭവമായിരുന്നു... ഞാനും നിന്റെ കൈവെള്ളയിൽ ഇളകി കളിച്ചു... നീയും ചിരിച്ചു ഞാനും.... അന്നൊക്കെ നീ തമാശക്ക് പറയുമായിരുന്നു നിന്നെ ഞാൻ പിച്ചികീറി കളയും എന്ന് .... പലതവണ അതാവർത്തിച്ചപ്പോൾ എന്റെ കുഞ്ഞു മനസ്സിലും ഭയം.... നിന്റെ കൈ കൊണ്ട് പിച്ചി കീറപ്പെടുന്ന ആ അവസ്ഥ ... ആ നിമിഷം... അതെനിക്ക് ആലോചിക്കാൻ കൂടി വയ്യ... അങ്ങിനെ ഒടുവിൽ ഞാൻ മനസ്സിലാക്കി ഞാനെന്തായാലും മണ്ണിൽ അഴുകി ചേരാനുള്ളവൻ ആണ് ... നിന്റെ കയ്യാൽ പിച്ചി ചീന്തപ്പെട്ടാൽ അതെനിക്ക് ഇന്ന് വരെ അനുഭവിച്ച സന്തോഷത്തേക്കാൾ കൂടുതൽ ദുഃഖം തരും... അതുകൊണ്ട് തന്നെ അടുത്ത കാറ്റിനായി ഞാൻ കാത്തിരുന്നു... ആ കാറ്റ് വന്ന നിമിഷം തന്നെ ഞാൻ നിന്റെ കൈ വെള്ളയിൽ നിന്ന് പറന്ന് പൊങ്ങിയതും അതാണ്... നീയെന്നെ പിടിക്കുവാൻ നോക്കി പിടി തരാതിരിക്കാൻ ഞാനും.... നിന്റെ മുഖത്തെ സന്തോഷം അതെന്നും ഞാനീ മണ്ണിൽ അലിയും വരെ എന്റെ മനസ്സിൽ ഉണ്ടാകും.... ഞാൻ മൂലം ഒരു തുള്ളി കണ്ണുനീർ നിന്റെ കണ്ണിൽ പൊടിഞ്ഞാൽ അതായിരിക്കും എനിക്ക് സങ്കടം... ഈ വിധി അനിവാര്യമാണ്... ഇനിയൊരിക്കലും നാം തമ്മിൽ കണ്ടു മുട്ടി എന്ന് വരില്ല... ചിലപ്പോൾ കണ്ടു മുട്ടി എന്നും വരാം... എങ്കിലും ആദ്യമായി സന്തോഷ നിമിഷങ്ങൾ നൽകിയ നിൻ മുഖം എന്റെ മനസ്സിൽ മിഴിവോടെ എന്നും ഉണ്ടാകും.... കാണുന്നു ഞാൻ എന്നെ കിട്ടാതെ നിരാശയോടെ പിന്തിരിഞ്ഞു നടക്കുന്ന നിന്നെ... പക്ഷെ നീ പൂമരങ്ങളുടെ ചുവട്ടിലൂടെയാണ് നടക്കുന്നത്... നിന്റെ കൈ വെള്ളയിൽ ഇനിയും മണമുള്ള ഒരുപാട് പൂക്കൾ വരും... അതിനെ നീ ആസ്വദിക്കുവാൻ തുടങ്ങുമ്പോൾ... മണവും ഗുണവും ഇല്ലാത്ത വെറുമൊരു ഇലയായ എന്നെ നീ മറന്നോളും.... മണ്ണിലെവിടെയെങ്കിലും ഈ കാറ്റ് എന്നെ കൈ വിടും വരെ പറക്കട്ടെ ഞാൻ... വിട......
ജയ്‌സൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo