നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ടാക്സി ഡ്രൈവർ (കഥ):


ടാക്സി ഡ്രൈവർ (കഥ):
"""""""""""""""""""""""""""""""""""
' അനുഗ്രഹം ' എന്ന് പേരിട്ടിട്ടുള്ള ടാക്സി ജീപ്പിന്റെ ഡ്രൈവറാണ് ഞാൻ. ഡ്രൈവർ മാത്രമല്ല ,മുതലാളിയും. മുതലാളിയാണെന്നു കരുതി ഞാൻ വലിയ പണക്കാരനൊന്നുമല്ല.
സ്ത്രീധനമായി കിട്ടിയ പണവും സ്വർണ്ണവും ചേർത്താണ് നാല് വർഷം മുമ്പ് ഒരു ജീപ്പ് വാങ്ങിയത്. കല്ല്യാണം കഴിക്കുമ്പോൾ ശരിക്കും എനിക്ക് കല്ല്യാണപ്രായമൊന്നും ആയിട്ടില്ലായിരുന്നു. ഇരുപത്തൊന്ന് വയസ്സേ ആയിരുന്നുള്ളൂ. പഠിക്കാൻ വളരെ മിടുക്കനായത്കൊണ്ട് പത്താം ക്ലാസിൽ ഫസ്റ്റ് .
വിവാഹത്തിനു മുമ്പ് ഞാൻ മറ്റൊരു ടാക്സി ജീപ്പിന്റെ ഡ്രൈവർ മാത്രമായിരുന്നു.പത്താം ക്ലാസ് കഴിഞ്ഞ ഉടനെ അടുത്ത വീട്ടിലെ അഹമ്മദ് കോയ ഹാജിയുടെ ജീപ്പിൽ ക്ലീനറായി കയറി. രണ്ട് വർഷം കഴിഞ്ഞതും ആ ജീപ്പിൽ തന്നെ ഡ്രൈവറുമായി.ഇപ്പോൾ ജീപ്പുകളിലൊന്നും ക്ലീനർ പോസ്റ്റില്ല കേട്ടോ. ജീപ്പുകൾ തന്നെ അപൂർവ്വം.
അഹമ്മദ്കോയ ഹാജിയുടെ ജീപ്പിൽ ക്ലീനറായി പോകുന്ന കാലത്താണ് എന്റെ ഉപ്പ മരിച്ചത്.അന്ന് ഞാൻ ജീപ്പിൽ പോയിട്ടില്ലായിരുന്നു.കൂട്ടുകാരുടെ കൂടെ ടൗണിൽ സിനിമക്ക് പോയതായിരുന്നു.
തിരിച്ചു വരുമ്പോൾ വീടിന്റെ ഉമ്മറക്കോലായിലും മുറ്റത്തും നിറയെ ആൾക്കാരെ കണ്ട് ഞാൻ അന്തം വിട്ടു. ഇടവഴിയിൽ നിന്നും മുറ്റത്തേക്ക് കയറിയ എന്റെ കൈകളിൽ രണ്ടാളുകൾ വന്ന് പിടിച്ചു. "എന്താ പ്രശ്നം..." എന്ന് ഞാൻ ചോദിച്ചെങ്കിലും അവരൊന്നും മിണ്ടാതെ എന്നെ വീട്ടിനകത്തേക്ക് നടത്തിച്ചു.
കോലായിൽ നിന്നും അകത്തേക്ക് കടന്ന ഞാൻ കണ്ട കാഴ്ച! രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ വീട്ടുവളപ്പിലെ തെങ്ങുകൾ തുറന്ന് വളം ഇടുകയായിരുന്ന ഉപ്പ ഒരു പടിക്കട്ടിലിൽ, വെള്ളത്തുണി പുതച്ച് അനങ്ങാതെ...ഒറ്റ പൊട്ടിക്കരച്ചിലായിരുന്നു ഞാൻ. എന്റെ കൈകളിൽ പിടിച്ചിരുന്നവർ അൽപം ബലമായിത്തന്നെ എന്നെ ഉമ്മയും ഇത്താത്തയും കരഞ്ഞ് തളർന്ന് കിടക്കുന്ന അപ്പുറത്തെ മുറിയിലെ കട്ടിലിൽ കൊണ്ടു ചെന്നിരുത്തിച്ചു. എന്നെ കണ്ടതും അവരുടെ കരച്ചിലിന് ശക്തി കൂടി. അവരുടെ മുഖവും കരച്ചിലും എന്നെ കൂടുതൽ സങ്കടപ്പെടുത്തി.ഞാൻ തളർന്ന് ഉമ്മയുടെ ശരീരത്തിലേക്ക് വീണു .
പലരും പലതും പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ഞാനും ഉമ്മയും ഇത്താത്തയും ഒരാഴ്ചയോളം കരച്ചില് തന്നെയായിരുന്നു. ഇന്നും ഉപ്പായെ കുറിച്ചോർക്കുമ്പോൾ കണ്ണിൽ വെള്ളം നിറയുന്നു. സ്നേഹിക്കാൻ മാത്രമറിയുന്ന ഒരാളായിരുന്നു ഉപ്പ.
ഇത്താത്തയുടെ കല്ല്യാണം ഉപ്പയുള്ളപ്പോൾ തന്നെ കഴിഞ്ഞിരുന്നു. അളിയൻ ഗൾഫുകാരനാണ്. ഇപ്പോൾ അവർക്ക് രണ്ട് കുട്ടികളുമുണ്ട്.
ഉപ്പ മരിച്ചതിൽ പിന്നെ വീട്ടിൽ ഞാനും ഉമ്മയും മാത്രമായി.ഉമ്മക്കാണെങ്കിൽ എന്നും ഓരോരോ അസുഖങ്ങളാണ്.അത് കൊണ്ടാണല്ലോ ആ ചെറുപ്രായത്തിൽ വിവാഹം കഴിക്കാൻ ഞാൻ നിർബന്ധിതനായതും.
ഭാര്യവീട്ടുകാർ അത്ര പണക്കാരൊന്നുമല്ലെങ്കിലും അത്ര പാവപ്പെട്ടവരുമല്ല. മുപ്പത് പവനും രണ്ട് ലക്ഷം രൂപയുമാണ് എനിക്ക് സ്ത്രീധനമായി കിട്ടിയത്. എന്റെ ഭാര്യയായത് കൊണ്ട് പറയുകയൊന്നുമല്ല. ഞാനാശിച്ചത് പോലെ തന്നെ തങ്കപ്പെട്ട സ്വഭാവമുള്ളവളും സുന്ദരിയുമാണവൾ.
നല്ല വില പിടിപ്പുള്ള പട്ടുസാരി കൊണ്ടുക്കൊടുത്താലും ഏറ്റവും താണ വോയിൽ സാരി കൊണ്ടുക്കൊടുത്താലും ഒരേ മുഖത്തോടെ സ്വീകരിക്കുന്നവൾ. കയറി ഭരിക്കാതെ നേർവഴികാട്ടിത്തരാനറിയുന്നവൾ. സ്നേഹത്തിന്റെ സൗന്ദര്യം കാട്ടിത്തരാൻ കഴിവുള്ളവൾ.ഉമ്മാക്ക് അവൾ മരുമകളല്ല, മകൾ തന്നെയാണ്.
ഇന്ന് ഒരു ഓർഡർ പോയി തിരിച്ചു വരുമ്പോൾ, വളവ് തിരിഞ്ഞ് വരികയായിരുന്ന എന്റെ ജീപ്പിന്നഭിമുഖമായി കുതിച്ചു വന്ന മറ്റൊരു ജീപ്പ് കണ്ട് ഞാൻ ബ്രേക്കിൽ ചവിട്ടി വണ്ടി നിർത്തി. എന്റെ ജീപ്പിന് തൊട്ടു തൊട്ടില്ലാ എന്ന മട്ടിൽ മറ്റേ ജീപ്പും വന്നു നിന്നു.
റോഡിന് നന്നേ വീതി കുറഞ്ഞ സ്ഥലമാണ്. ആരെങ്കിലും ഒരാൾ അൽപം പുറകോട്ടെടുത്താൽ മാത്രമേ സൈഡ് കൊടുത്ത് പോവാൻ കഴിയുള്ളൂ. വീതി കുറഞ്ഞ സ്ഥലമായത് കൊണ്ട് വളവ് തിരിയുന്നതിനു മുമ്പ് ഞാൻ ഹോൺ മുഴക്കിയതാണ്.
മറ്റേ ജീപ്പുകാരൻ ഇപ്പോൾ പുറകോട്ടെടുക്കും എന്ന പ്രതീക്ഷയിൽ ഞാൻ അൽപം കാത്തു. അയാൾ പുറകോട്ടെടുക്കുന്ന ലക്ഷണം കണ്ടില്ല.ഞാൻ ഹോൺ മുഴക്കിക്കൊണ്ട് തല പുറത്തേക്കിട്ട് വണ്ടി പുറകോട്ടെടുക്കാൻ അയാളോട് ആംഗ്യം കാണിച്ചു. പക്ഷേ അയാൾ ഹോൺ മുഴക്കി എന്നോട് വണ്ടി പുറകോട്ടെടുക്കാൻ ആംഗ്യം കാണിക്കുകയാണ് ചെയ്തത്.
വാശിക്കാരനായ ഞാൻ വണ്ടി പുറകോട്ടെടുക്കാൻ തയ്യാറായില്ല. എന്റെ ജീപ്പ് വളവ് തിരിയുന്നതിനു മുമ്പ് ഹോൺ മുഴക്കിയപ്പോൾ അയാൾക്ക് ജീപ്പ് സൈഡ് ചെയ്ത് നിർത്തിയാൽ മതി. അല്ലെങ്കിൽ കുറച്ച് ദൂരെ നിന്ന് ഹോൺ മുഴക്കുക. എങ്കിൽ ഞാൻ സൈഡ് ചെയ്ത് നിർത്തിയേനെ. ഞാൻ പുറകോട്ടെടുക്കേണ്ടുന്നതിന്റെ പകുതി പോലും അയാൾക്ക് പുറകോട്ടെടുക്കേണ്ടതുമില്ല. എന്തുകൊണ്ടും ന്യായം എന്റെ ഭാഗത്താണ്. ഞാൻ കുറഞ്ഞ സമയം കൂടെ കാത്തു. പിന്നെ വണ്ടി ഓഫ് ചെയ്ത് തല പുറത്തേക്കിട്ടു.
"എടോ... വണ്ടി ബേക്കെട്...&#&# മോനേ....."
ഒരു ടാക്സി ഡ്രൈവറുടെ നാവിൽ നിന്നും വരുന്ന ആദ്യത്തെ നല്ല വാക്കുകൾ എന്റെ നാവിൽ നിന്നും പുറപ്പെട്ടു.
"പോടാ...&#&# മോനേ ... "
അയാളും ടാക്സി ഡ്രൈവറാണല്ലോ.
"എടോ... റോഡ് നിന്റെ ബാപ്പാന്റേം അല്ല... എന്റെ ബാപ്പാന്റേം അല്ല... വണ്ടി ബേക്കെട്.... "- ഞാൻ.
"എന്താടോ നിന്റെ വണ്ടിക്ക് റിവേഴ്സ് ഗിയറില്ലേ.... " - അയാൾ.
വാക്കുകൾ കൊണ്ടുള്ള തർക്കം ആർക്കും വിജയ സാധ്യതയില്ലാതെ തുടർന്നു.
തിരക്ക് വളരെ കുറഞ്ഞ റോഡാണ്.
എന്റെ ജീപ്പിനു പുറകിൽ ഒരു ഓട്ടോറിക്ഷ കൂടെ വന്നു നിർത്തി, ഹോൺ മുഴക്കൽ തുടങ്ങി.കൂടെ ഒരു ഓട്ടോ ഡ്രൈവറുടെ നാവിൽ നിന്നും വരുന്ന നല്ല വാക്കുകളും. എന്നോടല്ല മറ്റേ ജീപ്പുകാരനോട്.
അവസാനം അരമണിക്കൂർ നേരത്തെ ഹോൺ തർക്കത്തിനും വാക്ക് തർക്കത്തിനും ശേഷം മറ്റേ വണ്ടി പുറകോട്ടെടുത്തു.
പിന്നീട് ഞാൻ വണ്ടി നല്ല സ്പീഡിലാണ് ഓട്ടിയത്. കുറച്ച് ദൂരം മുന്നോട്ട് പോയപ്പോൾ എന്റെ ജീപ്പിനു മുന്നിൽ ഒരു സ്കൂട്ടർ യാത്രക്കാരിയെ കാണായി. ഓട്ടുന്നത് കണ്ടാലറിയാം വണ്ടി നന്നായി പഠിച്ചിട്ടില്ലെന്ന്.
പെട്ടെന്ന് റോഡിന് നടുവിലുള്ള ഒരു പെരുത്ത കുഴിയിൽ ചാടിയ സ്കൂട്ടർ ചെരിഞ്ഞ് റോഡിൽ വീണു. ഞാൻ ബ്രേക്കിൽ ചവിട്ടി വണ്ടിയുടെ സ്പീഡ് കുറച്ചു. സ്കൂട്ടർ യാത്രക്കാരി സ്കൂട്ടറിനടിയിൽ എഴുന്നേൽക്കാനാവാതെ കിടക്കുകയാണ്. അവരുടെ കിടപ്പ് കണ്ട് വണ്ടി നിർത്താതെ പോവാൻ എനിക്ക് മനസ്സു വന്നില്ല.
ഞാൻ വണ്ടി നിർത്തി പുറത്തിറങ്ങി സ്കൂട്ടർ പൊക്കി യാത്രക്കാരിയെ എഴുന്നേൽപ്പിച്ചു.
അപ്പോഴേക്കും എവിടെ നിന്നാണെന്നറിയില്ല പത്ത് പന്ത്രണ്ടാളുകൾ ഓടിയെത്തി.
"എടാ.. എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നേ.... ?"
ഒരുവൻ അങ്ങിനെ ചോദിച്ച് എന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് മുഖത്തൊരടിയാണ്.
"ഞാനല്ല, എന്റെ വണ്ടി തട്ടിയല്ല... അവര് കുഴിയിൽ ചാടി വീണതാണ്..."
എന്നെ തല്ലിയവനെ തള്ളി മാറ്റി ഞാൻ പറഞ്ഞു. പക്ഷേ അതാരും കേട്ടില്ല. ഓടി വന്നവരെല്ലാം കൂടെ എന്നെ തല്ലാനും ചവിട്ടാനും തുടങ്ങി.
"അയാളെ തല്ലണ്ട, അയാളെ തല്ലണ്ട..... അയാൾ തട്ടിച്ചതല്ല... ഞാൻ കുഴിയിൽ ചാടി വീണതാണ്...."
സ്കൂട്ടർ യാത്രക്കാരി എന്നെ തല്ലുന്നവരെ തടയാൻ ശ്രമിച്ചു.അപ്പോഴേക്കും അടിയും ചവിട്ടും കൊണ്ട് ഞാൻ റോഡിൽ വീണിരുന്നു.
********************************
ഷാനവാസ്, എൻ.കൊളത്തൂർ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot