നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ ഒരു ദിവസം

എന്റെ ഒരു ദിവസം
രാവിലെ നാലിന് അലാറം കാറുന്നത് കേട്ടാണ് ഉണർന്നത്..... അതിന്റെ മണ്ടക്കിട്ടൊരു കിഴുക്കും കൊടുത്ത് എഴുന്നേൽക്കുമ്പോൾ അപ്പോഴും കൂർക്കം വലിച്ചുറങ്ങുന്ന കെട്ട്യോനെ അസൂയയോടെ നോക്കി.... മുടിയും വാരിച്ചുറ്റി ഒരു നെടുവീർപ്പോടെ അടുക്കളയിലേക്ക് കേറി....
പിന്നെ പാത്രങ്ങളുമായി ഒരു മൽപ്പിടുത്തമായിരുന്നു.... ചായ ,കടി, ചോറ് ,കറി, തോരൻ എല്ലാം വേണം.... മക്കൾക്ക് ആറു മണിക്ക് മദ്രസയിൽ പോണം.... അവരെ വിളിച്ചുണർത്തി ..... പിന്നത്തെ കാര്യം പറയണ്ട .. ഒന്നു പല്ലു തേക്കണങ്കിൽ കൂടി അവറ്റകളുടെ പിന്നാലെ വടിം കൊണ്ടോടണം..... പിന്നെ കുളി... ഒരുക്കം.... അവരെ പറഞ്ഞു വിട്ടാലെ ശ്വാസം നേരെ കിട്ടുള്ളൂ....
ഉമ്മ എഴുന്നേറ്റാൽ കൂടി ഒന്നു സഹായിക്കാൻ വരില്ല.... പുയ്യാപ്ലയാണെങ്കിൽ ഉണർന്നാൽ പിന്നെ ഒരു നെട്ടോട്ടമാണ്... 'ടീ അതെടുക്ക്... ഇതെടുക്ക്... ചീർപ്പെവ്ടെ.. ബെൽറ്റെവടെ.. ടീ...' ഈ 'ടീ' വിളി തീരണെങ്കിൽ മൂപ്പര് ഇവ്ടെന്നെറങ്ങണം..
വീണ്ടും കീ കൊടുത്ത പാവ പോലെ അടിക്കലും തുടക്കലും എല്ലാം തീർക്കുമ്പോഴേക്ക് മക്കളെത്തും.. പിന്നെ അവരെം കൂട്ടി സ്കൂളിലേക്ക്....
'പടച്ചോനേ.. ഇന്നും അഞ്ച് മിനിട്ട് ലേറ്റ് ' .. ഏതായാലും ഹാഫ് ഡെ സാലറി കട്ട്...!! പ്രിൻസിപ്പാളിന്റെ മുഖത്തു നോക്കാതെ പഞ്ച് ചെയ്തു.
ഇന്നൊരു പര്യഡ് പോലും ലെഷർ ഇല്ല... വൈകുന്നേരം ബെല്ലടിച്ചപ്പോൾ പോകാൻ വേണ്ടി ധൃതിയിൽ ബാഗെടുത്തു
'ഈ ശുഷ്കാന്തി രാവിലെ വരുമ്പോഴില്ലല്ലോ ടീച്ചറേ 'ന്നൊരു മുഖഭാവത്തോടെ പ്രിൻസിപ്പൽ വരാന്തയിൽ നിൽപുണ്ട്....
ഒരു അരണ്ട ചിരി ചിരിച്ച് ഞാൻ വണ്ടി സ്റ്റാർട്ടാക്കി.
വീട്ടിലെത്തിയപ്പോഴേക്കും ആകെ ക്ഷീണിച്ചിരുന്നു. ഇത്തിരി വെള്ളം കുടിക്കാൻ അടുക്കളയിൽ കയറി..... 'ന്റെ റബ്ബേ...' ഉച്ചയ്ക്ക് തിന്ന പാത്രം പോലും അതുപോലെ കിടപ്പുണ്ട്... എനിക്ക് തല പെരുത്തു .
അങ്ങേരു വന്നപ്പോ കൈയിൽ ഒന്നരക്കിലോ ബത്തൽ മീൻ.... ഇനി അതൊരു വഴിയാക്കണം.....എനിക്കങ്ങോട്ടു ദേഷ്യം വന്നു...
ഞാൻ ഒന്നും മിണ്ടിയില്ല...
ഓഫീസിൽ നിന്നു വന്നാൽ മൂപ്പർക്കു നല്ലൊരു ചായ വേണം... ഞാൻ ചായയുണ്ടാക്കി മേശയിൽ വച്ചു....
'ടീ.... അത് ഗ്ലാസിലൊഴിച്ചു താ ടീ.. '
'ഓ.... ഇനിപ്പൊ കുടിച്ചു കൂടി തരണ്ടി വര്വോ '
പിറുപിറുപ്പോടെ ചായ ഗ്ലാസ് കൈയിൽ വെച്ചു കൊടുക്കുമ്പോൾ അങ്ങേരു കൈക്കു പിടിച്ച് അടുത്തേക്കു വലിച്ചു.... സോപ്പിടാനുള്ള പരിപാടിയാണ്....കൃത്യ സമയത്തു ഉമ്മ വന്നതു കൊണ്ട് മൂപ്പരു പിടി വിട്ടു..
പണികളെല്ലാം ഒതുക്കി... മക്കളെ പഠിപ്പിക്കലുമെല്ലാം കഴിഞ്ഞപ്പോഴേക്ക് പതിനൊന്ന്....
'ന്റെ റബ്ബേ നളേക്ക് ഒന്നും പ്രിപ്പയറായിട്ടില്ലല്ലോ '
ഇത്തിരി നേരം വായിച്ചു..... ഹൊ... എന്തൊരു ക്ഷീണം .... നേരം വെളുത്താൽ തൊടങ്ങ് ണ ഓട്ടല്ലെ...ഒരു യന്ത്രം പോലെ... കണ്ണിനൊക്കെ ഭയങ്കര കനം...
മുറിയിലേക്ക് ചെന്നപ്പോൾ മൂപ്പരുണ്ട് ഫോണിലും തോണ്ടിയിരിക്കണ്.... ഏ..... കക്ഷി ഒറങ്ങീട്ടില്ലെ..
എന്നെ കണ്ടപ്പോൾ ഫോൺ മാറ്റിവെച്ചു... എന്നെ നോക്കി ഒരു കള്ളച്ചിരി...എന്റെ കുശുമ്പ് ഇപ്പഴും മാറീട്ടില്ല... ഞാൻ ഗൗരവം വിടാതെ പോയി കിടക്കയിൽ പുറം തിരിഞ്ഞു കിടന്നു... അങ്ങേരുടെ കൈകൾ പിറകിലൂടെ എന്നെ പുണർന്നു... ഞാനാരാ മോൾ... അങ്ങനെ വിട്ടു കൊടുക്കാൻ പറ്റ്വോ .... നല്ല ശക്തിയോടെ കൈകൾ തട്ടിമാറ്റി
' എന്താ മോളെ...... നീയാകെ കൊഴങ്ങി ലേ.'
സങ്കടം വന്നെങ്കിലും ഞാൻ മസിലും പിടിച്ച് കിടന്നു.
'ന്റ കണ്ണില് നോക്ക് ... എന്തൊരു ക്ഷീണം ണ്ട് ന്ന്.. ന്നട്ടും ഞാൻ നിന്നെം കാത്തിരിക്കയാരുന്നു... '
'ന്നാ പിന്നെ ഒറങ്ങിക്കൂടായ്ര്ന്നോ? ന്തിനാ ഇത്രേം എടങ്ങേറായി കാത്തിര്ന്നെ....?'
'ന്റ മുത്തെ.... നീ അവ്ടെ കെട്ന്ന് കഷ്ടപ്പെടുമ്പോ ഇനിക്കെങ്ങനാ ഒറക്കം വെരോ?'
'ഹും ... എന്തൊരു സ്നേഹം..... ന്റെ എടങ്ങേറ് അറിഞ്ഞിട്ട് തന്ന്യാ ങ്ങള് ഉണ്ടാക്കി വെച്ച ചായിം കൂടി ന്നെ ക്കൊണ്ടൊഴിപ്പിച്ചത്....'
'എന്റെ പൊന്നെ..... യ്യ് ഇങ്ങനൊന്നും പറയല്ലെ..... അല്ലെങ്കിപ്പൊ ഒരു ചായ എടുത്തു കുടിക്കാൻ കഴിയാഞ്ഞിട്ടാണോ.... ഓഫീസിന്നു തളർന്നു വരുമ്പോ.... നിന്റെ മുഖം കാണണതും, നിന്റെ കൈയിന്ന് ഒരു കപ്പ് ചായ വാങ്ങിക്കുടിക്കണതും, നിന്നെ ഇങ്ങനെ കെട്ടിപ്പിടിച്ച് കെടക്ക്ണതും ഒക്കെയല്ലെ എനിക്കാകെയുള്ള ഒരു സുഖം...'
അപ്പൊഴേക്കും എന്റെ ദേഷ്യമെല്ലാം ഉരുകിപ്പോയിരുന്നു..... ക്ഷീണവും...
പകരം ഭയങ്കര ഉൻമേഷം.... മൂപ്പരെ വാക്കുകൾ എന്നെ റിചാർജ് ചെയ്ത പോലെ...... രാവിലെ നേരത്തെ എഴുന്നേൽക്കണമെന്ന ചിന്ത പോലും എന്നെ വിഷമിപ്പിച്ചില്ല....
'എന്റെ പൊന്നിക്കാ ..... ങ്ങളെ കൊഞ്ചല് വല്ലാത്തൊരു മരുന്നന്യാ ട്ടൊ.... പണ്ട് നമ്പോലൻ കുടിച്ചിരുന്ന പോലത്തെ ശക്തി മരുന്ന്' എന്നും മനസ്സിലോർത്ത് ഞാൻ ഇക്കാനെ ഒന്നു കൂടെ മുറുകെ പുണർന്നു
മാജിദ നൗഷാദ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot