നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കെെവിട്ടു പോയ ബി എം ഡബ്ളി യു (കഥ)


കെെവിട്ടു പോയ ബി എം ഡബ്ളി യു (കഥ)
--------------------------------------------------------
ധൃതിയില്‍ സ്കൂട്ടര്‍ താഴെ പാര്‍ക്ക് ചെയ്ത് രണ്ടാം നിലയിലുള്ള ബേങ്കിലേക്ക് പോയതായിരുന്നു ഞാന്‍..
അവിടെയാണെങ്കില്‍ ഒടുക്കത്തെ തിരക്ക്..
അത്യാവശ്യമായി എട്ടായിരം രൂപ വേണം.. എ ടി എം ഭഗവാന്‍ കനിയില്ലല്ലോ.. ബേങ്കിലെ ക്യൂ തന്നെ ശരണം.
ഉള്ളില്‍ മുറുമുറുത്തുകൊണ്ട് ക്യൂവില്‍ സ്ഥാനം പിടിച്ചു..
അവസാനം പെെസ കെെയ്യില്‍ കിട്ടി..
ഇനി എത്രയും പെട്ടെന്ന് വീട്ടിലെത്തണം.. അവിടെ എല്ലാവരും എന്നെ കാത്തിരിക്കുകയാണ്.. ഞാന്‍ ചെന്നിട്ടുവേണം എല്ലാവര്‍ക്കും കൂടി ചേച്ചിയുടെ വീട്ടിലേക്ക് പോകാന്‍..
നാളെ ചേച്ചിയുടെ പുതിയ വീടിന്‍റെ പാലു കാച്ചലാണ്.. ഇപ്പോഴെങ്കിലും പോയില്ലെങ്കില്‍ പിന്നെ അങ്ങോട്ട് പോകേണ്ടി വരില്ല..
ഞാന്‍ വേഗം പടികള്‍ ചാടിയിറങ്ങി..
താഴെ വണ്ടിയുടെ അടുത്തെത്തി..
അപ്പോള്‍ കണ്ട കാഴ്ച.. എന്‍റെ വണ്ടിയുടെ തൊട്ടു പിന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു ഒരു പുതു പുത്തന്‍ ബി എം ഡബ്ളി യു കാര്‍..
മെനക്കേടായല്ലോ..അതവിടന്നു മാറ്റാതെ എനിക്ക് വണ്ടിയെടുക്കാനാവില്ല.. ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു..
ആ സെക്യൂരിറ്റികാരന് ഇതൊക്കെ ഒന്നു ശ്രദ്ധിച്ചൂടെ.. കാറില്ലാത്ത പാവങ്ങള്‍ക്കും ഈ നാട്ടില്‍ ജീവിക്കണ്ടേ.. രോഷപ്രകടനം നടത്താന്‍ അടുത്തു ആരുമില്ലാത്തതു കൊണ്ട് എല്ലാം ഉള്ളിലൊതുക്കി ഞാന്‍ കാറിനടുത്തേക്ക് ചെന്നു..
ഫ്രണ്ട് സീറ്റില്‍ ഒരു യുവതി ഇരിക്കുന്നുണ്ട്.. ഞാന്‍ ഗ്ളാസില്‍ മുട്ടി. അവര്‍ ഗ്ളാസ് താഴ്ത്തി...
''എനിക്ക് വണ്ടിയെടുക്കണമായിരുന്നു.. കാര്‍ ഒന്നു മാറ്റിത്തന്നാല്‍ ഉപകാരം.''
ഞാന്‍ ഗൗരവത്തില്‍ പറഞ്ഞു..
'' ഹസ്ബന്‍ഡ് ആ ഹോട്ടലില്‍ മസാല ദോശ വാങ്ങാന്‍ പോയിരിക്കുകയാ.. ''
അപ്പുറത്തുള്ള ഹോട്ടല്‍ ചൂണ്ടിക്കാട്ടി തരുണീമണി മൊഴിഞ്ഞു..
അപ്പോളാണ് ഞാന്‍ അവരുടെ നിറവയര്‍ ശ്രദ്ധിച്ചത്..
ഓ, ഗര്‍ഭിണിയാണല്ലോ.., കൊതി കൊണ്ടാവും കെട്ട്യോനെ മസാല ദോശ വാങ്ങാന്‍ വിട്ടത്.. എനിക്ക് ഇത്തിരി മനസ്സലിവ് തോന്നി..
''ഏട്ടനെ വിളിച്ച് പെട്ടെന്ന് വരാന്‍ പറയണോ?''
അവള്‍ ചോദിച്ചു..
''വേണ്ട ഏതായാലും മസാല ദോശ വാങ്ങിയിട്ട് വരട്ടെ''..
ഞാന്‍ മഹാമനസ്കയായി..
''ഇനി അതു തിന്നാഞ്ഞിട്ടു ഇനി ഇവളു പെറാതിരിക്കണ്ട'',, എന്നൊരു ആത്മഗതവും നടത്തി..
''ദാ, ഏട്ടന്‍ വരുന്നുണ്ട്..''
അവള്‍ പറഞ്ഞതു കേട്ട് ഞാന്‍ തല തിരിച്ചു നോക്കി..
മസാലദോശ പാക്ക് ചെയ്ത കവര്‍ ആട്ടിയാട്ടി നടന്നു വരുന്നു ഒരു യുവകോമളന്‍..
അത് അവനല്ലേ..,
ഞാന്‍ ഒന്നു കൂടി നോക്കി..
അതേ അവന്‍ തന്നെ.. കോളേജില്‍വെച്ച് ഇഷ്ടമാണെന്നു പറഞ്ഞ് എന്‍റെ പിന്നാലെ നടന്നിരുന്ന മനു..
അവന്‍റെയാണോ ഈ ബി എം ഡബ്ളി യു?
എനിക്ക് ഇത്തിരി അസൂയ തോന്നിയോ?
തോന്നി..
ഒരുപാട് നാള് പിന്നാലെ നടന്നിട്ടും എനിക്ക് അവനോട് ഇഷ്ടം തോന്നിയിരുന്നില്ല.. ഞാനെന്ത് ചെയ്യാനാ അതൊക്കെ ഉള്ളീന്നു വരണ്ടതല്ലേ.. അതുമാത്രമല്ല, അന്നെനിക്ക് അറിയില്ലാലോ ഇവന്‍ ഇത്ര മിടുക്കനാവുമെന്ന്..
എന്‍റെ ചിന്തകള്‍,കാടു കയറുന്നതിനു മുന്‍പേ അവന്‍ അടുത്തെത്തി..
''അല്ലാ, ഇതാരാ.., എന്തൊക്കെയുണ്ടെടോ വിശേഷം .. എത്ര നാളായി കണ്ടിട്ട്..''
അവന്‍ നിര്‍ത്താതെ പറയാന്‍ തുടങ്ങി..
'' എനിക്ക് സ്കൂട്ടര്‍ എടുക്കാന്‍ പറ്റുന്നില്ല.. ഈ കാറൊന്നു മാറ്റിയിരുന്നെങ്കില്‍ എനിക്ക് പോകാമായിരുന്നൂ..''
ഞാന്‍ ദയനീയമായി പറഞ്ഞു..
''ഓഹ്, അതാണോ.. , നീ എന്‍റെ വെെഫിനെ കണ്ടിട്ടില്ലാലോ.. അവളുണ്ട് കാറില്‍.. വാ പരിചയപ്പെടാം..''
അവന്‍ വിടാനുള്ള ഭാവമില്ല..
''ഞാന്‍ കണ്ടു, സംസാരിച്ചു..''
ഞാന്‍ ഒഴിവാകാന്‍ നോക്കി..
''നീ വാടോ, ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടിട്ട് അങ്ങനെയങ്ങു പോയാലോ?..
അവന്‍ ഡോര്‍ തുറന്നു ഭാര്യയെ പുറത്തിറക്കി..
''ഇതാണെന്‍റെ പ്രിയതമ.. സ്നേഹ.. ഇവള്‍ക്ക് ഇത് ഏഴാം മാസമാണ്.. മസാലദോശ തിന്നാന്‍ ഭയങ്കര കൊതി അതാണ് ഞാന്‍ ഹോട്ടലിലേക്ക് പോയത്.''
അവന്‍ അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് പറഞ്ഞു..
എന്നെ കാണിക്കാനാ... അല്ലാതെ എന്തിനാ ഇപ്പോള്‍ ഒരു ചേര്‍ത്തു പിടിക്കല്‍..
എനിക്ക് എങ്ങനെയെങ്കിലും അവിടുന്ന് ഒന്നു രക്ഷപ്പെട്ടാല്‍ മതിയെന്നു തോന്നി..
''എനിക്ക് പോയിട്ട് അത്യാവശ്യമുണ്ടായിരുന്നൂ.
ഞാന്‍ പറഞ്ഞു..
''നിക്കെടോ,, നിന്നെ പരിചയപ്പെടുത്തിയില്ലല്ലോ..
''ഇവള്‍ കോളേജില്‍ എന്‍റെ ജൂനിയറായിരുന്നു.. ഞാന്‍ നിന്നോട് ഒരു കഥ പറഞ്ഞിട്ടില്ലേ.. ആ കഥയിലെ നായികയാണിത്''..
അവന്‍ ഭാര്യയോടായി പറഞ്ഞു..
എന്തു കഥയാണാവോ ഇവന്‍ എന്നെ പറ്റി പറഞ്ഞത്.. അങ്ങനെ പറയാന്‍ മാത്രം കഥയൊന്നും എനിക്ക് ഇല്ലാലോ..
ഞാന്‍ വെറുതേ ഒന്നു ഓര്‍ത്തു നോക്കി..
''ആഹാ, ഇതാണല്ലേ ഏട്ടന്‍റെ ഹൃദയം കവര്‍ന്ന സുന്ദരി''..
അവള്‍ മുന്നോട്ട് വന്ന് എന്‍റെ കെെ പിടിച്ചു..
ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു..
സുന്ദരിയെന്ന് അവള്‍ എന്നെ ഒന്നു ആക്കാന്‍ വേണ്ടി പറഞ്ഞതാണോ..
ആയരിക്കില്ല.. എന്തായാലും അവളേക്കാള്‍ സുന്ദരി ഞാന്‍ തന്നെ..
ഞാന്‍ സ്വയം സമാധാനിച്ചു..
ഈ കൊശവന്‍ അതൊക്കെ എഴുന്നള്ളിച്ചിരുന്നോ ഇവളോട്..
ഞാന്‍ മനസ്സില്‍ അവനെ കുറേ തെറി പറഞ്ഞു..
''എന്തായാലും താങ്ക്സ് കേട്ടോ,, ഇയാള്‍ക്ക് വേണ്ടാത്തതുകൊണ്ടാണല്ലോ എനിക്ക് എന്‍റെ ഏട്ടനെ കിട്ടിയത്..''
അവളുടെ വാക്കുകള്‍ കേട്ട് ഞാന്‍ കണ്ണുമിഴിച്ചു പോയി..
''എനിക്ക് വേഗം പോകണം..''
ഞാന്‍ തിരക്ക് കൂട്ടി..
''ശരി ഇപ്പോള്‍ മാറ്റിത്തരാം''..
അവര്‍ രണ്ടു പേരും കാറിലേക്ക് കയറി.. കാര്‍ മുന്നോട്ട് എടുത്തു..
എന്‍റെ സ്കൂട്ടറെടുത്ത് ഞാനും വീട്ടിലേക്ക് തിരിച്ചു..
പോകുന്ന വഴിയില്‍ അവന്‍റെ ബി എം ഡബ്ളി യു ആയിരുന്നു എന്‍റെ മനസ്സു നിറയെ..എനിക്ക് കെെവിട്ടു പോയ ആ ചുവന്ന ബി എം ഡബ്ളി യു..
എന്‍റെ വീട്ടില്‍ ആകെയുള്ളത് ഈയൊരു സ്കൂട്ടര്‍ മാത്രം.. എന്‍റെ കെട്ട്യോനോട് എനിക്ക് ദേഷ്യം തോന്നി.. ഒരു കാറു വാങ്ങിക്കൂടെ ആ മനുഷ്യന്..
(എനിക്ക് കാറൊന്നും വേണ്ടേ... എനിക്ക് എന്‍റെ പാവം കെട്ട്യോനും ഈ സ്കൂട്ടറും മതിയേ..)
അജിന സന്തോഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot