നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദോര്‍മിസിയൂസ് മരിയ-ഒരു തലവേദനയുടെ കഥ .


ദോര്‍മിസിയൂസ് മരിയ-ഒരു തലവേദനയുടെ കഥ .
*************************************************************************
പുതിയ ഹോസ്റ്റല്‍ മുറിയിലേക്ക് മാറിയതിനു ശേഷമാണ് ഗ്ലോറിയക്ക് ആ പ്രശ്നം തുടങ്ങിയത്.തല പിളര്‍ക്കുന്ന വേദന.രാത്രി തുടങ്ങുന്ന തലവേദന , പുലര്‍ച്ചെയോടെ സ്വിച്ച് അമര്‍ത്തുന്ന പോലെ മാറും.എഴുന്നേല്ക്കുമ്പോ തലവേദന ഉണ്ടാകില്ല.പക്ഷെ രാത്രിയിലെ ഉറക്കക്ഷീണം കൊണ്ട് ആ പകല്‍ ഒരു മങ്ങിയ സ്വപ്നം പോലെ അവസാനിക്കുന്നു.
താഴത്തെ നിലയിലെ പഴയ മുറിയില്‍ നിന്ന് മാറി മുകളിലെ പുതിയ മുറിയില്‍ എത്തിയ അന്ന് രാത്രി തുടങ്ങി ഈ വേദന.ഇപ്പോള്‍ ഒരു ആഴ്ച കഴിഞ്ഞിരികുന്നു..
വേദനയെക്കാളും അവള്ക്ക് വിചിത്രമായി തോന്നിയത് ആ ശബ്ദങ്ങള്‍ ആയിരുന്നു.
മണി കിലുങ്ങുന്ന ശബ്ദം.
ഉള്ളിന്റെ ഉള്ളിലെ ഏതോ അടഞ്ഞു കിടക്കുന്ന മുറിയില്‍ നിന്ന് വരുന്നത് പോലെ..ദൂരെ നിന്ന് കേള്ക്കു ന്നതു പോലെ തോന്നും.സാവധാനം അത് അടുത്ത് അടുത്ത് വരും.അതോടൊപ്പം തല പിളര്‍ക്കുന്ന വേദന തുടങ്ങുന്നു..
വര്‍ഷാവസാന പരീക്ഷക്ക് ഇനി രണ്ടു മാസം കൂടിയേ ഉള്ളു.ഡിഗ്രി അവസാന വര്‍ഷ വിദ്യാര്ഥിനിയാണ് ഗ്ലോറിയ പീറ്റര്‍ .അവര്‍ താമസിക്കുന്ന ആ വനിതാ ഹോസ്റല്‍ കന്യാസ്ത്രീകള്‍ ആണ് നടത്തുന്നത്.ഒരു പഴയ കെട്ടിടം..ഒരു മുളം തോട്ടത്തിന്റെ നടുവില്‍,കോളേജ് ക്യാമ്പസിന് അടുത്ത് തന്നെയാണ് അത്.
വാതിലില്‍ ആരോ മുട്ടുന്നത് കേട്ടപ്പോള്‍ ഗ്ലോറിയ പുതപ്പ് മാറ്റി ,വാതില്‍ ചെന്ന് തുറന്നു.പുറത്തു നിന്ന് നിമ്മി അലക്സ് അകത്തു വന്നു.
"നിനക്കിതെന്തു പറ്റി,മുറിയെല്ലാം അലങ്കോലം ആയി കിടക്കുവാണല്ലോ.താഴത്തെ മുറിയില്‍ ആയിരുന്നപ്പോള്‍ എന്ത് അടുക്കും ചിട്ടയും ആയിരുന്നു.."
ശരിയാണ്.ഗ്ലോറിയ മുറിക്കുള്ളില്‍ കണ്ണോടിച്ചു.കസേരയില്‍ ചുരുട്ടികൂട്ടി ഇട്ടിരിക്കുന പഴയ വസ്ത്രങ്ങള്‍.മെത്തയിലെ വിരി മുഷിഞ്ഞു അലങ്കോലമായി കിടക്കുന്നു.മേശയില്‍ ബുക്കുകള്‍ ചിതറി കിടക്കുന്നു.
"ദയവു ചെയ്തു ആ ജനല്‍ ഒന്ന് തുറന്നിട്..ഈ കെട്ടി കിടക്കുന്ന വായു ഒന്ന് പുറത്തു പോകട്ടെ...മുറിയില്‍ ഒരു വാട ഉണ്ട്..."
അവള്‍ ജനാല തുറക്കാന്‍ നേരം ഭിത്തിയിലെ ചെറിയ കണ്ണാടിയില്‍ തന്റെ് മുഖം കണ്ടു.
ഉറക്കം തളം കെട്ടി കിടക്കുന്ന കണ്ണുകള്‍.പാറിപറന്നു കിടക്കുന്ന മുടിയിഴകള്‍.മുഖത്തിന്റെ പ്രസരിപ്പ് മാഞ്ഞിരിക്കുന്നു.
"നമ്മുക്ക് ഇന്ന് ഹോസ്പിറ്റലില്‍ പോകണ്ടേ...സ്കാന്‍ റിസള്ട്ട് ഇന്ന് കിട്ടില്ലേ..."നിമ്മി ചോദിച്ചു.
"പോകാം...ഞാന്‍ ഒന്ന് ഫ്രഷ്‌ ആയിക്കോട്ടെ.."
"ശരി."ഞാന്‍ ഇപ്പൊ വന്നത്,ഇതെന്തു ചെയ്യണം എന്ന് ചോദിക്കാനാ..?"നിമ്മി കയ്യില്‍ ഇരുന്ന വസ്തുക്കള്‍ മേശയില്‍ വച്ചു.
അത് രണ്ടു മാലാഖമാരുടെ രൂപങ്ങള്‍ ആയിരുന്നു.കാലപ്പഴക്കം കൊണ്ട് അവ കറുത്ത് പോയിരുന്നു.അതിൽ വലിപ്പമുളള മാലാഖയുടെ ഒരു കാലിന് അൽപ്പം പൊട്ടൽ ഉണ്ടായിരുന്നു.
"ഇതെവിടുന്നു കിട്ടി?"
"എന്റെ പുതിയ മുറിയില്‍ നിന്ന് കിട്ടിയതാ.സീനിയര്‍ ചേച്ചിമാര്‍ കളഞ്ഞിട്ടു പോയതാണ്.ഇത് കളഞ്ഞേക്കട്ടെ?"
"വേണ്ട.കളയണ്ട.എന്തായാലും മാലാഖമാര്‍ അല്ലെ."ഗ്ലോറിയ പറഞ്ഞു.
"ശരി.ശരി.എന്നാ നീ സൂക്ഷിച്ചോ..നിനക്ക് ഒരു കമ്പനി നല്ലതാ...വേഗം റെഡിയാവ് ".പറഞ്ഞതിന് ശേഷം നിമ്മി പോയി.
അവള്‍ ആ ചെറിയ രൂപങ്ങള്‍ എടുത്തു ഭിത്തിയിലെ ഷെല്ഫില്‍,ക്രിസ്തുവിന്റെ ചിത്രത്തിന് അരികില്‍ വച്ചു.മാലാഖമാരുടെ നിറം മങ്ങിയിരുന്നു.
അവള്‍ അവയെ കരുണയോടെ നോക്കി.
"ഇന്ന് സ്കാനിംഗ് റിസള്‍ട്ട് വരും,ട്യൂമര്‍ ആയിരിക്കുമോ,തന്റെ തലച്ചോറില്‍ ,?അതോ കാന്സറോ..??"
ആ രൂപങ്ങള്‍,ഒരു പഴയ തുണി കൊണ്ട് തുടക്കവേ അവള്‍ ഉപേക്ഷിക്കപ്പെട്ട മാലാഖമാരോട് ചോദിച്ചു.
"എം.ആര്‍.ഐ ചെയ്തിട്ട് ഒരു കുഴപ്പവും കാണുന്നില്ല.ഭയക്കേണ്ട ഒരു കുഴപ്പവും കണ്ടു പിടിക്കാന്‍ സാധിക്കുനില്ല."
ഡോക്ടര്‍ സ്കാനിംഗ് റിപ്പോര്‍ട്ട് പരിശോധിച്ച് ഗ്ലോറിയയോടും നിമ്മിയോടുമായി പറഞ്ഞു.
"ഇത് ഒരു തരം മൈഗ്രേയിന്‍ ആണ്."
നഗരത്തിലെ ഏറ്റവും പ്രശസ്തനായ ഫിസിഷ്യന്‍ ആണ് അദ്ദേഹം.
"ഡോക്ടര്‍ പക്ഷെ ഞങ്ങളുടെ ഫൈനല്‍ ഇയര്‍ പരീക്ഷക്ക് ഇനി രണ്ടു മാസം കൂടിയേ ഉള്ളു.ഈ വേദന കാരണം രാത്രി ഉറങ്ങാന്‍ സാധിക്കുന്നില്ല."
ഗ്ലോറിയ പറഞ്ഞു.
ഡോക്ടര്‍ നിസ്സഹായതയോടെ പുഞ്ചിരിച്ചു.
"ഒരു ചൊല്ല് കേട്ടിട്ടില്ലേ...താന്‍ മറന്നു മീന്‍ പിടിക്കരുതെന്ന്..കുട്ടി കുറച്ചു വിശ്രമിക്കുക...ടെന്ഷന്‍ ഒഴിവാക്കുക..മൈഗ്രെയ്നു പ്രത്യേകിച്ച് മരുന്നുകള്‍ ഒന്നുമില്ല.ഞാന്‍ പെയിന്‍ കുറയാന്‍ ഉള്ള ഗുളികകള്‍ എഴുതാം...വേറെ വഴിയില്ല.."
അവര്‍ തിരികെ ഹോസ്റ്റലിലേക്ക് നടന്നു.
"മമ്മിയോട് കുറച്ചു നാള്‍ ഇവിടെ നിന്ന് നില്‍ക്കാന്‍ പറഞ്ഞു കൂടെ..."നടക്കുന്നതിനിടയില്‍ നിമ്മി അവളോട്‌ ചോദിച്ചു.
വൈകുന്നേരമായിരുന്നു.മുളയിലകള്‍ വീണു മഞ്ഞ നിറം പൂണ്ട വഴിയിലേക്ക് പോക്കുവെയിലിന്റെ സ്വര്‍ണ്ണ ത്തരികള്‍ വീഴുന്നു.
"ഓ,അതൊന്നും ശരിയാകില്ല.അനിയത്തിക്ക് വയ്യല്ലോ.അവളെ തനിച്ചാക്കി മമ്മി വരില്ല."ഗ്ലോറിയ പറഞ്ഞു.
"എന്തായാലും നീ പേടിച്ച പോലെ ട്യൂമര്‍ ഒന്നുമല്ലല്ലോ ...ടെന്ഷന്‍ അടിക്കണ്ട..."കൂട്ടുകാരി അവളുടെ കയ്യില്‍ കൈ ചേര്‍ത്തു.
.
ഗ്ലോറിയ ഒന്നും പറഞ്ഞില്ല.
അവളുടെ ഉള്ളില്‍ ,ആ മണി കിലുങ്ങുന്ന ശബ്ദം ആയിരുന്നു.അത് അവള്‍ ഡോക്ടറോട് പറഞ്ഞിരുന്നില്ല.ഒരു പക്ഷെ തന്റെ തോന്നല്‍ ആയിരിക്കുമത്.
തന്റെ മനസ്സിന് പൊടുന്നനെ എന്ത് സംഭവിച്ചു.?ആ മണി കിലുങ്ങുന്ന ശബ്ദം പക്ഷെ അവളെ ഭയപെടുത്തിയിരുന്നില്ല.വളരെ പരിചിതമായ,താന്‍ മറന്നു പോയ ഒരു സ്വരം ആയാണ് അവള്‍ക്ക് അത് തോന്നിയത്.എത്ര ആലോചിച്ചിട്ടും അത് ഓര്‍മ്മിക്കുവാന്‍ കഴിയുന്നില്ല.
"ഡോക്ടറെ കണ്ടോ?"ഹോസ്റ്റലിന്റെ മുന്പിലെ ചെടി നനച്ചു കൊണ്ടിരുന്ന വാര്‍ഡന്‍ സിസ്റര്‍ ഗോരെത്തി അവരുടെ അരികിലേക്ക് വന്നു.
"കുഴപ്പം ഒന്നുമില്ല.മൈഗ്രയിന്‍ ആണെന്ന് പറഞ്ഞു.പക്ഷെ രാത്രിയില്‍ ഈ തലവേദനയുമായി എങ്ങനെ ഉറങ്ങും സിസ്റര്‍..."
അവര്‍ അവളുടെ ശിരസ്സില്‍ തലോടി..
"ദോര്‍മിസിയുസ് മരിയ."സിസ്റര്‍ കണ്ണുകള്‍ അടച്ചു,അവളുടെ ശിരസ്സില്‍ തലോടിക്കൊണ്ട് പറഞ്ഞു.
അവള്‍ ചോദ്യഭാവത്തില്‍ സിസ്റ്ററിന്റെ നോക്കി.
"ഇവിടെ നിന്ന്,ഒരു നാല് കിലോമീറ്റര്‍ മാറി,മാതാവിന്റെ ഒരു ചെറിയ പള്ളിയുണ്ട്...മാതാവിന്റെ മറ്റു പ്രതിഷ്ഠകള് പോലെ അല്ല.വളരെ അപൂര്‍വ്വമായ ,ഉറങ്ങുന്ന മാതാവ് ആണ് അവിടുത്തെ പ്രതിഷ്ഠ,മോള്‍ അവിടെ പോയി ചൊവ്വാഴ്ച ദിവസം കൊന്ത ചൊല്ല്.തലവേദന ഒക്കെ മാറും."
"ഉറങ്ങുന്ന മാതാവ് അല്ലെ...നല്ല ഉറക്കം കിട്ടുമായിരിക്കും..നീ പൊക്കോ.."സിസ്റ്റര്‍ പോയപ്പോള്‍ നിമ്മി പതിയെ പറഞ്ഞു.
ഗ്ലോറിയ മുറിയില്‍ എത്തി.മുറിയില്‍ എത്തിയ ഉടനെ,അവള്‍ ആ മാലാഖമാരുടെ അരികില്‍ എത്തി.
"നിങ്ങള്‍ വന്നത് ഒരു പക്ഷെ എന്റെ ഭാഗ്യമായി.സ്കാനിങ്ങില്‍ രക്ഷപെട്ടു."അവള്‍ അവയോടു മന്ത്രിച്ചു.മാലാഖമാര്‍ പക്ഷെ മറുപടി ഒന്നും പറഞ്ഞില്ല.
സന്ധ്യ വന്നു.അവള്‍ പുസ്തകം നിവര്‍ത്തി. .
ഒരു ചെറിയ മണി കിലുങ്ങുന്ന സ്വരം.അത് അടുത്ത് വരുന്നു.
ഈ സ്വരം...ഇത് എവിടെയാണ് താന്‍ മുന്പ് കേട്ടത്..???ആലോചിച്ചു തുടങ്ങിയപ്പോഴേ തല പിളര്‍ക്കുന്ന വേദന ആരംഭിച്ചു.അന്ന് രാത്രിയും ഉറങ്ങിയില്ല.ഗുളിക കഴിച്ചപ്പോള്‍ കുറച്ചു വേദന ശമിച്ചു.
പിറ്റേന്ന് അവള്‍ കോളേജില്‍ പോയില്ല.ഉച്ച വരെ ഉറങ്ങി.ഉച്ചക്ക് അവള്‍ എഴുന്നേറ്റു.മുഖം കഴുകിയതിനു ശേഷം കുറച്ചു നേരം അവള്‍ ഷെല്ഫിലെ മാലാഖമാരുടെ അടുത്ത് പോയി നിന്നു.
ദോര്‍മിസിയൂസ് മരിയ.
മാലാഖമാര്‍ പറയുന്നത് പോലെ അവള്‍ക്ക് തോന്നി.അത് ഒരു ചൊവ്വാഴ്ച ആയിരുന്നു.
മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു.അവള്‍ ഫോണ്‍ ചെവിയോടു ചേര്‍ത്തു.
"കുട്ടാ,ഇന്ന് കോളേജില്‍ പോയില്ലേ..സ്റ്റില്‍ ഹാവിംഗ് ഹെഡ് ഏക്‌ ?"അപ്പുറത്ത് നിന്ന് മുഴങ്ങുന്ന പുരുഷ സ്വരം.
അത് മെല്‍വിന്‍ മാത്യുവാണ്.അവളുടെ ബോയ്‌ ഫ്രണ്ട്.ബോയ്‌ ഫ്രണ്ട് അല്ല പ്രതിശ്രുത വരന്‍ എന്ന് ഒരു തരത്തില്‍ പറയാം.അവളുടെ പപ്പയുടെ കൂട്ടുകാരന്റെ മകന്‍.നഗരത്തിലെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില് എഞ്ചിനീയര്‍...അവളുടെ പഠനത്തിനു ശേഷം രണ്ടു പേരും തമ്മില്‍ കല്യാണം നടത്താം എന്ന് ഏകദേശ ധാരണ ഇപ്പോഴേ രണ്ടു കുടുംബങ്ങളും തമ്മില്‍ ഉണ്ട്.
"കുറവുണ്ട്..."അവള്‍ താഴ്ന്ന സ്വരത്തില്‍ പറഞ്ഞു
.
"ചില്‍ അപ്പ്,ബേബി..നമ്മുക്ക് ഞാന്‍ പറഞ്ഞ ട്രിപ്പ് ഒന്ന് പോകാം.,,ഒന്ന് ഗോവയും ഊട്ടിയും ഓക്കെ കറങ്ങി അടിച്ചു പൊളിക്കാം..എല്ലാ തലവേദനയും മാറും,"
ഒരാഴ്ചയായി അവന്‍ ഇത് പറഞ്ഞു അവളെ നിര്‍ബന്ധിക്കുകയാണ്‌..വീട്ടില്‍ നിന്ന് മാറി കോളേജില്‍ ആയത് കൊണ്ട് തല്കാലം വീട്ടുകാര്‍ അറിയില്ല.പക്ഷെ വിവാഹത്തിന് മുന്പ്... ഗ്ലോറിയക്ക് അതിനോട് താല്പര്യം തോന്നിയില്ല.
"പിന്നെ വിളിക്കാം.."അവള്‍ ഫോണ്‍ കട്ട് ചെയ്തു.
അവള്‍ വസ്ത്രം മാറി പുറത്തേക്കിറങ്ങി.അവിടെ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള സ്റ്റോപ്പില്‍ ബസിറങ്ങി.സ്റ്റോപ്പില്‍ "ദോര്‍മിസിയൂസ് മരിയ " എന്ന വഴി സൂചിക അഞ്ഞൂറ് മീറ്റര്‍ ഉള്ളിലേക്കുള്ള പോക്കറ്റ് റോഡിലേക്ക് ദിശ ചൂണ്ടി നിന്നു,അതിനരികെ ഉറങ്ങുന്ന കന്യകാമാതാവിന്റെ ഒരു ചിത്രം ഉണ്ടായിരുന്നു.
അവള്‍ ആ റോഡിലൂടെ നടന്നു.വഴിയില്‍ ആരുമില്ല.ഇരുവശത്തും കമുകിന്‍ തോട്ടങ്ങള്‍.അവ ഉച്ചവെയിലില് ഉറക്കം തൂങ്ങി നിന്നു.ഓലകളുടെ ,ഇടയിലൂടെ അരിപ്പയില്‍ നിന്നെന്ന പോലെ വെയിലിന്റെ ചില്ലുകള്‍ താഴേക്ക് പൊഴിഞ്ഞ്,കാട് പോലെ വളര്‍ന്ന ലില്ലി പൂക്കളില്‍ തിളങ്ങി.
അല്പ ദൂരം നടന്നു കഴിഞ്ഞപ്പോള്‍ ആ പള്ളി കണ്ടു.അതിനു അടുത്ത് ഒന്ന് രണ്ടു കടമുറികള്‍ പോലെ ചെറിയ കെട്ടിടങ്ങള്‍.
അവള്‍ പള്ളിയുടെ ഉള്ളില്‍ കയറി. .ഉള്ളില്‍ നീല വസ്ത്രങ്ങള്‍ അണിഞ്ഞ കന്യകാ മാതാവ്‌ ഉറങ്ങി കിടക്കുന്ന വലിയ രൂപം.ഉറങ്ങിയ മാതാവിന്റെ മുകളില്‍ വെളുത്ത മേഘങ്ങള്ക്കിടയില്‍ കാവല്‍ നില്ക്കു ന്ന മാലാഖകള്‍.. എന്ത് ഗാഡമായാണ് മാതാവ്‌ ഉറങ്ങുന്നത് .ഒരു വൃദ്ധ കന്യാസ്ത്രീ രൂപത്തിന് അരികില്‍ കണ്ണുകള്‍ അടച്ചു കൊന്ത ചൊല്ലുന്നു.
അവള്‍ കുറെ നേരം കണ്ണുകള്‍ അടച്ചു പ്രാര്‍ത്ഥന ചൊല്ലി..തിരികെ വരുന്ന വഴിയാണ് അതില്‍ ഒരു കെട്ടിടത്തിനു മുകളിലെ ബോര്‍ഡ് അവള്‍ കണ്ടത്.
"സിദ്ധവൈദ്യം.എല്ലാത്തരം പഴകിയ അസുഖങ്ങള്ക്കും തലവേദന,കഫം,മറ്റ് അസുഖങ്ങള്ക്കും പരിഹാരം."
ഒന്ന് കയറിയാലോ..പക്ഷെ തനിച്ചു...
അവള്‍ ഒന്ന് മടിച്ചു.പിന്നെ എന്തും വരട്ടെ എന്ന് കരുതി അങ്ങോട്ട്‌ നടന്നു.താഴത്തെ നിലയിലെ കടമുറികള്‍ അടഞ്ഞു കിടക്കുകയാണ്.തടി കൊണ്ട് നിര്‍മ്മിച്ച പഴയ പടികള്‍ ചവിട്ടി അവള്‍ മുകളില്‍ എത്തി.അവിടെ ആരുമില്ല.
സിദ്ധവൈദ്യം എന്ന് ഒരു ചെറിയ ബോര്‍ഡു സ്ഥാപിച്ച വാതില്‍ പാതി ചാരി കിടന്നു.
അവള്‍ ഒന്ന് രണ്ടു പ്രാവശ്യം തട്ടി.പ്രതികരണം ഇല്ല.തിരിഞു നടക്കാന്‍ ഒരുങ്ങവേ ആരോ നടന്നു വരുന്ന ശബ്ദം കേട്ടു.
വാതില്‍ തുറന്നു തീരെ മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ പുറത്തു വന്നു.
"ഇവിടെ അങ്ങനെ ആളുകള്‍ കുറവാ...ഉച്ചയുടെ ചൂടും കൂടി ആയപ്പോള്‍ ഞാനും ചെറുതായി മയങ്ങി.അകത്തേക്ക് വരൂ.."അയാള്‍ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.
അത് ഒരു വലിയ മുറിയായിരുന്നു.പ്ലൈവുഡ്‌ കൊണ്ട് ഒരു ഒരു ഭാഗം മറച്ചിരിക്കുന്നു.
ഏറ്റവും മുന്നില്‍ ഒരു മേശ.അതില്‍ തല വച്ചു ഒരു വൃദ്ധന്‍ ഉറങ്ങികിടക്കുന്നു..
"വൈദ്യരെ എഴുന്നേല്ക്ക് ..."ചെറുപ്പക്കാരന്‍ അയാളെ തട്ടിവിളിച്ചു.
വരണ്ടായിരുന്നു എന്ന് ഗ്ലോറിയക്ക് തോന്നി.
വൈദ്യര്‍ കണ്ണ് തുറന്നു.ചെറുപ്പക്കാരന്‍ അപ്പുറത്തെ മുറിയിലേക്ക് പോയി.ഏതൊക്കെയോ മരുന്നിന്റെ ഗന്ധം മുറിയില്‍ തങ്ങി നില്ക്കുന്നു.
"അവന്‍ എന്റെ ഒരു സഹായിയാ..മരുന്ന് ഉണ്ടാക്കാനും മറ്റും...കുട്ടി ഇരിക്ക്.ഇവിടെ അങ്ങനെ ആളുകള്‍ വരുന്നത് കുറവാ.." വൃദ്ധന്‍ കസേരയിലേക്ക് ചൂണ്ടി പറഞ്ഞു.
വെളുത്തു തിങ്ങിയ താടിയും,തിളങ്ങുന്ന മിഴികളും.പഴകിയ ഒരു കാവി ജൂബയാണ് അയാള്‍ ധരിച്ചിരുന്നത്.
ഗ്ലോറിയ ഇരുന്നു.
"തലവേദനയാണ് പ്രശ്നം അല്ലെ.."വൈദ്യന്‍ ചോദിച്ചു.ഇത്തവണ ഗ്ലോറിയ ഞെട്ടി.
"ലക്ഷണം ക്കൊണ്ട് അത് ഗ്രഹിക്കാം.മുഖത്ത് ഉറക്ക കുറവ് കാണുന്നു.ബലഹീനമായ ശരീരം.ഇത്ര നേരം സംസാരിച്ചിട്ടില്ല.കാരണം മുഖത്ത് അല്ലെങ്കില്‍ തലയുടെ ഒരു ഭാഗത്ത്‌ ഉണ്ടാകുന്ന വേദന..സംസാരിക്കാന്‍ തലച്ചോറിന് മടിയാണ്."
"അതെ.തലവേദനയാണ്."ഗ്ലോറിയ പറഞ്ഞു.പിന്നെ അവള്‍ എല്ലാം പറഞ്ഞു.
ഇപ്രാവശ്യം മണി കിലുങ്ങുന്നത് പോലെ സ്വരം കേള്ക്കു ന്ന കാര്യവും അവള്‍ പറഞ്ഞു.
എല്ലാം കേട്ടതിനു ശേഷം വൃദ്ധന്‍ അവളുടെ കൈയിലെ നാഡി പിടിച്ചു നോക്കി.കണ്ണുകള്‍ അടച്ചു നാഡി പരിശോധിച്ചിട്ടു അയാള്‍ പറഞ്ഞു.
"ഇതിനു മരുന്നില്ല."
ഗ്ലോറിയ ഞെട്ടി.നിരാശ അവളുടെ കണ്ണുകളില്‍ നിഴലിച്ചു.
"കാരണം കുട്ടിയുടെ തലവേദന മനസ്സില്‍ നിന്നാണ് ഉണ്ടാകുന്നത്.അതിന്റെ കാരണം കണ്ടു പിടിച്ചാലേ അത് മാറൂ.മനസ്സ് തുറന്നാല്‍ അത് സാധിക്കും.പക്ഷെ അത്ര എളുപ്പമല്ല."
രണ്ടു പേരും ഒന്നും മിണ്ടിയില്ല.
"എന്തെങ്കിലും വിചിത്രമായ സംഭവങ്ങള്‍ അല്ലെങ്കില്‍ പ്രത്യേകത ഉള്ള എന്തെങ്കിലും കാര്യം ഈ അടുത്ത കാലത്ത് നടന്നോ.."
അവള്‍ ഓര്‍മ്മിക്കുവാന്‍ ശ്രമിച്ചു.പക്ഷെ അങ്ങനെ ഒരു കാര്യവും നടന്നതായി അവള്ക്ക് ഓര്‍ക്കാന്‍ സാധിച്ചില്ല.
വൃദ്ധന്‍ അവളുടെ ഭൂതകാലത്തെ കുറിച്ച് അന്വേഷിച്ചു.
അവള്‍ എല്ലാം പറഞ്ഞു.അപ്പനും അമ്മയും ഒരു അനിയത്തിയും നാട്ടില്‍ .അനിയത്തിക്ക് സുഖമില്ല.അമ്മ വളരെ കര്‍ശനക്കാരിയാണ്‌.പപ്പ പാവമാണ്.അവളുടെ കാമുകന്‍ മെല്‍വിന്‍ .തന്റെ ചെറിയ ജീവിതം സ്വയം അറിയാതെ തന്നെ അവള്‍ പറഞ്ഞു.
എല്ലാം കേട്ടിട്ട് അയാള്‍ എഴുന്നേറ്റ് മുറിയിലൂടെ വേച്ചു നടന്ന് ജനാലയിലൂടെ പുറത്തേക്ക് നോക്കി.
വൃദ്ധന്റെ ഒരു കാലിന് മുടന്ത്‌ ഉണ്ടായിരുന്നു.
"കുട്ടി മറന്നു പോയ എന്തോ ഒരു കാര്യം ഉണ്ട്.അത് കണ്ടുപിടിക്കണം.കുട്ടി ഇപ്പോള്‍ പൊയ്ക്കൊള്ളു.ഇനി അടുത്ത ആഴ്ച ഇതേ ദിവസം വീണ്ടും വരിക.നമ്മള്‍ക്ക് ഒരിക്കല്‍ കൂടി സംസാരിക്കാം."അയാൾ പറഞ്ഞു.
അവിടെ നിന്ന് ഇറങ്ങിയപ്പോള്‍ അവള്ക്ക് ആശ്വാസം തോന്നി.കുറച്ചു തുറന്നു സംസാരിച്ചത് കൊണ്ടാവാം..അവിടെ പോയ കാര്യം അവള്‍ ആരോടും പറഞ്ഞില്ല.
ദിവസങ്ങള്‍ കടന്നു പോയി.ട്രിപ്പിനു പോകാന്‍ മെല്‍വിന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.തലവേദന കുറച്ചു കുറഞ്ഞിരുന്നു.
പിറ്റേ ചൊവ്വാഴ്ചയും അവള്‍ ഉറങ്ങുന്ന മാതാവിന്റെ പള്ളിയില്‍ പോയി.അതിനു ശേഷം പഴയ വൈദ്യന്റെ മുറിയില്‍ എത്തി.
"എന്നാണു ഈ തലവേദന തുടങ്ങിയത്."വൃദ്ധന്‍ ചോദിച്ചു.
"താഴത്തെ നിലയില്‍ നിന്ന് മുറി മാറി മുകളില്‍ എത്തിയ അന്ന്."അവള്‍ പറഞ്ഞു.
"അന്ന് നടന്ന ഓരോ കാര്യങ്ങളും വ്യക്തമായി കുട്ടി ഓര്‍ത്തു നോക്ക്.നമ്മുക്ക് എന്തെങ്കിലും കിട്ടാതിരിക്കില്ല."
"സാധനങ്ങള്‍ എല്ലാം മുകളിലെ റൂമില്‍ എത്തിച്ചു.ഷെല്ഫി്ലേക്ക് അവളുടെ ഈശോയുടെ രൂപം എടുത്തു വയ്ക്കാന്‍ പെട്ടി തുറന്നപ്പോഴാണ് മെല്‍വിന്‍റെ ഫോണ്‍ വന്നത്.അതിനിടയില്‍...എന്തോ ഒന്ന് ഓര്‍മ്മ യില്‍ നിന്ന് വഴുതി പോയത് പോലെ അവള്ക്ക് തോന്നി.
"പതുക്കെ ഓര്‍ത്തെടുക്കു....."വൈദ്യന്‍ അവളെ പ്രോത്സാഹിപ്പിച്ചു.
പൊടുന്നനെ ഒരു മിന്നല്‍ തലച്ചോറിലൂടെ കടന്നു പോയത് പോലെ അവള്‍ക്ക് തോന്നി.എന്ത് കൊണ്ട് താന്‍ ഇത്രനാള്‍ അത് മറന്നു പോയി.?
"അത്...എന്റെ പെട്ടിയില്‍ ഒരു ചെറിയ മണി ഉണ്ടായിരുന്നു.അത് കാണാതെ പോയി.അത് തിരയുന്നതിനിടയില്‍ ആണ് മെല്‍വിന്‍റെ ഫോണ്‍ വന്നത്."
"മണിയോ...?"എന്ത് മണി? വൃദ്ധന്‍ ചോദിച്ചു.
അവള്‍ ആ കഥ പറഞ്ഞു.ഒരു പഴയ സ്വപ്നം ഓര്‍ത്തെടുക്കുന്നതു പോലെ.
അവള്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് അവളുടെ അനിയത്തിക്ക് അസുഖം പിടിപെട്ടത്‌.ഹൃദയത്തിന്റെ വാല്‍വിന് തകരാര്‍.എല്ലാവരും അനിയത്തിയെ കൂടുതല്‍ സ്നേഹിച്ചു.വീട്ടില്‍ വരുന്നവര്‍ എല്ലാം അവളെ മാത്രം അന്വേഷിച്ചു.അമ്മക്ക് അവളെക്കാള്‍ കാര്യം അനുജത്തിയാണ്.അപ്പോഴാണ് അവളുടെ വീടിനു അടുത്ത് താമസിക്കുന്ന കസിന്‍ സ്റെല്ലയുടെ വീട്ടില്‍ നിന്ന് അവള്ക്ക് ഒരു പൂച്ചയെ കിട്ടിയത്.സ്റെല്ല അവളെക്കാള്‍ മൂത്ത കുട്ടി ആയിരുന്നു.
വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്ന ന്തിനോട് അവളുടെ മമ്മിക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല.എങ്കിലും ഗ്ലോറിയക്ക് ആ നാളുകളില്‍ ,വീട്ടിലെ ഒറ്റപെടലില്‍ ആ പൂച്ച ഒരു വലിയ ആശ്വാസം ആയിരുന്നു.
കൂനിന്‍മേല്‍ കുരു എന്ന് പറയുമ്പോലെ പൂച്ച പ്രസവിച്ചു.അനിയത്തിയുടെ കട്ടിലിന്റെ അടിയില്‍ ആയിരുന്നു.തള്ളപൂച്ചയും കുഞ്ഞു പൂച്ചയും കിടന്നത്.തള്ള പൂച്ച കുഞ്ഞിനേയും കടിച്ചു പിടിച്ചു വീട് മുഴുവന്‍ നടക്കുന്നതു പ്രശ്നമായി.അതിന്റെ മൂത്രം തുണികളില്‍ വീണു.ഗ്ലോറിയ ഒരു ചെറിയ മണി കുഞ്ഞു പൂച്ചയുടെ കഴുത്തില്‍ കെട്ടി.പൂച്ച എവിടെയാണ് ഉള്ളത് എന്നറിയാന്‍ വേണ്ടി.
ഒരു ദിവസം കുഞ്ഞു പൂച്ച അനിയത്തിയുടെ തുണിയില്‍ മൂത്രം ഒഴിച്ചു.അതോടെ വലിയ ഭൂകമ്പമായി.അന്ന് ഗ്ലോറിയയുടെ അങ്കിള്‍ ജോര്‍ജും വീട്ടില്‍ ഉണ്ടായിരുന്നു.പൂച്ചയെ എവിടെ എങ്കിലും കൊണ്ട് പോയി കളയണം എന്ന് അമ്മ നിര്‍ബന്ധം പിടിച്ചു.അപ്പോഴാണ് സ്റെല്ല വീട്ടില്‍ വന്നത്.
"എന്നിട്ട് "? വൃദ്ധന്‍ ചോദിച്ചു.
സ്റെല്ലയും ജോര്‍ജ് അങ്കിളും കൂടി ആ കുഞ്ഞു പൂച്ചയെ തള്ള പൂച്ച കാണാതെ ചാക്കില്‍ കൊണ്ട് പോയി.ഞാന്‍ അന്ന് മുഴുവന്‍ കരഞ്ഞു.ഞങ്ങളുടെ വീട്ടില്‍ നിന്ന് കുറച്ചു മാറി ,അങ്കിളിനു ഒരു വലിയ റബ്ബര്‍ തോട്ടമുണ്ട്.അവിടെയാണ് ആ പൂച്ചയെ കൊണ്ട് പോയി കളഞ്ഞത്.അവിടെ നിന്ന് അത് തനിയെ തിരിച്ചു വരില്ല എന്ന് ഉറപ്പ് വരുത്താനായിട്ടാണ് അത്ര ദൂരെ കൊണ്ട് പോയത്..തള്ളപൂച്ച,കുഞ്ഞു പൂച്ചയെ തിരഞ്ഞു കരഞ്ഞു കൊണ്ട് വീടും പരിസരവും തിരഞ്ഞു നടന്നു കുറെ ദിവസം.ഒടുവില്‍ അതും എങ്ങോട്ടോ കാട് കേറി പോയി."
"പക്ഷെ ഈ മണി..??"
പൂച്ചയെ കളഞ്ഞതിന് ശേഷം പിറ്റേന്ന് സ്റെല്ല എന്നെ കാണാന്‍ വന്നു.കുഞ്ഞു പൂച്ചയുടെ കഴുത്തില്‍ കെട്ടിയ മണി അവള്‍ എനിക്ക് തിരിച്ചു തന്നു.എന്നിട്ട് പറഞ്ഞു.
" പൂച്ച വരുന്നതു അറിയാനാ പൂച്ചക്ക് മണി കെട്ടുന്നത്.അങ്ങനെ ചെറിയ കോഴി കുഞ്ഞുങ്ങള്ക്ക് ഓക്കെ രക്ഷപെടാമല്ലോ...അത് കൊണ്ട് നീ ഇത് ഒരിക്കലും കളയരുത്.."
അവളുടെത് വല്ലാത്ത ഒരു മുഖഭാവം ആയിരുന്നു അത് പറയുമ്പോള്‍.അതിന്റെ പിറ്റേന്ന് അവള്‍ ആത്മഹത്യ ചെയ്തു.അതിന്റെ കാരണം ആര്‍ക്കും അറിയില്ല.
"ഞാന്‍ ആ മണി ഭദ്രമായി സൂക്ഷിച്ചു.എന്റെ പെട്ടിയില്‍ ഞാന്‍ പോകുന്നിടത്ത് എല്ലാം അത് കൊണ്ട് പോകും. ആ പൂച്ചകളുടെയും സ്റെല്ലയുടെയും ഓർമ്മകൾ പോലെ..പക്ഷെ ഹോസ്റ്റലില്‍ റൂം മാറിയതിനു ശേഷം അത് എന്റെ കയ്യില്‍ നിന്ന് നഷ്ടമായി.എങ്ങനെ അത് പോയി എന്ന് ഒരു അറിവുമില്ല."
"അവള്ക്ക് ഒരു പ്രേമബന്ധം ഉണ്ടായിരുന്നു .അന്ന് പൂച്ചയെ കൊണ്ട് കളയാന്‍ പൊയി വന്നതിനു ശേഷമാണ് അവള്‍ക്ക് മാറ്റം ഉണ്ടായത് എന്ന് എനിക്ക് തോന്നുന്നു.പക്ഷെ അന്ന് തിരികെ വന്നു പറഞ്ഞ വാചകത്തിന്റെ അര്‍ത്ഥം എനിക്ക് അറിയില്ല.അവള്‍ മരിക്കുന്നതിനു മുന്പ് എന്നോടാണ് ഒടുവില്‍ സംസാരിച്ചത്.അത് കൊണ്ട് തന്നെ ഈ മണിയുടെ കാര്യം വേറെ ആരോടും ഞാന്‍ പറഞ്ഞില്ല.എനിക്ക് പേടിയായിരുന്നു.പക്ഷെ ഇപ്പോള്‍ ഒരു കാര്യം മനസിലാകുന്നു എന്റെ തലവേദനയുടെ കാരണം ആ മണി തന്നെയാവണം."
"ഒരു കാര്യം ചെയ്യു...ഒരിക്കല്‍ കൂടി അത് തിരയു..."വൃദ്ധന്‍ പറഞ്ഞു.
ഗ്ലോറിയക്ക് വല്ലാത്ത ആശ്വാസം തോന്നി.അന്ന് തിരികെ എത്തിയപ്പോള്‍ അവള്‍ ഹോസ്റല്‍ മുഴുവന്‍ തിരഞ്ഞു..ഒടുവില്‍ പഴയ മുറിയില്‍ കട്ടിലിന്റെ ക്രാസിയുടെ ചുവട്ടില്‍ കിടന്നു അവള്ക്ക് അത് തിരികെ ലഭിച്ചു.
അതെ നിമിഷം ഫോണ്‍ ബെല്ലടിച്ചു.അത് മെല്‍വിന്‍ ആയിരുന്നു.
"ഗ്ലോറിയ,എനിക്ക് ഇപ്പോള്‍ രണ്ടില്‍ ഒന്ന് അറിയണം.എന്റെ കൂടെ ട്രിപ്പിനു പോകാന്‍ നീ തയ്യാറാണോ അല്ലയോ..."അവന്‍ നല്ല ചൂടിലായിരുന്നു.
"ട്രിപ്പിനു വന്നില്ലെങ്കില്‍ മെല്‍വിന്‍ ഞാനുമായുള്ള ബന്ധം ഉപേക്ഷിക്കുമോ ?"അവള്‍ വെട്ടി തുറന്നു ചോദിച്ചു.
"നിനക്ക് അനുസരണ ഇല്ലെങ്കില്‍...നീയുമായുള്ള ബന്ധം വേണ്ടെന്നു ഞാന്‍ പപ്പയോടു പറയും.."അവന്റെ സ്വരത്തില്‍ ഭീഷണി കലര്‍ന്നു.
"എനിക്ക് സൗകര്യമില്ല.നിന്റെ കൂടെ കറങ്ങാന്‍ വരാന്‍.പോയി പണി നോക്ക്.നിന്റെ പപ്പയോടു വേറെ പെണ്ണ് അന്വേഷിച്ചോളാന്‍ പറ."അവള്‍ അത് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.
ആ ചെറിയ പൂച്ചമണി അവള്‍ ഉളളം കയ്യില്‍ വച്ചു.പിന്നെ അതിനു ഉമ്മ വച്ചു.പിന്നീടു അത് ഭദ്രമായി തന്റെ പെട്ടിയില്‍ വച്ചു.
പിന്നെ ഒരിക്കലും അവള്ക്ക് ആ തലവേദന ഉണ്ടായില്ല.ഒടുവില്‍ പഠനം പൂര്ത്തിയാക്കി ,ഹോസ്റ്റല്‍ വിട്ടു തിരികെ പോകുന്ന വഴി പപ്പയോടൊപ്പം കാറില്‍ അവള്‍ ഉറങ്ങുന്ന മാതാവിന്റെ കപ്പേളയില്‍ എത്തി.മാതാവിന് നന്ദി പറഞ്ഞതിന് ശേഷം അവള്‍ ,ആ സിദ്ധവൈദ്യന്മാരുടെ കെട്ടിടത്തില്‍ ചെന്നു.
അവിടെ അങ്ങനെ ഒരു ബോര്‍ഡ് ഉണ്ടായിരുന്നില്ല.ആ മുറി അടച്ചു പൂട്ടിയിരുന്നു.
അവള്‍ തിരയുന്നത് കണ്ടപ്പോള്‍ എന്നും വരുമ്പോള്‍ കാണാറുള്ള ആ വൃദ്ധ കന്യാസ്ത്രീ കാര്യം അന്വേഷിച്ചു.
"സിദ്ധ വൈദ്യന്മാരോ..ആ കെട്ടിടം പള്ളി വകയാണ്.അതില്‍ നിന്ന് വാടകക്കാര്‍ ഒഴിഞ്ഞു പോയിട്ട് ഒരു വര്‍ഷമായി.ഇത്രയും ഉള്ളില്‍ ആരാ കുട്ടി കട നടത്താന്‍ വരിക.?"
അവള്‍ കാറില്‍ കയറി ബ്രീഫ്കെസ് തുറന്നു അവള്‍ക്ക് ഒരു കാര്യം ഉറപ്പു വരുത്തണമായിരുന്നു..സ്റെല്ല മരിക്കുന്നതിനു മുന്പ് നല്‍കിയ സ്വര്‍ണ്ണ നിറത്തില്‍ ഉള്ള ആ ചെറിയ മണി അതില്‍ ഉണ്ടായിരുന്നു.അതിനു അരികിലായി രണ്ടു മാലാഖമാരും.
പോക്കുവെയില്‍ മുങ്ങി കിടന്ന കമുകിന്തോപ്പുകള്ക്കിടയിലൂടെയുള്ള വഴിയിലൂടെ ഗ്ലോറിയയുടെ കാര്‍ അകലെ മറഞ്ഞു..തലവേദനകള്‍ ഇല്ലാത്ത ഒരു നാളെയിലേക്ക്.
(അവസാനിച്ചു)

By
Anish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot