നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാത്തച്ചന്‌റ്റെ സ്വന്തം മോളമ്മ.


മാത്തച്ചന്‌റ്റെ സ്വന്തം മോളമ്മ.
---------------------------
ആ സംഭവത്തിനു ശേഷം മാത്തച്ചനെ പിന്നെ ആരും കണ്ടിട്ടില്ല. കേട്ടവര്‍ കേട്ടവര്‍ താടിക്ക് കൈ കൊടുത്തിട്ട് ചോദിച്ചു,
മാത്തച്ചനു ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ? അവനെ ഇങ്ങനെയല്ലല്ലൊ കണ്ടിരുന്നത്.
മാത്തച്ചന്‍- നാല്പത്തിരണ്ട് വയസ്സ്, മീശ വടിച്ച് വെള്ള ഷര്‍ട്ടും കറുത്ത പാന്റ്സും ഇട്ട സല്‍സ്വഭാവിയായ "സഹോദരന്‍".ഔദ്യോഗിക പദവി സൗദിയിലെ ഒരു കമ്പനി ഫോര്‍മാന്‍. നാട്ടില്‍ ഒരു ഭാര്യയും അതില്‍ രണ്ട് പിള്ളേരും.
മാത്തച്ചന്‍ പുറത്ത് എലിയാണെങ്കിലും കമ്പനിക്കകത്ത് പുലിയാണ്. ജോലിയോടുള്ള ഡെഡിക്കേഷന്‍ അതിഭയങ്കരമാണ്. കമ്പനിയുടെ മുതലാളി ഐര്‍ലന്‍ഡില്‍ ഇരിക്കുന്ന ഹൂഗ് ഒ ഡൊണാലിനു പോലും ഇത്രക്ക് ആത്മാര്‍ത്ഥത‌യുണ്ടൊ എന്ന് നമുക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. ഇതിനെക്കുറിച്ച് എന്തെങ്കിലും മാത്തച്ചനോട് ചോദിച്ചാല്‍ മത്തച്ചന്റെ മറുപടി ഇതാണ്,
"ദൈവ കൃപയാല്‍ എനിക്ക് ഇങ്ങനയേ ജോലിചെയ്യാന്‍ അറിയുള്ളു"
.
കാര്യങ്ങള്‍ ഇങ്ങനെ സ്മൂത്തായി പോകുന്ന സമയത്താണ്, പൂട സക്കറിയ എന്നറിയപ്പെടുന്ന സാക്ഷാല്‍ സക്കറിയ ചെറിയാന്‍ മാത്തച്ചന്റെ സഹമുറിയനായി എത്തുന്നത്. പൂട സക്കറിയ കുളികഴിഞ്ഞ് തലതുവര്‍ത്തി ദേഹം തുടച്ചു കഴിയുമ്പോള്‍ ആ ബാത്ത് റൂമിലെ ഡ്രെയിനേജ് പൂട നിറഞ്ഞ് ബ്ലോക്കാകും. ആ ഒരു ഒറ്റ കാരണത്താല്‍ സക്കറിയാ ചെറിയാനെ ആരും അധിക കാലം കൂടെ താമസിപ്പിക്കില്ല.
സഖറിയയുടെ ദുരവസ്ഥ മനസ്സിലാക്കി മനസ്സലിഞ്ഞ മാത്തച്ചന്‍, തന്റെ കീഴില്‍ ജോലിചെയ്യുന്നവനാണെന്ന വിവേചനം പോലും കാണീക്കാതെ കൂടെ താമസിപ്പിക്കുവാന്‍ തയ്യറായത്- അതാണ് മാത്തച്ചന്‍ ചെയ്ത ഏക തെറ്റ്.
മാത്തച്ചനും സഖറിയയും ഒരുമിച്ചുള്ള സഹവാസം തുടങ്ങിക്കഴിഞ്ഞ്, ഏറെകഴിയുന്നതിന് മുന്‍പ് തന്നെ രണ്ടുപേര്‍ക്കും പരസ്പരമുണ്ടായിരുന്ന (തെറ്റി)ധാരണകളൊക്കെ മാറി. മാത്തച്ചന്‍ ഉറങ്ങിയെന്ന് ഉറപ്പ്വരുത്തിയിട്ട്, സഖറിയ ഫിലിപ്പൈന്‍സിന്റെ കയ്യില്‍ നിന്നും കിട്ടുന്ന സി.ഡി. കള്‍ പ്ലേയ് ചെയ്ത് ആത്മനിര്‍‌വൃതി കണ്ടെത്തും. മാത്തച്ചനാരാ മോന്‍! താന്‍ ഗാഢനിദ്രയിലാണന്ന് സഖറിയയെ ബോധിപ്പിക്കാന്‍ അറിഞ്ഞ് കൊണ്ട് കൂര്‍ക്കം വലിക്കും. എന്നിട്ട്, മുഖത്ത് കൂടി പുതച്ചിരിക്കുന്ന പുതപ്പില്‍ വിരലുകൊണ്ട് രണ്ട് ചെറിയ ദ്വാരങ്ങളിട്ടിട്ട് അതിലൂടെ വൃത്തിയായി ടി വി കണ്ട് സുഖിച്ചങ്ങനെ കിടക്കും. ഇതധികകാലം തുടരാന്‍ മാത്തച്ചനു കഴിഞ്ഞില്ല. ഒരു രാത്രിയില്‍ മാത്തച്ചന്റെ കള്ളനോട്ടം സഖറിയ കണ്ടുപിടിച്ചു. പന്നീട് ഇരുവരും പരസ്പര ധാരണയോടെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോയി.
പകല് ആത്മാര്‍ത്ഥമായി പണിയെടുത്തും, വൈകിട്ട് സഹോദരന്‍‌മാരെ കൂട്ടി ദൈവത്തോട് "ഹോട്ട് ലൈന്‍" വഴി സം‌വാദിച്ചും പാതി രാത്രിയില്‍ അല്പം "എന്റര്‍ടെയിന്മെന്റുമൊക്കെ" യായി മാത്തച്ചന്റെ മണൊഹരമായ ദിവസങ്ങള്‍ കഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു.ിതിനിടയിലാണ് സഖറിയായുടെ നാട്ടിലുള്ള സിസിലി നഴ്സായി സൗദിയിലെത്തിയത്.
നൂറ് നൂറ്റമ്പത് കിലോമീറ്റര്‍ ദുരെയാണ് അവളുടെ ഹോസ്പിറ്റലെങ്കിലും അതൊന്നും കാര്യമാക്കാതെ സിസിലിയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ സ്ഥാനം സഖറിയാ സ്വമേധയാ ഏറ്റെടുത്തതോടെ, വെള്ളിയാഴ്ചകളില്‍ സിസിലിയുടെ പതിവ് സന്ദര്‍ശകനാകായി മാറാന്‍ സഖറിയ്ക്ക് കഴിഞ്ഞു..
സിസിലിയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ സ്ഥാനം നേടിയ സഖറിയക്ക് അവളുടെ മിസ്ഡ് കാളുകളുടെ എണ്ണവും കൂടിവന്നു. സഖറിയ ഒരിക്കലും സിസിലിക്ക് മിസ്ഡ് കാള്‍ കൊടുത്തില്ല. പകരം തിരികെ വിളിച്ചു മണിക്കൂറുകളോളം സംസാരിക്കും, അതും മാത്തപ്പന്റെ സാന്നിധ്യത്തില്‍. ടെലിഫോണ്‍ കണ്‍‌വെര്‍സേഷന്‍ അതിന്റെ അതിരുകള്‍ ലംഘിച്ച് മറ്റൊരു മേഘലയിലേക്ക് പ്രവേശിച്ചു. സഖറിയയുടെ അടക്കിപ്പിടിച്ചുള്ള സംസാരവും ചിരിയും ഫോണ്‍ കട്ട് ചെയ്യുന്നതിനുമുന്‍പുള്ള ഉമ്മകളുമൊക്കെ മാത്തപ്പന്റെ ഉറക്കം കെടുത്തി.
ഇവിടെ എന്തെങ്കിലുമൊക്കെ നടക്കുമെന്ന രീതിയില്‍ കാര്യങ്ങള്‍ പോകുന്ന സമയത്ത്, അല്ലെങ്കില്‍ ഒരു ദുര്‍ബല നിമിഷത്തില്‍ മാത്തച്ചന്‍ സഖറിയയോട് ഒരു ആഗ്രഹം പ്രകടിപ്പിച്ചു,
"സഖറിയ, നിന്നെ എല്ലാവരും തഴഞ്ഞ സമയത്ത് ഞാന്‍ എന്റെ മുറിയില്‍ കൊണ്ട് വന്ന് താമസിപ്പിച്ചു, ശരിയല്ലേ"
"അതിലെന്താ ഇത്ര സംശയം, എന്റെ കൊക്കില് ജീവനുള്ളിടത്തോളം കാലം ഞാനത് മറക്കില്ല"
"നിന്റെ കൊക്കിനോ കോഴിക്കൊ ജീവനുള്ളതല്ല പ്രശനം"
"പിന്നെ എന്താ അച്ചായ പ്രശനം?"
"അല്ല!ഒരു പാലമിട്ടാല്‍ അങ്ങോട്ടെന്നും ഇങ്ങോട്ടെന്നുമല്ലെ?"
"അല്ല, അച്ചായന് ഏത് പാലത്തിലാ കയറേണ്ടത്"?
"എനിക്ക് പാലത്തിലും പള്ളിയിലും ഒന്നും കയറണ്ട, ?"
"അച്ചായന് എന്താ വേണ്ടതെന്ന് തുറന്നങ്ങോട്ട് പറേന്നെ"
"ഞാന്‍ പറയാം.പക്ഷെ കാര്യം നടന്നാലും ഇല്ലെങ്കിലും നീ ആരോടും പറയരുത്"
"ആതെന്നാ കോപ്പില വര്‍ത്താമാനമാ ഈ പറയുന്നതു? ഞാനാ ടൈപ്പ് ആണൊ"?
അല്ലെന്നറിയാം. എന്നാലും ഞാന്‍ പറഞ്ഞന്നേയുള്ളു".
"ദേ, എന്നെക്കൊണ്ടാകുന്ന എന്താണേലും, അച്ചായന് വേണ്ടി ഈ സഖറിയ ചെയ്തിരിക്കും. അച്ചായന്‍ കാര്യം പറ"
"ടാ, നിന്റെ ആ സിസിലി യില്ലെ"? അത്രയും പറഞ്ഞപ്പോഴേക്കും സഖറിയ ചാടി വീണ് പറഞ്ഞു,
"അത് വേണ്ട, അത് വേണ്ട, സിസിലിയെ പറഞ്ഞുള്ള കളിയൊന്നും വേണ്ട,"
"അയ്യോ, ഞാന്‍ സിസിലിയെ കുറിച്ച് പറഞ്ഞതല്ല, സിസിലിയുടെ ഹോസ്പിറ്റലില്‍ അവളുടെ കൂട്ടുകാരികള്‍ കാണൂല്ലോ, മലയാളികള്‍"
മാത്തച്ചന്‍ ഒന്ന് നിറുത്തി. സഖറീയ ബാക്കികേള്‍ക്കാനായി കാത് കുര്‍പ്പിച്ചു.
"അതിലേതെങ്കിലും മലയാളിനഴ്സിനെ എനിക്കൊന്ന് അറൈഞ്ച് ചെയ്ത്........."
"അല്ല, എനിക്കറീയാമേലോണ്ട് ചോദിക്കുവാ , ഞാനെന്താ മാമാ പണി ചെയ്യുവാണോ, എന്നോടിതിങ്ങനെ പറയാന്‍ അച്ചായന് എങ്ങനെ തോന്നി?"
"നീ ചൂടാവാതെ, ഞാന്‍ അതല്ല ഉദ്ദ്യേശിച്ചത്."
"പിന്നെ"?
"ഒരു ഫ്രെണ്ടായിട്ട്, വെറുതെ ഒരു ഫ്രണ്‍ട്ഷിപ്പിന്"
"അച്ചായന്റെ കെട്ടിയോളും മക്കളും? അവരറിഞ്ഞാല്‍ എന്താ സംഭവിക്കുകായെന്നറിയാല്ലോ?"
"അവരൊന്നും അറിയില്ലാന്ന്, നീ അറിയിക്കാതിരുന്നാല്‍ മതി".
"എന്നാലും, "
"ഒരെന്നാലും ഇല്ല, നീയൊന്ന് ചോദിക്ക് ആ സിസിലിയോട്"
മാത്തച്ചന്റെ നിര്‍ബന്ധത്തിന് മുന്നില്‍ സഖറീയ അവസാനം സമ്മതം മൂളി. ഇക്കാര്യം സിസിലിയോട് സംസാരിച്ച സഖറിയക്ക് അവളുടെ വക ഒരാട്ടായിരുന്നു. ഇമ്മാതിരി പോക്രിത്തരവുമായിട്ട് നടന്നാല്‍ മുത്തവയെ കൊണ്ട് പിടിപ്പിച്ച് ശരീരത്തിന്റെ പല അംഗങ്ങള്‍ വെട്ടിക്കളയിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
മാത്തച്ചന്റെ നിര്‍ബന്ധത്തിനും സിസിലിയുടെ ഭീഷണിക്കുമിടയില്‍ സഖറിയ വശംകെട്ടു. തല്‍ക്കാലം മാത്തച്ചനെ പിണക്കാന്‍ പറ്റില്ല. സിസിലിയെ ഒരു കാലത്തും പിണക്കാനേ പാടില്ല. അവസാനം സഖറിയ ഒരു വഴി കണ്ടെത്തി. അത് മാത്തച്ചനുവേണ്ടിയുള്ള പെരുവഴിയായിരിക്കുമെന്ന് ആരും കരുതിക്കാണില്ല.
മോളമ്മ. അതെ, സാക്ഷാല്‍ ഏപ്പ്. ഏപ്പ് എന്ന് പറഞ്ഞാല്‍ ആരുമറിയില്ലെങ്കില്‍ ഏപ്പ് എന്ന മോളമ്മയെന്ന് പറഞ്ഞാല്‍ എല്ലാവരും അറിയും. നാട്ടില്‍ അത്യാവശ്യം മിമിക്രിയും പാരഡിയുമായി നടന്ന ഏപ്പിനെ നാട്ടുകാര്‍ കൈവെയ്ക്കുമെന്ന അവസ്ഥയില്‍ വീട്ടുകാര്‍ ഏപ്പിന്റെ വകയിലുള്ള ഒരു അളിയന്റെ സഹായത്തൊടെ സൗദിയിലെക്ക് നാടുകടത്തി.
ഏപ്പ് ഒരു എരപ്പാളിയാണ്. എന്ത് പോക്രിത്തരത്തിനും കൂട്ടാന്‍ പറ്റിയ തൊരപ്പന്‍. സഖറിയ ഏപ്പില്‍ അഭയം പ്രാപിച്ചു. സംഭവം കേട്ട ഏപ്പ്, നല്ലൊരു ക്വട്ടേഷന്‍ കിട്ടിയ തമ്മനം ഷാജിയെ പോലെ ചിരിച്ചു. പിന്നെ പറഞ്ഞ്,
"ശരിയളിയാ.. ഇനി ഞാനേറ്റു. പക്ഷെ ഒരു കാര്യം. ഒരു പുതിയ സിം വേണം. നൂറ് റിയാല്‍ ചിലവാക്കണം."?
"എന്ത് പണ്ടാരം വേണമെങ്കിലും ചെയ്യാം. കാര്യം കൊളമാകരുതെന്ന് മാത്രം"
സഖറിയ നൂറ് റിയാല്‍ ഏപ്പിനെ ഏല്പിച്ചു. തിരിച്ച് ഏപ്പ് സഖറിയയെ ഷേക്ക് ഹന്‍ഡ് ചെയ്തു. അന്നവര്‍ പിരിഞ്ഞു.
മൊബൈലില്‍ കണ കണാ മണിയടിക്കുന്നത് കേട്ട് മാത്തച്ചന്‍ ചാടിയെഴുന്നേറ്റ് അറ്റന്‍ഡ് ചെയ്തു.
"ഹല്ലോ മാത്തച്ചായനല്ലിയോ?"
"അതെ, ആരാ"
"ഇത് ഞാനാ, മോളി"
"ഏത് മോളി" ?
"സിസിലിയില്ലിയോ? കിന്‍ഗ് ഫഹദ് ഹോസ്പിറ്റലിലെ"
"സിസിലിയുടെ ആരാ"
"സിസിലിയുടെ കൂട്ടുകാരിയാ"
"എന്താ ഈ രാത്രിയില്‍"
"മാത്തച്ചയ‌ന്‍ സഖറിയയുടെ ഫ്രണ്ട് അല്ലിയോ? സിസിലി എല്ലാം പറഞ്ഞു"
മാത്തച്ചന് അപ്പോഴാണ് കാര്യങ്ങളുടെ ഗുട്ടന്‍സ് മാനസ്സിലായത്. എല്ലാം ശരിയാക്കി വച്ചിട്ട് സഖറിയ കള്ളന്‍ കിടന്നുറങ്ങുന്നത് കണ്ടില്ലെ ഒന്നും അറിയാത്തവനെപോലെ. ആ കിടപ്പില്‍ സഖറിയയെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കണമെന്ന് മാത്തച്ചനു തോന്നി. മോളി ഓണ്‍ ലൈനിലായത് കൊണ്ട് അമ്മാതിരി കാര്യങ്ങളോക്കെ പിന്നത്തേക്ക് മാറ്റിവച്ചിട്ട് ബാക്ക് ടു മോളി.
" സിസിലി എന്താ പറഞ്ഞത്"
"ഉം, ഒരു മാതിരി കാര്യങ്ങളൊക്കെ പറഞ്ഞു"
"എന്നാലും"?
"മാത്തച്ചനെ മറ്റാരെക്കാളും വിശ്വസിക്കാമെന്നാ സഖറീയ സിസിലിയോട് പറഞ്ഞത്"
"സഖറീയ നല്ലവനാ, അത് കൊണ്ടല്ലേ ഞാനവനെ എന്റെ കൂടെ താമസിപ്പിക്കുന്നത്"
"എനിക്കറിയാം. അത് കൊണ്ടാ സഖറീയ മാത്തച്ചായന്റെ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ വിസ്വസിച്ചതും"
"ഈ വിളിക്കുന്നതാണോ മോളിയുടെ നമ്പര്‍"
"അതെ, മാത്തച്ചായന്‍ എന്നെ വിളിക്കോ"
"അതെന്നാ ചോദ്യമാ മോളിക്കുട്ടി, സോറി മോളിക്കുട്ടിയെന്ന് വിളിച്ചതില്‍ പിണക്കമില്ലല്ലോ?"
"മാത്തച്ചായന് ഇഷ്ടമുള്ളത് വിളിച്ചോളു. എനിക്ക് സന്തോഷമേയുള്ളു."
"ഞാനിനി എന്നും മോളിക്കുട്ടിയെ വിളിക്കും. ഷിഫ്ട് മാറുമ്പോള്‍ പറയണം കേട്ടോ, ഇപ്പോള്‍ ഏതാ ഷിഫ്ട്?"
"ഞാന്‍ എന്നും ജനറല്‍ ഷിഫ്ടിലാണ്. വൈകിട്ട് ഏഴുമണികഴിഞ്ഞാല്‍ എപ്പോ വേണമെങ്കിലും എന്നെ വിളിക്കാം"
"ഇനി എന്നും കൃത്യം ഏഴ് മണിക്ക് മോളിക്കുട്ടിക്ക എന്റെ കാള്‍ പ്രതീക്ഷിക്കാം"
"ശരി അച്ചായ, എന്നാല്‍ ഇനി ഞാന്‍ ഫോണ്‍ വയ്ക്കട്ടെ"?
"എന്താ ഇത്ര അത്യാവശ്യം. മണി പതിനൊന്നല്ലെ ആയുള്ളു. നേരം വെളുക്കുന്നത് വരെ സമയമുണ്ടല്ലോ?
"സമയമുണ്ട്, പക്ഷെ വെളുക്കുന്നത് വരെ സംസാരിക്കനുള്ള കാശ് എന്റെ മൊബൈലിലൊന്നും ഇല്ലല്ലോ അച്ചായാ, നമ്മളൊക്കെ പാവങ്ങളല്ലേ? അച്ചായനെപ്പോലെ ഐറിഷ് കമ്പനിയിലൊന്നുമല്ലോല്ലോ ജോലി"
"ഹെ, ഹെ, അതിനാരു പറഞ്ഞു മോളിക്കുട്ടിയുടെ ഫോണില്‍ നിന്നും വിളിക്കാന്‍. ഞാന്‍ അങ്ങോട്ട് വിളിക്കത്തില്ലായോ? ഇനി ഇടക്കെങ്ങാനും മോളിക്കുട്ടിക്ക് എന്നെ വിളിക്കണമെന്ന് തോന്നിയാല്‍ തന്നെ ഒരു മിസ്സ്‌ഡ് കാള്‍ തന്നാല്‍ പോരെ"
"താങ്ക്യൂ അച്ചായാ, ശരി എന്നാല്‍ പിന്നെ നാളെ സംസാരിക്കാം. എനിക്ക് നല്ല ക്ഷീണമുണ്ട്, ഞാന്‍ പോയി കിടക്കട്ടെ"
"എന്താ ഇത്ര ക്ഷീണിക്കാന്‍ കാരണം"
"ഇന്ന് വൈകിട്ട് മാര്‍ക്കറ്റ് വരെ നടന്ന് പോയി, കുറച്ച് പച്ചക്കറി മേടിക്കാന്‍. കാലിനൊക്കെ നല്ല വേദന"
"ഹെ ഹെ, ഞാന്‍ വന്ന് തിരുമ്മി തരട്ടെ"
"അയ്യടാ! അങ്ങനെ സുഖിക്കണ്ട. കള്ളന്റെ മനസ്സിലിരിപ്പ് കണ്ടില്ലെ"?
"ഹെ ഹെ ഞാ ചുമ്മാ!"
"സാരമില്ല, ഞാന്‍ പോകുവാ, നാളെ സംസാരിക്കാം."
"ശരി" മനസ്സില്ലാ മനസ്സോടെ മാത്തച്ചന്‍ ബൈ പറഞ്ഞു.
അന്ന് രാത്രി മാത്തച്ചന്‍ ഉറങ്ങിയില്ല. മോളിയെക്കുറിച്ച് മാത്രം ഓര്‍ത്ത് തിരിഞ്ഞും മറീഞ്ഞും കിടന്നു. അവളെങ്ങനെയിരിക്കും. സുന്ദരിയായിരിക്കുമോ? പിറ്റേന്ന് സംസാരിക്കാനുള്ള സബ്ജക്ട് കളൊക്കെ മാത്താച്ചന്‍ ഒരായിരം‌വട്ടം മനസ്സില്‍ പറഞ്ഞ് ശീലിച്ചു. സഖറീയയെ വിളിച്ച് ഈ രാത്രിയില്‍ തന്നെ കാര്യം പറഞ്ഞാലോ എന്ന് പലകുറി ആലോചിച്ചു. പിന്നെ വേണ്ടാന്ന് വച്ചു. ഈ സുഖം ഇന്ന് ഞാന്‍ മാത്രം ആസ്വദിച്ചാല്‍ മതി. സഖറിയയുടെ റോള്‍ ഇവിടെ അവസാനിച്ചു. ഇനി അവന്റെ ആവശ്യമില്ല. എങ്ങനേയും അവനെ റൂമില്‍ നിന്നും പുറത്താക്കണം, എങ്കില്‍ മാത്രമേ എനിക്കും മോളിക്കുട്ടിക്കും പാതിരാത്രിയില്‍ സ്വതന്ത്രരരായി പലതും തുറന്ന് സംസാരിക്കാന്‍ സാധിക്കത്തുള്ളൂ.
പിറ്റേന്ന് എന്തൊക്കെ ചെയ്തിട്ടും മാത്തച്ചന് സമയം പോകുന്നില്ലായിരുന്നു. ഓരോ മിനിറ്റിലും വാച്ചിലേക്ക് നോക്കും. ഇടക്ക് കണ്ട്റോള്‍ വിട്ട് മാത്തച്ചന്‍ മോളിയെ ഒന്നു വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ചിഡ് ഓഫ് ആണെന്ന മറുപടിയാണ് കിട്ടിയത്.
ഏപ്പും സഖറിയയും മാത്തച്ചന്റെ പരവേവും ആവേശവുമൊക്കെ ദൂരെ മാറിനിന്ന് കാണുന്നുണ്ടായിരുന്നു. സംഗതി ഏറ്റുവെന്ന് ഇരുവര്‍ക്കും മനസ്സിലായി.
കൃത്യം ഏഴുമണിക്ക് മാത്തച്ചന്‍ റെഡീയായി മോളിക്കുട്ടിയെ വിളീക്കാന്‍ മൊബൈല്‍ കയ്യിലെടുത്തതും വാതിലില്‍ ആരോ മുട്ടി. മുട്ടിയവന്റെ തന്തക്ക് വിളിച്ച് കൊണ്ട് വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ നാലഞ്ച് "സഹോദരന്മാര്‍". ആറര മണികഴിഞ്ഞിട്ടും പ്രാര്‍ത്ഥനായോഗത്തില്‍ മാത്തച്ചനെ കാണാതിരുന്നപ്പോള്‍ തിരക്കി വന്നതാണ്.
"സ്തോത്രം"
"സ്തോത്രം"
"എന്താ സഹോദരാ, പ്രാര്‍ത്ഥനാ യോഗത്തിനു വരാന്‍ വൈകിയത്"
"എനിക്ക് ശരീരത്തിന് നല്ല സുഖമില്ല, ഒരു പനിപോലെ" മാത്തച്ചന് അങ്ങനെ പറയാനാണ് അപ്പോള്‍ തോന്നിയത്.
"എന്നാല്‍ പിന്നെ ഈ സഹോദരന്റെ രോഗശാന്തിക്കായി നമുക്കിന്നിവിടെ പ്രാര്‍ത്ഥിക്കാം. ഒരു സഹോദരന്‍ പോയി മറ്റുള്ള സഹോദരന്മാരെ കൂട്ടി വന്നോളു." കൂട്ടത്തിലുള്ള മൂത്ത സഹോദരന്‍ അരുളി ചെയ്തു.
മാത്തച്ചന് എന്തു ചെയ്യണമെന്ന് ഒരു പിടിയും കിട്ടിയില്ല. ഏഴു മണിയാകാന്‍ കാത്തിരുന്നതിന് ഏഴു വര്‍ഷത്തെ ദൈര്‍ഘ്യമുണ്ടായിരുന്നു. അവസാനം ഇങ്ങനെയൊരു കുരിശ്.
മാത്തച്ചനെ സഹോരന്മാര്‍ എടുത്ത് കട്ടിലില്‍ കിടത്തി. മാത്തച്ചന്റെ രോഗ ശാന്തി ശുശ്രൂഷാ ആരംഭിച്ചു. കലാപരിപാടി അവസാനിച്ചപ്പോള്‍ മണി പത്ത്. ഇതിനിടയില്‍ ലവളുടെ ഒരു നാല് മിസ്സ്ഡ് കോളും മാത്തച്ചന് വന്നു.
സഹോദരന്മാരെ സ്തോത്രം പറഞ്ഞ പിരിച്ചു വിട്ട് മാത്തച്ചന്‍ മോളിക്കുട്ടിയെ വിളിച്ചു. അപ്പോഴേക്കും അവള്‍ പിണങ്ങിയിരുന്നു
"മാത്തച്ചായന് എന്നോട് ഒരിഷ്ടവുമില്ല. അല്ലെങ്കില്‍ ഞാന്‍ എത്ര മിസ്ഡ് കാള്‍ തന്നു. എന്നിട്ട് ഇപ്പോഴാണൊ തിരിച്ച് വിളിക്കുന്നത്."
"അയ്യോ മോളിക്കുട്ടി എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്, ഞാനിന്ന് ഓഫീസില്‍ നിന്നും ഇപ്പോഴാ വന്നത്. അല്ലെങ്കില്‍ ഞാന്‍ എന്റെ മോളിക്കുട്ടിയെ വിളിക്കാതിരിക്കോ?"
അവസാനം ഒരുവിധം മാത്തച്ചന്‍ മോളിക്കുട്ടിയുടെ പിണക്കം മാറ്റി. സംഭാഷണങ്ങള്‍ വൈവിധ്യമുള്ള വിഷയങ്ങളിലൂടെ ഓടീ നടന്നു- ധരിച്ചിരിക്കുന്ന വേഷം, കിടക്കുന്ന രീതി അങ്ങനെ പലതും. വിവാഹിതനായ മാത്തച്ചനേക്കാള്‍ പലതും മോളിക്കുട്ടിക്കറിയാമെന്ന് മാത്തച്ചന്‍ മനസ്സിലാക്കി. അതൊരു പക്ഷെ നഴ്സിം‌ഗ് പഠിച്ചത് കൊണ്ടായിരിക്കും എന്ന് കരുതി മാത്തച്ചന്‍ ആശ്വസിച്ചു. മാത്തച്ചന്‍ റീചാര്‍ജ്ജ് ചെയ്ത ഇരുനൂറ് റിയാല്‍ തീരാന്‍ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഒരു കെട്ട് ഉമ്മകള്‍ കൊടുത്ത് മോളിക്കുട്ടിയെ ചാര്‍ജ്ജ് ചെയ്യ്യാന്‍ മാത്തച്ചന്‍ മറന്നില്ല.
മാത്തച്ചന്‍ താമസിയാതെ പ്രാര്‍ത്ഥനകളിലും യോഗങ്ങളിലുമൊക്കെ റിബലായി മാറി. സഹോദരന്‍ വഴിപിഴക്കുന്നത് കണ്ട് മറ്റ് കുഞ്ഞാടുകള്‍ കൂട്ട പ്രാര്‍ത്ഥന നടത്തി. പക്ഷെ മാത്തച്ചന്‍ ദൈവവുമായുള്ള ഹോട് ലൈന്‍ കട്ട് ചെയ്ത് മോളിക്കുട്ടിയിലേക്ക് കണക്ട് ചെയ്തു.
സൗദിയിലെ ചൂട് കൂറഞ്ഞ് കുറഞ്ഞ് തണുപ്പിന് ഇടം കൊടുത്തു. പക്ഷെ മത്തച്ചന്റെ മനസ്സിലെ മോളിക്കുട്ടിയെന്ന ചുടിനെ ശമിപ്പിക്കാന്‍ ഒരു തണുപ്പിനും കഴിഞ്ഞില്ല. പക്ഷെ, മാത്തച്ചന്‍-മോളിക്കുട്ടി മൊബൈല്‍ പ്രേമം തണുപ്പുപോലെ പലരിലേക്കും വ്യപിച്ചു കൊണ്ടിരുന്നു. എങ്കിലും പലര്‍ക്കും ഇത് അത്രക്ക വിശ്വസിക്കാന്‍ സാധിച്ചില്ല, അതും മാത്തച്ചനെ കുറിച്ച്.
അവിശ്വാസികളെ വിശ്വാസികളാക്കാന്‍ ഏപ്പിന് അധികമൊന്നും ബുദ്ധിമുട്ടേണ്ടിവന്നില്ല. അവിശ്വാസികളെ വിളിച്ച് വരുത്തി രണ്ട് മിനിറ്റ് സമയം ചോദിക്കുന്നു. ഏപ്പിന്റെ മൊബൈലില്‍ നിന്നും മാത്തച്ചനിലേക്ക് ഒരു മിസ്ഡ് കാള്‍. തിരിച്ചു വരുന്ന മാത്തച്ചന്റെ കാളിലെ മധുമൊഴികളിലെ സുഖം ഏത് അവിശ്വാസിയേയും അടുത്ത നിമിഷത്തില്‍ വിശ്വാസിയാക്കും.
ഡിസംബര്‍ ജനുവരി മാസത്തിലെ അസ്ഥികള്‍ അരിച്ച കയറുന്ന തണുത്ത കാറ്റുകള്‍ പോലും, കുത്തിയിരുന്ന് മോളിക്കുട്ടിയോട് സൊള്ളുന്ന മാത്തച്ചന്റെ മുന്നില്‍ തോറ്റ് മടങ്ങാറുണ്ട്. അങ്ങനെയുള്ളൊരു തണുത്ത രാത്രിയില്‍ മാത്തച്ചന് ഒരു ആക്രാന്തം തോന്നി. മോളിക്കുട്ടിയെ കാണണം. എത്രയും പെട്ടന്ന് കാണാന്‍ പറ്റുമോ അത്രയും പെട്ടന്ന്. മോളിക്കുട്ടി അവനെ ആശ്വസിപ്പിച്ചു. ആ രാത്രി പറ്റില്ല. പക്ഷെ വരുന്ന വെള്ളിയാഴച. വെള്ളിയാഴച കണ്ടിരിക്കും. ദമാമിലെ സീക്കോ ബില്‍ഡിം‌ഗിന് മുന്നില്‍ വച്ച് വൈകുന്നേരം അഞ്ച് മണിക്ക്.ആ ഉറപ്പില്‍ അന്ന് മാത്തച്ചന്‍ ഉറങ്ങി.
അവസാന ആ സുദിനം വന്നെത്തി. വെള്ളിയാഴ്ച പന്ത്രണ്ട് മണിയായപ്പൊഴെ മാത്തച്ചന്‍ റെഡി. പലപ്രാവശ്യം ഫെയര്‍ ആന്‍ഡ് ലവ്‌ലി പുരട്ടി, ആവശ്യാനുസരണം ഉപ‌യോഗിക്കാനായി അതിന്റെ ബാക്കിവന്ന ട്യൂബ് പോക്കറ്റില്‍ സുരക്ഷിതമായി വച്ചു.. നരച്ച മീശ രോമങ്ങള്‍ പിഴുതു മാറ്റി. തലയില്‍ ഗോദ്‌റേജിന്റെ ഡൈ കൊണ്ട് പലവുരി ടച്ച് അപ്പ് നടത്തി. കണ്ണാടിയില്‍ നോക്കി ഷേവ് ചെയ്ത വൃത്തിയാക്കി വച്ച താടിയില്‍ സൂക്ഷമ പരിശോധന നടത്തി. അടുത്ത രണ്ട് മൂന്ന് മണിക്കൂറിനുള്ളീല്‍ വെളുത്ത രോമങ്ങളെ‌ങ്ങാനും പൊട്ടിമുളക്കുമോ? അങ്ങനെ വന്നാല്‍ ദമാമില്‍ ചെന്ന് ഒന്നു കുടി ഷേവ് ചെയ്യണം. എന്തായാലും ഒരു റിസ്ക് എടുക്കാന്‍ വയ്യ. ദമാമില്‍ എത്തിയാല്‍ ഒരിക്കല്‍ കുടി ഷേവ് ചെയ്യണം. തീരുമാനിച്ചുറപ്പിച്ചു.
ടാക്സി പിടിച്ച് മാത്തച്ചന്‍ ദമാമിലെത്തി. അടുത്ത് കണ്ട നല്ലൊരു ബാര്‍ബര്‍ ഷോപ്പില്‍ കയറീ ഒരിക്കല്‍ കുടി ഫൈനല്‍ ടച്ച് അപ്പ്. എല്ലാം സുന്ദരമെന്ന് ഉറപ്പ് വരുത്തി. നേരെ സീക്കോ ബില്‍ഡിന്‍‌ഗിന്റെ മുന്നിലെത്തി കുറ്റിയടിച്ചു. ദൂരെ നിന്ന് അരികിലേക്ക് നടന്ന് വരുന്ന എല്ലാ പര്‍ദാ ധാരിണികളെയും മാത്തച്ചന്‍ മോളിക്കുട്ടിയായി കണ്ട് സുന്ദരമായ ഒരു പുഞ്ചിരിയൊടെ വരവേല്‍ക്കാന്‍ കാത്ത് നില്‍ക്കും. കൈ കാണിച്ചാല്‍ നിര്‍ത്താതെ കടന്ന് പോകുന്ന കെഎസ് ആര്‍ ഡി സി ബസ് പോലെ ഓരൊ പര്‍ദിയും കടന്ന് പോകുമ്പോള്‍ മാത്തച്ചന്‍ പ്രത്യാശയോടെ അടുത്ത പര്‍ദയിലേക്ക് മുഖം തിരിക്കും.
പറഞ്ഞ സമയം കഴിഞ്ഞ് പതിനഞ്ച് മിനിറ്റ് ആയിരിക്കുന്നു. ഇനിയും അവള്‍ വന്നില്ല. ഇനി അവള്‍ വരാതിരിക്കുമോ? ഹേയ് ഇല്ല. മോളിക്കുട്ടി പറഞ്ഞാല്‍ പറഞ്ഞതാണ്. പിന്നേയും പല പര്‍ദയിട്ട പെണ്‍കുട്ടികള്‍ മാത്തച്ചന്റെ മുന്നിലൂടെ കടന്ന് പോയെങ്കിലും അതിലൊന്നും മോളിക്കുട്ടി അല്ലായിരുന്നു.
സമയം അഞ്ചര. ഇനി ഒരു മിനിറ്റ് കുടി കാക്കാന്‍ വയ്യ. മാത്തച്ചന്‍ മോളിക്കുട്ടിയുടെ മൊബൈലിലേക്ക് വിളിച്ചു.
"മാത്തച്ചായാ ഒരു രണ്ട് മിനിറ്റ് ഞാനിതാ എത്തി"
"ഓക്കെ".
മാത്തച്ചന് എന്തൊക്കെയോ തോന്നി. കൈയ്യും കാലും വിറക്കാന്‍ തുടങ്ങി. മുഖത്തെ വിയര്‍പ്പ് കണങ്ങള്‍ തൂവാല കൊണ്ട് തുടച്ചപ്പോഴാണ ഒരു നഗ്ന സത്യം അവനറിഞ്ഞത്. വിയര്‍പ്പിനൊപ്പം ഫെയര്‍ അന്‍ഡ് ലവ്ലിയും തുടച്ചു മാറ്റിയിരിക്കുന്നു.
അവന്‍ വീണ്ടും ബാര്‍ബര്‍ ഷോപ്പിലേക്ക് ഓടീ. മുടി ചീകി മിനുക്കി. ഫെയര്‍ അന്‍ഡ് ലവ്‌ലി അല്പം കനത്തില്‍ തന്നെ തേച്ചു പിടിപ്പിച്ചു, അതിനു മീതെ യാര്‍ഡ്‌ലി പൗഡറും പൂശി വീണ്ടും പഴയ സ്ഥാനത്തെത്തി.
അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും മോളിക്കുട്ടിയെ കണ്‍ടില്ല. വീണ്ടൂം അവനവളേ വിളിച്ചു.
"മോളിക്കുട്ടി എവിടാ ഇപ്പോള്‍?"
ഞാനിവിടുണ്ട് മാത്തച്ചായ, എന്ന പുരുഷ സ്വരം കേട്ട് മാത്തച്ചന്‍ തിരിഞ്ഞു നോക്കി. പിന്നില്‍ നില്‍ക്കുന്ന് ഏപ്പ് എന്ന മോളമ്മ.
"മാത്തച്ചന്‍ ഒത്തിരി നേരമായോ വന്നിട്ട്? "
"ഞാനാ മാത്തച്ചായന്റെ സ്വന്തം മോളമ്മ.... അല്ല മോളിക്കുട്ടി.. ഹി ഹി"
മോളിക്കുട്ടിയുടെ ശബ്ദത്തില്‍ ഏപ്പ് മോളമ്മ അത് പറഞ്ഞപ്പോല്‍ മാത്തച്ചന്റെ കണ്ണില്‍ ഇരുട്ട് കയറൂന്നത് പോലെ തോന്നി. പിന്നെ മാത്തച്ചന്‍ ഒന്നും കണ്ടില്ല. ഏപ്പ് മോളമ്മയുടെ പരിഹാസ ചിരി മാത്രം അവന്റെ കാതില്‍ വന്നലച്ചുകൊണ്ടിരിന്നു.
"ഠേ"
സീക്കോ ബില്‍ഡിന്‍‌ഗ് ബോം‌ബ് ബ്ലാസ്റ്റില്‍ രണ്ടായി പിളര്‍ന്ന് തകര്‍ന്നു തലകുത്തനെ വീഴുന്നത പൊലെയാണ് ആദ്യം ഏപ്പിന് തോന്നിയത്. ചെവിക്കകത്തെ മുരള്‍ച്ച കൂടി ശക്തമായപ്പോള്‍ ഏപ്പിന് കാര്യങ്ങള്‍ മനസ്സിലായി. കേട്ട ശബ്ദം ബോംബ് പൊട്ടിയതല്ല. മാത്തച്ചന്റെ കൈപ്പത്തി തന്റെ കവിളില്‍ തലോടിയതാണ്, സീക്കോ ബില്‍ഡീന്‍‌ഗിന് ഒന്നും സംഭവിച്ചിട്ടില്ല. തലകറങ്ങി താഴോട്ട് പോയത് താന്‍ തന്നെയാണ്.
അപ്പോള്‍ മാത്തച്ചന്‍? മാത്തച്ചന്‍ നടന്നകന്ന് പോയത് മാത്രമാണ് സത്യം.
അതെ. മാത്തച്ചന്‍ നടന്ന് കൊണ്ടേയിരിക്കുന്നു. അതിന് ശേഷം ആരും മാത്തച്ചനെ കണ്ടിട്ടില്ല.

By
Asok Vamadevan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot