നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജീവിതം

ജീവിതം
'ഡോക്ടർ..... എനിക്ക് ഇനി എത്ര കാലം ഗ്യാരണ്ടിണ്ട് ' ശരത്തിന്റെ സ്വരത്തിന് ഇടർച്ചയോ നിരാശയോ ഒക്കെ ഉണ്ടായിരുന്നു.എന്നിട്ടും ചുണ്ടിൽ ഒരു വിളറിയ ചിരി മായാതെ നിന്നു.
ഡോക്ടർ അയാളുടെ തോളിൽ കൈവെച്ചു.
' ലുക് മിസ്റ്റർ ശരത്.... മെഡിക്കൽ സയൻസിന് ഒന്നും ചെയ്യാനില്ലെന്നല്ലേ ഞാൻ പറഞ്ഞുള്ളൂ. ഞങ്ങടെ ശാസ്ത്രം തോറ്റിടത്ത് മനസ്സ് വിജയിച്ച അനുഭവങ്ങളുണ്ട്.'
അദ്ദേഹം നീട്ടിയ പുസ്തകങ്ങൾ വാങ്ങുമ്പോൾ തന്റെ കൈകൾക്ക് വിറയൽ ബാധിച്ചിരിക്കുന്നത് അയാൾ കണ്ടു.
'ആം റിയലി സോറീ ശരത്ത്.... ഇറ്റ്സ് ടൂ ലേറ്റ് '
അവിടെ നിന്ന് മടങ്ങുമ്പോഴും ആ നനഞ്ഞ വാക്കുകൾ തന്റെ അന്തരംഗങ്ങളിൽ വീണ്ടും വീണ്ടും പുതിയ അഗ്നി ഗോളങ്ങൾ സൃഷ്ടിക്കുന്നല്ലോ.
വീട്ടിലെ പോർച്ചിൽ കാർ നിർത്തിയപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്. ആശുപത്രിയിൽ നിന്ന് ഇറങ്ങിയത് മാത്രം ഓർമയുണ്ട്. പിന്നീടെപ്പോഴാണ് കാറിൽ വന്നു കയറിയത്..... ഡ്രൈവ് ചെയ്തത്....
ഒന്നും അറിഞ്ഞതു പോലുമില്ല.
'എന്താ ശരത് ഈ നേരത്ത്.?'അവളുടെ മുഖത്തെ അമ്പരപ്പ് അയാൾ വായിച്ചെടുത്തു. അവളെങ്ങോട്ടോ പോകാനിറങ്ങിയതാണെന്നു തോന്നുന്നു.
'ഒന്നുല്ല..... ചെറിയ ഒരു തലവേദന'
തത്ക്കാലം നന്ദു ഒന്നും അറിയണ്ട. അവൾക്കത് സഹിക്കാൻ പറ്റില്ല.... തന്റെ ഭാര്യയാകുന്നത് വരെ അനാഥത്വത്തിന്റെ കയ്പ്പു തിന്നു ജീവിച്ചവളാണ്. ഇനിയും....
ശരത് അകത്തു കയറി. അവശതയോടെ കിടക്കയിൽ ചെന്ന് വീണു .തല വെട്ടിപ്പൊളിയ്ക്കുന്ന വേദന. അയാൾ തലയിണയിൽ മുഖമമർത്തി. അ കണ്ണുകൾ നിറഞ്ഞൊഴുകി.തലയിണ നനഞ്ഞു കുതിർന്നു .
'നല്ല വേദനയുണ്ടോ?' അവളുടെ വിരലുകൾ ആ മുടിയിഴകളിലൂടെ പാഞ്ഞു നടന്നു .
' ഇപ്പൊ കുറവുണ്ട്.'
അയാൾ വേദന കടിച്ചമർത്തി. നിറഞ്ഞ കണ്ണുകളും നനഞ്ഞ തലയിണയും അവൾ കാണാതിരുന്നെങ്കിൽ..... അയാൾ മുഖമുയർത്തിയതേ ഇല്ല .
'ശരത്..... ഞാൻ വിളിക്കാനിരിക്കയായിരുന്നു. ഞാനൊരിടം വരെ പൊയ്ക്കോട്ടെ?,' പേടിയോടെയാണ് നന്ദു ചോദിച്ചത്. എന്തെങ്കിലും പറഞ്ഞാൽ തിരിച്ചും മറിച്ചും ചോദ്യം ചെയ്യാറുള്ളതല്ലേ താൻ.
'ഉം... പൊയ്ക്കോളൂ... ആം ഓൾ റൈറ്റ്. '
അവൾ അത്ഭുതപ്പെട്ടു പോയെന്നു തോന്നുന്നു.
'ശരത് റെസ്റ്റെടുക്കൂ..... ഞാൻ പെട്ടെന്നു വന്നേക്കാം '
താഴെ അവളുടെ കാറിന്റെ ശബ്ദം അകന്നു പോയി. അയാൾ ആശ്വാസത്തോടെ എഴുന്നേറ്റു.ഡോക്ടർ നൽകിയ പെയിൻ കില്ലർ എടുത്തു കഴിച്ചു .ഒരാശ്വാസം.
അയാൾ വെറുതെ ആ പുസ്തകങ്ങളിലൊ ന്നെടുത്തു മറിച്ചു..... നിരവധി രോഗികളുടെ അനുഭവക്കുറിപ്പുകൾ ..... അവയിലൂടെ കണ്ണും മനസ്സും ഓടുന്നതിനനുസരിച്ച് തനിക്ക് പുതിയ ഒരു ഉണർവ് കൈവന്ന പോലെ.....
************ ************* *****************
'എന്താ രാജീവ് ..... എന്താ കാണണമെന്നു പറഞ്ഞത്. '
തലയും കുമ്പിട്ടിരിക്കയാണ് രാജീവ്. അവന്റെ മൗനത്തിന് വല്ലാത്ത കനം. അതവളെ അസ്വസ്ഥയാക്കി.
'എന്താ .... എന്തെങ്കിലും പ്രശ്നമുണ്ടോ?'
അവൾ ആര്യയുടെ നേരെ നോക്കി.
'എനിക്ക് വേഗം പോകണമായിരുന്നു. ശരത്തിന് നല്ല സുഖമില്ല.'
സുഖമില്ലാതെ ശരത്തിനെ വിട്ടുപോരാൻ തനിക്കു തീരെ താൽപര്യമുണ്ടായിരുന്നില്ല. പക്ഷെ വളരെ അത്യാവശ്യമായി ഒരു കാര്യം സംസാരിക്കാനുണ്ടെന്നു രാജീവ് പറഞ്ഞതു കൊണ്ടാ....
' ഉം 'രാജീവ് തന്റെ കൈയിലെ ഫയൽ അവൾക്ക് നേരെ നീട്ടി....
'ശരത് ഇപ്പൊ എന്റെ പേഷ്യന്റാണ് നന്ദൂ..... അവന് കുറച്ചു ദിവസങ്ങളായി കടുത്ത തലവേദനയാ....'
അവൾ ഞെട്ടലോടെ രാജീവിനെ നോക്കി. പിന്നീട് അദ്ദേഹം പറഞ്ഞതൊന്നും അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. തന്റെ വിറയ്ക്കുന്ന വിരലുകൾ കൊണ്ട് ഫയൽ മറിച്ച് നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഫയലിലെ അക്ഷരങ്ങൾ അവളെ നോക്കി കണ്ണുരുട്ടി. തന്റെ സർവ നാഡികളും തളർന്നു പോകുന്ന പോലെ.
ഡോ.രാജീവിന്റെയും ഭാര്യയുടെയും വാക്കുകൾക്ക് എന്തോ ഒരു ശക്തിയുണ്ടായിരുന്നു. അതവൾക്ക് ധൈര്യം പകർന്നു .
'നന്ദൂ... നമ്മൾ തമ്മിൽ പരിചയമുള്ള കാര്യം ശരത് അറിയണ്ട. നീയിതൊന്നും അറിഞ്ഞിട്ടില്ല. ഓ കെ., ' മടങ്ങുമ്പോൾ രാജീവ് ഓർമ്മിപ്പിച്ചു.
'ഉം.. ' ദയനീയതയിലും ആ മൂളലിന് കരുത്തുണ്ടായിരുന്നു.
'നീ എജുക്കേറ്റഡ് അല്ലെ നന്ദൂ... നിനക്കീ സിറ്റ്വേഷൻ നന്നായി ഹാൻഡിൽ ചെയ്യാൻ കഴിയും ന്നാ എന്റെ വിശ്വാസം. 'ആര്യയുടെ വാക്കുകൾ അവളുടെ മനസിന്റെ അകത്തളങ്ങളിൽ പ്രതിധ്വനിച്ചു. അവിടുന്ന് മടങ്ങുമ്പോഴേക്ക് നന്ദുവിന്റെ മനസിൽ ചില ചതുഷ്ക്രിയകൾ നടക്കുകയായിരുന്നു.
************** ***************** **********
അന്ന് കുട്ടികൾക്ക് ഏറെ സന്തോഷമുള്ള ദിവസമായിരുന്നു. കാരണം അവരെല്ലാവരും ഒന്നിച്ചിരുന്നാണ് അത്താഴം കഴിച്ചത്. ഇതിനു മുമ്പ് ഇങ്ങനെയൊന്നുണ്ടായിട്ടില്ല. കുട്ടികൾ ഉറങ്ങിക്കഴിഞ്ഞേ ശരത് വീട്ടിലെത്താറുള്ളൂ.
നന്ദു കഴിക്കാതെ കാത്തിരിക്കും. പക്ഷെ... അയാൾ കഴിച്ചിരിക്കും. പാതിരാക്കെപ്പോഴെങ്കിലും കണ്ണീർ തുള്ളികൾ വീണ് ഉപ്പു ചുവയ്ക്കുന്ന ഭക്ഷണം അവൾ കഴിച്ചെന്നു വരുത്തും.
'ഏതായാലും ക്രിസ്മസ് വെക്കേഷനല്ലെ.... ഞാനും ഒരാഴ്ച ലീവെടുത്തു ട്ടൊ....' അയാൾ മക്കളുടെ മുഖത്തു നോക്കി നിറഞ്ഞു ചിരിച്ചു.
ഒന്നും അറിയിക്കാതെ തങ്ങളെ സന്തോഷിപ്പിക്കാൻ പാടുപെടുന്ന ശരത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ ഹൃദയമൊന്ന് പിടഞ്ഞു.
അന്ന് പതിവിലും നേരത്തെ അവർ കിടന്നു. അയാൾ എഫ് ബി യും ട്വിറ്ററും മറന്നു ഫോൺ സ്വിച്ച് ഓഫ് ചെയ്തു....... നന്ദുവിനെ തന്റെ നെഞ്ചോടു ചേർത്തു.ആ നെഞ്ചിലെ ഇട തൂർന്ന രോമങ്ങൾ അവളുടെ കണ്ണീരിൽ നനഞ്ഞു കുതിർന്നു....... അയാളൊന്നും മിണ്ടിയില്ല .ഇനിയെന്തെങ്കിലും പറഞ്ഞാൽ താൻ കരഞ്ഞു പോകുമെന്ന് അയാൾ ഭയന്നു.
'ശരത്... എന്തായാലും ലീവിലല്ലെ.... നാളെ നമുക്കൊരിടം വരെ പോവണം'
നന്ദു ശബ്ദം താഴ്ത്തി പറഞ്ഞു.
'ഉം... '
************ ****************** **************
'എത്ര കൊല്ലങ്ങളായി താനീ വഴിക്കൊക്കെ വന്നിട്ട് .' തറവാട്ടിന്റെ മുറ്റത്ത് വന്നിറങ്ങുമ്പോൾ അയാളോർത്തു. അവിടെ വരാന്തയിൽ തന്നെ അവരെയും കാത്തിരിക്കയായിരുന്നു അമ്മ. വണ്ടി നിർത്തിയപ്പോഴേക്കും വേച്ച് വേച്ച് അമ്മ ഇറങ്ങി വന്നു.
'മക്കളേ... ' അമ്മയുടെ കാലുകൾ മാത്രമല്ല ശബ്ദവും ക്ഷീണിച്ചിരിക്കുന്നു.
'എടാ.... ഈ കണ്ണടയ്ണേന്റെ മുന്നെ നിന്നെയൊന്ന് കാണാൻ പറ്റീലോ....'
അമ്മയുടെ വാക്കുകൾ അവനെ നൊമ്പരപ്പെടുത്തി. അമ്മേ.... ആദ്യം അടയാൻ പോണത് അമ്മയുടെ മോന്റ ഈ കണ്ണുകളാണെന്ന് അമ്മ അറിയുന്നുണ്ടോ....
തനിക്ക് നാട്ടിൽ നിൽക്കാൻ ഒരു താൽപര്യവും ഇല്ലെന്നു മനസ്സിലായപ്പോഴാണ് അമ്മ തന്റെ മരുമകളായി നന്ദുവിനെ കണ്ടെത്തിയത്.
'അനാഥക്കുട്ടികൾക്ക് അച്ഛനമ്മമാരോട് വല്യ
സ്നേഹം ണ്ടാവും' ന്നാണ് അമ്മയുടെ നിഗമനം.
അതു വളരെ ശരിയാണ് താനും. നന്ദുവിന് എന്നും അമ്മയോടൊപ്പം ഇവിടെ നിൽക്കാനാണ് ഇഷ്ടം.
എന്റെ സുഖവും സൗകര്യവുമോർത്ത് ഞാൻ സമ്മതിച്ചില്ല. എങ്കിലും ഇടയ്ക്കിടെ ഓരോ കാരണങ്ങൾ പറഞ്ഞ് അവൾ മക്കളേം കൂട്ടി ഇവിടെ വരും.
പക്ഷെ... ഞാൻ..... ഞാൻ ഇവിടെ വന്നു പോയിട്ട് കൊല്ലങ്ങളായിരിക്കുന്നു. വല്ലപ്പോഴും ഒന്നു വിളിക്കും. താനെന്തേ അമ്മയെ ഇങ്ങനെ മറന്നു പോയി. ദൈവമേ..... തിരിച്ചറിവു വന്നപ്പോഴേക്കും വൈകിപ്പോയല്ലോ....
അമ്മയെയും അണച്ചുപിടിച്ചു വരാന്തയിലേക്ക് കയറുമ്പോൾ അയാളുടെ കണ്ണുകൾ നനഞ്ഞു .
നന്ദുവിന്റെയും......
**************** ************* **********
'മനസു നിറയെ ഒത്തിരി തീരാദു:ഖങ്ങൾ പേറി നടക്കുന്ന കുറച്ചാളുകൾ ചേർന്ന് സൃഷ്ടിച്ച അതി മനോഹരമായ സ്വർഗം' എന്ന് " സ്വാന്തന "ത്തെ കുറിച്ച് നന്ദു പറഞ്ഞത് എത്ര ശരിയാണെന്ന് അയാൾ ഓർത്തു. ഇവിടെയിരിക്കുമ്പോൾ ഏതോ അത്ഭുതലോകത്തെത്തിയ പോലെ... ഈ മതിൽക്കെട്ടിനപ്പുറത്തെ തിരക്കുപിടിച്ച ലോകം തന്റെ മനസ്സിൽ നിന്ന് മാഞ്ഞു പോയിരിക്കുന്നു.
"സാന്ത്വനം.... " നന്ദു വളർന്ന അനാഥാലയം.
അവളെ കൊണ്ടുപോയ ശേഷം താനീ വഴിക്കു വന്നിട്ടില്ല. എന്നിട്ടും എത്ര നിഷ്കളങ്കമായാണ് അവരെന്നെ സ്വീകരിച്ചത്.....
അവിടുത്തെ അന്തേവാസികൾക്കെല്ലാം നന്ദുവും മക്കളും ചിരപരിചിതരാണെന്ന് അയാൾക്ക് തോന്നി. അവർക്കിടയിലൂടെ നന്ദു ഒരു ദേവതയെ പോലെ പാറി നടന്നു. വിശേഷങ്ങൾ പങ്കുവെച്ചു.
വസ്ത്രങ്ങളും മിഠായികളും വിതരണം ചെയ്തു.
എന്തോ തനിക്കിതെല്ലാം പുതിയ അനുഭൂതിയായി പടരുന്നതയാൾ തിരിച്ചറിഞ്ഞു.
ഇടയ്ക്കെപ്പോഴോ നന്ദു അയാളുടെ അടുത്തുവന്നിരുന്നു.... തന്റെ കൈവിരലുകൾ അയാളുടെ വിരലുകളുമായി കൊരുത്തു .
'ശരത്........ ഒരിക്കൽ ഒരു അഴുക്കുചാലിൽ സ്വന്തം അമ്മയ്ക്കു പോലും വേണ്ടാതെ.... ഉറുമ്പരിച്ച്.,,,,, മരിക്കാനായ ഒരു ചോരക്കുഞ്ഞുണ്ടായിരുന്നു. ആ അവസ്ഥയിൽ പോലും അവൾ ഈ മണ്ണിൽ പിച്ച വെയ്ക്കാൻ കൊതിച്ചു.ഈ ഭൂമിയിലെ സൗഭാഗ്യങ്ങൾ അനുഭവിക്കണമെന്ന വാശിയിൽ കാലിട്ടടിച്ചു.... കരഞ്ഞു....... ആ വാശിയായിരിക്കണം അവളെ ഇന്നത്തെ ഈ നന്ദന ശരത്തിലേക്കെത്തിച്ചത്.'
അയാൾ ആ വിരലുകൾ മുറുകെ പിടിച്ചു.
************** ************* ************
അഞ്ചു വർഷങ്ങൾ...... നീണ്ട അഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഒരു ചാൺ മാത്രം നീളം പറഞ്ഞിരുന്ന തന്റെ ജീവൻ മരണത്തെ കബളിപ്പിച്ച് ഇവിടെ വരെ എത്തിയിരിക്കുന്നു .
പിന്നീട് ഒരു ചെക്കപ്പും നടത്തിയിട്ടില്ല. ഇപ്പോൾ തലവേദനയ്ക്ക് നല്ല കുറവുണ്ട്.അതുകൊണ്ട് ഒന്നു എം.ആർ.ഐ ചെയ്യാമെന്നാണ് ഡോ.രാജീവ് പറയുന്നത്. എന്നാൽ നോക്കാമെന്ന് ഞാനും വിചാരിച്ചു.ഇനിയിപ്പൊ റിസൾട്ട് എന്താണെങ്കിലും താനത് നേരിടും.കാരണം കഴിഞ്ഞ അഞ്ചു വർഷങ്ങൾ താൻ ശരിക്കും ജീവിക്കുക തന്നെയായിരുന്നു. ഇടക്കിടെ ദു:സ്വപ്നമായെത്തിയ യമദേവനെ സമയമായില്ലെന്നു പറഞ്ഞു എത്ര തവണ മടക്കി അയച്ചിരിക്കുന്നു. ഇനി മരിച്ചാലും തനിക്കൊരു നഷ്ടവുമില്ല......
ശരത് ഹോസ്പിറ്റലിലേക്ക് പോകാൻ തയാറായി. നന്ദനയെ അടുത്തു വിളിച്ചു. ചേർത്തു പിടിച്ചു.
'നന്ദൂ...... ഇന്നെനിക്കൊരു പരീക്ഷയുണ്ട്.....'
'ഈ പരീക്ഷയിൽ ശരത് തീർച്ചയായും വിജയിക്കും.... ഞാൻ പ്രാർത്ഥിക്കുന്നുണ്ട്. '
നന്ദു തേങ്ങലടക്കാൻ പാടുപെട്ടു. അവൾ കരയുന്നതിന്റെ കാരണമറിഞ്ഞിട്ടും അയാൾ പറഞ്ഞു.....
'നീയെന്തിനാ നന്ദൂ സങ്കടപ്പെടുന്നെ....... ഇതൊരു സിമ്പിൾ എക്സാമല്ലെ...!!!'
അയാൾ അവളുടെ മുഖമുയർത്തി....... കണ്ണുകൾ തുടച്ചു...... ആ നെറ്റിയിൽ ചുണ്ടമർത്തി....
*******************

By
Majidha Noushad

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot