നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മല്ലിക (ചെറുകഥ)


മല്ലിക (ചെറുകഥ)
*********
ഒരു ഞായറാഴ്ച ദിവസമാണ് ഞാനവളെ ആദ്യമായി കാണുന്നത്.ചേച്ചീ എന്നുള്ള വിളി കേട്ടാണ് ഞാന്‍ ഉമ്മറത്തേക്ക് ചെന്നത്.മുഷിഞ്ഞുനാറിയ വേഷവും ജടപിടിച്ചു പാറിപ്പറന്ന ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി.ഏകദേശം ഇരുപതിനടുത്തു പ്രായം വരും.കീറിത്തൂങ്ങിയ പാവാടയും ഒരു നരച്ച ഷര്‍ട്ടും ആയിരുന്നു വേഷം..മാനസിക നില തകരാറിലാണെന്ന് ഒറ്റ നോട്ടത്തില്‍ മനസിലാകുന്ന അംഗചലനങ്ങള്‍.ഒരു സങ്കോചവും കൂടാതെ അവള്‍ മുറ്റത്തേക്കിറങ്ങുന്ന പടികളില്‍ ഇരുന്നു."എനിക്ക് പസിക്കത്.സാപ്പാട് എതാവത് കൊടുങ്കോ ചേച്ചി.."തലചൊറിഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു.ഒരു പാത്രത്തില്‍ കാലത്തുണ്ടാക്കിയ ഇഡ്ഡലിയും കറിയും ഒരു ഗ്ലാസില്‍ വെള്ളവും എടുത്തു ഞാന്‍ ഉമ്മറത്തേക്ക് ചെന്നു.എന്‍റെ കയ്യില്‍ നിന്നും പാത്രം വാങ്ങി ആര്‍ത്തിയോടെ അവളത് കഴിച്ചു. കറുപ്പെങ്കിലും അഴക്‌ നിറഞ്ഞ മുഖം.വിടര്‍ന്ന കണ്ണുകള്‍. കഴിക്കുന്നതിന്‍റെ വേഗത കൂടിയതിനാലാവാം ഇടയ്ക് അവള്‍ ചുമച്ചത്.ഞാന്‍ നീട്ടിയ വെള്ളം വാങ്ങികുടിച്ചു ഗ്ലാസില്‍ ബാക്കി ഉണ്ടായിരുന്ന വെള്ളത്തില്‍ കയ്യും കഴുകി തിടുക്കത്തില്‍ അവള്‍ നടന്നു.എന്താ നിന്‍റെ പേര് എന്നുള്ള എന്‍റെ ചോദ്യം കേട്ട് തലതിരിച്ചു "മല്ലിക" എന്ന് പറയുന്നതിനൊപ്പം പാവാടത്തുമ്പുയര്‍ത്തി മുഖം തുടച്ചു.മുറ്റത്തേക്ക് ചാഞ്ഞു നിന്ന പേരക്കൊമ്പിലെ പൊട്ടുപേരക്ക കയ്യെത്തി പറിച്ചു അത് കടിച്ചുകൊണ്ടവള്‍ ഓടിപ്പോയി.
പാത്രവുമായി അടുക്കളയിലേക്ക് നടക്കുമ്പോള്‍ ടിവി കണ്ടുകൊണ്ടിരുന്ന ബാലേട്ടന്‍ ചെറുതായി ശാസിച്ചു"ജാനകി..ആരാ ഏതാ എന്നൊന്നുമറിയാതെ നിന്‍റെ സഹജീവി സ്നേഹം കുറച്ചു കൂടുന്നുണ്ട് കേട്ടോ.."എട്ടുവര്‍ഷമായി ബാലേട്ടന്റെ കൈപിടിച്ച് ഈ പടിചവിട്ടിയിട്ട്..ഒരു കുഞ്ഞിക്കാല്‍ കാണാന്‍ പറ്റാത്ത സങ്കടം ഇങ്ങനെ സഹജീവിസ്നേഹത്തില്‍ അങ്ങ് അലിയിച്ചു കളയും.ചെയ്യാത്ത ചികിത്സകളില്ല.നേരാന്‍ ഇനി നേർചകളുമില്ല.ബന്ധുക്കളുടെയും പരിചയക്കാരുടെയും സഹതാപവും പരിഹാസവും കണ്ടും കേട്ടും മനസുമടുത്തു.ചുമ്മാതെയെങ്കിലും ഒന്ന് കുത്തിനോവിക്കുന്നത് പലര്‍ക്കും ഒരു രസമാണ്.അതുകൊണ്ട് തന്നെ വീട് വിട്ട് പുറത്തേക്കു പോലും ഇറങ്ങാറില്ല.അത്യാവശ്യങ്ങള്‍ക്കല്ലാതെ.
സ്കൂള്‍ വിട്ടു കുട്ടികള്‍ കൂട്ടമായി ഓടിപ്പോകുമ്പോള്‍ വെറുതെ ഉമ്മറത്ത്‌ ചെന്ന് നോക്കി നില്‍ക്കും.ചിലപ്പോള്‍ ചില കുട്ടികള്‍ മുറ്റത്തെ പേരയിലേക്കും,ചാമ്പയിലേക്കും കൊതിയോടെ നോക്കും.സ്നേഹത്തോടെ ഞാന്‍ അതൊക്കെ അവര്‍ക്ക് പറിച്ചു കൊടുക്കുമായിരുന്നു.ഓമനത്തമുള്ള പിഞ്ചുമുഖങ്ങള്‍ കണ്ടാല്‍ അറിയാതെ നെഞ്ചുപിടഞ്ഞു പോകുമായിരുന്നു.
മല്ലിക പിന്നീട് മിക്ക ദിവസങ്ങളിലും വീട്ടില്‍ വന്നു.ചെറിയ കുട്ടികളെപ്പോലെയുള്ള അവളുടെ പെരുമാറ്റം എനിക്ക് വളരെ ഇഷ്ടമായിരുന്നു.തമിഴ് കലര്‍ന്ന മലയാളത്തില്‍ വളരെ കുറച്ചു മാത്രം അവള്‍ സംസാരിച്ചു.ചിലപ്പോഴൊക്കെ ഭക്ഷണം കഴിച്ചു.ചിലപ്പോള്‍ വെറുതെ വന്നു പോയി.പഴയ വസ്ത്രങ്ങളോ ഇടയ്ക്കു പൈസയോ ഒക്കെ ഞാന്‍ അവള്‍ക്കു നല്‍കുമായിരുന്നു.പലപ്പോഴുള്ള സംസാരത്തില്‍ നിന്നും അവള്‍ക്കു മാതാപിതാക്കള്‍ ഇല്ലെന്നും മാമനൊപ്പം നാടോടികളുടെ കൂടെയാണ് താമസം എന്നും ഞാന്‍ മനസിലാക്കി.ദിവസങ്ങള്‍ പോകെ പോകെ അവള്‍ എനിക്ക് പ്രിയപ്പെട്ടവള്‍ ആയിത്തീര്‍ന്നു. അവളോടുള്ള എന്‍റെ അടുപ്പം ബാലേട്ടനും തടഞ്ഞില്ല.എന്നെ വിഷമിപ്പിക്കുന്നതൊന്നും ബാലേട്ടന്‍ ചെയ്യാറില്ല.മനസിന്‌ എന്താണോ ആശ്വാസം അതായിക്കോട്ടെ എന്നൊരു ഭാവം ആണ് മൂപ്പര്‍ക്ക്.രണ്ടു മൂന്നു ദിവസത്തിലധികം അവളെ കാണാതായാല്‍ വഴികണ്ണുമായി കാത്തിരിക്കാന്‍ തുടങ്ങി ഞാന്‍..
അങ്ങനെയിരിക്കെ എന്‍റെ അമ്മക്ക് സുഖമില്ല എന്ന് അറിയിച്ചതിനെ തുടര്‍ന്നു രണ്ടാഴ്ച എനിക്ക് എന്‍റെ വീട്ടില്‍ പോകേണ്ടതായി വന്നു. അമ്മയെ ശിശ്രൂഷിക്കുന്നതിനിടയില്‍ മല്ലിക മനസ്സില്‍ വന്നതേയില്ല എന്നതാണ് സത്യം.ബാലേട്ടന്‍ വിളിച്ചപ്പോള്‍" ഒന്നുരണ്ടു വട്ടം അവള്‍ വന്നിരുന്നു നിന്നെ കാണാഞാവാം ഒന്നും മിണ്ടാതെ ഓടിപ്പോയി"എന്ന് മാത്രം പറഞ്ഞു.ഞാന്‍ തിരികെ വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അവളെ കണ്ടതേയില്ല.ഒരുദിവസം രാവിലെ വാതില്‍ തുറന്ന ബാലേട്ടന്റെ പതറിയുള്ള വിളികേട്ട്ഞാന്‍ ഓടിച്ചെന്നു.ഉമ്മറത്തിണ്ണയില്‍ തണുത്തുവിറച്ചു ചുരുണ്ടുകൂടി മല്ലിക! പനിച്ചുവിറയ്ക്കുന്ന അവളെ ഞാന്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു.ഞങ്ങള്‍ അവളെ ആശുപത്രിയില്‍ എത്തിച്ചു.
കൈത്തണ്ടയില്‍ കുത്തിയ സൂചിമുനയിലൂടെ മരുന്നുകള്‍ ശരീരത്തിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വര്‍ധിച്ച ക്ഷീണത്തില്‍ അവള്‍ മയക്കത്തിലായിരുന്നു.പ്രാഥമികപരിശോധനകളുടെ റിസള്‍ട്ട് കിട്ടിയഉടനെ ഡോക്ടര്‍ ഞങ്ങളെ വിളിപ്പിച്ചു.ഞെട്ടിക്കുന്ന ഒരു വിവരമാണ് ഞങ്ങള്‍ അറിഞ്ഞത്.മല്ലിക ഗര്‍ഭിണിയാണ് !ഈശ്വരാ..കൊച്ചുകുട്ടിയുടെ മാനസികനില മാത്രമുള്ള ആ പാവത്തോട് ആരാവും ഈ ചതി ചെയ്തത് എന്നറിയാതെ ഉള്ള അമ്പരപ്പില്‍ ആയിരുന്നു ഞങ്ങള്‍.കുടുംബസുഹൃത്ത് കൂടിയായ ഡോക്ടര്‍ ആവശ്യമില്ലാത്ത തലവേദന ഉടനെ ഒഴിവാക്കണം എന്ന് ഉപദേശിക്കുമ്പോഴും മനസ് പെരുമ്പറ കൊട്ടുകയായിരുന്നു.അമ്മയാകാന്‍ കഴിയാത്ത എന്‍റെ ഗര്‍ഭപാത്രം മല്ലികയുടെ ഉദരത്തിലെ കുഞ്ഞുപ്രാണനെ ഓര്‍ത്തപ്പോള്‍ വിറച്ചു പോയി..
മയക്കം വിട്ടുണര്‍ന്ന അവള്‍ വല്ലാത്ത പരിഭ്രാന്തിയില്‍ ആയിരുന്നു.ആശുപത്രിയും അവിടെയുള്ളവരും അവളെ വല്ലാതെ ഭയപ്പെടുത്തി.എന്നെ കണ്ടതും വലിയോരാശ്വാസത്തില്‍ എന്നിലേക്കവള്‍ ചേര്‍ന്നിരുന്നു.മരുന്നും ട്രിപ്പും ഒക്കെ കഴിഞ്ഞു ബാലേട്ടന്‍ വാങ്ങിവന്ന ഭക്ഷണം അവള്‍ക്കു നല്‍കുമ്പോള്‍ ആരാണ് അവളെ ഉപദ്രവിച്ചത് എന്നറിയാന്‍ ശ്രമിച്ചു.പൊക്കമുള്ള ആള്‍ വെളുത്ത ആള്‍ എന്നിങ്ങനെ കുറെ അടയാളങ്ങള്‍ അല്ലാതെ കൃത്യമായി പറയാന്‍ അവള്‍ക്കായില്ല.നിരാശയോടെ അവളുടെ മുടിയില്‍ തഴുകിയപ്പോള്‍.കണ്ണില്‍ തിളക്കത്തോടെ അവള്‍ പറഞ്ഞു"ചേച്ചി..അന്ത ആളെനിക്ക് പത്തു രൂപ തന്നു".വെള്ളിടി വെട്ടിയത് പോലെയാണ് ഞാനാ വാക്കുകള്‍ കേട്ടത്. വെറും പത്തു രൂപയ്ക്കു പെണ്ണിന്‍റെ മാനത്തിന് വിലയിട്ടു ആണത്തം തെളിയിച്ചു ഏതോ പകല്‍മാന്യന്‍.എന്‍റെ കണ്ണില്‍ നിന്നടര്‍ന്നു വീണ കണ്ണീര്‍മണികള്‍ മാത്രമായിരുന്നു അവള്‍ക്കുള്ള മറുപടി.ആശുപത്രിയില്‍ നിന്നും മനസില്ലാമനസോടെ അവളെ മാമന്‍റെ അടുത്തെത്തിച്ചു.മദ്യലഹരിയില്‍ ആയിരുന്ന അയാള്‍ അവളെ ശ്രദ്ദിച്ചതുപോലും ഇല്ല.
വീട്ടിലെത്തിയിട്ടും മനസ്സില്‍ നിറയെ മല്ലിക ആയിരുന്നു.മിക്ക ദിവസങ്ങളിലും അവള്‍ വീട്ടില്‍വന്നു.വന്നപ്പോഴൊക്കെ നല്ല ഭക്ഷണം നല്‍കി.അവള്‍ക്കു മനസിലാകുന്ന പോലെ അവളുടെ വയറ്റിലെ കുഞ്ഞുജീവനെ പറ്റി പറഞ്ഞു നല്‍കി.ശ്രദ്ദിക്കണം എന്ന് സ്നേഹപൂര്‍വ്വം പറഞ്ഞു മനസിലാക്കി.നാള്‍ക്കുനാള്‍ അവളുടെ അടിവയര്‍ വലുതായപ്പോള്‍,ഉണ്ണി അനങ്ങിത്തുടങ്ങിയപ്പോള്‍ എന്നിലെ അമ്മമനം ആണ് നിറഞ്ഞത്‌.അവളിലൂടെ ഞാന്‍ അമ്മയായതു പോലെ.നാളുകള്‍ ആഴ്ചകള്‍ മാസങ്ങള്‍ എല്ലാം വളരെ വേഗം കടന്നു പോയി..ഏകദേശം അവളുടെ പ്രസവം അടുക്കാറായി.പെട്ടന്നോരുനാള്‍ അവള്‍ വരാതെയായി.
ദിവസങ്ങള്‍ നോക്കിയിരുന്ന് ഒരാഴ്ച കടന്നുപോയി.അവള്‍ പ്രസവിച്ചു കാണുമോ?എങ്കില്‍ എവിടെ?കുഞ്ഞു?അങ്ങനെ നൂറു ചോദ്യങ്ങള്‍ തിങ്ങിനിറഞ്ഞ ആധിയില്‍ ഞാനും ബാലേട്ടനും നാടോടികള്‍ താമസിക്കുന്നിടത്ത് എത്തി.മല്ലികയെ പറ്റി ചോദിച്ചപ്പോള്‍.അവള്‍ പ്രസവിച്ചു എന്ന് മാത്രം അറിയാന്‍ കഴിഞ്ഞു .അവളെവിടെ എന്ന ചോദ്യത്തിന് വ്യക്തമായി ആര്‍ക്കും മറുപടി ഇല്ലായിരുന്നു.മനസ്സ് വല്ലാതെ പിടയുകയായിരുന്നു .മനോനിലതെറ്റിയ കുട്ടി..ചോരക്കുഞ്ഞുമായി ..എവിടെയാവും.ബാലേട്ടന്‍ ഏറെ ആശ്വസിപ്പിച്ചു എങ്കിലും മനസ് തൃപ്തമായില്ല.ഓരോ കാല്‍പ്പെരുമാറ്റവും അവള്‍ ആവും എന്ന ധാരണയില്‍ ഞാന്‍ കാത്തിരുന്നു
ഏകദേശം ഒരാഴ്ച കഴിഞ്ഞ് ഒരുദിവസം, രാവിലെ മുതല്‍ തിമിര്‍ത്തു പെയ്ത മഴ തെല്ലൊന്നടങ്ങിയ നേരം നനഞ്ഞൊലിച്ചു അവള്‍...! മല്ലിക..ഒരു തുണിക്കെട്ട് മാറോടടുക്കി പിടിച്ചിരുന്നു.ഞെട്ടിപ്പിടഞ്ഞ ഞാന്‍ അവളില്‍ നിന്നും ആ തുണിക്കെട്ട് പിടിച്ചു വാങ്ങി.എന്നില്‍ നിന്നുയര്‍ന്നത്‌ കരച്ചിലല്ല ഒരലര്‍ച്ച ആയിരുന്നു.പുക്കിള്‍ക്കൊടി പഴുത്ത നിലയില്‍ മൃതപ്രായയായ പെണ്‍കുഞ്ഞ്!ഒരുനേരിയ ശ്വാസം മാത്രം..കുഞ്ഞിനെ വാരിയെടുത്തുള്ള എന്‍റെ നിലവിളി കേട്ട് റോഡിലൂടെ പോയ ഒന്നുരണ്ടുപേര്‍ ഓടിവന്നു.. പിന്നീടതൊരു ആള്‍കൂട്ടമായി പെട്ടന്ന് അവരിലൊരാള്‍ ഒരു വണ്ടിനിര്‍ത്തിച്ചു.കുഞ്ഞിനെ വാരിപ്പിടിച്ച്‌ ഞാന്‍ വണ്ടിയിലിരിക്കുമ്പോള്‍.മുറ്റത്ത്‌ ആള്‍ക്കൂട്ടത്തിന് പിന്നിലായി അവള്‍ ഉണ്ടായിരുന്നു.വലിയോരാശ്വാസം നിഴലിട്ട മുഖവുമായി.
ഒരുമാസത്തെ ആശുപത്രിവാസത്തിനു ശേഷം കുഞ്ഞു പൂര്‍ണ്ണആരോഗ്യവതിയായി . അന്ന് കുഞ്ഞിനെ വാരിയെടുത്ത് ഓടിയപ്പോള്‍ അവസാനനോട്ടം കണ്ടതാണ് മല്ലികയെ.പിന്നീട് ഒരുപാട് അന്വേഷിചെങ്കിലും അവളെ പറ്റി ഒരു വിവരവും കിട്ടിയില്ല.അമ്മയാകാന്‍ കഴിയാത്ത എന്‍റെ നെഞ്ചിലെ മാതൃത്വത്തിന്റെ ചൂടേറ്റു അവള്‍ വളര്‍ന്നു.
മാളു..ഇന്നവള്‍ക്ക്‌ രണ്ടു വയസ്സായി..അവളുടെ കളിചിരികളില്‍ മനപ്പൂര്‍വം മല്ലികയെ ഞങ്ങള്‍ മറന്നു.എവിടെ നിന്നോ വന്നവള്‍ എന്നിലെ അമ്മയെ പൂര്‍ണമാക്കി എങ്ങോട്ടോ മറഞ്ഞവള്‍.ഹൃദയത്തിന്‍റെ ഉള്ളറകളില്‍ എന്നും അവള്‍ക്കായി പ്രാര്‍ത്ഥനകള്‍.

By
Remya Rathish

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot