നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യാത്രയാക്കൽ


യാത്രയാക്കൽ
--------------
"യാസിറെ... നോക്കിക്കോ ഇപ്പൊ വീഴുട്ടാ..."
സ്‌കൂൾ വിട്ട് വരുന്ന വഴിയരികിലെ ഒരു വീട്ടിന്റെ പുറത്തേക്ക് ചാഞ്ഞു നിൽക്കുന്ന മാവിന്റെ കൊമ്പിലെ ഒറ്റ മാങ്ങയെ ഉന്നം നോക്കി മജീദ് പറഞ്ഞു. മജീദിന് നല്ല ഉന്നമാണ് എപ്പോഴും മാങ്ങക്കും പുളിക്കും എറിഞ്ഞു വീഴ്‌ത്താൻ. ഞാൻ പലവട്ടം എറിഞ്ഞിട്ടും ഇന്നേവരെ ഒരു മാങ്ങ പോലും വീണിട്ടില്ല. ഞാൻ പെറുക്കി കൂട്ടുന്ന ആളാണ്. അതുകൊണ്ട് അവന് വല്യ ഗമയാണ്. പലവട്ടം ഞാൻ ആലോചിച്ചിട്ടുണ്ട് പടച്ചോനെ എനിക്കെന്താ ഇങ്ങനെ ഉന്നത്തിന്റെ കഴിവ് തരാത്തത്.
മജീദ് ഉന്നം പിടിച് എറിഞ്ഞ കല്ല് കൃത്യമായി മാങ്ങയിൽ കൊള്ളുകയും മാങ്ങ റോഡിൽ വീഴുകയും ചെയ്തു.
"അയ്യോ .... ആരാടാ കല്ലെറിയുന്നെ ..."
ഉച്ചത്തിലുള്ള പെണ്ണിന്റെ ശബ്ദത്തിന്റെ നിലവിളി ഞങ്ങൾ പരസ്പരം മുഖത്തോട് നോക്കി.
"ഓടിക്കടാ യാസീ ....ന്റെ പടച്ചോനെ കാത്തോളണേ " എന്ന് പറഞ്ഞു മജീദ് വീണ മാങ്ങയുമെടുത്ത് ഓടി പിറകെ ഞാനും.
ദൂരം കുറെ ഓടിയതിന്റെ കിതപ്പിൽ ഞങ്ങൾ റോഡിന്റെ ഒരു ഭാഗത്ത് നിന്ന് കിതച്ചു. മജീദ് ശകതമായി മാങ്ങ റോഡിലേക്ക് എറിഞ്ഞു. മാങ്ങ കൃത്യം രണ്ട് പകുതിയായി. ഒരു വശത്തെ പല്ല് കൊണ്ട് കണ്ണടച്ചു പുളി രസത്തെ നുകർന്ന് ഞങ്ങൾ ആസ്വദിച്ചു കഴിച്ചു..
"കുട്ടിയെ... വെക്കം പൊരെ പൊയ്‌ക്കോ ... താത്തമ്മ പോവാ .." മാങ്ങയുടെ സ്വാദ് രസിച്ചു കഴിക്കുന്നതിനിടയിലാണ് ഇങ്ങനെ ഒരു വാക്ക് കേട്ട് ഞാനൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ ശാരദേടത്തി. വീട്ടിലെ പുറം പണിക്കു വരുന്ന സ്ത്രീയാണ്.
"എവിടുക്ക് ... " ഞാൻ തെല്ലൊന്ന് ഭയപ്പാടോടെ ചോദിച്ചു..
"ഓരേ പോരെക്കു ...ഇഞ്ഞി വരില്ലത്രെ ഒരിക്കലും ... ". എന്തോ അത് പറയുമ്പോൾ അവരുടെ തൊണ്ട ഇടറുകയും കണ്ണിൽ നനവ് വന്നോ..?
ഞാനൊന്നും പറയാതെ പുസ്തകം ഒന്നുകൂടെ മുറുക്കി പിടിച് ഓടി വീടിനെ ലക്ഷ്യമാക്കി. വീടിന്റെ ഗൈറ്റിലും മുറ്റത്തും അംബാസറ്റർ കാർ കിടക്കുന്നു. ഉമ്മറത്ത് നോക്കുമ്പോൾ നിറയെ ആണുങ്ങൾ ഇരിക്കുന്നു. വാല്യക്കാടെ സീന മോളും പിന്നെ വേറെ കുട്ടികളും മുറ്റത്ത് കളിക്കുന്നു.
"കുഞ്ഞിപ്പാ... കുഞ്ഞിമ്മ പോവത്രെ" കളിക്കുന്നതിനിടയിലൂടെ എന്റെ തൊട്ടടുത്ത് വന്ന് സീന മോൾ വന്ന് പറഞ്ഞു.
ഒന്നും പറയാതെ ഞാൻ പിന്നാന്പുറത്ത് ചെന്നു. അടുക്കളയുടെ പിറകിലും കൊലായിലും നിറയെ പെണ്ണുങ്ങൾ ഞാൻ അവർക്കിടയിലൂടെ അകത്തേക്ക് കയറി. തലയിലെ തട്ടം കൊണ്ട് മുഖവും മൂക്കും പിഴിഞ്ഞ് ഉമ്മ അകത്ത് നിന്ന് വന്നു.
"ഉമ്മാ ... എന്തിനാ താത്തമ്മ പോകുന്നെ"
"മോന് പോയി പൊസ്തകം കൊണ്ടച്ചു വാ ... ഉമ്മ ചായ താരം "
താത്തമ്മയുടെ മുറി മുകളിലാണ്. അകത്ത് നിൽക്കുന്ന പെണ്ണുങ്ങളുടെ ഇടയിലൂടെ ഞാൻ നുഴ്ന്നു കടന്ന് കോണിപ്പടിയുടെ അടുത്ത് ചെന്നു. കോണിപടിക്ക് ചുവട്ടിലായി വല്യ താത്തയും ചെറിയ താത്തയും എന്തൊക്കെയോ പറഞ്ഞു മുഖം താഴ്‌ത്തി നിൽക്കുന്നു. ആരും ആരെയും ശ്രദ്ധിക്കാത്തതു പോലെ. അതോ കണ്ടിട്ടും കാണാത്ത പോലെയാണോ.
കോണിപ്പടി കയറി മുകളിലെ മുറിയിൽ ചെന്നപ്പോൾ താത്തമ്മ അവരുടെ വസ്ത്രങ്ങൾ മടക്കി ബാഗിൽ അടുക്കി വെക്കുന്നു.
"താത്തമ്മ... " ഞാനവരുടെ പിറകിൽ ചെന്ന് വിളിച്ചു.
"താത്തമ്മ... എന്തിനാ പോകുന്നെ... പോവണ്ട... "
താത്തമ്മയുടെ കണ്ണുകൾ ചുവന്നിരുന്നു. മുഖം ചുവന്നു തുടുത്തിരുന്നു. അവർ സാരി തലപ്പ് കൊണ്ട് മുഖവും മൂക്കും തുടച്ചു. താത്തമ്മ എന്റെ മുന്നിൽ മുട്ട് കുത്തി നിന്ന് ഒരു കൈ എന്റെ തോളിലും മറ്റേ കൈ മുടിയിലും തലോടി പറഞ്ഞു.
"താത്തമ്മയെ ആർക്കും വേണ്ട"
"എനിക്ക് വേണം താത്തമ്മാനെ..." അറിയാതെ എന്റെ ഉള്ളിൽ നിന്ന് ഒരു തേങ്ങൽ വന്നു. കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. താത്തമ്മ എന്റെ കണ്ണുകൾ കൈ കൊണ്ട് തുടച്ചു പറഞ്ഞു.
" ന്റെ കുട്ടി വെഷമിക്കണ്ട... താത്തമ്മക്ക് നൊസ്സാന്നാ എല്ലാരും പറയെന്നെ ... ചില സമയത്ത് താത്തമ്മക്ക് ഓർമല്യ എന്താ ചെയ്യണേ.. കണ്ണാടിയും ബൾബും പൊട്ടിയത് ഞാൻ അറിഞ്ഞു കൊണ്ടല്ല മോനെ... ചിലപ്പോൾ താത്താക്ക്‌ ഒന്നും ഓർമണ്ടാവാറില്ല വേറെ എവിടെയൊക്കെ ആയിരിക്കും . ഇപ്പോ നിന്റെ ഇക്കാക്കും വേണ്ടാതായി ഇന്നെ ..." അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അത് കണ്ട് സഹിക്കാനാവാതെ ഞാനവരുടെ കണ്ണുനീർ തുടച്ചു. ഞാനും കരഞ്ഞു. താത്തമ്മ എന്നെ കെട്ടിപിടിച്ചു പറഞ്ഞു "യാസീ... താത്തമ്മക്ക് നൊസ്സുള്ളത് കാരണം ഉണ്ണി വാവ ഉണ്ടാവല്യ... ന്നാലും നീ ന്റെ ഇക്കാടെ അനിയനല്ല ന്റെ കുട്ടിയാ..." അത് പറഞ്ഞവർ എന്റെ നെറുകയിൽ ഉമ്മ വെച്ചു.
"ആയിഷാ .. കഴിഞ്ഞില്ലെ വായോ" താഴെ നിന്ന് താത്തമ്മാടെ ഉമ്മ വിളിച്ചു.. പെട്ടന്ന് താത്താമ്മ ചാടി എഴുന്നേറ്റ് പിന്നെ റൂമിൽ മൊത്തം തിരയാൻ തുടങ്ങി. കട്ടിലിനടിയിലും അലമാറയിലും തിരച്ചിലിനിടയിൽ പറയുകയും ചെയ്തുകൊണ്ടിരുന്നു.
" എന്തെങ്കിലും മറന്നോ ഇനി. അഞ്ചു എട്ട് വർഷായില്ലേ ഇവിടെ പാർപ്പ് തുടങ്ങീട്ട്... എവിടെ എന്തൊക്കെയോ ... ഇന്റേതായി എന്താ ഉള്ളത് .. പടച്ചോനെ... ഒന്നും ഓർമ്മ കിട്ടുന്നില്ല.. ". പറച്ചിലിന്റെ കൂടെ സാരി തലപ്പ് കൊണ്ട് മൂക്ക് പിഴിഞ്ഞ് കൊണ്ടിരുന്നു. ഇടക്ക് അരയിൽ ഇരു കൈകളും കുത്തി ചാഞ്ഞും ചെരിഞ്ഞും മുറിയിലെ എല്ലാ കോണിലും നോക്കികൊണ്ടിരുന്നു. പിന്നെ എന്തോ ഓർമ്മ വന്നത് പോലെ പെട്ടെന്ന് ബാഗും എടുത്ത് മുറിവിട്ട് കോണിപ്പടി ഇറങ്ങിപ്പോയി..
താത്തമ്മ എല്ലാരോടും യാത്ര പറയുന്നു. ഉമ്മാനെ കെട്ടിപിടിച്ചു പൊട്ടിക്കരയുന്നു രണ്ട് പേരും അതുകഴിഞ്ഞു കുടുംബത്തിലെ പെണ്ണുങ്ങൾ താത്തമ്മയെ കെട്ടിപ്പിടിക്കുകയും കരയുകയും ചെയുന്നു. എല്ലാവരും എന്തിനാണ് ഇത്ര വേദനിച്ചു താത്തമ്മയെ പറഞ്ഞയക്കുന്നത്. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എനിക്ക്. ഞാനും ആ പെണ്ണുങ്ങളുടെ കൂടെ തേങ്ങി കരഞ്ഞു. എന്തിന് ഏതിന്. അറിയില്ല..
ഉമ്മറത്തെ തൂണും ചാരി ഇക്ക നിൽക്കുന്നു. ഓടി ഇക്കയുടെ അടുത്ത് ചെന്ന് പറഞ്ഞു.
"ഇക്കാ... താത്താമ്മാട് പോണ്ടാന്ന് പറ.. നല്ല ഇക്ക അല്ലെ .."
കരിങ്കൽ പോലെ ദൂരേക്ക് നോക്കി നിൽക്കുന്ന ഇക്ക ഒരു പ്രതികരണവും ഇല്ല. ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ല. വേറെ ഏതോ ലോകത്താണ് ഇക്ക. ചാരുകസേരയിൽ ഇരിക്കുന്ന ഉപ്പയുടെ അടുത്ത് അപേക്ഷിച്ചു പറഞ്ഞു എന്നാൽ ഉപ്പ പറഞ്ഞത് "മോനെ യാസീ ... എല്ലാം പടച്ചോന്റെ വിധി അത് ആരാലും തടുക്കാനാവില്ല "
നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന കണ്ണുനീരിലൂടെ ഞാൻ അവസാനമായി കാറിൽ കയറി പോകുന്ന എന്റെ താത്തമ്മയെ കണ്ടു. ദൂരേക്ക് പോകുമ്പോൾ അവർ എനിക്ക് മുന്നിൽ പിടികിട്ടാനാവാത്ത ഒരുപാട് ചോദ്യങ്ങൾ ഉപേക്ഷിക്കപെടുകയും ചെയ്‌തു..
നിഷാദ് മുഹമ്മദ് ...."

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot