പുണ്യാളൻ
-----------------
ആത്മസംഘർഷങ്ങളുടെ താഴ്വരയിൽ നിസ്സഹായനായി നീ നിൽക്കുമ്പോൾ.....
നിനക്ക് നേരെ ചൂണ്ടപ്പെടുന്ന ആയിരം ചൂണ്ടു വിരൽ തുമ്പുകളിൽ നിന്നും.....
പായുന്ന രോഷാഗ്നിയുടെ ചോദ്യ ശരങ്ങൾ നിന്റെ ശിരസ്സ് പിളർത്താതിരിക്കാൻ.....
നിന്നിലേക്ക് നീ നോക്കുക....
നിന്റെ കൈകൾ ശുദ്ധമാണോ എന്നറിയുക.... നിന്റെ മനസ്സ് ശുദ്ധമാണോ എന്നറിയുക......
ഇന്നലെകളുടെ വഴികളിൽ പുൽകൊടികളെന്നു കരുതി നീ ചവിട്ടി മെതിച്ചവർ .....
ഒരുമിച്ചൊരു കെട്ടായി ഒരുനാൾ നിന്റെ നേരെ വരുമ്പോൾ....
ആ നോട്ടം കാണാനാകാതെ....
ആ ചോദ്യം കേൾക്കാനാകാതെ....
നിന്റെ ശിരസ്സ് കുനിയുമ്പോൾ....
ഓർക്കുക മർത്യാ....
നീയും നിന്റെ ശരികളും ...
വലിയ തെറ്റുകളായിരുന്നെന്ന്....
ഇന്നിന്റെ ലോകത്ത് നീയൊരുപക്ഷേ.....
രാജാവായിരിക്കാം......
എങ്കിലും ഒന്നറിയുക നീ...
അസത്യങ്ങളുടെയും അനീതിയുടെയും കാർമേഘങ്ങൾക്ക് .....
ഒരുപാട് നാളാകാശത്ത് നിൽക്കുവാൻ കഴിയില്ല എന്ന സത്യം....
ഇന്നല്ലെങ്കിൽ നാളെ നേരിന്റെ സൂര്യനവിടെ വരുമ്പോൾ
ഉരുകിയൊലിക്കും നീ സൃഷ്ടിക്കും പുകമറ.....
അതുവരെ നിന്റെ ചുവട്ടിൽ അടങ്ങി കിടക്കുന്ന പട്ടികളെന്നു നീ കരുതുന്നവർ സടകുടഞ്ഞെഴുന്നേൽക്കുമപ്പോൾ....
അവരുടെ ഇടയിലൂടെ നീ ചവിട്ടി വീഴ്ത്തിയവർ നിന്റെ മാറു പിളർന്നു രക്തം കുടിക്കാൻ കൊതിയോടെ വരുമപ്പോൾ
അത് കാണണ്ടെങ്കിൽ.......
നീ വീഴ്ത്തിയ കണ്ണുനീരുകൾ നിന്നെ പൊള്ളിക്കരുതെങ്കിൽ....
നിർത്തുക.....
മടങ്ങുക.....
നന്മയിലേക്ക് മടങ്ങുക......
നിന്റെ കപടതയുടെ മുഖം മറക്കും നിഷ്കളങ്കന്റെ മുഖം മൂടി വലിച്ചു പറച്ചു കളയുക......
മുട്ടനാടുകളെ തമ്മിലിടിപ്പിക്കും ചെന്നായെ നിന്റെ മരണമെന്നും അതിനിടയിൽ പെട്ട് തന്നെ...
പണ്ടത്തെ കഥയിലും.... ഇന്നത്തെ കഥയിലും.... ഇനി നാളെയൊരു കഥയുണ്ടായാൽ അതിലും....
അതിഭീകരമായൊരു വിധി ദിവസം നിനക്ക് മുമ്പിൽ ഞാൻ കാണുന്നു....
അന്നാദ്യമായി നിന്റെ നാവുകൾക്ക് ചങ്ങല പൂട്ടുകൾ വീഴും.....
അന്നാദ്യമായി നിന്റെ കണ്ണുകളിൽ പകപ്പ് ഞാൻ കാണും.....
അന്നാദ്യമായി നിസ്സഹായത നിന്റെ മുഖത്തു ഓളം വെട്ടുന്നത് ഞാൻ കാണും....
ആയിരമായിരം ചാട്ടവാറുകൾ അന്തരീക്ഷത്തിൽ സംഗീതം പൊഴിക്കുന്നത് ഞാൻ കേൾക്കും....
അതിലുമുറക്കെ.....
അതിലുമുറക്കെ നിന്റെ ആർത്തനാദം ഞാൻ കേൾക്കും......
പുഞ്ചിരിയുടെ തേൻ പുരട്ടി നീ എയ്യുന്ന വിഷയമ്പുകൾ കൊണ്ട് മരിച്ചവരെ നീ കാണുന്നുവോ.....
ആ വിഷയമ്പുകൾ നാളെ നിന്റെ നേരെ വന്നാൽ ഒളിക്കാൻ കാടുണ്ടോ മർത്യാ....
ഇനിയും നീ തിരുത്താൻ തയ്യാറായില്ലെങ്കിൽ അന്നിന്റെ ലോകത്തേക്ക് ഇന്നേ ചുവട് വെക്കുന്നു ഞാൻ....
അന്ന് നിന്നെ കാണാൻ ഇന്ന് ഞാൻ ഒരുങ്ങുന്നു.....
മാനവനായി പിറന്നവനെല്ലാമിത് ബാധകം.....
ജയ്സൺ ജോർജ്ജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക