നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉപ്പച്ചീടെ മാത്രം മോളു

ഉപ്പച്ചീടെ മാത്രം മോളു
എന്റെ ഏറ്റവും ഏറ്റവും ഏറ്റവും പ്രിയപ്പെട്ട ഉപ്പച്ചീ,
എനിക്ക് ഉപ്പച്ചീനെ കാണാൻ കൊതിയായിട്ടു വയ്യ.... ഉപ്പച്ചി എന്താ ഈ മോളൂനെ കാണാൻ വരാത്തേ? ഉപ്പച്ചി ശെരിക്കും എങ്ങോട്ടാ പോയേ? എന്താ മോളുനെ കൂടി കൊണ്ടോവാത്തെ...??? അന്നു പറഞ്ഞതു കേൾക്കാതെ വെള്ളത്തിൽ കളിച്ചതിന് ഉപ്പച്ചി മോളൂനോട് പെണക്കാണോ...?? ഇനി ന്റെ ഉപ്പച്ചി എന്തു പറഞ്ഞാലും മോളു അനുസരിച്ചോളാം... ഉപ്പച്ചി വരുവോ..??
പിന്നെണ്ടല്ലോ ഉപ്പച്ചീ.... ഉപ്പച്ചില്ലാത്ത ഈ വീട്ടിൽ മോളൂന് ഒരു രസോല്ല... ഉമ്മച്ചിപ്പൊ പഴയ പോലെ മോളൂന്റെ കൂട്ടത്തിൽ കളിക്കാനൊന്നും വെരൂല്ല..... ഉമ്മച്ചീടെ നുണക്കുഴി കാട്ടിള്ള ചിരി ചിരിച്ച് കളി പറയാനും വെരൂല്ല....
പിന്നെയ് ആരോടും പറീലെങ്കിൽ മോളു ഉപ്പച്ചീനോടൊരു കാര്യം പറയട്ടെ...?ഉമ്മച്ചിണ്ടല്ലോ രാത്രി എല്ലാരും കെടന്നൊറങ്ങിട്ട് നമ്മടെ കുഞ്ഞാവനെം കെട്ടിപ്പിടിച്ച് തേങ്ങി തേങ്ങി കരയ്ണത് ഈ മോളു എന്നും കാണാറുണ്ട്....
അതു കാണുമ്പോ മോളൂനും കരച്ചില് വരും..... മോളു കരയ്ണത് കണ്ടാ ഉമ്മച്ചിക്ക് പിന്നെം സങ്കടാവൂലെ...??അതോണ്ട് മോളു ഈ കുഞ്ഞുവായ പൊതപ്പോണ്ട് പൊത്തിപ്പിടിക്കും.
ഉപ്പച്ചീ....... ഉമ്മച്ചി എന്തിനാ കരയ്ണത് ......?? ഉപ്പച്ചീനെ കാണാൻ കൊതിയായിട്ടാണോ ...?? നമ്മുടെ ഉമ്മച്ചി പാവല്ലെ....? ഉപ്പച്ചി ഇങ്ങോട്ടു
വന്നു ഉമ്മച്ചീനെ ഒന്നു ചിരിപ്പിക്ക്വോ..??
ഉപ്പച്ചീ.... ഉപ്പച്ചീടെ ബൈക്ക് കാണുമ്പോ... ഇപ്പഴും മോളൂന് വെഷമാവും... അതാകെ പൊട്ടി കേടായിപ്പോയിനി.... അപ്പറത്തെ സുബേറാക്ക അതൊക്കെ നന്നാക്കിക്കൊണ്ടന്നു..... ഞാനും ഉപ്പപ്പിം അത് ഉപ്പച്ചി കഴുകി വെക്കണപോലെ തന്നെ വെച്ചിട്ടുണ്ട്... പിന്നെയ്.... അതില് ചോര ണ്ടായിര്ന്നു ട്ടൊ ഉപ്പച്ചീ.... ഉപ്പച്ചീടെ ചോരയാണോ അത്...???അത് കണ്ടപ്പോ ഉപ്പപ്പെം ഉമ്മമ്മെം ഒക്കെ കരയ്ണ്ടാരുന്നു... ഉപ്പാപ്പ മാരൊക്കെ കരയോ ഉപ്പച്ചീ...??? അതു കണ്ടു മോളും കരഞ്ഞു പോയി...
പിന്നൊരു കാര്യണ്ട് ട്ടൊ.... ആപ്പാപ്പാനോടും മൂത്താപ്പാനോടും ഒക്കെ ഈ മോളു പെണങ്ങിയിരിക്കാ.... എന്താന്നറിയോ ...?? അവരെന്തിനാ ന്റെ ഉപ്പച്ചീന്റെ കുപ്പായൊക്കെ ഊരി വെള്ളത്തുണീല് പൊതിഞ്ഞെ.....??? അതു മാത്രല്ല..... 'ന്റെ ഉപ്പച്ചീനെ കൊണ്ടോവല്ലെന്ന് ഈ മോളു കരഞ്ഞു പറഞ്ഞില്ലേ...??? എന്നിട്ടും കേക്കാതെ ഉപ്പച്ചീനെ കൊണ്ടോയി ആരും ഇല്ലാത്ത പള്ളിക്കാട്ടിലാക്കി പോന്നിലേ...???' ന്റെ ഉപ്പച്ചിക്ക് അവടെ പേടിയാവും' ന്ന് മോളു പറഞ്ഞപ്പം മുഖം പൊത്തി മിണ്ടാതിരുന്നിലേ...???
ഇന്നലെ ഉപ്പപ്പ പറയാ....' ഉപ്പച്ചി ഇപ്പൊ സ്വർഗത്തിലെത്തീട്ടുണ്ടാവുംന്ന്.....' ആണോ ഉപ്പച്ചീ..?? അവിടെ വല്യ കൊട്ടാരം ണ്ടാക്കാൻ പോയതാണ് ഉപ്പച്ചീന്നും പണി കഴിഞ്ഞാ നമ്മളെ കൂടി അങ്ങട്ട് കൊണ്ടോവും ന്നും പറഞ്ഞു ...... നേരാണോ....??? ന്നാ വേഗം കൊട്ടാരം ണ്ടാക്ക് ട്ടൊ ഉപ്പച്ചീ.... ഞങ്ങള് കാത്തിരിക്കാം ട്ടൊ
എന്ന് ,
ഒത്തിരിയൊത്തിരി സ്നേഹത്തോടെ
ഉപ്പച്ചീടെ മാത്രം മോളു
മാജിദ നൗഷാദ്

2 comments:

  1. നിഷ്കളങ്കമായ ഒരു കുഞ്ഞെഴുത്ത്!

    ReplyDelete
  2. വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot