Slider

ന്തേ... ഇറുമ്പു കടിയ്ക്ക്ണ് ണ്ടോ...

0

ന്തേ... ഇറുമ്പു കടിയ്ക്ക്ണ് ണ്ടോ...
---------------------
സ്ക്കൂള്‍ വെക്കേഷന് ആറ്റാശ്ശേരി പോയതിന്‍റെ വിശേഷങ്ങള്‍ ഏട്ടന്‍ പറയുന്നത് കേട്ടപ്പോള്‍ മുതല്‍ ശാന്തമ്മായീടെ വീട്ടിലേയ്ക്ക് വിരുന്നു പോകാന്‍ ഒരവസരത്തിനായി കാത്തിരിയ്ക്കുകയാണ്. അങ്ങനെ ആ സുദിനമെത്തി. വീട്ടിലേയ്ക്കു വന്ന അമ്മായി തിരിച്ചു പോകാനൊരുങ്ങുമ്പൊ എന്നോടു ചോദിച്ചു, പോരണോ... കേട്ടപാതി തുള്ളിച്ചാടി അമ്മായീടെ കൂടെ ഇറങ്ങി പുറപ്പെട്ടു. കോട്ടപ്പുറം വരെ ബസ്സിലും, അവിടന്നങ്ങോട്ട് ആറ്റാശ്ശേരി വരെ ജീപ്പിലും പോയ ശേഷം ഒരല്‍പ്പം നടക്കണം അമ്മായീടെ വീടെത്താന്‍.
പടിയ്ക്കല്‍ നിന്നേ തൊഴുത്ത് കാണാം. പടിമുറ്റം കയറിപ്പോകുമ്പൊ ചാണകത്തിന്‍റെ മണം. എങ്കിലും മുറ്റത്തേയ്ക്ക് ചാണകം വരാത്തരീതിയില്‍ ഉയര്‍ത്തിത്തന്നെ തിട്ട് ഇട്ടിട്ടുണ്ട്. പടിമുറ്റം കഴിഞ്ഞ് വിശാലമായ മുറ്റം. വിശേഷങ്ങളില്‍ പങ്കെടുക്കാനായിരുന്നു അതുവരെ ആറ്റാശ്ശേരി അമ്മായീടെ വീട്ടില്‍ പോയിരുന്നത്. അതുകൊണ്ടു തന്നെ ആദ്യമായി കാണുന്നപോലെ ഞാന്‍ മുറ്റം ഒന്നു കണ്ണോടിച്ചു. അവിടെ, തൊഴുത്തിന്‍റെ തണലിലിരുന്ന് ഓലപ്പായയ്ക്ക് ഒന്നുകൂടി ശക്തികിട്ടാന്‍ വീണ്ടും ചീന്തിയുണക്കിയിട്ട ഓല അരിവാള്‍ത്തുമ്പിന്‍റെ സഹായത്തോടെ കുത്തിക്കേറ്റുന്ന അച്ചമ്മയെ കണ്ടു.
വീതിയുള്ള അരികിന്‍തിണ്ണയുടെ നടുവിലൂടെ കോലായിലേയ്ക്കുള്ള പടിക്കെട്ടുകള്‍ കയറവേ.. ആ.. പണി കഴിഞ്ഞോ..? അമ്മായി ആരോടാണ് ചോദിയ്ക്കുന്നതെന്നറിയാന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ വെളുത്ത് ഉയരം കുറഞ്ഞ, തലനരച്ച ഒരു സ്ത്രീയും - അതിന്‍റെ കൊച്ചുമോളെന്നു തോന്നിയ്ക്കുന്ന ഒരു കുട്ടിയും. കുറച്ചു വൃത്തിയോടെയാണെങ്കില്‍ ആ സ്ത്രീയെ കാണാന്‍ കുറച്ചുകൂടി നന്നായേനെ എന്നെനിയ്ക്ക് തോന്നി. അമ്മായി അവരോടെന്തൊക്കെയോ ചോദിയ്ക്കുന്നുണ്ട്. ഞാന്‍ കോലായിലേയ്ക്ക് കയറി നിലയുറപ്പിച്ചു. ചേച്ചിമാരെ ആരെയും കാണാനില്ല. പെട്ടെന്നങ്ങ് ഒറ്റപ്പെട്ടപോലെ. എനിയ്ക്കമ്മയെ ഓര്‍മ്മ വന്നു. അമ്മയ്ക്കെപ്പോഴും പണിയാ..എന്നാലും അമ്മടെ കൂടെവുമ്പൊ ഇങ്ങനെ തോന്നീട്ടില്ല. ഓരോന്നോര്‍ത്തു നില്‍ക്കേ.. അമ്മായി എന്‍റെ ഡ്രസ്സുകള്‍ നിറച്ച കവറുമായി അകത്തേയ്ക്ക് പോയി. മുറ്റത്ത് നില്‍ക്കുന്ന സ്ത്രീയേം കുഞ്ഞിനേം നോക്കി ഞാന്‍ വെറുതേ നോക്കി നിന്നു.
അകത്തു പോയ അമ്മായി വീട്ടു വേഷത്തിലാണ് തിരിച്ചു വന്നതെങ്കിലും, അമ്മായീടെ വലതു കയ്യില്‍ ഒരു വലിയ ഗ്ലാസ് നിറയെ പാലുണ്ടായിരുന്നു. പാലും വെള്ളം അന്നെന്‍റെ ഫേവറൈറ്റ് ആയിരുന്നു. ഞാന്‍ അമ്മായിയോടൊന്നു ചിരിച്ചു. ചിരിച്ചു കൊണ്ടു തന്നെ അമ്മായി എന്നോട് ചോദിച്ചു - ഇഷ്ടാ..?
ഉം... ഞാനൊന്നു മൂളി. പാല്‍ ഗ്ലാസ് കാലിയാക്കാന്‍ കുറച്ചു കഷ്ടപ്പെട്ടു. എങ്കിലും മുഴുവനും കുടിച്ചു. ഞാന്‍ പാലു കുടിയ്ക്കുന്നതും നോക്കി പണിക്കാരി സ്ത്രീയും കൊച്ചുമോളും നിന്നു. ചുണ്ടില്‍ നിന്നും ഗ്ലാസെടുത്ത് പുറം കൈ കൊണ്ട് ചിറി തുടച്ചപ്പൊ ഒരു ഏമ്പക്കം വരണൂ... തോന്നി. ഏമ്പക്കമല്ലാരുന്നു കുടിച്ച പാലുമുഴുവന്‍ പുറത്തേയ്ക്കു പോന്നു ☹ അമ്മായി അകത്തൂന്ന് വന്നു.. അരികിന്‍ തിണ്ണയിലും, ഇരിപ്പടിയിരും കോലായിലും എന്‍റെ ഛര്‍ദ്ദില്‍ ☹ എന്തു പറ്റി..ഛര്‍ദ്ദിച്ചൊ? എന്‍റെ മുഖം കണ്ട അമ്മായി പറഞ്ഞൂ.. സാരല്യ. ഇനി കുറച്ചു കഴിഞ്ഞിട്ട് അമ്മായി ഒന്നൂടി ണ്ടാക്കി തരാ ട്ടൊ. അമ്മായി ചോദിച്ചു - കിടക്കണോ..? വേണമെന്നു ഞാന്‍ തലയാട്ടി. അമ്മായി എന്നെ അകത്തേയ്ക്ക് കൂട്ടി.
ഉറങ്ങിയെണീറ്റപ്പൊ ജനലിലൂടെ കുറച്ച് ഓല കിടക്കുന്നത് കണ്ടു.ഹാ... അച്ചമ്മ അവിടിരുന്നാണല്ലോ പായ മെടഞ്ഞിരുന്നത് ..! ഉണര്‍ന്നങ്കിലും, എഴുന്നെല്‍ക്കാതെ വെറുതേ കിടന്നു - പെട്ടെന്ന്..., കാലിലെന്തോ കടിയ്ക്കുന്നപോലെ.. മറ്റേ കാലുകൊണ്ട് കടിതോന്നിയേടത്ത് ഒന്നുരച്ചു. വീണ്ടും കടിയ്ക്കുന്നു - ഇത്തവണ കാല്‍മുട്ടു മടക്കി കൈ കൊണ്ടൊന്നു തുടച്ചു. അപ്പൊ ഒരു നനുത്ത ശബ്ദം കേട്ടപോലെ..!! ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പൊ കുട്ടന്‍ !! ശാന്തമ്മായീടെ പേരക്കുട്ടി. ഒപ്പം അമ്മായീടെ മോന്‍ സന്തോഷേട്ടനും. കള്ളച്ചിരിയോടെ കുട്ടന്‍ ചോദിച്ചു - "ന്തെ... ഇറുമ്പ് കടിയ്ക്കണ് ണ്ടോ.. " കുട്ടന്‍റെ പുറകില്‍ നിന്നു സന്തോഷേട്ടന്‍ ചിരിയ്ക്കുന്നു. എനിയ്ക്കു ദേഷ്യം വന്നു , ഹും - വിരുന്നുകാരിയായ എന്നെ നുള്ളുന്നോ..!? ഇതെന്തൊരു സാധനം 😠😠 മനസ്സിലിങ്ങനെ പറഞ്ഞ്,ദേഷ്യത്തോടെ തലവെട്ടിച്ച് പുറം തിരിഞ്ഞു കിടന്ന ഞാന്‍ കുട്ടന്‍റേം സന്തോഷേട്ടന്‍റേം പൊട്ടിച്ചിരി കേട്ട് അരിശം കടിച്ചമര്‍ത്തിയെങ്കിലും, വീണ്ടും നുള്ളു കിട്ടുമോ എന്ന ഉള്‍ഭയം എന്‍റെ കഴുത്ത് കുട്ടന്‍റെ നേരെ തിരിച്ചു. വീണ്ടും നുള്ളാനായി നീട്ടിയ കുട്ടന്‍റെ കൈ സന്തോഷേട്ടന്‍ തടുത്തു. അതേ സമയം അമ്മായി അകത്തൂന്ന് വിളിച്ചു പറഞ്ഞു ഡാ.... വികൃതിയടിയ്ക്കണ്ടാ ട്ടോ... പതിയെ കിടക്കുന്നിടത്തൂന്ന് എണീറ്റ് അമ്മായീടെ പുറകേ കൂടി.
സതിച്ചേച്ചിയും ചിഞ്ചിലുച്ചേച്ചിയുമൊക്കെ എത്തിയതോടെ എനിയ്ക്കും ധൈര്യായി. ചേച്ചിമാരെന്നെ തലേലാരുന്നു കൊണ്ടു നടന്നിരുന്നത്. കുട്ടനും സന്തോഷേട്ടനും കൂടി തരം കിട്ടുമ്പോഴെല്ലാം എന്നെ കളിയാക്കി. അപ്പോഴെല്ലാം ചേച്ചിടെ കുട്ടി വിഷമിയ്ക്കണ്ടാ ട്ടോ.. എന്ന് എന്നോടു പറഞ്ഞും, കുട്ടനെ കണ്ണുരുട്ടിക്കാണിച്ചും ചേച്ചിമാര്‍ സപ്പോര്‍ട്ട് ചെയ്തു. അങ്ങനെയിരിയ്ക്കെ അമ്മായി പറയുന്നത് കേട്ടു - കുട്ടനോട് ചെല്ലാന്‍ പറഞ്ഞ ദിവസായി..!!ഇതു കേട്ടു നിന്ന എന്‍റെ മുഖത്തെ സന്തോഷം കണ്ട് ചേച്ചിമാരും അമ്മായിയും പൊട്ടിച്ചിരിച്ചു.
പക്ഷേ...കുട്ടന്‍ അവന്‍റെ വീട്ടിലേയ്ക്ക് മടങ്ങിയതോടെ ,അമ്മായീടെ വീട്ടിലെത്തിയതാകട്ടെ... എന്തെന്നില്ലാത്ത ശൂന്യതയും.
***********
written by - vijitha.c
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo