നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കല്ലുവെച്ച മൂക്കുത്തി (കഥ)


കല്ലുവെച്ച മൂക്കുത്തി (കഥ)
------------------------------------------
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലിരുന്ന് ജിഷ്ണു ഓര്‍ക്കുകയാണ്.. ഇനി ഏകദേശം ഒരു മണിക്കൂര്‍.. അപ്പോഴേക്കും വീട്ടിലെത്തും..
കല്യാണശേഷം നാട്ടിലേക്കുള്ള ആദ്യത്തെ വരവാണിത്...
കല്യാണം കഴിഞ്ഞിട്ട് ആകെ പതിനഞ്ച് ദിവസം മാത്രമേ അവളുടെ കൂടെ നില്‍ക്കാന്‍ കഴിഞ്ഞുള്ളു.. അപ്പോളേക്കും തിരികെ ചെല്ലാന്‍ വിളി വന്നു.. രാജ്യം കാക്കുന്ന ഒരു പട്ടാളക്കാരന് സ്വന്തം സുഖവും സന്തോഷവുമല്ലല്ലോ പ്രധാനം.. അതിര്‍ത്തിയില്‍ ഉണ്ടായ ചില പ്രശ്നങ്ങള്‍ കാരണം ലീവില്‍ പോയ എല്ലാവരുടെയും ലീവ് ക്യാന്‍സല്‍ ചെയ്തു തിരികെ വിളിപ്പിക്കുകയായിരുന്നു..
അവളെ കണ്ടു കൊതി തീരും മുന്‍പേ നാട്ടില്‍ നിന്ന് പോരേണ്ടി വന്നു.. അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ കുറേ ദിവസത്തേക്ക് മനസ്സില്‍ നിന്നും മായുന്നുണ്ടായിരുന്നില്ല..
ഇപ്പോള്‍ ആറുമാസത്തിനു ശേഷമാണ് വീണ്ടും നാട്ടിലേക്ക് പോകുന്നത്..
ചെറിയച്ഛന്‍റെ മകളുടെ കല്യാണം ആയതുകൊണ്ടാണ് ഇപ്പോള്‍ ലീവിനു അപേക്ഷിച്ചത്.. കല്യാണത്തലേന്ന് കയറി ചെല്ലേണ്ടി വന്നതില്‍ നല്ല വിഷമമുണ്ട്... ആണ്‍മക്കളില്ലാത്ത ചെറിയച്ഛനോടൊപ്പം എല്ലാത്തിനും മുന്നില്‍ നില്‍ക്കേണ്ടവനാണ് താന്‍..
പക്ഷേ എന്തു ചെയ്യാനാണ്.. തന്‍റെ ജോലി അങ്ങനെയായിപ്പോയി..
എല്ലാവര്‍ക്കും തന്‍റെ അവസ്ഥ മനസ്സിലാകുന്നുണ്ട്.. അതു തന്നെ വലിയ ആശ്വാസം..
സമയം രണ്ടുമണി ആകാറായി.. എല്ലാവരും ഊണു കഴിച്ചു കാണും.. ട്രെയിന്‍ എത്തുന്ന സമയം താന്‍ കൃത്യമായി പറയാത്തതു കൊണ്ടു ആരും കാത്തു നില്‍ക്കില്ല.. സന്ധ്യയ്ക്ക് മുന്‍പേ എത്തുമെന്നാണല്ലോ പറഞ്ഞത്..
അവള്‍... തന്‍റെ മേഘ, എവിടെയായിരിക്കും.. കല്യാണവീട്ടില്‍ ത്തന്നെയാവും.. രാവിലെ ഒന്നു വിളിച്ചതേയുള്ളു.. പിന്നെ വിളിക്കാനും കഴിഞ്ഞില്ല.. പെട്ടെന്ന് അവളെ ഞെട്ടിച്ചുകൊണ്ടു മുന്നിലെത്തണം എന്നു കരുതിയാ അവളെയും എത്തുന്ന സമയം അറിയിക്കാതിരുന്നത്..
ഇനിയിപ്പോള്‍ അവളെ ഒന്നു വിളിച്ചു പറയാം.. എന്തെങ്കിലും കാരണമുണ്ടാക്കി വീട്ടിലേക്ക് വരാന്‍.. താന്‍ എത്തിയതിനു ശേഷം രണ്ടു പേര്‍ക്കും കൂടി കല്യാണവീട്ടിലേക്ക് പോകാം .. ഇത്തിരി സമയമെങ്കിലും അവളെ തനിച്ചു കിട്ടുമല്ലോ..
ജിഷ്ണു മനസ്സില്‍ കണക്കുകൂട്ടല്‍ നടത്തിക്കൊണ്ട് മേഘയുടെ നമ്പര്‍ ഡയല്‍ ചെയ്തു.. റിംഗ് ചെയ്യുന്നുണ്ട്..
എടുക്കുന്നില്ല..
ശ്ശോ.. ഈ പെണ്ണ്..
ഫോണ്‍ എവിടെയെങ്കിലും കൊണ്ടു വെച്ചു കാണും.. റിംഗ് ചെയ്യുന്നത് കേള്‍ക്കുന്നുണ്ടാവില്ല...
ഒരു കഥയില്ലാത്ത പൊട്ടിക്കാളിയാ.. താന്‍ ചെന്നിട്ടു ശരിയാക്കികൊടുക്കാം..
ചെവിയില്‍ പിടിച്ചു നല്ലൊരു തിരിമ്മുകൊടുക്കണം..
മേഘയെ കുറിച്ച് ഓര്‍ത്തപ്പോള്‍ ജിഷ്ണുവിന്‍റെ മനസ്സ് പൂത്തുലഞ്ഞു.. പതിനഞ്ച് ദിവസം മാത്രമേ ഒരുമിച്ചുണ്ടായിരുന്നുള്ളുവെങ്കിലും പരസ്പരം ഒരുപാട് സ്നേഹം പകര്‍ന്നു നല്‍കി..തന്‍റെ ഇഷ്ടം അറിഞ്ഞു പെരുമാറിയിരുന്നു അവള്‍..
''ഒരു പട്ടാളക്കാരന്‍റെ ഭാര്യയാവേണ്ടി വന്നതില്‍ നിനക്ക് വിഷമമുണ്ടോ?''
ഒരിക്കല്‍ അവളോട് ചോദിച്ചു..
''എനിക്ക് അതില്‍ അഭിമാനമാണ്.. രാജ്യത്തിന്‍റെ കാവല്‍ ഭടന്‍മാരില്‍ ഒരാളാണല്ലോ എന്‍റെ ഭര്‍ത്താവ്''..
അതായിരുന്നു അവളുടെ മറുപടി
പെണ്ണ്കാണാന്‍ പോയപ്പോള്‍ ഒറ്റ കാഴ്ചയിലെ അവളെ ഇഷ്ടമായി.. തന്‍റെ സ്വപ്നത്തിലെ പെണ്‍കുട്ടിതന്നെ.. അവളുടെ നീണ്ടു മനോഹരമായ മൂക്ക് അതാണ് ഏറ്റവും കൂടുതല്‍ ഇഷ്ടമായത്..
തിളങ്ങുന്ന കല്ലുവെച്ച മൂക്കുത്തി ഇട്ടാല്‍ അവളുടെ സൗന്ദര്യം ഇരട്ടിയാകും എന്ന് അന്നേ ചിന്തിച്ചതാ..
അതുകൊണ്ടാണ് നാട്ടിലേക്ക് പോകുമ്പോള്‍ അവള്‍ക്ക് വേണ്ടി കല്ലുവെച്ച മൂക്കുത്തി വാങ്ങിയത്.. ഇത് കാണുമ്പോള്‍ അവളുടെ മുഖത്ത് മഴവില്ല് വിരിയും.. എത്രയും പെട്ടെന്ന് അവളുടെ അടുത്തെത്താന്‍ കൊതിയായി..
അപ്പോള്‍ ഫോണ്‍ റിംഗ് ചെയ്തു.. അവള്‍ തിരിച്ചു വിളിക്കുന്നതാവും..
ജിഷ്ണു ഫോണ്‍ എടുത്ത് നോക്കി..
ചെറിയച്ഛനാണല്ലോ.. എന്താണാവോ?
''ഹലോ''
''മോനെ നീ എവിടെയെത്തി''.. കുറേനേരമായി വിളിക്കുന്നു കിട്ടുന്നേയില്ല..''
ചെറിയച്ഛന്‍റെ ശബ്ദം ഇടറിയതു പോലെ.. എല്ലാത്തിനും ഒറ്റയ്ക്ക് ഒാടിനടന്ന് ക്ഷീണിച്ചിട്ടാവും..
''ഞാനിതാ എത്താറായി ''
''നിന്‍റെ കൂട്ടുകാര്‍ വിനുവും അഭിയും സ്റ്റേഷനിലേക്ക് വരും അവരുടെ കൂടെ വന്നാമതി''
ചെറിയച്ഛന്‍ പറഞ്ഞു..
''എന്തിനാ വെറുതേ അവരെയൊക്കെ ബുദ്ധിമുട്ടിക്കുന്നത്.. ഞാനൊരു ഓട്ടോ പിടിച്ചു വന്നോളാം''..
''അവര്‍ സ്റ്റേഷനിലേക്ക് പുറപ്പെട്ടു കഴിഞ്ഞു..''
ചെറിയച്ഛന്‍ ഫോണ്‍ വെച്ചു..
വിനുവും അഭിയും കുട്ടിക്കാലം മുതലേയുള്ള കളിക്കൂട്ടുകാരാണ്..
തന്‍റെ വീട്ടിലെ എന്തു കാര്യത്തിനും തന്നേക്കാള്‍ മുന്നിട്ടിറങ്ങുന്നവര്‍..
അവരോടും പറഞ്ഞില്ല ട്രെയിന്‍ എത്തുന്ന കൃത്യ സമയം.. എത്തിയിട്ട് എല്ലാവരേയും കാണാം എന്നു കരുതി..
ഇതിപ്പോ ചെറിയച്ഛന്‍ എല്ലാം പൊളിച്ചില്ലേ.. ഇനിയിപ്പോള്‍ എല്ലാവരും കാത്തുനില്‍ക്കുകയായിരിക്കും..
ട്രെയിന്‍ അവനിറങ്ങാനുള്ള സ്റ്റേഷനിലേക്ക് അടുക്കാറായിരുന്നു..
ജിഷ്ണു ബാഗൊക്കെ എടുത്ത് റെഡിയായി നിന്നു..
പോയിട്ട് ഉടനെത്തന്നെ മൂക്കുത്തി അവളെ കാണിക്കണം.അതിനുവേണ്ടി അത് പോക്കറ്റില്‍ തന്നെ വെച്ചു.. ഇന്നു തന്നെ അത് മൂക്കിലിടാന്‍ പറ്റിയിരുന്നെങ്കില്‍.. നാട്ടിലുള്ള ജ്വല്ലറിയില്‍ ചോദിച്ചു നോക്കാം..
ട്രെയിന്‍ സ്റ്റേഷനില്‍ നിന്നു.. അവന്‍ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി..കൂട്ടുകാര്‍ രണ്ടുപേരും ദൂരെ നില്‍ക്കുന്നത് കണ്ടു.
അവര്‍ അവനേയും കണ്ടു..
രണ്ടു പേരുടെയും മുഖത്ത് ഒരു വിഷാദ ഭാവമാണല്ലോ.. തന്നെ കണ്ടിട്ടും ഒരു സന്തോഷമില്ലല്ലോ.. എന്തു പറ്റി?
വരുന്ന സമയം അവരെ അറിയിക്കാത്തതു കൊണ്ടായിരിക്കും.. എല്ലാം ശരിയാക്കി കൊടുക്കാം.. ജിഷ്ണു അവരെ നോക്കി കുസൃതി ചിരി ചിരിച്ചു.
''നീ വേഗം വാ.. പുറത്ത് കാറുണ്ട്..''
അഭി അവന്‍റെ കെെയ്യില്‍ നിന്ന് ബാഗ് വാങ്ങിക്കൊണ്ട് പറഞ്ഞു..
അവര്‍ മൂന്നുപേരും കൂടി പുറത്തു പാര്‍ക്ക് ചെയ്ത കാറില്‍ കയറി.. വിനുവാണ് കാര്‍ ഒാടിക്കുന്നത്..
കാര്‍ മുന്നോട്ട് നീങ്ങി..
ഇപ്പോഴും ആരും ഒന്നും മിണ്ടുന്നില്ല..
ജിഷ്ണുവിന് ദേഷ്യം വന്നു തുടങ്ങി..
''നിങ്ങള്‍ രണ്ടാളുമെന്താ ഒരു മാതിരി അവാര്‍ഡ് സിനിമ പോലെ.. ഇത്രയ്ക്ക് മസിലു പിടിക്കാന്‍ ആണെങ്കില്‍ പിന്നെയെന്തിനാ വന്നത്''..
അവര്‍ ഒന്നും മിണ്ടിയില്ല
അപ്പോള്‍ ഒരു ആംബുലന്‍സ് മുന്നില്‍ കയറി പോയി.. വീട്ടിലേക്ക് പോകുന്ന സെെഡ് റോഡിലേക്കാണല്ലോ അതു പോയത്.. ജിഷ്ണുവിന് ആധിയായി..
ഈശ്വരാ... അച്ഛന്‍.. ഒരു അറ്റാക്ക് കഴിഞ്ഞു നില്‍ക്കുന്നയാളാ..
''എടാ,, എന്താ പ്രശ്നം .. പറയെടാ..,''
ജിഷ്ണു അഭിയുടെ കോളറില്‍ പിടിച്ചുലച്ചു..
വിനു വണ്ടി നിര്‍ത്തി..
അവനും കൂടി പുറകിലേക്ക് കയറി..
''ഞാന്‍ പറയാം.. നീ വിഷമിക്കരുത്.. ആ ആംബുലന്‍സ് നിന്‍റെ വീട്ടിലേക്കാണ് പോയത്.''..
''എന്‍റെ അച്ഛന്‍ ,, എന്താ പറ്റിയത് ''?
ജിഷ്ണു കരച്ചിലിന്‍റെ വക്കോളമെത്തി..
''അച്ഛന് ഒന്നും പറ്റിയിട്ടില്ല''
അഭി പറഞ്ഞു..
''പിന്നെ ആര്‍ക്കാ.. എന്തിനാ ആംബുലന്‍സ് വന്നത്?''
ജിഷ്ണു കിതച്ചു..
വിനുവും അഭിയും അവന്‍റെ ചുമലുകളില്‍ പിടിച്ചു..
''ഞങ്ങള്‍ പറയുന്നത് നീ സമചിത്തതയോടെ കേള്‍ക്കണം...
രാവിലെ ചെറിയച്ഛന്‍റെ വീട്ടിലേക്ക് പോയതായിരുന്നു മേഘ.. ഇടവഴിയില്‍ വെച്ച് കാലില്‍ എന്തോ കടിച്ചതുപോലെ തോന്നിയെന്ന് അമ്മയോട് പറഞ്ഞിരുന്നുവത്രെ.. നോക്കിയിട്ട് ഒന്നും കാണാത്തതുകൊണ്ട് ആരും പിന്നെയത് കാര്യമാക്കിയില്ല.. പിന്നെ കല്യാണത്തിരക്കുമല്ലേ.. കുറേ നേരം കഴിഞ്ഞപ്പോള്‍ അവള്‍ക്ക് എന്തൊക്കെയോ അസ്വസ്ഥത തോന്നിയപ്പോളാണ് എല്ലാവരും ശ്രദ്ധിച്ചത്.. വേഗം ഹോസ്പിറ്റലില്‍ കൊണ്ടുപോയി.. ഏതോ നല്ല വിഷമുള്ള ഇനമാണ് കടിച്ചത്. ഹോസ്പിറ്റലില്‍ എത്തി കുറച്ച് സമയത്തിനകം ....എല്ലാം കഴിഞ്ഞു..''
ജിഷ്ണുവിന് എന്താണ് താന്‍ കേള്‍ക്കുന്നത് എന്ന് തിരിച്ചറിയാനായില്ല.. ഭൂമി പിളര്‍ന്ന് താന്‍ അതിലേക്ക് പതിക്കുന്നതു പോലെ അവനു തോന്നി..
വിനുവും അഭിയും അവനെ വീട്ടിലെത്തിച്ചു.. ആംബുലന്‍സില്‍ നിന്നും മേഘയുടെ ശരീരം എടുത്ത് ഉമ്മറത്ത് കിടത്തിയിട്ടുണ്ടായിരുന്നു..
എല്ലാവരും അലമുറയിട്ട് കരയുകയായിരുന്നു..
കൂട്ടുകാര്‍ ജിഷ്ണുവിനെ താങ്ങി പിടിച്ചു.. അവന്‍ തന്‍റെ പ്രിയതമയുടെ മൃത ശരീരത്തിനരികില്‍ മുട്ടു കുത്തിയിരുന്ന് രണ്ടു കെെകളുംകൊണ്ട് അവളുടെ വിഷം കയറി നീലിച്ച മുഖം തൊട്ടു.. പോക്കറ്റില്‍ നിന്നും കല്ലുവെച്ച മൂക്കുത്തിയെടുത്ത് അവളുടെ മൂക്കിനു ചേര്‍ത്തുവെച്ചു..
'''ഇതൊന്ന് ഇട്ട് കാണാനുള്ള ഭാഗ്യമില്ലാതെ പോയല്ലോ എനിക്ക് ,..
ഇത്ര വേഗം തിരിച്ചെടുക്കാനായിരുന്നെങ്കില്‍ പിന്നെ എന്തിനാ എനിക്ക് ഇവളെ തന്നത് ഈശ്വരന്‍മാരേ''..
അവന്‍ വാവിട്ട് കരഞ്ഞു..
ആ കാഴ്ച കണ്ടു നില്‍ക്കാനാവാതെ പ്രകൃതി പോലും വിറങ്ങലിച്ചു നിന്നു..
അജിന സന്തോഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot