നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിലാവില്‍,അന്നൊരു മെഹ്ഫില്‍ രാവില്‍


നിലാവില്‍,അന്നൊരു മെഹ്ഫില്‍ രാവില്‍
***************************************************************************
ഇന്ന് നല്ല തണുപ്പുണ്ട്.കടയുടെ ഭിത്തിയോട് കുറച്ചു കൂടി ചേര്‍ന് കിടന്നു.തണുപ്പായാല്‍ ശ്വാസം മുട്ടല്‍ കൂടും.
ചങ്ക് പറിഞ്ഞു പോകുന്ന ചുമ തുടങ്ങും.
കവലയില്‍ ഒരു ജീപ്പ് വന്നു നില്‍ക്കുന്ന ശബ്ദം കേള്‍ക്കുന്നു.ഉള്ളില്‍ നിന്ന് കഫത്തിന്റെ ചുമടുമായ് ഒരു ചുമ നെഞ്ചു മാന്തുന്നു.പക്ഷെ ചുമ അടക്കി പിടിക്കണം.
ചുമയ്ക്കുന്നന് ശബ്ദം കേട്ടാല്‍ ചിലപ്പോള്‍ പോലീസുകാര്‍ ചൂരലുമായി വന്നു ദേഹത്ത് കുത്തി എഴുന്നേല്‍പ്പിക്കും.ഒരു കിഴവന്‍ യാചകനാണെന്ന് അവര്‍ പരിഗണിക്കില്ല.
വണ്ടി പോയപ്പോള്‍ വേച്ചു വേച്ചു എഴുന്നേറ്റു തുപ്പി.റോഡിനരികിലെ തെരുവു വിളക്കിലെ വെളിച്ചത്തില്‍ നോക്കി.കഫമല്ല ,ചോരയാണ് തുപ്പിയത്.
രാത്രി നിശബ്ദമാണ്.കോഴിക്കോടിനു ഇനി ബസ്സുകള്‍ ഒന്നും വരാനില്ല.ദൂരെ നായ്ക്കള്‍ ഓരിയിടുന്നു.ഈ രാത്രി താന്‍ വെളുപ്പിക്കുമോ?
ദൂരെ ഒരു പാട്ട് കേള്‍ക്കുന്നു.ചെവി കൂര്‍പ്പിച്ചു.ഇത് ആ പാട്ട് തന്നെയല്ലേ ?
അതോ,വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഓര്‍മ്മകളില്‍ നിന്ന് താന്‍ കേള്‍ക്കുന്നതോ?
കല്ലായിയില്‍ നിന്ന് കുറച്ചു അകലെയായിട്ട് ആയിരുന്നു ആ കല്യാണവീട്.അന്നൊക്കെ കോഴിക്കോട്,പ്രദേശത്ത് ,കല്യാണ വീടുകളില്‍ മെഹ്ഫില്‍ നടത്തുന്നത് സാധാരണമാണ്.അതൊരു സംഗീത സദസ്സ് ആണ്.വലിയ പാട്ടുകാര്‍ പുറത്തു നിന്ന് വന്നു പാടും.ഹിന്ദുസ്ഥാനി സംഗീതം,ഗസലുകള്‍...
ഒപ്പം വിരുന്നുകാര്‍ക്ക് , നെയ്‌ച്ചോറും ഇറച്ചിക്കറിയും,അല്ലെങ്കില്‍ ബിരിയാണി.
എനിക്ക് അന്ന് ഒരു പതിനേഴു വയസ്സ് കാണും.കല്ലായിയിലെ ഒരു തടിമില്ലില്‍ ആയിരുന്നു പണി.
അന്നും ഇത് പോലെ ഒരു രാത്രിയായിരുന്നു.സത്യം പറഞ്ഞാല്‍,അതിനും ശേഷം ആ പാട്ട് കേള്ക്കുന്ന എല്ലാ രാത്രിയും ,ആ രാത്രി തന്നെ ആണെന്നു വരെ എനിക്ക് തോന്നാറുണ്ട്.
ഈ കടത്തിണ്ണയില്‍,കീറി പറിഞ്ഞ ഒരു തുണി കൊണ്ട് പുതച്ചു മൂടി കിടക്കുമ്പോഴും ,ഉള്ളില്‍ ഇപ്പോഴും ആ ഗാനമുമുണ്ട്.പകല്‍, അനാഥനും രോഗിയുമായ ഈ വൃദ്ധയാചകന് ,ആളുകള്‍ ഭിക്ഷ എറിഞ്ഞു തരാന്‍ കാത്തിരിക്കുമ്പോഴും ഉള്ളില്‍ എരിയുന്ന ഒരു സന്തോഷത്തിന്റെ രഹസ്യമുണ്ട്.ആ ഗാനം ആദ്യം കേട്ട ഒരാള്‍ ഞാന്‍ ആണെന്ന സന്തോഷം.
ആ രാത്രിയില്‍ ആ കല്യാണവീട്ടില്‍ ഞാനും ഉണ്ടായിരുന്നു..തടി മില്ലിന്റെ മുതലാളിയുടെ ബന്ധുക്കാരന്റെ വീട്ടില്‍ ആയിരുന്നു കല്യാണം.അവിടെ ഭക്ഷണം ഉണ്ടാക്കാനും വിളമ്പാനും ഓക്കെ സഹായിക്കാന്‍ ചെല്ലാന്‍ മുതലാളി നിര്ദ്ദേശിച്ചു.
നിലാവ് വീണു കിടക്കുന്ന കല്ലായി പുഴയുടെ തീരം.പുഴയോരത്തെ കാടുകളില്‍ തണുപ്പുണ്ടായിരുന്നു.കല്ലായിയിലെ മില്ലുകളില്‍ നിന്ന് ,വെട്ടി ചീകിയ പല തരം തടികളുടെ ഗന്ധം.
പുഴയുടെ തീരം പറ്റി കല്യാണ വീട്ടിലേക്ക് വേഗം നടന്നു.ഉള്ളു പടപട മിടിക്കുന്നുണ്ടായിരുന്നു.പുഴയുടെ തീരത്തെ കുന്നിന്‍മുകളില്‍ നിന്ന് ചൂട്ടുകറ്റകള്‍ താഴേക്ക് മിന്നി വരുന്നത് കണ്ടു.എല്ലാവരും കല്യാണവീട്ടിലേക്ക് പോവുകയാണ്.
കാരണം ,അന്ന് രാത്രിയില്‍ പാടാന്‍ എത്തുന്നത്‌ പാട്ടിന്റെ തമ്പുരാന്‍ ആണ്.
തളിരിട്ട കിനാവുകളുടെ ഗാന ഗന്ധര്‍വന്‍..സബീര്‍ ബാബു എന്ന ബാബുരാജ് മാസ്റ്റര്‍...
അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും മനസ്സിലുണ്ട്.കടപ്പുറത്ത്,ഓരോ പരിപാടി വരുമ്പോഴും ,തെങ്ങില്‍ ഉയര്ത്തി വച്ച കോളാമ്പിയില്‍ നിന്ന് ഉതിര്ന്നു വീഴാന്‍ കാത്തിരുന്നത് ശബ്ദം ആയിരുന്നില്ല.പ്രണയം ആയിരുന്നു.
രണ്ടു വര്‍ഷം മുന്പാ്യിരുന്നു ഭാര്‍ഗവീവീനിലയം പുറത്തിറങ്ങിയത്. മില്ലിലെ പണി കഴിഞ്ഞു ,വൈകുന്നേരം കൊട്ടകയുടെ സമീപത്തു പോയി നില്ക്കും .അഞ്ചു മണി ആവുമ്പോള്‍ കേള്ക്കാ ന്‍...
അതിലെ ജാനകി പാടിയ വാസന്ത പഞ്ചമി നാളിലും...അനുരാഗമധു ചഷകവും എത്ര വട്ടം കേട്ടിരിക്കുന്നു.
പിന്നെ താമസമേന്തെ വരുവാന്‍...യേശുദാസിന്റെ വികാരാര്‍ദ്രമായ സ്വരം...അത് കേള്ക്കുമ്പോള്‍ ,ആ കരിനീലമിഴികള്‍ ഓര്‍മ്മ വരും.
എപ്പോഴും മനസ്സില്‍ ആ പാട്ട് മാത്രമായിരുന്നു.
ആ കരിനീലമിഴികള്‍,പേര്‍ഷ്യയില്‍ ജോലിയുള്ള ,അങ്ങാടിയിലെ ഒരു മുതലാളി സായ്‌വിന്റെ മകന്‍ സ്വന്തമാക്കി..മില്ലില്‍,പണി എടുക്കുന്ന യത്തീമിന് പ്രണയം പറഞ്ഞിട്ടില്ല.
കടപ്പുറത്ത്,പഞ്ചാരമണലില്‍ കിടന്നു കൊണ്ട് സന്ധ്യകളില്‍ ആ പാട്ട് കേള്ക്കും .അപ്പോള്‍ തോന്നും തനിക്ക് വേണ്ടിയാണ് യേശുദാസ് അത് പാടുന്നതെന്ന്.ആ പാട്ടിന്റെ ഈണം ,മുറിഞ്ഞ ഒരു ഹൃദയത്തിലെ ചോരത്തുള്ളികള്‍ ആണെന്ന് പലപ്പോഴും തോന്നി.
അതിനു ഈണം പകര്‍ന്ന മാസ്റ്റര്‍ ഇന്ന് പാടാന്‍ വരുന്നു.ആദ്യമായാണ് അദ്ദേഹത്തെ കാണാന്‍ സാധിക്കുന്നത്.
കല്യാണവീട്ടില്‍ നല്ല തിരക്കുണ്ട്‌.ചെന്നയുടനെ താമസിച്ചു വന്നതിനു മാറ്റി നിര്ത്തി് മുതലാളി ശബ്ദം കുറച്ചു ചീത്ത വിളിച്ചു.പിന്നെ അടുക്കളപ്പുരയിലെക്ക് അയച്ചു.
കോഴിക്കറിയുടെയും ബിരിയാണിയുടെയും ഗന്ധം.വയ്പ്പുകാരുടെ കൂടെ കൂടി.വലിയ പന്തലിനു കീഴില്‍ അതിഥികള്‍ ഇരിക്കുന്നു.അവരുടെ മുന്നില്‍ മുറ്റത്ത്‌ ഹൂറിമാരുടെ ഒപ്പനച്ചുവടുകള്‍.
പൊടുന്നനെ സദസ്സില്‍ ഒരു ചെറിയ ആരവം കേട്ടു.
"മാസ്റ്റര്‍ വന്നൂന്ന് തോന്നുന്നു.."പുറത്തു പോയി നോക്കാന്‍ കഴിഞ്ഞില്ല.
ഒരു ചെറിയ നിശബ്ദത.പിന്നെ ഒരു ഹാര്‍മോണിയത്തിന്റെ മധുരശബ്ദം.
ഒരു ഖവാലിയോടെയാണ്* മാസ്റര്‍ തുടങ്ങിയത്.പിന്നെ ഇശലുകള്‍ ഓരോന്നായി ,ആ ഗന്ധര്‍വശബ്ധത്തില്‍ ആത്മാവിലേക്ക് വീഴുകയാണ്.
ഭക്ഷണം വിളമ്പാന്‍ അപ്പുറത്ത് ചെന്നപ്പോള്‍ കണ്ടു.
വേദിയില്‍,പാന്റ്സും ഷര്ട്ടും ,തിളങ്ങുന്ന കസവ് ഷാളുമണിഞ്ഞു ഹാര്മോനണിയത്തില്‍ വിരലുകള്‍ ഓടിക്കുന്ന മാന്ത്രികന്‍...ഭക്ഷണം വിളമ്പുന്നതിനിടയില്‍ ,വധുവിനെ മൈലാഞ്ചി അണിയിക്കുന്ന മൊഞ്ചത്തിമാരില്‍ ഒരാളുടെ നോട്ടം ഉടക്കി.
മാസ്റര്‍ അപ്പോള്‍ മൂടുപടത്തിലെ പാട്ടായിരുന്നു പാടി കൊണ്ടിരുന്നത്.
"തളിരിട്ട കിനാക്കള്‍ തന്‍,താമര മാലയുമായി..."
ആ ഒരു നിമിഷം ,സ്വപ്ന തുല്യമായ ഒരു നിമിഷമായിരുന്നു.ആത്മാവില്‍ ,വരും ജന്മങ്ങളില്‍ വരെ ഓര്‍മ്മയില്‍ നില്ക്കുന്ന ഒരു നിമിഷം.
ആ ഗായകന്റെ മധുര ശബ്ദം.തളിരിട്ട കിനാക്കള്‍ എന്ന് ആലപിക്കുമ്പോള്‍,ചുവന്ന മൈലാഞ്ചി കൈകള്‍ വിടര്‍ത്തി ,പാനീസ് വിളക്കിന്റെ വെളിച്ചത്തില്‍ എന്നെ നോക്കുന്ന ചുവന്ന കവിളുകള്‍ ഉള്ള ഹൂറിയുടെ മിഴികള്‍..പുറത്തു കടല് പോലെ നിലാവ്.
നേരം വൈകി.അല്പം കഴിഞ്ഞപ്പോള്‍ മുതലാളി വിളിപ്പിച്ചു.
"നിനക്ക് ചെരികുളത്തൂര് പോകാന്‍ അറിയാമോ..അവിടെ നിന്റെ ബന്ധുക്കള്‍ ആരോ ഇല്ലേ..?."
"അറിയാം..ഒരു കുറുക്കു വഴിയുണ്ട്..പക്ഷെ കുറച്ചു ദൂരമേ വഴി ഉള്ളു.കുതിരവണ്ടി പോകില്ല.പിന്നെ തെങ്ങിന്‍ തോപ്പുകള്‍ വഴി ഇടവഴിയിലൂടെ നടക്കണം."
മുതലാളി പറഞ്ഞ കാര്യം കേട്ടു ഒന്ന് ഞെട്ടി.
ബാബുരാജ് മാസ്ററിന്റെ കൂടെ അവിടെ പോകണം....അവിടെ മാസ്റ്ററിന്റെ അകന്ന ബന്ധത്തില്‍ ഉള്ള ഒരാള്‍ അസുഖ ബാധിതനായി കിടക്കുന്നു.അദ്ദേഹത്തെ കണ്ടത്തിനു ശേഷം തിരികെ ഉടനെ വരണം.മാസ്റ്ററിന് മദ്രാസില്‍ പാട്ടിന്റെ റിക്കോര്‍ഡിംഗിന് പോകണം...
തലയാട്ടി.അല്പം കഴിഞ്ഞപ്പോള്‍ മാസ്റര്‍ വന്നു.
"ഈ പയ്യന്റെ കൂടെ വരും..മാസ്റര്‍ തിരികെ വന്നിട്ട് കുതിരവണ്ടിയില്‍ പുലര്‍ച്ചെ കോഴിക്കോടിനു പോകാം..." മുതലാളി പറഞ്ഞു.
നിലാവ് പരന്നത് പോലെ സൗമ്യമായ ചിരി മാസ്ററുടെ മുഖത്ത് വിരിഞ്ഞു.
വിളക്കും പിടിച്ചു അങ്ങോട്ട്‌ നടക്കുബോള്‍ കുറച്ചു പേര്‍ കൂടെ വരാന്‍ ഒരുങ്ങി.മാസ്റര്‍ വിലക്കി.
"വേണ്ട,ഞാനും ഇവനും മതി.കല്യാണരാത്രിയില്‍ എല്ലാവരും കൂടി രോഗിയെ കാണാന്‍ പോകുന്നത് ഭംഗിയല്ല."
പാനീസ് വിളക്ക് ഉയര്‍ത്തി പിടിച്ചു മുന്നില്‍ നടന്നു.മാസ്ററോട് സംസാരിക്കാന്‍ മടിച്ചു.
പക്ഷെ മാസ്റര്‍ പേര് ചോദിച്ചു.എവിടെയാണ് പണി എടുക്കുന്നത് എന്ന് ചോദിച്ചു.എന്താണ് പഠിക്കാന്‍ പോകാത്തത് എന്ന് ചോദിച്ചു.
എല്ലാത്തിനും മറുപടി പറഞ്ഞു.
"സാരമില്ല,അള്ളാ നിനക്ക് ഒരു വഴി കാണിച്ചു തരും.എനിക്ക് തന്നത് പോലെ.എല്ലാവര്ക്കും തരുന്നത് പോലെ."
ഉള്ളില്‍ തോന്നിയ പേടി മാറി.തകര്‍ന്ന പ്രണയവും,മാസ്റര്‍ ഈണം ഇട്ട ഗാനങ്ങളില്‍ ചിലതിനോടുള്ള ഇഷ്ടവും പറഞ്ഞു.ചിരിയായിരുന്നു മറുപടി.
"മാസ്റര്‍,ഇന്ന് എന്താണ് 'താമസം എന്തേ വരുവാന്‍' ,പാടാഞ്ഞത് ..?"
"മനസ് നിറഞ്ഞു ഇന്ന് അത് പാടാന്‍ കഴിയില്ല മോനെ..."
"അതെന്താ മാസ്റര്‍"..?
"ഭാസ്ക്കരന്‍ മാഷിന്റെ പുതിയ സിനിമയിലെ പാട്ടുകള്ക്ക് ഈണം ഇടുകയാണ്. ഒരു പ്രേമ കവിത മാസ്റര്‍ തന്നിട്ടുണ്ട്.കുറച്ചു ദിവസമായി.വേറെ ഒരു ഈണവും തല്‍ക്കാലം മനസ്സില്‍ വരുന്നില്ല.മനസ്സിലെ സംഗീതം മുഴുവന്‍ ആ കവിതയ്ക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയാണ്.ആ കവിത ഇപ്പോള്‍ കാണാതെ അറിയാം..എങ്കിലും അതിന്റെറ ഒപ്പം നില്ക്കു ന്ന ഒരു ഈണം മനസ്സില്‍ വരുന്നില്ല.."
തെങ്ങിന്തോപ്പുകള്ക്കിടയിലെ ചെറിയ വഴിയിലൂടെ ഞങ്ങള്‍ നടക്കുകയാണ്.എല്ലായിടത്തും നിലാവ് വീണു കിടക്കുന്നു.അതില്‍ ചെറു കാറ്റില്‍ ഇളകുന്ന ഓലകളുടെ പ്രതിഫലനം.
ഒരു ഹാര്‍മോണിയത്തിന്റെ സ്വരം കേട്ടു.മാസ്റര്‍ നിന്നു ചെവിയോര്‍ത്തു..ഇടവഴിക്കപ്പുറം തെങ്ങിന്തോപ്പിനരികിലെ ഒരു ചെറിയ വീട്ടില്‍ നിന്നാണ്.
"താമസമേന്തെ വരുവാന്‍.....പ്രാണസഖീ..."
ഒരു വൃദ്ധന്റെ ദുര്‍ബലമായ സ്വരം.
അല്പം പാടിയതിന് ശേഷം ആ സ്വരം ഇടറുന്നു.
"നമ്മുക്ക് അവിടെ ചെന്നു നോക്കാം."മാസ്റര്‍ പറഞ്ഞു.
ഞങ്ങള്‍ ആ ചെറുവീടിന്റെ ജനാലക്കല്‍ പോയി നോക്കി.കണ്ണ് കാണാന്‍ വയ്യാത്ത ഒരു വൃദ്ധനാണ് ആ ഹാര്‍മോണിയത്തില്‍ വിരലുകള്‍ മീട്ടി പാടുന്നത്.മുറിയില്‍ കട്ടിലില്‍ ഒരു സ്ത്രീ കിടക്കുന്നു.
"താമസമേന്തെ വരുവാന്‍.....പ്രാണസഖീ.എന്റെ മുന്നില്‍...
താമസമെന്തേ അണയാന്‍...പ്രേമമയീ എന്റെ കണ്ണില്‍..."
മാസ്റര്‍ വാതിലില്‍ കൊട്ടി.അത് ചാരിയിട്ടിരുന്നത് മാത്രേയുള്ളൂ.
"അകത്തേക്ക് വരൂ...ആരാണ് എന്ത് വേണം.."
ഞങ്ങള്‍ അകത്തു കടന്നു.കള്ളന്മാര്‍ അവിടെ നിന്ന് എന്ത് കൊണ്ട് പോകാനാണ്?ദരിദ്രമായ ഒരു മുറി മാത്രം..
"ഈ ഹാര്‍മോണിയം വായിക്കുന്നത് കേട്ടിട്ട് വന്നതാണ്‌..ഈ പാട്ട് കേള്ക്കാ ന്‍ ഒരു ആഗ്രഹം..."
മാസ്റര്‍ പറഞ്ഞു.
"ഈ പാട്ട് എനിക്ക് പാടാന്‍ കഴിയില്ല.ഞാന്‍ ഇത് കുറെ നേരമായി പാടാന്‍ ശ്രമിക്കുന്നു.ഇന്ന് കവലയില്‍ ഈ പാട്ട് പാടാന്‍ ശ്രമിച്ചു ഞാന്‍ തോറ്റ് പോയി.ശബ്ദം ഇടറുന്നു.പിന്നെ ഒരു അന്ധഗായകന്‍ ആയതു കൊണ്ടാകും ആരും കൂകിയില്ല." വൃദ്ധന്‍ പറഞ്ഞു.
"ഞാന്‍ ഒന്ന് ശ്രമിക്കട്ടെ..."മാസ്റര്‍ പറഞ്ഞു.
അതൊരു പഴയ ഹാര്‍മോണിയം ആയിരുന്നു.അതിന്റെ കട്ടകളില്‍ അദ്ദേഹം മെല്ലെ വിരലോടിച്ചു.പിന്നെ ആ ഗാനം പാടി.
ഞങ്ങള്‍ നിശബ്ദരായി അത് കേട്ടു.പുറത്തു നിലാവ് പെയ്തു കൊണ്ടിരുന്നു.ആത്മാവില്‍ ആരോ തൊടുന്നു.
പാട്ട് തീര്‍ന്നപ്പോള്‍ ആ വൃദ്ധന്റെ കണ്ണുകള്‍ നിറഞ്ഞു.
"എത്ര മനോഹരമായി നിങ്ങള്‍ പാടുന്നു...എന്റെ ഭാര്യക്ക് ഇത് കേള്കാ‍ന്‍ കഴിഞ്ഞില്ലലോ.."അയാള്‍ ആ സ്ത്രീയുടെ ശിരസ്സ് തടവി.
അയാളുടെ ഭാര്യക്ക് ചെവി കേള്ക്കില്ല.അയാള്‍ കവലകളില്‍ ഹാര്‍മോണിയം വായിച്ചു അയാള്‍ പാട്ട് പാടിയാണ് ജീവിച്ചു പോന്നത്.കുറച്ചു ദിവസം മുന്പ് അവര്‍ ആശുപത്രിയിലായി.ഏതോ ഗുരുതരമായ അസുഖം കരളിനെ ബാധിച്ചിരിക്കുന്നു.ഇനി ആശുപത്രിയില്‍ കിടത്തിയിട്ട് കാര്യമില്ല.അതിനുള്ള പണവുമില്ല.
"എന്റെ ഒരു പാട്ട് പോലും അവള്‍ കേട്ടിട്ടില്ല...നാളെ അവള്‍ മരിച്ചാല്‍....അവളെ ഖബര്‍ അടക്കാന്‍ ഉള്ള കാശ് പോലും എന്റെ കയ്യില്‍ ഇല്ല......"വൃദ്ധന്‍ പറഞ്ഞു.
ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു.
"ഒരിക്കല്‍ കൂടി നിങ്ങള്‍ അത് പാടുമോ?"അയാള്‍ ചോദിച്ചു.
മാസ്റര്‍ വീണ്ടും പാടി.ഞങള്‍ ആ സ്വര്ഗീയഗാനത്തില്‍ ലയിച്ചു.
"ആര്‍ക്കും ..ഇത് പോലെ പാടാന്‍ ആകില്ല..മാസ്റര്‍ ബാബുരാജിന് അല്ലാതെ..നിങ്ങള്‍...നിങ്ങള്‍ സബീര്‍ ബാബു ആണോ...അതെ..നിങ്ങള്‍ ബാബുരാജ് തന്നെ..."ഇടറിയ സ്വരത്തില്‍ അതിശയത്തോടെ വൃദ്ധന്‍ പറഞു.
"ശരിയാണ്..ഇത് മാസ്റര്‍ തന്നെയാണ്..."ഞാന്‍ അയാളോട് പറഞ്ഞു.
"ഒരു ഗാനം കൂടി ഞാന്‍ പാടാം.."മാസ്റര്‍ പറഞ്ഞു.ഞാന്‍ ജനാല തുറന്നു.കല്ലായിപുഴ കടന്നു തെങ്ങിന്‍ തോപ്പിലൂടെ ഒരു ചെറുകാറ്റ് കടന്നു വന്നു.
അല്പനേരം നിശബ്ദനായി ഇരുന്നതിനു ശേഷം മാസ്റര്‍ ഹാര്‍മോണിയത്തിന്റെ കട്ടകളില്‍ വിരലോടിച്ചു.ആ വിരല്തുമ്പിലെക്ക്,പഴകിയ ഹാര്‍മോണിയകട്ടകളിലെക്ക്, പുറത്തു മടിച്ചു നിന്ന നിലാവിന്റെ തുള്ളികള്‍ പൊഴിഞ്ഞ് വീണു.
"മായാത്ത മധുരഗാന മാലിനിയുടെ കല്പടവില്‍...
കാണാത്ത പൂങ്കുടിലില്‍ കണ്മ ണിയെ കൊണ്ട് പോകാം..."
ശോകസാന്ദ്രമായ ആ വരികള്‍ ഞാന്‍ ഇതിനു മുന്പ് കേട്ടിടുണ്ടായിരുന്നില്ല..
ആകാശത്തിന്റെ രാത്രി ഉദ്യാനങ്ങളിലെ മേഘപടവുകളില്‍ നീല നക്ഷത്രമുല്ലകള്‍ വിടര്‍ന്നു..നേര്‍ത്ത നിലാവിന്റെ സാന്ദ്രമായ അലകള്‍,തെങ്ങിന്തോപ്പിനെ ഒരു ഗാന്ധര്‍വ ലോകമാക്കി.
..
മാസ്റര്‍ വീണ്ടും പാടി...വരികള്‍ ഓര്‍മ്മയില്‍ നിന്ന് എടുക്കുന്നത് പോലെ...വേറെ ഏതോ ലോകത്തില്‍ ,വേറെ ഏതോ ജന്മത്തിലെ ശോകമൂകമായ ഒരു ഓര്‍മ്മയില്‍ മുഴുകിയത് പോലെ...
"പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍...
ഗാനലോക വീഥികളില്‍ വേണുവൂതും ആട്ടിടയന്‍...
പൊന്തി വരും സങ്കല്പത്തിന്‍ പൊന്നശോക മലര്‍വനിയില്‍...
ചന്തമെഴും ചന്ദ്രിക തന്‍ ചന്ദനമണി മന്ദിരത്തില്‍
സുന്ദരവസന്ത രാവില്‍ ഇന്ദ്രനീല മണ്ഡപത്തില്‍...
എന്നുമെന്നും താമസിക്കാന്‍ എന്റെര കൂടെ പോരുമോ..."
ആ ഗാനം ആദ്യമായാണ് കേട്ടതെങ്കിലും...എന്റെയും വൃദ്ധന്റെയും ഉള്ളില്‍ ആ സംഗീതം എവിടെയോ മറഞ്ഞു കിടന്ന ഓര്‍മ്മകളെ തഴുകി.വേദനിച്ചു കിടന്ന മുറിവുകളില്‍ സാന്ദ്രമായ സംഗീതം ഒരു തൈലം ഇറ്റ്‌ വീഴുന്നത് പോലെ കുളിര്‍പ്പിക്കുന്നു..ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു തൂവുന്നത് ഞങ്ങള്‍ അറിഞ്ഞില്ല.
ആ രാത്രി അവസാനിച്ചു.എല്ലാ രാത്രികളും അവസാനിക്കുന്നു.
നായ്ക്കളുടെ ഓരിയിടല്‍ നിന്നിരിക്കുന്നു.ഉള്ളിലെ ചങ്ക് പറിയുന്ന വിഷമം മാറിയിരിക്കുന്നു.ഒരു തൂവല് പോലെ സ്വയം തോന്നുന്നു.ചുറ്റും നിലാവിന്റെ വെളുത്ത കടല് മാത്രം.ആ രാത്രിയിലെ പോലെ.
അതെ. എന്റെ എല്ലാ രാത്രികളും ആ രാത്രി തന്നെയാണ്.ആ രാത്രിയില്‍ തന്നെയാണ് ഞാനിപ്പോഴും
.
(അവസാനിച്ചു)
*******
1.ഇത് ഒരു കഥ മാത്രമാണ്.ഇങ്ങനെ ഒന്ന് നടന്നിട്ടില്ല.
2.ഖവാലി മെഹ്ഫില്‍ ആരംഭിക്കുമ്പോള്‍ പാടുന്ന ചില നീണ്ട ഹിന്ദി ഗാനങ്ങള്‍ ആണ്.

By
Anish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot