നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജനനത്തിനപ്പുറം...മരണത്തിനപ്പുറം....

ജനനത്തിനപ്പുറം...മരണത്തിനപ്പുറം....
________________=_______===__________
ഈ തടാകത്തിന്റെ തീരം എപ്പോഴുമെന്നെ മാടി വിളിക്കുന്നുണ്ട്.ഈ തീരത്ത് വിജനത പുൽകിയ അന്ധകാരത്തിന്റെ തേരിൽ ആകാശസഞ്ചാരിയെപ്പോലെ തെന്നി നീങ്ങണം.
വിധിയോട് മൽസരിക്കാൻ ഇഷ്ടമില്ലാത്തവർ ആത്മാവിനെ ഈ തീരത്ത് വിട്ടിട്ട് അന്ത്യവിശ്രമത്തിനായി തെരഞ്ഞെടുക്കുന്നത് ഈ തടാകത്തെയായിരുന്നു.അഗാധമായ ആഴങ്ങളെ പുൽകി ജീവത്യാഗം ചെയ്തവരെ മൂന്നാം നാൾ ഉയിർപ്പിക്കുന്ന വെള്ളത്തിന്റെ ഇന്ദ്രജാലം ഈ വലിയ തടാകം ഇതുവരെ ചെയ്തിട്ടില്ല.ഇതിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട ശരീരങ്ങളൊന്നും ഇതുവരെ പൊന്തിവന്നിട്ടില്ല.
താൻ വഹിച്ച ശരീരങ്ങളെ കാത്ത് ഈ തീരത്ത് കാവലിരിക്കുന്ന ആത്മാക്കളെ രാവിന്റെ മറവിൽ ആരൊക്കെയോ കണ്ടിട്ടുണ്ടത്രെ.ബാക്കിവെച്ച മോഹങ്ങളോർത്തിട്ടാവാം ചില വിതുമ്പലുകളും ചില രാത്രികളിൽ കേൾക്കാറുണ്ടെന്നും ആരൊക്കെയോ പറഞ്ഞു.
ഞാനും എന്റെ ആത്മാവിനെ ഈ തീരത്ത് സ്വാതന്ത്രമാക്കട്ടെ.ചിന്തകളെക്കാൾ വേഗതയാണോ കാലത്തിന്,ഇനിയൊരു മടക്കം ആഗ്രഹിക്കുന്നില്ല.അമ്മയുടെ ഗർഭപാത്രം മുതൽ ഈ നിമിഷം വരെ എനിക്കൊപ്പമുണ്ടായിരുന്ന,എന്റേത് മാത്രമെന്ന് എനിക്ക് പൂർണമായി വിശ്വസിക്കാവുന്ന ,ഞാൻ പ്രണയിച്ചപ്പോൾ എന്നെക്കാൾ പ്രണയിച്ച,ഞാൻ കരഞ്ഞപ്പോൾ എന്നെക്കാൾ കരഞ്ഞ,ഞാൻ ചിരിച്ചപ്പോൾ എന്നെക്കാൾ ചിരിച്ച,ഞാനറിയാതെ എന്നിലൊളിച്ച എന്റെ ആത്മാവിനെ ഇന്ന് ഞാൻ സ്വതന്ത്രമാക്കുന്നു.
പോവൂ ,നിനക്കീ വിജനതയിൽ ആവോളമോടാം, ഇനിയൊരിക്കലും നിനക്കെന്റെ വികാരങ്ങളുടെ കാവലാളാവേണ്ട,ഇനിയൊരിക്കലും നീയെന്റെ പരാജയങ്ങളിൽ വേദനിക്കേണ്ടതില്ല,ഈ മണ്കൂടിനുള്ളിൽ ഞാനെന്ന തുച്ഛനായ,ഗതിവിഗതികളെപ്പോലും നിയന്ത്രിക്കാൻ കഴിവില്ലാത്ത നിസ്സാരനൊപ്പം നീ നടക്കേണ്ടതില്ല..
ഭയം എന്നെ പതിയെ വിഴുങ്ങാൻ തുടങ്ങുന്നു.ഇനി നിമിഷങ്ങൾക്കുള്ളിൽ ഞാനീ വലിയ പ്രപഞ്ചത്തോട് വിടപറയും.ഇന്നെന്താണ് എന്റെ ആത്മാവിനു കൂട്ടായി ഈ തീരത്തിന്റെ കാവൽക്കാരായ ആത്മാക്കളെയൊന്നും കാണാത്തത്.ഇത്രയും വര്ഷങ്ങൾ എന്റെ കൂട്ടാളിയായ എന്റെ ആത്മാവിനെ ഞാനെങ്ങനെ അന്ധകാരം കട്ടപിടിച്ച വിജനമായ ഈ തീരത്ത് തനിച്ചു വിടും.
ചിന്തകൾ തലച്ചോറിനുള്ളിൽ ഇരുട്ട് പരത്തി.
ഒരു വിതുമ്പൽ ശബ്ദം ആരാണത് ഞാൻ എന്നിൽ നിന്നും പറിച്ചെറിയുവാൻ പോവുന്ന എന്റെ പ്രിയ ആത്മാവിനുള്ള തുണയോ.
'ആരാണ് നീ' ഇരുട്ടിനുള്ളിലേയ്ക്കു ചോദ്യമെറിഞ്ഞു.ഒന്നു രണ്ടു നിമിഷത്തേക്ക് നിശബ്ദത നിഴൽ പടർത്തി.ചോദ്യമാവർത്തിച്ചു' പറയു ആരാണ് നീ .ഇപ്പോൾ ഞാൻ എന്റെ ആത്മാവിനെയും തനിച്ചു വിടും .നീ കരയേണ്ടതില്ല.നിനക്കവൻ നല്ല തുണയായിരിക്കും.മഹാമേരു പോലെ ഇത്രയും കാലം എന്നെ താങ്ങിയവനാണവൻ.നിനക്ക് നല്ലൊരു കൂട്ടാവും അവൻ..സംശയമില്ല..'
'ഞാൻ നിന്റെ ആത്മാവാണ് .' വിതുമ്പൽ തൊട്ടടുത്ത് നിന്നും വീണ്ടും കേട്ടു.
ഞെട്ടിപ്പിടഞ്ഞു.' എന്താണിത് .ഭ്രൂണമാവുന്നതിനും മുൻപ് എന്റെ അനുവാദമില്ലാതെ എന്നിൽ ചേർന്നു .ഇപ്പോൾ ഞാൻ സ്വതന്ത്രമാക്കുന്നതിനു മുൻപ് നീ എന്നെ ഉപേക്ഷിച്ചോ.,ഞാനിപ്പോൾ ജഢമാണോ? എന്റെ ഭൂതകാലത്തിലൂടെ ഒരു നിമിഷം പോലും പോവാൻ നീ എന്നെ അനുവദിച്ചില്ലല്ലോ.ഈ തടാകത്തിനുള്ളിൽ ഒരിക്കലും പൊന്തിവരാതെ അഴുകി തീരാൻ വേണ്ടിയാണ് ഞാനിവിടെ വന്നത്.നീയെന്നെ കരുതിയത് പോലെ നിനക്ക് തുണയായി ഒരുപാട് ആത്മാക്കൾ ഉള്ളിടത്തേയ്ക്കാണ് ഞാൻ വന്നത്.എല്ലാവരും പാതി ദൂരംപോലും പിന്നിടാനാവാത്തവർ.'
പിന്നെതുടരാനനുവദിച്ചില്ല.ആത്മാവിന്റെ ശബ്ദം ഇരുട്ടിൽ മുഴങ്ങി. 'നീയൊരു ഭ്രൂണമായിരുന്നപ്പോൾ മാത്രമല്ല, അതിനും മുൻപ് സൃഷ്ടികർമ്മത്തിന്റെ ആരംഭങ്ങൾക്കു മുന്നേ ഞാൻ നിന്നെ കാണുന്നുണ്ടായിരുന്നു.അറിയുന്നുണ്ടായിരുന്നു.നിന്നിൽ ചേരേണ്ട ഭാഗങ്ങളോരോന്നും ചേർന്ന് നീ രൂപമെടുകുമ്പോൾ ഞാൻ നിന്റെ ഓരോ അണുവിലും നിറഞ്ഞിരുന്നു.ഗര്ഭപാത്രത്തിനുള്ളിലെ പൂർണ്ണ മനുഷ്യൻ പുറംലോകമെത്താൻ ഞാൻ കാത്തിരുന്നു.നീ നിന്റെ അമ്മയുടെ തുടയിടുക്കിലൂടെ കൊഴുത്ത രക്തത്തിൽ കുളിച്ചു പുറത്തേയ്ക്ക് വന്നപ്പോഴും ,പുറം ലോകത്തെ നിന്റെ ആദ്യ കരച്ചിലിനും ഞാനും സാക്ഷിയായിരുന്നു.നിന്റെ ഉറക്കത്തിൽ നിന്നെ കൊഞ്ചിച്ചു ചിരിപ്പിച്ചതും,ഭയപ്പെടുത്തി കരയിച്ചതുമൊക്കെ ഞാനായിരുന്നു.കാപട്യം നിറഞ്ഞ മനുഷ്യന്റെ ഭാഷ നിനക്ക് കരഗതമാവുന്നതിനു മുൻപേ നിന്നോട് കൂട്ട് കൂടിയ ആദ്യത്തെ കൂട്ടുകാരൻ ഞാനായിരുന്നു.ഉറക്കത്തിനിടയിൽ നിന്റെ പാൽപ്പുഞ്ചിരിയും,അടഞ്ഞ കുഞ്ഞിക്കണ്പോളകൾക്കു മുകളിൽ ചലിക്കുന്ന നിന്റെ കൃഷ്ണമണികളും ,നിന്റെ കുഞ്ഞി ചുണ്ടിന്റെ വിതുമ്പലും കണ്ടു നിന്റെ അമ്മ നിർവൃതിയോടെ പുഞ്ചിരിക്കുമ്പോൾ നിന്നോടൊപ്പമുണ്ടായിരുന്ന എന്നെ നീ അറിഞ്ഞിരുന്നു.നിന്റെ ശൈശവം അതിദ്രുതം പിന്നിട്ടപ്പോഴും നിന്റെ ഓരോ ചലങ്ങൾക്കും ഞാൻ സാക്ഷിയായിരുന്നു.ബാല്യകൗമാരങ്ങൾ പിന്നിട്ടു നീ മുന്നേറുമ്പോൾ നിന്റെ സൗഹൃദവലയം കണ്ടു ഞാൻ അമ്പരന്നിട്ടുണ്ട് പലവട്ടം.നീയുറങ്ങുമ്പോൾ നിനക്ക് കാവലിരുന്നു.നിന്റെ കൗമാരകുസൃതികളൊക്കെയും ഞാനാസ്വദിച്ചു.യൗവനം നിന്നിൽ പകർന്ന ചേതോഹരമായ മാറ്റങ്ങളെക്കണ്ട് ഞാൻ നിന്നിൽ അനുരാഗവാനായിട്ടുണ്ട്.ചാരിതാര്ഥ്യത്തോടെ എന്റേത് എന്നവകാശപ്പെട്ടു കൂടെ നടന്നിട്ടുണ്ട്.അപ്പോൾ നീ ആർക്കൊക്കെയോ സ്വന്തമായിരുന്നു.
നിന്റെ പ്രണയം പൂത്തുലഞ്ഞു വസന്തങ്ങൾ തീർത്തപ്പോഴും ,പിന്നെ നിന്റെ തോരാമിഴികളും തകർന്ന ഹൃദയവും എന്നിലേല്പിച്ച വേദന നീ അറിഞ്ഞിരുന്നില്ല.കാലമൊരിക്കൽ നമ്മെ വേർപെടുത്തും. അതുവരെയും നിന്റെ പ്രിയ സുഹൃത്തായിരിക്കാൻ എന്നെ അനുവദിച്ചുകൂടെ.ഇന്ന് നീ അത്യധികം വേദനയോടെ എന്നെ സ്വാതന്ത്രനാക്കാൻ തീരുമാനിക്കുന്നു.അന്ന് നീ സന്തോഷത്തോടെ എന്നെ യാത്രയാക്കും.നിന്റെ അനുവാദമില്ലാതെ അത്യധികം സന്തോഷത്തോടെയാണ് ഞാൻ നിന്നിൽ ചേർന്നത് .ഇനി വേർ്പെടുന്നതും അതേ സന്തോഷത്തോടെ ആയിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.ഇന്ന് നീ എനിക്ക് തുണയെ അന്വേഷിക്കുന്നതെന്തിന്,നിന്നെക്കാൾ നല്ലൊരു തുണ വേറെ ആരാണെനിക്ക്.
'എന്റെ പ്രിയപ്പെട്ട ആത്മാവെ നിന്റെ വിതുമ്പൽ പൊട്ടിക്കരച്ചിലിന് വഴിമാറുന്നുവോ,എന്നോട് ക്ഷമിക്കൂ,എന്റെ പ്രിയ സുഹൃത്തേ,.സന്തോഷവാനായി നീ പോവാനാഗ്രഹിക്കുന്നു.,സന്തോഷമോടെ നിന്നെ യാത്ര അയക്കേണ്ടത് എന്റെ കടമയാണ്.കാരണം ആദിമധ്യാന്തം നീയാണെന്റെ കൂടെയുള്ളത്.വരൂ ,പോവാം.ഞാനുപേക്ഷിച്ചു പോന്ന എന്റെ വീട്ടിലേയ്ക്ക്.ഇനി വിധി നമ്മെ അകറ്റും വരെ നമ്മളൊരുമ്മിച്ചാണ് യാത്ര.ഈ വിശാലമായ ലോകത്ത് ആരുടെയൊക്കെയോ മുഖങ്ങൾ എന്നെ നിന്നിൽ നിന്നും അകറ്റി.ക്ഷമിക്കൂ.ഇനിയും നമ്മളൊരുമ്മിച്ച്‌.

ഗര്ഭപാത്രത്തിനുള്ളിൽവെച്ചു നിഷ്ക്കരുണം കൊലചെയ്യപ്പെടുന്ന കുരുന്നു ജീവനുകൾക്കുമുണ്ട് ഇതുപോലെ ഒരാത്മാവ് ...വിധി അകറ്റുന്നത് വരെ കൂടെ നില്ക്കാൻ....വിധിക്കരുത്.......വിധിക്കുവിടുക.......
നിസ നായർ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot