Slider

സ്നേഹമുള്ള ഒരു കുടുംബനാഥൻ

0

'' ഏട്ടാ എനിക്ക് പനിക്കുന്നു ഒന്നു വേഗം വരണേ..''
''രാവിലെ ഉണ്ടായിരുന്നില്ലല്ലോ ഇത് അതാണോ...?''
''ഉം ആണെന്നു തോന്നുന്നു പെട്ടന്നു വരണേ..''
''ഉം വരാം.. ''
മോൾക്കു ചിക്കൻപോക്സ് വന്ന് കുളി കഴിഞ്ഞതേ ഉള്ളൂ ഇതതുതന്നെ. യാത്ര മതിയാക്കി ഞാൻ വേഗം വീട്ടിലെത്തി. നല്ല പനിയുണ്ട് ചിക്കൻപോക്സിൻ്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി.. അവളുടെ അമ്മയും ഇതേ അസുഖം മൂലം കിടപ്പിലാണ്. വീട്ടിൽ വന്നു സഹായിക്കാൻ ആരുമില്ല ഈ പ്രതിസന്ധി തരണം ചെയ്തേ മതിയാവൂ.. സ്വന്തം അമ്മയില്ലാത്ത ദുഃഖം ശരിക്കും അനുഭവിച്ച ദിവസങ്ങൾ...
അടുത്ത ദിവസം ഞാൻ നേരത്തെ എണീറ്റു ഒത്തിരി പാത്രങ്ങൾ കഴുകാനുണ്ട്. എനിക്കു തലചുറ്റുന്നതുപോലെ തോന്നി പക്ഷേ വിട്ടുകൊടുക്കാൻ പറ്റ്വോ നമ്മളോടാണോ കളി.. ഒന്നാഞ്ഞു പിടിച്ചു. ദേ പാത്രങ്ങളെല്ലാം നല്ല മൊഞ്ചത്തികുട്ടികളായി കട്ടപുറത്ത് കേറി...
ചായ കുടിച്ച ഗ്ളാസ് പോലും എടുപ്പിക്കാത്ത ആളാണ്.. കുട്ടിക്കാലത്ത് അടുക്കളപണി ഒത്തിരി ചെയ്തിട്ടുണ്ട് അതൊക്കെ ഒന്നൂടെ പരീക്ഷിച്ചു നോക്കാം അല്ലപിന്നെ....
തൽക്കാലം കഞ്ഞിവെക്കാം കഞ്ഞിക്കു പുഴുക്കും ഉണ്ടാക്കാം.. കഞ്ഞിയൊക്കെ ഉണ്ടാക്കി അവൾക്ക് വാരിക്കൊടുക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
''ഏട്ടനു ഒരുപാടു ബുദ്ധിമുട്ടായല്ലേ ഒരാഴ്ചയോളം ജോലിക്കു പോകാൻ പറ്റില്ലല്ലോ ''
''ഏയ് അതൊക്കെ ഞാൻ മാനേജ് ചെയ്തോളാം നിന്നോളം വലുതല്ലല്ലോ ബിസിനസ്സ്...''
മോളെയും കുളിപ്പിച്ച് അവൾക്ക് ഭക്ഷണം കൊടുത്തു കഴിഞ്ഞപ്പോഴേക്കും സമയം പതിനൊന്നു മണിയായി. ഉറങ്ങി എണീറ്റ് ഞാനിതുവരെ ഒരു ചായ പോലും കുടിച്ചില്ലല്ലോ എന്നോർത്തു ഞാൻ ആശ്ചര്യപ്പെട്ടു. എല്ലാ വീട്ടമ്മമാരുടെയും അവസ്ഥ ഇതുതന്നെയല്ലേന്നു ഞാനോർത്തു.. ചായ സമയത്തിനു കിട്ടിയില്ലെങ്കിൽ താൻ എന്തു മാത്രം അവളോട് ചൂടാകുമായിരുന്നു. ഇപ്പോൾ പരാതിയില്ല പരിഭവമില്ല ഗൗരവക്കാരനായ ഒരു ബിസിനസ്സുകാരനിൽ നിന്നും സ്നേഹമുള്ള ഒരു കുടുംബനാഥനായി നല്ലൊരു ഭർത്താവായി ഉത്തരവാദിത്തമുള്ള അച്ഛനായി ഞാൻ മാറിയിരിക്കുന്നു... അല്ല സത്യത്തിൽ ഇതാണ് ഞാൻ മറ്റുള്ളതെല്ലാം എൻ്റെ നിഴൽ മാത്രം....
''അച്ഛാ എനിക്ക് ആപ്പിൾ ജ്യൂസ് ഉണ്ടാക്കി തര്വോ നല്ല അച്ഛയല്ലേ...'' മോളാണ്...
''അതിനെന്താ മോളെ ഉണ്ടാക്കാലോ...'' അതും പറഞ്ഞ് ഞാൻ ഭാര്യയുടെ മുഖത്തേക്കു നോക്കി..
ഒന്നും വേണ്ടാന്നവൾ ആംഗ്യം കാണിച്ചു.. അവൾക്ക് ഓറഞ്ച് ജ്യൂസാണിഷ്ടം എനിക്ക് ബുദ്ധിമുട്ടാവുമെന്നു കരുതി വേണ്ടാന്നു പറയുകയാണ്...
രണ്ടു പേർക്കും അവർക്കിഷ്ടമുള്ള ജ്യൂസ് ഉണ്ടാക്കികൊടുത്തു. അവരതു കുടിക്കുന്നതു നിർവൃതിയോടെ ഞാൻ നോക്കി നിന്നു.
ആര്യവേപ്പിൻ്റെ ഇലകൊണ്ട് അവളുടെ ശരീരം തടവികൊടുക്കുമ്പോൾ അവൾ വിതുമ്പുന്നുണ്ടായിരുന്നു... ഞാനവളുടെ കൈ എൻ്റെ നെഞ്ചോടു ചേർത്തു. എൻ്റെ കണ്ണും നിറഞ്ഞിരുന്നു... അങ്ങു ദൂരെ ചക്രവാളത്തിൽ സൂര്യൻ മറഞ്ഞിരുന്നു അപ്പോൾ....
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo