നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#മണിയറയിലെ_കാലൻ


സുജിത് .. മണിയറയിൽ അവളെയും കാത്തിരിക്കുകയാണവൻ . ഒരു പാട് കാലത്തെ പ്രണയം സാദ്ധ്യമായ ദിവസം . അവർ ഒരുമിച്ച് പല സ്വപ്നങ്ങളും കണ്ടു . പാലുമായി അവളിപ്പോൾ കടന്നു വരും . ആദ്യമായി മണിയറക്കകത് അവളെ കാത്തിരിക്കുമ്പോൾ മുന്പെങ്ങുമില്ലാത്ത ഒരു നാണം അവന്റെ മുഖത്തുണ്ട് .
ഫോണിൽ തടവി കൊണ്ടിരിക്കുകായാണ് അവൻ .ആശംസകൾ കൊണ്ട് ഫോൺ നിറഞ്ഞിട്ടുണ്ട് . ഓരോരുത്തർക്കും മറുപടി നൽകി കൊണ്ടിരിക്കെ അവന്റെ പിറകിൽ നിന്നും ഒരു കാൽ പെരുമാറ്റം ..
അവന്റെ മുഖം പ്രസന്ന ഭരിതമായി . നാണം കൊണ്ട് കളം വരയ്ക്കുന്ന അവളെ കാണാൻ അവൻ കട്ടിലിൽ നിന്നും എഴുനേറ്റു നോക്കുമ്പോൾ മുൻപിൽ പരിചിതമല്ലാത്ത ഒരു മുഖം .
മുൻപ് കണ്ടു പരിചയമില്ലാത്ത കൊണ്ട് സുജിത്തിനൊന്നും മനസ്സിലായില്ല . അവൻ നെറ്റി ചുളിച്ചു കാര്യം തിരക്കി .
'' ആരാണ് ... കയ്യിൽ കയറൊക്കെയുണ്ടല്ലോ .. പന്തൽ പണിക്കാരനാണോ ?.. അതോ എന്നെ റാഗ് ചെയ്യാൻ കൂട്ടുകാർ വേഷം കെട്ടിച്ചവരിൽ പെട്ടവരാണോ ? ആരാണ് മനസ്സിലായില്ലല്ലോ ''
'' ഹും .... ഞാനാണ് സാക്ഷാൽ കാലൻ .... നിന്നെ യമലോകത്തേക്ക് കൂട്ടി കൊണ്ട് പോകാൻ വന്നതാണ് . നിന്റെ ഭൂമി വാസം അവസാനിച്ചു . വാ നമുക്ക് പോകാം .. '' കാലൻ ശബ്ദം കനപ്പിച്ചു .
സുജിത് ആകെ പരിഭ്രാന്തനായി . എന്ത് ചെയ്യണമെന്നറിയാതെ ഭയന്ന് വിറക്കുകയാണ് അവൻ . തന്റെ ദുരവസ്ഥയിൽ അവൻ കാലന് മുന്നിൽ കൈ കൂപ്പി അപേക്ഷിച്ചു.
'' രാജൻ ..... എന്നെ വെറുതെ വിടണേ ..''
'' രാജനോ ?... ഞാൻ കാലനാ ... കണ്ട ബാലെ എല്ലാം കണ്ടു അതിലെ ഡയലോഗ് ഇവിടെ ഇറക്കാൻ നോക്കുന്നോ ?.... ''
'' ക്ഷമിക്കണം .. എന്നെ വെറുതെ വിടണം .. ഇന്നെന്റെ കല്യാണമായിരുന്നു . ഒരു പാട് നാളത്തെ പ്രണയത്തിനു ശേഷം പല പ്രശ്നങ്ങളും തരണം ചെയ്താണ് ഞങ്ങൾ വിവാഹം കഴിച്ചത് ... ഒരു പാട് ആഗ്രഹങ്ങൾ ബാക്കിയുണ്ട് . അതെല്ലാം തകർക്കരുത് .. ഞാൻ കാലു പിടിക്കാം ''
സുജിത്തിന്റെ അപേക്ഷ കേട്ട് കാലന്റെ മനസ്സലിഞ്ഞു . ധർമ്മ സങ്കടത്തിലായ കാലൻ അവസാനം ഒരു ഉപാധിയോടെ തിരിച്ചു പോകാമെന്നു സമ്മതിച്ചു .
'' ആറ് മാസം .. ആറ് മാസം കഴിഞ്ഞു ഞാൻ ഒരിക്കൽ കൂടി വരും .. ഇതേ സന്തോഷത്തോടെ നീ കഴിയുന്നുണ്ടെങ്കിൽ നിനക്ക് ഭൂമിയുള്ളിടത്തോളം കാലം മരണമുണ്ടാകില്ല . അല്ലെങ്കിൽ അന്ന് നിന്നെ ഞാൻ യമ ലോകത്തേക്ക് കൊണ്ട് പോകും ... ഡീൽ ? '''
'' ഡീൽ .. ഞാൻ സമ്മതിച്ചിരിക്കുന്നു .. അടുത്ത ജന്മത്തേക്കു വരെയുള്ള സന്തോഷകരമായ ജീവിതത്തിനുള്ള പദ്ധതികൾ ഞങ്ങൾ ഞങ്ങളുടെ പ്രണയ കാലത്ത് ആസൂത്രണം ചെയ്ത് വെച്ചിട്ടുണ്ട് . അത് കൊണ്ട് എനിക്ക് മരണം ഉണ്ടാകില്ല .. അങ്ങുന്നു ധൈര്യമായി പോകു .. യാത്ര ചെയ്തു ക്ഷീണിച്ചതല്ലേ .. കുറച്ചു സംഭാരം എടുക്കട്ടേ .. ''
പുച്ഛം കലർന്ന ചിരിയിൽ മറുപടിയൊതുക്കി കാലൻ തിരിച്ചു പോയി .
സുജിത്തിന്റ ജീവിതം സന്തോഷകമായിരുന്നു . അവർ സ്വപ്നം കണ്ടത് പോലെ ആദ്യ നാളുകൾ കടന്നു പോയി . മരണമില്ലാത്തെ സന്തുഷ്ടയാനായി ഞാനിങ്ങനെ കഴിയും . അവൻ മനസ്സിൽ പലതും കണക്കു കൂട്ടി .
ദിവസങ്ങൾ അവരെ കടന്നു പോയി .. പ്രണയ നാളുകളിലെ മായാ ലോകത്ത് നിന്നും യാഥാർഥ്യത്തിന്റെ ലോകത്തേക്ക് അവർ നടന്നടുത്തു . ഒപ്പം പല അസ്വാരസ്യങ്ങളും അവർക്കിടയിൽ പുകഞ്ഞു കൊണ്ടിരിക്കുന്നു . ദിവസങ്ങൾ പിന്നെയും കടന്നു പോയി കാലൻ പറഞ്ഞ ആറ് മാസ കാലയളവും കഴിഞ്ഞു . *****************
സുജിത് മുറിയിലൂടെ പരിഭ്രാന്തനായി നടക്കുകയാണ് . അവന്റെ ആദ്യ രാത്രിക്കൊരുക്കിയ അതേ മണിയറയിൽ . ആദ്യ രാത്രിയിൽ നവ വധുവിനെ പ്രതീക്ഷയോടെ കാത്തിരുന്നതെങ്കിൽ ഇന്ന് മറ്റാരെയോ കാത്തിരിക്കുകയാണ് . നിരാശയും , ദേഷ്യവും , വിഷമവുമെല്ലാം ആ മുഖത്തുണ്ട് .. ഏറെ നേരം മുറിക്കകത്തു ഭ്രാന്തമായി പുലമ്പി കൊണ്ട് നടന്ന അവൻ കസേരക്ക് മുകളിൽ കയറിൽ , മുകളിൽ കെട്ടി തൂക്കിയ കയർ കഴുത്തിലണിഞ്ഞു നിൽക്കുമ്പോൾ മുന്നിൽ ഒരു വെളിച്ചം വന്നു പ്രത്യക്ഷപ്പെട്ടു ... കാലൻ ....
കയറിൽ നിന്നും കഴുത്തെടുത്തു അവൻ കാലന് നേരെ ചീറിയടുത്തു .
'' ഒരു ഉത്തരവാദിത്തവുമില്ലല്ലോ നിങ്ങൾക്ക് .... ആറ് മാസം കഴിഞ്ഞു ഇന്നേക്ക് മൂന്നു ദിവസം കഴിഞ്ഞിരിക്കുന്നു .. നിങ്ങളെയും കാത്തിരുന്നു ഞാൻ മടുത്തു .. ആത്മഹത്യ ചെയ്യാൻ ധൈര്യം ഉണ്ടായിരുന്നില്ല .... ക്ഷമ നശിച്ചു ഞാൻ അത് ചെയ്യാനിരിക്കുകയായിരുന്നു .... ഇനി അതിന്റെ ആവശ്യമില്ലല്ലോ .. വേഗം എടുക്ക് ജീവൻ .. നമുക്ക് വേഗം പോകാം ....''
ഒരു മാനസിക രോഗിയെ പോലെ ആക്രോശിക്കുന്ന സുജിത്തിന് കാലൻ അവൻ സ്വയം ഒരുക്കിയ കയർ ചൂണ്ടി കാണിച്ചു സൗമ്യമായി പറഞ്ഞു .
'' നിന്റെ ജീവിതം അവസാനിക്കേണ്ടത് ഈ കയറിൽ തന്നെയാണ് .. നിന്റെ കണക്ക് പുസ്തകത്തിൽ അഞ്ഞൂറ്റി പതിനെട്ടാം പേജിൽ അത് വ്യക്തമായി പറഞ്ഞിട്ടുമുണ്ട് . അന്ന് ഞാൻ വന്ന സമയത്ത് ആ സന്തോഷ സമയത്ത് നിന്നെ കൊണ്ട് ആത്മഹത്യ ചെയ്യിക്കാൻ എനിക്കൊരു കാരണം കണ്ടെത്താൻ കഴിഞ്ഞില്ല . ഇപ്പൊ അതിനു ധാരാളം കാരണമുണ്ട് .. വേഗം കുരുക്കിട്ട് ആ കസേര തട്ടി മാറ്റ് .. ''
സുജിത് മരണമില്ലാത്ത ജീവിതമെന്ന വാഗ്ദാനത്തിൽ നിന്നും രക്ഷ നേടി കാലനൊപ്പം യാത്ര തിരിച്ചു .
BY Hafi Hafsal

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot