നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രവാസം


,,ഇതെന്ത് കറിയാണ് മോളേ,, ഉമ്മയുടെ ചോദ്യത്തിനൊപ്പം എല്ലാവരുടെയും മുഖങ്ങളിൽ ചിരി പടർന്നു. ആ ചിരി ഞാൻ പോലും അറിയാതെ എന്റെ മുഖത്തും വന്നു.. നീ അന്ന് ആദ്യമായി ഉണ്ടാക്കിയ മീൻ കറി രാത്രി എല്ലാവരും ഒരിമിച്ചിരുന്ന് കഴിക്കുമ്പോൾ ആയിരുന്നു ഉമ്മയുടെ ആ ചോദ്യം. അന്ന് നിന്റെ മുഖം വിവർണ്ണമാകുന്നത് .ഞാൻ വേദനയോടെ കണ്ടു.. അന്ന് തന്നെയായിരുന്നല്ലോ നീ ആദ്യമായി എന്നോട് പിണങ്ങിയതും.. നിങ്ങളും കൂടി ചിരിച്ചില്ലേ എന്ന് പറഞ്ഞ്.. അന്ന് ആദ്യമായി വലിയ ബെഡ്ഡിൽ എന്നെ തനിച്ചാക്കി തറയിലാണല്ലോ നീ കിടന്നത്. ഒരു തുണ്ടു ഭൂമിക്ക് വേണ്ടി മനുഷ്യൻ നേട്ടോട്ടമോടുന്ന കാലത്ത് നിന്റ ഉള്ള സ്ഥലം എനിക്ക് വിട്ട് തന്ന നിന്റെ ത്യാഗം..
അതൊരു തുടക്കമായിരുന്നു.. പിന്നീട് തൊട്ടതിനും പിടിച്ചതിനുമൊക്കെ പിണക്കം.. ഒരു വലിയ കൂട്ടുകുടുംബത്തിൽ നീ അടക്കം കെട്ടിക്കൊണ്ട് വന്ന മൂന്ന് മരുമക്കൾ.. വലിയ പാട് തന്നെ.. പ്രശ്നങ്ങൾ ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല.. അതിൽ നിന്ന് ഒരു മോചനത്തിന് വേണ്ടിയാണ് ഞാൻ പ്രവാസിയായത്.സ്വന്തമായി ഒരു കൊച്ചു വീട്..
നീ പ്രസവിക്കുമ്പോൾ ഞാൻ അടുത്ത് വേണമെന്ന നിന്റെ മോഹം പോലും സാധിച്ചു തരാതെ എനിക്ക് പോരേണ്ടി വന്നു..എന്നിരുന്നാലും നിന്നെ ലേബർ റൂമിൽ കയറ്റിയ നിമിഷം മുതൽ പ്രസവവേദനയോളം തീക്ഷ്ണമായ നീറ്റലിലായിരുന്നു ഞാനും. മരണതുല്യമായ വേദന സഹിച്ച് നീ ഒരു മകനെ തന്നപ്പോൾ അവനെ കൈകളിലേക്ക് എറ്റു വാങ്ങാനും കഴിയാതെ പോയതായിരുന്നു പ്രവാസത്തിന്റെ വലിയ നഷ്ടങ്ങളിൽ ഒന്ന്.. അവൻ മോണകാട്ടി ചിരിക്കാനും കമഴ്ന്ന് കിടക്കാനും ഇരിക്കാനും നടക്കാനും തുടങ്ങുമ്പോഴൊന്നും ഞാൻ അരികിൽ ഇല്ലാതെ പോയല്ലോ.. ജീവിതത്തിലെ എത്ര സുന്ദരമായ നിമിഷങ്ങളാണ് നീ കവർന്നെടുത്തത് പ്രവാസമേ.. പിന്നെ അലക്കാൻ മടിച്ചിട്ട് ഒരാഴ്ചയോളം ഒരു മൂലയിൽ കൂട്ടിയിട്ട ഡ്രസ്സ് അവസാനം വേറെ ഇടാൻ ഇല്ലാത്തതിന്റെ പേരിൽ മനസ്സില്ലാ മനസ്സോടെ അലക്കുമ്പോൾ, രാത്രി ജോലി കഴിഞ്ഞ് വന്ന് ക്ഷീണം വകവെക്കാതെ കഴിക്കാനുള്ള ഭക്ഷണം സ്വന്തമായി ഉണ്ടാക്കുമ്പോൾ, അലാറം ചതിക്കുന്ന ദിവസങ്ങളിൽ ഉണരാൻ വൈകിയതിന്റെ കാരണം കൊണ്ട് നേരം വൈകുമ്പോൾ മുതലാളിയുടെ മുഖം കറുക്കുമ്പോൾ. എല്ലാം നിന്റെ മുഖം ഓർമ്മ വരും പെണ്ണെ.. നീ അലക്കി തരുന്നതും എന്നെ ഊട്ടുന്നതും രാവിലെ നടുക്കളയിലെ ജോലിക്കിടയിൽ വന്ന് നനവുള്ള കൈ കൊണ്ട് മുഖത്ത് അമർത്തി എന്നെ ഉണർത്തുന്നതും ... എല്ലാം....
നീണ്ട യുഗങ്ങൾ പോലെ തോന്നിച്ച രണ്ട് വർഷത്തെ പ്രവാസത്തിന് ശേഷവും നാട്ടിലേക്ക് മടങ്ങുമ്പോൾ വീട് എന്ന സ്വപ്നം പൂവണിഞ്ഞില്ലല്ലോ.. എന്നാലും നിന്നോടും മോനോടും ഒത്തുള്ള നിമിഷങ്ങൾ എത്ര സുന്ദരമായിരുന്നു..
കൂട്ടുകാരോടൊത്ത് സൊറ പറഞ്ഞിരുന്ന് നേരം വൈകി വന്നതിന്റെ പേരിലാണല്ലോ അന്ന് ഒരു ദിവസം എന്നോട് പിണങ്ങിയത്. ദേഷ്യപ്പെടുമ്പോൾ ചന്തമേറുന്ന നിന്റെ മുഖം കാണുവാൻ വീണ്ടും വീണ്ടും നിന്നെ ദേഷ്യപ്പെടുത്തിയത് ഇന്നും മനസ്സിലുണ്ട്. പക്ഷെ അന്ന് അത് കുറച്ച് പരിധി വിട്ടു. എന്നോട് പിണങ്ങി നീ വീട്ടിൽ പോയപ്പോഴാണ് ഞാൻ തീർത്തും ഒറ്റപ്പെട്ടത്. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. സത്യത്തിൽ എന്ത് പിണങ്ങിയാലും നി അടുത്തുണ്ടാവുക എന്നത് സുഖമുള്ള കാര്യം തന്നെ. ഒരു പോള കണ്ണടക്കാതെ നേരം വെളുപ്പിക്കുകയായിരുന്നു അന്ന്.രാവിലെ എണീറ്റ് നിന്നെ വിളിക്കാൻ വരാൻ ഒരുങ്ങുന്ന നേരത്ത് ആണല്ലോ നീ വണ്ടിയിൽ വന്നിറങ്ങിയത്. ചോദിച്ചപ്പോൾ എന്നെ പിരിഞ്ഞിരിക്കാൻ നിനക്കും കഴിയുന്നില്ല. നീയും ഇന്നലെ ഉറങ്ങിയിട്ടില്ല എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് മുത്തം തന്നത് ഇന്നും ഓർമ്മയിലുണ്ട്.
പിന്നെ മാസത്തിൽ ഒരാഴ്ചയോളം എന്റെ സ്നേഹവും കരുതലും കൂടുതൽ വേണ്ട സമയത്ത് നിന്നെ ഞാൻ വിരുന്നിന് പറഞ്ഞയച്ചതും എന്റെ മനസ്സിൽ നീറ്റലായി ഉണ്ട്. അന്ന് ഒരു സെവൻസ് ഫുട്ബാൾ സീസൺ ആയിരുന്നു. ഫ്ലഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ആർത്തുല്ലസിക്കുന്ന കാണികൾക്കൊപ്പം ഇഷ്ട ടീമിന് വേണ്ടി ആരവം മുഴക്കുമ്പോൾ നിന്റെ മനസ്സിൽ അലയടിക്കുന്ന വേദനയുടെ ആരവം ഞാൻ കേൾക്കാതെ പോയി പെണ്ണേ... കൂട്ടുകാരോടൊത്ത് കറങ്ങി നടക്കുമ്പോൾ അവരുടെ തമാശകൾ കേട്ട് ചിരിക്കുമ്പോൾ, സെക്കന്റ് ഷോക്ക് പോയി ഗ്ലിസറിൻ ഇട്ട് കരയുന്ന കഥാപാത്രങ്ങളുടെ കരച്ചിൽ കണ്ട് വിതുമ്പിയ ഞാൻ നിന്റെ മായമില്ലാത്ത നിന്റെ വിതുമ്പൽ കാണാതെ പോയി .. അമ്യത് പോലെ കിട്ടിയ നാലു മാസത്തെ ലീവ് വെറുതെ ചെറിയ പിണക്കങ്ങളുടെ പേരിൽ നഷ്ടപ്പെടുത്തിയത് ഇന്നും നീറ്റലാണ്.
സത്യത്തിൽ ഈ പ്രവാസം വല്ലാത്ത ഒരു കുരുക്ക് തന്നെ .. അഴിക്കുന്തോറും മുറുകുന്ന കുരുക്ക്.. ഒരിക്കൽ വന്ന് പെട്ടാൽ പിന്നെ പെട്ടെന്ന് ഒന്നും മോചിതനാകില്ല.. വല്ലാത്ത ഒരു കാന്തികാകർഷണം.
വീണ്ടും വീട് എന്ന സ്വപ്നത്തിന്റെ ഭാണ്ഡവും പേറി പ്രവാസത്തിലേക്ക് മടങ്ങി.. വിലപ്പെട്ട ആറ് വർഷങ്ങൾ കൂടി.. രണ്ട് വർഷം കൂടുമ്പോൾ നാലോ അഞ്ചോ മാസം വിരുന്നുകാരനായി നാട്ടിൽ..
കഴിഞ്ഞ ആഴ്ചയിൽ ഫോൺ വിളിച്ച പ്പോഴാണ് അവൾ ചോദിച്ചത്.. ഈ മാസത്തിന്റെ പ്രത്യേകത അറിയുമോ?.. എന്ന് ... സത്യത്തിൽ എനിക്ക് അന്ന് ഏതാ ദിവസം പോലും ഓർമ്മയില്ലായിരുന്നു. അല്ലെങ്കിലും യാന്ത്രികമായ ഈ ജീവിതത്തിൽ എന്ത് മാസം എന്ത് ദിവസം ... എല്ലാ ദിവസങ്ങളും ഒരു പോലെ... അടുത്ത ഇരുപതാം തിയ്യതി നമ്മുടെ വിവാഹ വാർഷികമാണ്. ഒമ്പതാമത്തെ വാർഷികം. നിങ്ങളുടെ പ്രവാസത്തിന്റെ എട്ടാമത്തെ വർഷവും.ഈ എട്ട് വർഷത്തിൽ നമുക്ക് ഒരുമിച്ച് ജീവിക്കാൻ എത്ര മാസങ്ങൾ കിട്ടി?.. അവളുടെ ചോദ്യമാണ് എന്റെ മനസ്സിനെ പിടിച്ച് കുലുക്കിയത്. സത്യമാണ് .. വിവാഹം കഴിഞ്ഞ് ഒമ്പത് വർഷത്തിൽ കഷ്ടി രണ്ടര വർഷത്തോളം.... ജീവിതത്തിന്റെ സുന്ദരമായ യൗവ്വനകാലഘട്ടത്തിലെ ആറേഴ് വർഷങ്ങൾ കൊഴിഞ്ഞു പോയിരിക്കുന്നു...
ഇല്ല.. ഇനി ഇത് തുടരാനാകില്ല... ബാക്കിയുള്ള ജീവിതമെങ്കിലും തിരിച്ച് പിടിക്കണം.. വീടിന്റെ പണി ഇപ്പോഴും പൂർണമായും കഴിഞ്ഞിട്ടില്ല.. ജീവിതകാലം മുഴുവൻ ഇവിടെ നിന്നാലും ചിലപ്പോൾ ഒരു സാധാരണ പ്രവാസിക്ക് അവന്റെ മറ്റ് ബാധ്യതകൾ ഒക്കെ കഴിഞ്ഞ് ഒരു വീട് ഉണ്ടാക്കാൻ കഴിയുമായിരിക്കും. അത് തന്നെ ചിലപ്പോൾ കടങ്ങൾ ബാക്കി വെച്ച് കൊണ്ടാകും. ജീവിതത്തിന്റെ യൗവ്വനം മുഴുവനും ഈ മണലാരണ്യത്തിൽ ഒഴുക്കി കളഞ്ഞ് സമ്പാദ്യമായി എന്തെങ്കിലുമൊക്കെ രോഗങ്ങളുമായി നാടണയുന്നവർ.. ഈ തിരിച്ചറിവാണ് എന്നെ ഈ ബന്ധനത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുവാൻ പ്രേരിപ്പിച്ചത്...
അതെ ഞാൻ നാട്ടിലെത്തിയിരിക്കുന്നു..എയർപ്പോർട്ടിൽ നിന്ന് പുറത്തിറങ്ങി വീട്ടിലേക്കുള്ള യാത്രയിലാണ്.. കൂടെ ഭാര്യയും മക്കളും കുടുംബവമുണ്ട്... എന്നെ സ്വീകരിക്കാൻ വന്നവർ...
ദിൽ ദട്കനേം കാ സബബ് യാദ് ആയാ..
വോ തേരി യാദ് ഥീ..
അബ് യാദ് ആയാ...
(ഹൃദയം മിടിക്കുന്നതിന്റെ കാരണം ഇപ്പോൾ എനിക്ക് മനസ്സിലായിരിക്കുന്നു... അത് നിന്റെ ഓർമ്മകൾ ആണെന്നത്.. ഇപ്പോൾ മനസ്സിലായി) എന്ന മനോഹരമായ ആശാ ബോസലേ പാടിയ മനോഹരമായ ഗാനവും വണ്ടിയിൽ മുഴങ്ങുന്നു.. എനിക്ക് വേണ്ടി എഴുതിയ പാട്ട് പോലെ.. വീട്ടിലേക്കുള്ള വഴി ദൂരം കൂടിയോ.... വീട്ടിലെത്തിയിട്ട് വേണം തിരിച്ച് പിടിക്കാൻ.... എനിക്ക് നഷ്ടപ്പെട്ടതെല്ലാം.... എനിക്ക് ഇനിയും നിന്നോട് പിണങ്ങണം പെണ്ണെ.... പിണക്കം തീർന്ന് ഒന്നാകുമ്പോഴുള്ള ആ അനുഭൂതിക്ക് വേണ്ടി....
-.....................................................
സുർത്തുക്കളെ എന്റെ കഥയല്ല.. ഈ അടുത്ത് ഒരു കൂട്ടുകാരൻ നല്ല ഒരു ജോലിയും കളഞ്ഞ് പ്രവാസം മതിയാക്കിപ്പോയി.. അവനോട് അതിനെ പറ്റി സംസാരിച്ചപ്പോൾ അവൻ പറഞ്ഞ ചില കാര്യങ്ങൾ.... നഗ്ന സത്യങ്ങൾ.എന്നാൽ കഴിയുന്നത് പോലെ എഴുതാൻ ശ്രമിച്ചതാണ്.'..
മൻസൂർ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot