നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

===നീല നിഷ്കു===


===നീല നിഷ്കു===
----------------------------
നിഷ്ക്കുവിന്റെ സ്കൂളിൽ സേവനവാരം ആണ്..
നിഷ്കുവിനെ ഓർമ്മയുണ്ടല്ലോ.. കള്ളം ഇല്ല, പൊളി ഇല്ല, തള്ളൽ ഇല്ല, ട്രോളൽ ഇല്ല.. എള്ളോളം ഇല്ല പൊളി വചനം... അതന്നെ.. കളങ്കമൊട്ടും ഏശാത്തവൻ..
സേവനവാരം എന്നാൽ അറിയാലോ. വർഷത്തിൽ ഒരിക്കൽ സ്കൂളിലെ പിള്ളേരെ കൊണ്ട് സ്കൂളിലും പരിസരത്തും ഉള്ള കാടും പടലയും ഒക്കെ വെട്ടി വെളുപ്പിക്കുന്ന കലാപരിപാടി. ആണ്പിള്ളേര് വെട്ടുകത്തിയും ആയി ഇറങ്ങും.. പെൺപിള്ളേർ പുല്ലു പറിക്കും.. പിന്നെ എല്ലാം കൂടി ഒരു ഭാഗത്തു ഇട്ടു കത്തിക്കും.. അന്നേ ദിവസം ആടും പശുവും ഉള്ള അടുത്ത വീട്ടിലെ ചേട്ടന്മാരും ചേച്ചിമാരും ഒരു വല്ലവുമായി സ്കൂൾ പരിസരത്തു വന്നു കുട്ടികൾ പറിച്ച പുല്ലു അടിച്ചു മാറ്റി കൊണ്ട് പോവും. ചിലർ പശിവിനെ നേരിട്ട് കൊണ്ട് വരും. എല്ലാം കഴിയുമ്പോ ടീച്ചർമാർ കുട്ടികൾക്ക് ഒരു ഗ്ലാസ് പായസവും ഒരു ഡക്കാൻ മിട്ടായിയും കൊടുക്കും. കുട്ടികൾക്ക് ഇത് എന്നും ഒരു ആവേശമായിരുന്നു.. പഠിപ്പു ഒഴികെ എല്ലാത്തിനും സ്കൂൾ നല്ലതാണല്ലോ. അന്ന് യൂണിഫോം വേണ്ട എന്നൊരു ഗുണം കൂടി ഉണ്ട്. കിട്ടിയ ദിവസമല്ലേ ഒട്ടും മോശമാക്കണ്ട എന്നോർത്തു ചിലർ പട്ടുപാവാടയും, ജീൻസും ഒക്കെ ഇട്ടു വന്നു തലയിൽ തലയിൽ പുല്ലു ചുമക്കും.
നമ്മുടെ നിഷ്കുവും നല്ല ആവേശത്തിലായിരുന്നു. നന്നായി പണിയെടുക്കാൻ നിഷ്കു അന്ന് പാലും മുട്ടയും ഒക്കെ കഴിച്ചാണ് വന്നത്.
അങ്ങനെ എല്ലാരും വന്നു ഒത്തു കൂടി.. ക്ലാസ്സ് ലീഡർ എല്ലാവരെയും ഓരോ ഗ്രൂപ്പുകളാക്കി ഓരോ പണികൾ ഏൽപ്പിച്ചു. താരതമ്യേന ദുർബലനായ നിഷ്കുവിനെ ക്ലാസ് ലീഡർ പെൺകുട്ടികളുടെ കൂടെ പുല്ലു പറിക്കാൻ ആണ് ഏൽപ്പിച്ചത്. നിഷ്ക്കുവിന് സഹിച്ചില്ല. പുല്ലുപറി നിഷ്ക്കുവിന് ഇഷ്ടമല്ല. പെൺകുട്ടികളുടെ കൂടെ തീരെ ഇഷ്ടമല്ല.. നിഷ്കിവിനു കുറഞ്ഞത് ഒരു കോടാലിയോ വെട്ടുകത്തിയോ വെച്ചുള്ള പണി വേണം. നിഷ്കു ശക്തിയായി പ്രതിഷേധിച്ചു.. പ്രതിഷേധം അറിയിക്കാൻ നിഷ്കു ക്‌ളാസ്സിന്റെ മൂലയിൽ പോയി മുഖം വീർപ്പിച്ചു നിന്നു ലീഡറെ ഒളികണ്ണിട്ടു നോക്കി.. നിഷ്ക്കുവിന്റെ കണ്ണിൽ കണ്ണീരു പൊടിഞ്ഞപ്പോൾ പാവം തോന്നിയ ലീഡർ അവനു ഒരു വെട്ടുകത്തി എടുത്തു കൊടുത്ത് റോഡ് സൈഡിൽ വളർന്നു നിൽക്കുന്ന കുറ്റിച്ചെടികൾ വെട്ടാൻ പറഞ്ഞു..
നിഷ്കു ട്യൂബ് ലൈറ്റ് പോലെ ചിരിച്ചു കൊണ്ട് വെട്ടുകത്തി വാങ്ങി പണി തുടങ്ങി.. പക്ഷെ പണി പാളി.. ജീവിതത്തിൽ ആദ്യമായി വെട്ടുകത്തി പിടിക്കുന്ന നിഷ്കു വെട്ടിയാലുണ്ടോ എന്തെങ്കിലും മുറിയുന്നു.. നിഷ്കു ആദ്യം നിന്നു വെട്ടി.. പിന്നെ ഇരുന്നു വെട്ടി.. പിന്നെ കിടന്നു വെട്ടി.. നോ രക്ഷ.. ഒരു പുല്ലു പോലും മുറിയുന്നില്ല.. അപ്പുറത്തു ചേട്ടന്മാർ വെട്ടി നിരത്തുകയാണ്.. നിഷ്കു കയ്യിലിരുന്ന വെട്ടുകത്തിയെ സങ്കടത്തോടെ നോക്കി. ലീഡറോട് പോയി പറഞ്ഞാലോ..
അത് വേണ്ടി വന്നില്ല.. ലീഡർ വന്നു പറഞ്ഞു..
"പറ്റുന്ന പണി ചെയ്‌താൽ പോരെ എന്റെ നിഷ്‌കോ.. പോയി പുല്ലു പറിച്ചോട്ടാ"
നിഷ്കു വീണ്ടും ഡിം ആയി.. മുഖം വീർപ്പിച്ചു.. ലീഡർ വിഷമത്തിലായി..
"എന്റെ നിഷ്‌കോ.. എന്നാ നീ ഒരു കാര്യം ചെയ്.. ആ ബക്കറ്റും വെള്ളവും എടുത്തു സ്കൂളിന്റെ മുന്നിലെ അരമതില് തുടക്ക്."
നിഷ്കു വീണ്ടും ഉഷാറായി.. ബക്കറ്റും വെള്ളവും തുണിയും ആയി നിഷ്കു രണ്ടു റൌണ്ട് അരമതിലിനു കുറുകെ നടന്നു പണിയുടെ ആസ്തിയും വ്യാപ്തിയും വിലയിരുത്തി. പിന്നെ വിഘ്നേശ്വരനെ മനസ്സിൽ ധ്യാനിച്ച് തുണി വെള്ളത്തിൽ മുക്കി തുട തുടങ്ങി.. സിമ്പിൾ. നിഷ്കുവിനെ കണ്ടതും അഴുക്കും കറയും എല്ലാം ശടശഡാന്നു പോയി. ഇത്ര എളുപ്പമാണോ ഇത്.. നിഷ്കു ആവേശത്തോടെ തുട തുടർന്നു. ഇടയ്ക്കു ചുറ്റും നോക്കി തന്റെ കഴിവിനെയും കഠിനാദ്ധ്വാനത്തെയും മറ്റുള്ളവർ കാണുന്നുണ്ടോ എന്ന് കൂടെ നോക്കി.
"നിഷ്കു നല്ല സ്പീഡാണല്ലോ... നന്നായി ചെയ്യണംട്ടോ" കമലാക്ഷി ടീച്ചർ വന്നു പുറത്തു തട്ടി പറഞ്ഞപ്പോൾ നിഷ്ക്കുവിന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. അവൻ ആരും കാണാതെ ഷർട്ടിന്റെ തുമ്പുകൊണ്ടു കണ്ണ് തുടച്ചു..
'ഈ എന്നെയാണല്ലോടാ ലീഡറെ നീ പുല്ലുപറിക്കാൻ വിട്ടത്' എന്ന് ആത്മഗതം ചെയ്തു..
പിന്നെ ഒരു തുടക്കലായിരുന്നു.. മുന്നും പിന്നും നോക്കാതെ അടിയും മുടിയും നോക്കാതെ നിഷ്കു തുടച്ചു.. തുണി മുക്കുന്നു.. തുടക്കുന്നു.. പിന്നെയും മുക്കുന്നു പിന്നെയും തുടക്കുന്നു.. മുക്കുന്നു.. തുടക്കുന്നു..മുക്കുന്നു തുടക്കുന്നു.. വെള്ളം തീരുന്നു.. നിഷ്കു ഓടുന്നു.. വെള്ളം നിറക്കുന്നു.. കൊണ്ട് വരുന്നു.. വീണ്ടും തുടക്കുന്നു.. അങ്ങനെ ഒരു ഭാഗം മുഴുവൻ നിഷ്കു ദാ ന്നു പറഞ്ഞ നേരം കൊണ്ട് തുടച്ചു കഴിഞ്ഞു..
ഉഫ്.. എന്തൊരു ക്ഷീണം.. നിഷ്കു ഒന്ന് നാട് നിവർത്തി.. നെറ്റിയിൽ വിയർപ്പൊക്കെ പൊടിഞ്ഞു.. രാജൻ മാഷ് നോക്കുന്നുണ്ട്.. മാഷ് കാണട്ടെ!! നിഷ്കു പരമാവധി ക്ഷീണം നടിച്ചു നെറ്റിയിലെ വിയർപ്പു തുടച്ചു.. മാഷ് കാണട്ടെ എന്റെ അദ്ധ്വാനം.. നിഷ്കു ഓർത്തു..
എന്നിട്ടു നിഷ്കു ഒന്ന് പുറകിലേക്ക് നീങ്ങി ചെയ്ത പണിയുടെ ക്വാളിറ്റി ഒന്ന് ചെക്ക് ചെയ്തു..
ഹേ..ഇതെന്താ.. വീണ്ടും അഴുക്ക്.. ആദ്യം തുടച്ച ഭാഗത്തു വെള്ളം ഉണങ്ങിയപ്പോ വീണ്ടും അഴുക്ക് തെളിഞ്ഞു വരുന്നു.. അപ്പൊ ഞാൻ ഇത്ര നേരം തുടച്ചതോ.. നിഷ്കു പരവശനായി.. ഇനി എന്ത് ചെയ്യും!! ലീഡറോട് എന്ത് പറയും.. കമലാക്ഷി ടീച്ചർ വന്നു കണ്ടാൽ എന്ത് പറയും... നിഷ്കു സമയം ഒട്ടും കളയാതെ വീണ്ടും തുടച്ചു. ഡേയ് പിന്നേം അഴുക്ക്.. നിഷ്കു നിരാശാപരവശനായി നിലത്തിരുന്നു..
അപ്പോഴാണ് നിഷ്ക്കുവിന്റെ കൂട്ടുകാരൻ പുഷ്പു ആ വഴി വന്നത്..
"ഡാ.. നിഷ്‌കോ.. നിന്റെ മേത്തൊക്കെ എന്താ ഈ നീല നിറം?"
അപ്പോഴാണ് നിഷ്കു അത് ശ്രദ്ധിച്ചത്..
നിഷ്ക്കുവിന്റെ വെള്ള ഷർട്ടിൽ അങ്ങിങ്ങായി നീല നിറം.. നിഷ്കു കയ്യിൽ നോക്കി.. നീല നിറം.. പാന്റ്സ് പൊക്കി കാലു നോക്കി നീല നിറം..ഷർട്ട് അഴിച്ചു നോക്കിയപ്പോ അവിടവിടെ നീല നിറം.. ആകെ മൊത്തം നീല..
"അയ്യോ.. നിഷ്‌കൂന്റെ മേല് നീല നിറം" പുഷ്പു വിളിച്ചു പറഞ്ഞു.. നിമിഷനേരം കൊണ്ട് നിഷ്ക്കുവിന് ചുറ്റും എല്ലാരും വളഞ്ഞു..
"എന്താ ?" ലീഡർ ചോദിച്ചു..
"നീല നീല.." നിഷ്കു കൈ കാണിച്ചു പരിഭ്രാന്തിയോടെ പറഞ്ഞു..
"നീലയോ.. കാണട്ടെ.. ലീഡർ നിഷ്കുവിനെ പരിശോധിച്ചു.. പിന്നെ ഒരു നിമിഷം മൂക്കിൽ വിരൽ വച്ച് ആലോചിച്ചു നിന്നു. പിന്നെ തല ചൊറിഞ്ഞു ആലോചിച്ചു.. പിന്നെ താടി ചൊറിഞ്ഞു.. പിന്നെ ഒറ്റ ഓട്ടം.. ടീച്ചേർസ് റൂമിലേക്ക്!!
നിഷ്കു നിന്നു വിറക്കുകയാണ്.. എത്ര തുടച്ചിട്ടും നീലനിറം പോണില്ല.. ചിലേടത്തൊക്കെ പുതുതായി നീലനിറം വരുന്നു. എല്ലാരും അവരവരുടെ വക നിഷ്‌കൂനെ പരിശോധിച്ചു.
അപ്പോഴേക്കും ടീച്ചർമാരെല്ലാം എത്തി.
"കുട്ടികളെല്ലാം മാറി നിൽക്കൂ.. അവനു കാറ്റ് കിട്ടട്ടെ" രാജന്മാഷ് ചൂരൽ വീശി..
"കാറ്റ് കിട്ടട്ടെ" എന്ന്.. അപ്പൊ കാറ്റ് പോവാറായോ.. നിഷ്ക്കുവിന്റെ മനസ്സിൽ ഇടിവെട്ട്.. നിഷ്കു മൂക്ക് വിടർത്തി പരമാവധി കാറ്റ് അകത്താക്കി..
കാറ്റ് കിട്ടട്ടെ. കാറ്റ് കിട്ടട്ടെ.. നിഷ്ക്കുവിന്റെ ഈ പരിപാടി കൂടി കണ്ടപ്പോ കമലാക്ഷി ടീച്ചർ ഇടപെട്ടു..
"ആരെങ്കിലും കുട്ടിക്ക് വെള്ളം കൊടുക്ക്"
ആരോ വെള്ളം എടുക്കാൻ ഓടി..
ഈശ്വരാ ചാവാൻ പോവുമ്പോ അല്ലെ വെള്ളം കൊടുക്ക!! എനിക്കെന്റെ അമ്മേനെ കാണണം.. എനിക്ക് അമ്മേടെ മടിയിൽ കിടന്നു മരിക്കണം.. നിഷ്കു അലറി.. പക്ഷെ ആരും കേട്ടില്ല.. അത് നിഷ്ക്കുവിന്റെ മനസ്സിൽ ആയിരുന്നു.. നിഷ്ക്കുവിന്റെ ശബ്ദം ഒന്നും പുറത്തു വരുന്നില്ല.. നിഷ്കു തളർന്നു വീണു കഴിഞ്ഞിരുന്നു..
"വെള്ളം.. വെള്ളം... 'അമ്മ.. 'അമ്മ.. " നിഷ്കു ദയനീയമായി കരഞ്ഞു..
ആരോ ഒരിറ്റു വെള്ളം നിഷ്ക്കുവിന്റെ ചുണ്ടിൽ ഇടിച്ചു കൊടുത്തു..
"ഇതിപ്പോ എന്താ ഇങ്ങനെ .. ടീച്ചർമാരും മാഷന്മാരും മൂക്കത്തു വിരൽ വച്ച്..
"പാമ്പു കടിച്ചാൽ നീലനിറം ആവും എന്നാ"
കുട്ടികളിൽ ആരോ പറഞ്ഞു..
കേട്ടതും നിഷ്ക്കുവിന്റെ ബോധം പോയി..
"ഏയ്.. കഴിഞ്ഞ ആഴ്ച എന്റെ അച്ഛനെ പാമ്പു കടിച്ചിട്ടു നീല ഒന്നും ആയില്ലല്ലോ.. രാജൻ മാഷ് പറഞ്ഞു."
"കടും വിഷമുള്ള പാമ്പാണെങ്കിൽ നീലനിറം ഉറപ്പ്" ഹെഡ്മാഷ് തന്റെ വിജ്ഞാനം വ്യക്തമാക്കി.. "ഭഗവാൻ ശ്രീകൃഷ്ണന് നീലനിറം വന്നത് എങ്ങന്യാ.?"
"എങ്ങന്യാ?" അറബി പഠിപ്പിക്കുന്ന ഷുക്കൂർ മാഷ് ഹെഡ്മാഷോട് ചോദിച്ചു..
"അതായത് .. " ഹെഡ്മാഷ് കഥ പറയാൻ തുടങ്ങിയപ്പോ കമലാക്ഷി ടീച്ചർ മാഷിനെ നോക്കി..
"മാഷെ .. കഥ പിന്നെ പറഞ്ഞാൽ പോരെ.."
ഓ.. അത് ശരിയാണല്ലോ.. "അതൊക്കെ പിന്നെ പറഞ്ഞു തരാം.. താൻ ഫ്രീ ആവുമ്പൊ എന്റെ റൂമിലേക്ക് വാ " അറബി മാഷോട് ഹെഡ്മാഷ് പറഞ്ഞു..
നിഷ്ക്കുവിന് അപ്പോഴേക്കും ബോധം വന്നിരുന്നു..
"ഇനി വല്ല കരിം തേളോ മറ്റോ ആവുമോ ?"
"ഏയ്.. കരിംതേള് കടിച്ചാ അപ്പൊ തീരും"
നിഷ്ക്കുവിന്റെ ബോധം പിന്നേം പോയി..
"നിങ്ങ ആരെങ്കിലും ഒരു കാറ് വിളിച്ചു വാ.." കമലാക്ഷി ടീച്ചർ പറഞ്ഞു..
രാജന്മാഷ് കേട്ടതും സൈക്കിൾ എടുത്തു.. ഇടതുകാൽ പെടലിൽ ചവിട്ടി വലതുകാൽ തറയിൽ കുത്തി കുത്തി ആക്സിലറേറ്റർ മാക്സിമം കൂട്ടി മാഷ് സൈക്കിൾ ഇൽ ചാടിക്കയറി.. മാഷിന്റെ ആക്ഷൻ കണ്ടു പുതുതായി വന്ന ഇംഗ്ളീഷ് ടീച്ചർ രമ ആരാധനയോടെ നോക്കി.. മാഷ് ആ പോക്കിലും ഒന്ന് തിരിഞ്ഞു രമ ടീച്ചറെയും നോക്കി..
നിമിഷങ്ങൾക്കകം കാർ എത്തി.. നിഷ്ക്കുവിന്റെ ബോധം വന്നും പോയും ഇരുന്നു.. ബോധം പോവാൻ വേണ്ടി മാത്രം ഇടയ്ക്കു നിഷ്ക്കുവിന് ബോധം വന്നു..
കമലാക്ഷി ടീച്ചറുടെ മടിയിൽ തലയും രമ ടീച്ചറുടെ മടിയിൽ നടുവും രാജന്മാഷിന്റെ മടിയിൽ കാലും ആയി പിൻസീറ്റിൽ നിഷ്കു.. മുൻസീറ്റിൽ ഹെഡ്മാഷ്..
മുട്ടി മുട്ടി ഇരുന്നപ്പോ രമ ടീച്ചറിനും രാജൻമാഷിനും ഇച്ചിരി നാണം വന്നു.. പക്ഷെ അവർ അത് പുറത്തു കാണിച്ചില്ല.. കമലാക്ഷി ടീച്ചർ ഇടയ്ക്കു ഒന്ന് ഇരുത്തി മൂളി.
"ആരെങ്കിലും കുട്ടീടെ അമ്മയെ വിവരം അറിയിക്കൂ"
കമലാക്ഷി ടീച്ചർ പോവുന്ന പോക്കിൽ വിളിച്ചു പറഞ്ഞു.. ഉടനെ അഞ്ചാറു പേര് സൈക്കിൾ എടുത്തു നിഷ്ക്കുവിന്റെ വീട് ലക്ഷ്യമാക്കി പാഞ്ഞു..
"മാഷേ കാറിന്റെ വാടക സ്കൂൾ അക്കൗണ്ടിൽ ആണ് കേട്ടോ.." രാജൻ മാഷ് ഹെഡ്മാഷിനെ ഓർമ്മിപ്പിച്ചു..
ഹെഡ്മാഷ് ഒന്ന് ആലോചിച്ചു..
"അതിനു വകുപ്പുണ്ടോ എന്ന് നോക്കട്ടെ മാഷെ"
"എന്നാ മാഷ് തന്നെ കൊടുത്തോ.." രാജന്മാഷ് ഹെഡ്മാഷിന്റെ തലക്കു വച്ച് കൊടുത്തു..
"ഹ്മ്മ്..വകുപ്പുണ്ട് എന്നാണു എന്റെ ഓർമ്മ.. മാഷ് കൊടുത്തോ.. ഞാൻ ശരിയാക്കി തരാം.." ഹെഡ്മാഷ് തിരിച്ചു രാജന്മാഷിന്റെ തലയ്ക്കു വച്ചു..
"ഡ്രൈവറെ .. ഗവർമെന്റ് ആശുപത്രി മതീട്ടാ" ഹെഡ്മാഷ് ചെലവ് ചുരുക്കി..
കാറ് ചീറിപ്പാഞ്ഞു ചെന്ന് പഞ്ചായത്തു ഗവണ്മെന്റ് ആശുപത്രിയിൽ നിർത്തി..
എല്ലാരും കൂടി നിഷ്ക്കുവിന്റെ പൊക്കി ആശുപത്രിക്കു ഉള്ളിലേക്ക് ഓടി.. രാജൻ മാഷ് ഡോക്ടറെ വിളിക്കാനും ഓടി.. മുറിവ് വച്ചു കേട്ടുകൊണ്ടിരുന്ന ഒരു രോഗിയെ എടുത്തു താഴെ ഇരുത്തി അറ്റൻഡർ നിഷ്കുവിനെ ബെഡിലേക്കു കിടത്തി.. ഡോക്ടർ ഓടിയെത്തി..
"എന്താ കാര്യം ?"
"വിഷം എന്ന് തോന്നുന്നു.. മുഴുവൻ നീല.. പണ്ട് ഭഗവാൻ ശ്രീകൃഷ്ണൻ ...."
"മാഷേ.." കൃഷ്ണന്റെ കഥ പറയാൻ വന്ന ഹെഡ്മാഷിനെ കമലാക്ഷി ടീച്ചർ തടഞ്ഞു..
ഹെഡ്മാഷിനു അത് അത്ര പിടിച്ചില്ല എങ്കിലും മാഷ് കണ്ട്രോൾ ചെയ്തു..
"ഞങ്ങൾ നോക്കട്ടെ..' ഡോക്ടർ കർമ്മ നിരതനായി..
ഡോക്ടർ നിഷ്ക്കുവിന്റെ ഷർട്ട് അഴിക്കാൻ സിസ്റ്ററിനോട് പറഞ്ഞു.. നിഷ്ക്കുവിന് ബോധം വന്നപ്പോ കണ്ടത് അതാണ്.. ഒരു പെണ്ണ് അവന്റെ ഷർട്ട് അഴിക്കുന്നു.. നിഷ്ക്കുവിന്റെ ബോധം വീണ്ടും പോയി..
ഡോക്ടർ പരിശോധിച്ചു.. ഒന്നും ഇല്ല..
"പാമ്പാണെങ്കിൽ കാലിലാണല്ലോ ഡോക്ടർ കടിക്കുക". സിസ്റ്റർ പറഞ്ഞു..
"കറക്റ്റ്..." ഡോക്ടർ സിസ്റ്ററിന്റെ പുറകിൽ തട്ടി അഭിനന്ദിച്ചു..
"എന്നാൽ പാന്റ്സ് അഴിക്കൂ.. "
നേഴ്സ് പാന്റ്സ് അഴിക്കാൻ തുടങ്ങിയതും പുറത്ത്
"അയ്യോ എന്റെ മോനെന്ത് പറ്റി.. എന്റെ മോൻ പോയീ.. ദൈവമേ.. " പുറത്തു നിന്നു ഒരു സൈറൺ..
നിഷ്ക്കുവിന്റെ അമ്മയുടെ രംഗപ്രവേശം ആണ്..
"നീ സമാധാനിക്ക്.. അവന് ഒന്നും വരൂല്യാന്ന്" നിഷ്ക്കുവിന്റെ അച്ഛൻ അമ്മയെ മെരുക്കാൻ പാടുപെടുകയാണ്"
ഹെഡ്മാഷിനെ കണ്ടതും 'അമ്മ വീണ്ടും അലറി..
"സ്കൂൾകാര് എന്റെ മോനെ കൊന്നേ .. അയ്യോ.. കാലത്തു ഇഡ്ഡലി തിന്നു പോയതാണേ എന്റെ മോൻ.. സ്കൂൾകാര് കൊന്നേ എന്റെ മോനെ കൊന്നേ"
കേട്ടതും ഹെഡ്മാഷ് പതുക്കെ മുങ്ങി.. രാജന്മാഷ് രമ ടീച്ചറിനെ സൈഡ് ആയിക്കോട്ടാ എന്ന് കണ്ണ് കാണിച്ചു..
"ഡോക്ടറെ .. എന്റെ മോന് എന്ത് പറ്റി ഡോക്ടറെ.. രാവിലെ പുതിയ പാന്റും ഷർട്ടും ഇട്ടു വന്നതാണല്ലോ എന്റെ പൊന്നു മോൻ ഡോക്ടറെ.. കിടക്കുന്ന കിടപ്പു കണ്ടോ പൊന്നു ഡോക്ടറെ.."
'അമ്മ ഡോക്ടറുടെ കോളറിൽ പിടിച്ചു കരഞ്ഞു..
ഡോക്ടർ വികാരാധീനനായി..
"നമുക്ക് ശ്രമിക്കാം.. പിന്നെ ഡോക്ടർമാർ ദൈവങ്ങൾ ഒന്നും അല്ലല്ലോ മാതാവേ.. എല്ലാം കാണുന്ന ഒരാൾ ഇല്ലേ മോളിൽ.. പ്രവർത്തിക്കൂ.." ഡോക്ടർ അമ്മയെ സമാധാനിപ്പിച്ചു.. കൂടെ ദൈവത്തിനും ഒരു പണി കൊടുത്തു..
"നാട് മുഴുവൻ കേൾപ്പിച്ചു നാമം ചൊല്ലുന്നതല്ലേ ദൈവമേ എന്റെ മോൻ.. കഴിഞ്ഞാഴ്ച അഞ്ചു രൂപേടെ പുഷ്‌പാഞ്ചലി ചെയ്തതല്ലേ ദൈവമേ..പിന്നെ എന്തിന് ഈ ചതി ചെയ്തു." ദൈവത്തിനുള്ളതും കിട്ടി..
"നിങ്ങൾ നോക്കി നിക്കാതെ കുട്ടീടെ പാന്റ്സ് അഴിക്കു.." ഡോക്ടർ സിസ്റ്ററിനെ നോക്കെ.. അമ്മയുടെ പ്രകടനം കണ്ടു സിസ്റ്റർ ഒരു പൊട്ടിക്കരച്ചലിന്റെ വക്കിലായിരുന്നു.. എന്നാലും സിസ്റ്റർ മൂക്ക് പിഴിഞ്ഞ് നിഷ്ക്കുവിന്റെ തന്നെ പാന്റ്സ് ഇൽ തുടച്ചു പാന്റ്സ് അഴിക്കാൻ തുടങ്ങി..
"കാലിൽ ആണ്.. കാലിൽ ആണ് .. ഞാൻ പറഞ്ഞില്ലേ കാലിൽ ആണ്...." സിസ്റ്റർ ആവേശത്തോടെ പറഞ്ഞു.. പാന്റ്സ് അഴിച്ചപ്പോ കാല് മൊത്തം നല്ല കടും നീല..ഡോക്ടർ വീണ്ടും സിസ്റ്ററിന്റെ പുറത്ത് തട്ടാൻ ഒരുങ്ങി എങ്കിലും പിന്നെ ആവാം എന്ന് വച്ച് നിയന്ത്രിച്ചു..
പിന്നെ നിഷ്ക്കുവിന്റെ കാലുകൾ തിരിച്ചും മറിച്ചും പരിശോധിച്ചു.. ഒന്നും ഇല്ല.. പിന്നെ നിഷ്കുവിനെ മൊത്തം പരിശോധിച്ചു.. ഒന്നും ഇല്ല. പിന്നെ എന്തായിരിക്കും..
പെട്ടന്നാണ് ഡോക്ടർ അത് ശ്രദ്ധിച്ചത്..
സിസ്റ്ററിന്റെ കൈ നീല..
സിസ്റ്ററിന്റെ വെള്ള യൂണിഫോം നീല..
ഡോക്ടർ കമലാക്ഷി ടീച്ചറെ നോക്കി..
ടീച്ചറുടെ കൈ നീല.. സാരി നീല
അമ്മയെ പേടിച്ചു അൽപം മാറി നിന്ന് ഒളിച്ചു നോക്കുന്ന രാജന്മാഷിന്റെ മുണ്ടിനു നീല.. രമ ടീച്ചറിന് നീല
"പകർച്ചവ്യാധി.. പകർച്ചവ്യാധി.." ഡോക്ടർ അലറി..
"കുട്ടിയെ തൊട്ടൊരുക്കെല്ലാം കിട്ടി രോഗം.. സിസ്റ്ററിന്റെ കൈ കണ്ട.. ടീച്ചറുടെ കൈ കണ്ടാ.. എല്ലാർക്കും നീല രോഗം.. ഇത് നീലരോഗം ആണ്.. പകർച്ചവ്യാധി.. " ഡോക്ടർ അലമുറയിട്ടു..
അങ്ങിങ്ങായി ആരൊക്കെയോ ബോധക്ഷയത്തിന്റെ വക്കിലെത്തി.. എല്ലാരും സ്വന്തം കയ്യും കാലും പരിശോധിച്ചു.
"എനിക്ക് ഇല്ല .." ഹെഡ്മാഷ് പറഞ്ഞു കൊണ്ട് പതുക്കെ പുറത്തേക്കു നാടകകുന്ന പോലെ ഓടി..
"അയ്യോ സർ.." പരിഭ്രാന്തിയായ സിസ്റ്റർ ഡോക്ടറെ വിളിച്ചു..
"സാറിന്റെ കൈ.."
ഡോക്ടർ അപ്പോഴാണ് സ്വന്തം കൈ നോക്കുന്നത്.. അതും നീല..
അതോടെ ഡോക്ടർ ചക്ക വെട്ടി ഇട്ട പോലെ വീണു.. ബോധക്ഷയം..
അപ്പൊ നിഷ്ക്കുവിന്റെ 'അമ്മ സിസ്റ്റർ ഊരിയിട്ട നിഷ്ക്കുവിന്റെ പാന്റ്സും ഷർട്ടും മുഖത്ത് ചേർത്തു വച്ച് കരയുകയായിരുന്നു.. ഇടയ്ക്കു ഒന്ന് ഫ്രീ ആയപ്പോ അച്ഛൻ അത് കണ്ടു.. അമ്മയുടെ മുഖത്തും നീല..
അച്ഛന് ഡൌട്ട് അടിച്ചു..
അച്ഛൻ നോക്കിയപ്പോ ഡ്രസ്സ് ഊരി ഇട്ട ബെഡിലെ ബെഡ്ഷീറ്റിനും നീല..
അപ്പോഴേക്കും താഴെ മുറിവ് കെട്ടാൻ വന്ന ചേട്ടൻ ആ സത്യം കണ്ടു പിടിച്ചിരുന്നു..
"ചെക്കന്റെ നീല പാന്റിന്റെ നിറം ഇളകിയതാ!!"
'അമ്മ പാന്റ്സ് നോക്കി.. അച്ഛൻ പാന്റ്സ് നോക്കി.. ബോധം തിരിച്ചു വന്ന ഡോക്ടർ പാന്റ്സ് നോക്കി.. കമലാക്ഷി ടീച്ചർ പാന്റ്സ് നോക്കി.. കാര്യം മനസിലായ നിഷ്കു നാണം മറക്കാൻ ഒരു തുണി നോക്കി..
"ഒന്നും പേടിക്കണ്ട.. നീല പാന്റിന്റെ നിറം പോയതാ.." ഡോക്ടർ സ്ഥിതീകരിച്ചു..
പുത്തൻ പാന്റ്സ് ഇട്ടു വന്ന നിഷ്കു വെള്ളം മുക്കി തുടച്ചാണല്ലോ സേവനവാരം ആഘോഷിച്ചത്! പുത്തൻ നീല പാന്റ്സിന്റെ തുണി ഡിസ്‌കൗണ്ട് സെയിലിൽ വാങ്ങിയതാണല്ലോ!! നെറങ്ങട്ട് എളകി!!
Sanvi King
11/1/2017

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot