നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചെറുകഥ - താഴ്വരയിലെ പെണ്ണ്

ചെറുകഥ
- താഴ്വരയിലെ പെണ്ണ് -
" അയ്ഷാ, ഓർമ്മയുണ്ടോ ഇന്നത്തെ രാത്രിയുടെ പ്രത്യേകത എന്താണെന്നു ...? "
" എനിക്കോർക്കാൻ അങ്ങൊരുപാട് രാത്രികൾ സമ്മാനിച്ചിട്ടുണ്ട് , ഒന്നിനുമാത്രമായി ഞാനിതുവരെ പ്രത്യേകത കല്പിച്ചിട്ടില്ല "
" എന്നാലിതിനു നീ കല്പിക്കണം, ആദ്യമായി നമ്മൾ കണ്ട ദിവസമാണിന്നു , ഒരു നവരാത്രിയുടെ ദിവസമായിരുന്നു നമ്മളാദ്യമായി കണ്ടത് "
" അങ്ങീ ദിവസം എങ്ങിനെ ഇത്ര കൃത്യമായി ഓർക്കുന്നു ...? "
" ഇന്നല്ലേ എന്റെ വിവാഹവാർഷികം, മൂന്നു വർഷങ്ങൾക്കു മുൻപ് നമ്മൾ റെയിൽവേ സ്റ്റേഷനിൽ കണ്ടു മുട്ടിയതും ഇതേ ദിവസമായിരുന്നു "
" അമർ ഞാൻ ഒന്ന് ചോദിച്ചോട്ടെ ...? "
" മ്ഹ് ചോദിച്ചോളൂ "
" ഇന്നത്തെ ദിവസം എന്റെ കൂടെ കഴിയാൻ തീരുമാനിക്കാൻ കാരണം,
വിദ്യ നിങ്ങളെ കാത്തിരിക്കില്ലേ....? "
" അവളെന്നെ കാത്തിരിക്കും അതിനു കാരണവും നിനക്കറിയാം , പിന്നെയെന്തിനീ ചോദ്യം അയ്ഷാ...? "
" അറിയാം ഇന്നത്തെ ദിവസത്തിനു അവർ യാതൊരു പരിഗണനയും കല്പിച്ചിട്ടുണ്ടാവില്ലെന്നു , പക്ഷേ നിങ്ങളുടെ സന്തോഷത്തിനു വേണ്ടിയെങ്കിലും അവർ കാത്തിരിക്കുമെന്നു കരുതി "
" എനിക്ക് എല്ലാ ദിവസവും നീ തരുന്ന പരിഗണയുണ്ടല്ലോ, അതു മതി ...."
" അമർ, ഞാനൊരു വിധവയാണ്...."
" അറിയാം സമൂഹത്തിന്റെ കണ്ണിൽ നമ്മൾ ചെയ്യുന്നത് തെറ്റാണ്, ആ തെറ്റിനെ തിരുത്താൻ ഒരുക്കമല്ലാത്തതും നീയല്ലേ..."
" അമർ , ഓർമ്മകൾ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരുവളാണു ഞാൻ , ഇപ്പോൾ ജീവിക്കുന്നതും ഏതോ ഓർമയുടെ ബലത്തിൽ മാത്രമാണു..
നിങ്ങൾക്ക് ഈ സമൂഹത്തിൽ ഒരു സ്ഥാനമുണ്ട് ,
ഒരു വെപ്പാട്ടി കാരണം അത് നശിക്കരുത് "
" അയ്ഷാ നിന്റെ പതിയെന്നു പറയുന്നതിലും വലിയ സ്ഥാനമൊന്നും എനിക്ക് വേണ്ട "
" നോക്കൂ അമർ, ഞാൻ നിങ്ങൾക്കൊരു നേരംപോക്ക് മാത്രമാണ്, ഈ സമൂഹത്തിനു നിങ്ങളെ ആവശ്യമാണ്, നിങ്ങളെ കാത്തിരിക്കുന്ന ഒരു പെൺകുട്ടിയുണ്ട് അവിടെ "
" അയ്ഷാ, എന്റെ ഡിവോഴ്സ്നാണു അവൾ കാത്തിരിക്കുന്നത് എന്നു മറ്റാരേക്കാളും നിനക്കറിയാം , എന്നിട്ടും നീ എന്നെ വേദനിപ്പിക്കുന്നല്ലോ "...
" അരുത് അമർ , എനിക്ക് അങ്ങയെ വേദനിപ്പിക്കാൻ കഴിയില്ല ..
അങ്ങയ്ക്ക് പോവാൻ സമയമായിരിക്കുന്നു. എന്നെ കുറിച്ച് ഓർത്തു വിഷമിക്കേണ്ട ഞാനിവിടെയുണ്ടാകും എന്റെ ഓർമകളെ താലോലിക്കാൻ എനിക്കിവിടം കൂടിയേ പറ്റൂ "
" അയ്ഷാ പട്ടാളക്കാരനാണെങ്കിലും എനിക്കുമൊരു ഹൃദയമുണ്ട്. ഈ താഴ്വരയിലെ മഞ്ഞിൽ നിന്നെ തനിച്ചാക്കി പോകാൻ എനിക്കു
കഴിയില്ല "
" അമർ ഞാനൊരു തീവ്രവാദിയുടെ ഭാര്യയാണു. എനിക്ക് ഈ സമൂഹത്തിൽ ഒരു സ്ഥാനവുമില്ല. ഞാൻ കാരണം സമൂഹം നിങ്ങളെ കല്ലെറിയരുത് "
" അതിനു നീ എന്ത് പിഴച്ചു...?
മരണശേഷമല്ലേ ഉമറിന്റെ തീവ്രവാദ ബന്ധത്തെ കുറിച്ച് നീ അറിയുന്നത് , എന്റെ കണ്ണിൽ നീ തെറ്റുകാരിയല്ല, നിയമത്തിന്റെയും..
പിന്നെ സമൂഹം , ഈ സമൂഹത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞവനാണ് ഞാൻ "
" അവരതു ഓർക്കില്ല അമർ, അവസരം വന്നാൽ അവർ നിങ്ങളെ കല്ലെറിയും , ഒറ്റപെടുത്തും നന്ദിയില്ലാത്ത ഒരുകൂട്ടം ചെന്നായ്ക്കളുടെ കൂട്ടമാണ് ചുറ്റും , നിങ്ങൾക്കവരെ നേരിടാൻ കഴിയില്ല "
" അയ്ഷാ പ്രതിഫലം ആഗ്രഹിച്ചല്ല ഞങ്ങൾ ജോലി ചെയ്യുന്നത് , അതുപോലെ എന്തിനെയും നേരിടാനും ഞങ്ങൾ മനസ്സാ സന്നദ്ധരാണ് "
" അമർ സമയം ഏറെ വൈകിയിരിക്കുന്നു. പുറത്തു നല്ല മഞ്ഞുണ്ട് താങ്കൾക്ക് ഏറെ ദൂരം ഡ്രൈവ് ചെയ്യേണ്ടതല്ലേ "
" ഞാൻ ഇപ്പോൾ പോവുന്നു, തിരിച്ചു വരും കൊണ്ട് പോവാൻ. ഈ സമൂഹമല്ല നിന്നെ വിളിക്കുന്നത് മേജർ അമർനാഥ്‌ ആണ് "
" ലാൽ ചൗക്കിലെ തണുപ്പിലേക്ക് ഏതോ പ്രണയത്തിന്റ തൂവൽസ്പർശവുമായി വരുമ്പോൾ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു, എന്റെ സ്വപ്നങ്ങളെ തച്ചുടച്ച മണ്ണാണിത് , ഞാനും എന്റെ ഓർമകളും ആ സ്വപ്നങ്ങളോടൊപ്പം ഈ മണ്ണിൽ അലിഞ്ഞു ചേരട്ടെ അമർ "
" അയ്ഷാ ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഞാൻ , ഇനി ഈ കണ്ണീരിനു മാത്രം പകരം നൽകാൻ ഒന്നുമില്ല..
നിന്നെയീ മണ്ണിനു വിട്ടു നൽകാൻ ഞാനൊരുക്കമല്ല. "
" അമർ എന്റെ വിധിയാണിത് "
" നീ സൃഷ്ടിക്കുന്ന വിധിയെന്നു പറയൂ , ഒരുപാട് ചിന്തിക്കുന്നവളാണ് നീ ,
നീ എഴുതിയ വരികളിൽ ഞാൻ കണ്ടത് തുടിക്കുന്ന ജീവനായിരുന്നു. അതിൽ പച്ചയായ ജീവിതങ്ങളുണ്ടായിരുന്നു.
നിനക്കിനിയും ഒരുപാട് പറയാൻ കഴിയും ഈ സമൂഹത്തിനു വേണ്ടി "
" ഇല്ല അമർ, എന്നെ അവർ കണ്ടതു മറ്റൊരു കണ്ണിലൂടെയാണ്.
ഭർത്താവിന്റെ മരണത്തിനു തൂലികയിലൂടെ പ്രതികാരം ചെയ്യുന്നവൾ, ഇന്ന് ഞാനുമൊരു റിബലാണു, ക്രൂശിക്കപ്പെടേണ്ടവരുടെ കൂട്ടത്തിലാണ് എന്റെ സ്ഥാനം "
" എനിക്കറിയാവുന്ന സത്യമാണ് നിന്നെയീ താഴ്വരയിൽ സുരക്ഷിതയാക്കുന്നതു , ആ സുരക്ഷിതത്വം എന്നേക്കും നൽകാനാണ് എന്റെ തീരുമാനം.
ഞാൻ പോകുന്നു അയ്ഷാ. അടുത്ത ആഴ്ച വരുമ്പോഴേക്കും നീയാ കവിത എഴുതി തീർക്കണം. ഈ താഴ്വരയിലെ നിന്റെ അവസാനത്തെ കവിത..
ഇനി എഴുതേണ്ടത് ഈ തുറന്ന ലോകത്തിനു വേണ്ടിയാവണം "
.........
പുറത്തു മഞ്ഞു ശക്തിയായി പെയ്യുന്നു, കോട്ടേജിന്റെ വാതിൽ തുറന്നപ്പോൾ തണുത്ത കാറ്റു അയാളുടെ മുഖത്തേക്ക് അടിക്കാൻ തുടങ്ങി. മഫ്ളർ ചുറ്റി കൈയ്യിൽ ഗ്ലൗസ് ഇട്ടു ജീപ്പ് സ്റ്റാർട്ടായാക്കി...
മഞ്ഞുവീഴ്ച ശക്തിയായെന്നു തോനുന്നു. ജീപ്പിന്റ വൈപ്പർ നീങ്ങുവാൻ പ്രയാസപ്പെടുന്നതു പോലെ.
ഫോഗ്‌ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ റോഡിനിരുവശത്തും മലനിരകൾ മങ്ങിയ ചുവർ ചിത്രം പോലെ കാണുന്നു. എവിടെയോ വെടിയൊച്ച കേൾക്കുന്നുണ്ട്.
അശാന്തമാണീ താഴ്വര വെടിയൊച്ചകൾ
അലയടിക്കാത്ത ദിവസങ്ങളില്ല.
സ്കൂളുകൾക്ക് വർഷത്തിലധികവും അവധി തന്നെ.
ഉറക്കം പോലും ഇവിടുള്ളവരെ ഭയപ്പെടുത്തുന്നു. ശാന്തമായി ഒന്നുറങ്ങിയിട്ട് കാലങ്ങളായിക്കാണും...
കുറ്റബോധം തോനുന്നു.
ഒരുപാട് ശപിച്ചിട്ടുണ്ട് ആ ദിവസത്തെ..
മാർച്ചിലെ ഷാലിമാർ ബാഗിലെ പുഷ്‌പോത്സവം, ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് ബെറ്റാലിയനിലെ ചെറു സംഘവുമായി താൻ എത്തുന്നതിനു മുൻപേ അവർ ആക്രമണം തുടങ്ങിയിരുന്നു...
ഒരു മിലിട്ടറി ഓപ്പറേഷന് ഒരുങ്ങും മുന്നേ നിരവധി ജീവൻ പൊലിഞ്ഞിരുന്നു.
ഷൂട്ട് ഓണ്‍ സൈറ്റു ഓർഡർ ലഭിക്കാൻ കാത്തിരുന്നില്ല, ശക്തമായ പ്രത്യാക്രമണം നടത്തി..
ഒരാൾ പോലും ശേഷിക്കാതെ അവരെ കീഴടക്കി.
പക്ഷേ ന്യായീകരിക്കാൻ കഴിയാത്ത ഒരു തെറ്റിന്റെ കുറ്റബോധമിന്നും മനസ്സിനെ വേട്ടയാടുന്നു.
ഉമർ.....
കയ്യിൽ പരിക്കേറ്റ ഒരു കുഞ്ഞുമായി പുകച്ചുരുകൾക്കിടയിൽ നിന്നും ഓടിവന്ന ഉമറിനെ ഒരുമാത്ര ഭീകരനായി തോന്നിച്ചതു സ്വാഭാവികം .
കുഞ്ഞുങ്ങളെ മറയാക്കി ആക്രമിക്കുക ഇത്തരക്കാരുടെ രീതിയാണ്. ജനക്കൂട്ടത്തിനു നേരെ കുഞ്ഞുമായി ഓടിവരുന്ന ഉമറിനെ വെടിവെച്ചു വീഴ്ത്താനേ തോന്നിയുള്ളൂ.
പക്ഷെ നെഞ്ചിനു നേരെ വെടിയുണ്ടകൾ ചീറിവന്നപ്പോഴും ഉമർ ആ കുഞ്ഞിനെ മറച്ചു വച്ചിരുന്നു..
ആ മനുഷ്യത്വത്തിന്റെ യൗവനത്തിനു വെടിയുണ്ടകളെ ഏറെ നേരം അതിജീവിക്കാൻ കഴിഞ്ഞില്ല..
അറിഞ്ഞിരുന്നില്ല അവനെ കാത്തിരിക്കുന്ന ഒരു പെൺകുട്ടി ഈ താഴ്വരയിൽ ഒറ്റയ്ക്കുണ്ടെന്നു ...
ജീവൻ പണയംവച്ചാലും ചെറിയ പിഴവിനുപോലും കോർട്ട്മാർഷൽ നേരിടേണ്ടി വരുന്ന ഒരു പട്ടാളക്കാരനു നിഷ്കളങ്കനായ ആ ചെറുപ്പക്കാരനെയും തീവ്രവാദിയാക്കേണ്ടി വന്നതാണ് ഈ ജോലിയോട് ആദ്യമായി വെറുപ്പ് തോന്നിച്ച നിമിഷം...
വൗളേണ്ടറി റിട്ടയര്മെന്റിനു അപേക്ഷിക്കാനും കാരണം ഇതൊക്കെ തന്നെ.
വയ്യ വെടിയൊച്ചകൾ കേട്ടു മടുത്തു തണുത്തുറഞ്ഞ ചോരകളാണ് ചുറ്റിലും.
ഉറക്കമില്ലാതെ അത് തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു...
..........................
കതകിനു ശക്തമായ തട്ട് കേട്ടാണ് ഉണർന്നത്.
നേരം പുലർന്നു വരുന്നതേയുള്ളൂ. പുറത്തു മഞ്ഞു വീഴ്ച ശക്തിയായി കൊണ്ടിരുന്നു...
കോൺസ്റ്റബിൾ യാദവ് ആണ്
തലയിൽ മിലിട്ടറി മങ്കി ക്യാപ്പുമണിഞ്ഞു ജീപ്പിനടുത്തായി നില്ക്കുന്നു.
" മേംസാബ് ഇന്നലെ രാത്രി ഒരു ടെറോറിസ്റ്റു അറ്റാക്കുണ്ടായി, മേജർ സാബിന് സീരിയസ് ആണ്. ഐ സി യു വിൽ ആണിപ്പോൾ.
താങ്കളെ കാണണമെന്ന് പറഞ്ഞു "
നെഞ്ചിൽ ഒരു മിന്നൽ പിണർ പോയത് പോലെ..
ഇന്നലെ രാത്രി അദ്ദേഹം ഇങ്ങനെയൊരു ദുരന്തത്തിലേക്കാണ് പോകുമെന്നറിയില്ലാരുന്നു.
ഞാനെന്ന ചതുപ്പിലേക്കദ്ദേഹം വീഴരുത് എന്നേ ആഗ്രഹിച്ചിട്ടുള്ളൂ.
യാദവ് വേഗതയിൽ ജീപ്പ് ഡ്രൈവ് ചെയ്തു. റോഡിൽ മിലിട്ടറി വാഹങ്ങൾ അങ്ങിങ്ങായി നില്ക്കുന്നു.
പലസ്ഥലത്തും ചെക്കിങ് നടക്കുന്നുണ്ടായിരുന്നു.
ജീപ്പ് മിലിട്ടറി ഹോസ്പിറ്റലിക്കു കയറി.
" ബോധമുണ്ട്, നിങ്ങളെ കാണണമെന്ന് പറഞ്ഞിരുന്നു.
പക്ഷെ ക്ഷമിക്കണം ഈയൊരവസ്ഥയിൽ അങ്ങോട്ട്‌ കയറാൻ പറ്റില്ല. "
" ഡോക്ടർ ഇപ്പൊൾ എങ്ങനെയുണ്ട് ..? "
" ഒന്നും പറയാറായിട്ടില്ല വൃക്കയ്ക്കു സാരമായി പരിക്കുണ്ട് , മാറി വയ്‌ക്കേണ്ടി വരും ..
ബ്ലഡ് ഓ പോസിറ്റീവായതു കൊണ്ട് ഡോണറെ കിട്ടാൻ പ്രയാസമില്ല. ഏതുമായാലും കുഴപ്പവുമില്ല..
പക്ഷെ ഈ താഴ്‌വരയിൽ അതിനു ആരെയും കിട്ടുമെന്ന് തോനുന്നില്ല "
" എന്ത് ചെയ്യും ഡോക്ടർ ഇവിടെ അദ്ദേഹത്തിന് വേണ്ടപ്പെട്ടവർ ആരുമില്ല. കുടുംബം നാട്ടിലാണു "
" വൈകിച്ചാൽ കൂടുതൽ അപകടമാണ് , ഞാൻ ക്യാംപിൽ വിവരം അറിയിച്ചിട്ടുണ്ട് പക്ഷെ ഇങ്ങനെ ഒരവസ്ഥയിൽ അവരും നിസ്സഹായരാണ് "
" വൈകിക്കേണ്ട ഡോക്ടർ ... നിങ്ങൾ ഓപ്പറേഷന് വേണ്ടത് ചെയ്തോളൂ "
...........
ഇന്നലെ ഡിസ്ചാർജ് ആയേ ഉള്ളൂ.
ലോങ്ങ് ലീവ് അനുവദിച്ചു മെയിൽ വന്നപ്പോൾ തൊട്ടു അയ്ഷയെ കാണണമെന്ന് കരുതിയതാണ്.
ഇനിയെങ്കിലും എല്ലാം തുറന്നു പറയണം അവൾക്കു തന്നെ മനസ്സിലാക്കാൻ കഴിയും.
ഇന്ന് താൻ ജീവിച്ചിരിക്കാൻ കാരണമവളാണ്.
സ്വാർത്ഥമായ പ്രണയത്തിനു വേണ്ടി ഇനിയുമാ സത്യം മറച്ചു വച്ചുകൂടാ. അവൾ എന്നോട് പൊറുത്തില്ലെങ്കിലും അവളോട് തുറന്നു പറയാത്തടുത്തോളം അത് തന്നെ വേട്ടയാടും....
ജീപ്പ് ദാൽ തടാകത്തിനു അരികിലൂടെ നീങ്ങി.
ഓർമ്മകൾ പലപ്പോഴും മഞ്ഞുതുള്ളി പോലെ കുളിരുള്ളതാണ്.
അവളുടെ നിഷ്കളങ്കമായ പുഞ്ചിരിയാണ് ആദ്യമായി തന്നിൽ പ്രണയത്തിന്റെ വസന്തം വിരിയിച്ചതു.
പക്ഷെ അവൾ ഉമറിന്റെ വിധവയാണെന്നറിഞ്ഞത് മുതൽ കുറ്റബോധമായിരുന്നു...
പിന്നീടതൊരു സഹതാപമായി. ജീവിതം പലപ്പോഴും യാദൃശ്ചികതകാളുടെ പോരാട്ടമാവാറുണ്ട്. അയ്ഷയുമായുള്ള കണ്ടുമുട്ടൽ വരെ യാദൃശ്ചികമായിരുന്നു ...
ജീപ്പ് ലാൽ ചൗക്കിലെത്തി. ജനങ്ങൾ നന്നേ കുറവായിരുന്നു. ഒരു സ്ഥലത്ത് പട്ടാളക്കാരുടെ ക്യാമ്പ് കാണാം കടകളൊന്നും തന്നെ തുറന്നിട്ടില്ല...
ചെക്ക്പോസ്റ്റിനടുത്തായി ജീപ്പ് നിർത്തി.
" എന്ത് പറ്റി നിരത്തിലൊന്നും ആരെയും കാണാനില്ലല്ലോ "
" കഴിഞ്ഞ ആഴ്ച്ചയിലെ ബ്ലാസ്റ്റിങ്ങിൽ നിരവധി പേര് മരിച്ചു സാബ് , ഒരാഴ്ചത്തേക്ക് കർഫ്യൂ ആണ് "
മനസ്സിൽ കനൽമഴ പെയ്തിറങ്ങാൻ തുടങ്ങി , നെഞ്ച് ചുട്ടുപൊള്ളുന്നതു പോലെ. അയാളെന്തോക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും മനസിലോട്ടു കയറിയില്ല.
ജീപ്പെടുത്തു നേരെ മലഞ്ചരുവിലേക്കു കുതിച്ചു.
തകർന്ന കോട്ടേജുകൾ പലതും അപ്പോഴും പുകയുന്നുണ്ടായിരുന്നു..
അയ്ഷയുടെ കോട്ടേജിനു മുന്നില് പട്ടാളത്തിന്റെ ബാരിക്കോഡുകൾ സ്ഥാപിച്ചിട്ടുണ്ട് .
ഡ്യൂട്ടിയിലുള്ള പട്ടാളക്കാരൻ സല്യൂട്ട് അടിച്ചു പറഞ്ഞു.
" ഈ ഏരിയയിൽ മാത്രം 14 പേർ കൊല്ലപ്പെട്ടു "
" ഈ വീട്ടില് ....? "
" ഒരു സ്ത്രീയുണ്ടായിരുന്നു ബോഡി വാങ്ങാൻ ആളില്ലാത്തതിനാൽ മിലിട്ടറി ആണ് അടക്കം ചെയ്തത് "
കണ്ണിൽ ഇരുട്ട് പടരാൻ തുടങ്ങി...
അയ്ഷാ എനിക്ക് പറയാനുള്ളത് കേൾക്കാതെ നീ പോയല്ലോ. ഈ താഴ്വരയിലെ അവസാനത്തെ കവിത നീ എനിക്ക് വേണ്ടിയായിരുന്നോ എഴുതിയത് ...
പ്രിയപെട്ടവളെ നിന്റെ നോവിന്റെ കവിതകൾ പോലെ നീ ബാക്കിയാക്കിയതാണ് ഞാനും എന്റെ പ്രണയവും..
നിന്റെ ഓർമകളുമായി നീയീ താഴ്വരയിലുണ്ടാകുമെന്നറിയാം.
എന്റെ പ്രണയവും അതിന്റെ കുറ്റബോധവും നിന്നെക്കാൾ നന്നായി അറിഞ്ഞതാരുമില്ല ...
നിന്നെയീ മഞ്ഞിന്റെ കുളിരിനു നല്കി വിടപറയാൻ തോനുന്നില്ല അയ്ഷാ...
ജീവന്റെ ദാക്ഷിണ്യം നല്കിയതിതിനായിരുന്നോ ,
നിന്റ ഓർമകളിൽ ജീവിക്കാനുള്ള ഔദാര്യമായ് ...!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot