നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാഴ്ചകളിലൂടെ...

കാഴ്ചകളിലൂടെ... 
****************
ഒരു അവധി ദിവസത്തിന്റെ ആലസ്യത്തിൽ കിടന്നുകൊണ്ട് ഞാനോർത്തു, ഇന്നിനി എന്താണ് ചെയ്തുതീർക്കാനുള്ളതെന്ന്.. എന്തൊക്കെ ചെയ്തു തീർത്തു എന്നും ഓർത്തെടുത്തു... വീട്ടുജോലികളൊക്കെ തീർന്നിട്ടുണ്ട്. ഇനിയിപ്പോ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ല. എങ്കിൽ പിന്നേ ഒന്ന് പുറത്തു പോയേക്കാം. ഒറ്റയ്ക്ക് എത്രനേരമെന്നു വെച്ചാ ഇവിടിങ്ങനെ.... 
പോകാമെന്നുറച്ചപ്പോൾ പെട്ടെന്ന് കുളിച്ചു ഫ്രഷായി വന്നു. പതിവായുള്ള ചില്ലറ ഒരുക്കങ്ങളൊക്കെ ധൃതിയിൽ തീർത്തു. തോളൊപ്പം കിടക്കുന്ന മുടിയിഴകളെ കൈകൊണ്ടു മാടിയൊതുക്കി.. അലമാര തുറന്നപ്പോൾ കയ്യിൽകിട്ടിയതു എനിക്കേറെ ഇഷ്ടമുള്ള ജീൻസും മുട്ടറ്റം ഇറക്കമുള്ള കുർത്തയും തന്നെ... വേഷം മാറി കണ്ണടയും കയ്യിലെടുത്തു ഞാൻ വീടുപൂട്ടിയിറങ്ങി.. സന്തതസഹചാരിയായ എന്റെ ടുവീലർ ഒരു യാത്രക്കൊരുങ്ങികൊണ്ടു പോർച്ചിൽ റെഡിയാണ്. വണ്ടിക്കടുത്തു വന്നു ഒന്നുകൂടെ ആലോചിച്ചു, ഹെല്മെറ്റെടുക്കണോ വേണ്ടയോ എന്ന്‌. ഒടുക്കം വേണ്ടെന്നു വെച്ചു... യാത്രയിലുടനീളമുള്ള കാഴ്ചകളെ എനിക്കൊത്തിരി ഇഷ്ടമാണ്... ഹെൽമെറ്റിനുളളിൽ മുഖമൊളിപ്പിച്ച് ആ കാഴ്ചയുടെ സുഖം നഷ്ടപെടുത്തേണ്ട എന്ന്‌ കരുതി ഞാൻ. വണ്ടിയെടുത്തു പുറത്തിറങ്ങി, ലക്ഷ്യമില്ലാത്തതാണ് ഇതുപോലുള്ള എന്റെ യാത്രകൾ... യാത്രക്കിടയിൽ എനിക്ക് തോന്നുന്നതാണ് ലക്ഷ്യസ്ഥാനം. ഏതാണ്ടൊരു മുക്കാൽമണിക്കൂർ വണ്ടിയോടിച്ചു ഞാനെത്തിയത് പൂമല എന്ന സ്ഥലത്താണ്.. സമീപവാസികളോട് അന്വേഷിച്ചപ്പോൾ അവിടെ ചെറിയൊരു ഡാമും അതിനോട് ചേർന്നൊരു പാർക്കും ഉണ്ടെന്നറിഞ്ഞു... എന്നാൽ പിന്നേ അങ്ങോട്ടു പോയേക്കാം, അവിടാവുമ്പോൾ കാറ്റുംകൊണ്ട് ഒറ്റക്കിരിക്കാൻ രസമാകും, ഞാൻ ഉള്ളിലോർത്തു. 
ഉദ്ദേശിച്ച സ്ഥലത്തെത്തി. വണ്ടിയിൽ നിന്നിറങ്ങാതെ തന്നെ ഞാൻ ചുറ്റുപാടും നോക്കി. സുരക്ഷിതമായ ഇടമല്ലെങ്കിൽ തിരിച്ചു പോരാമെന്നായിരുന്നു എന്റെ മനസിലെ ചിന്ത. ദൂരകാഴ്ചയിൽ മനോഹരമായ സ്ഥലം. ചെറിയൊരു ജലാശയം, അതിനോട് ചേർന്നുകൊണ്ട് ഒരു കൊച്ചുപുൽത്തകിടിയും. സന്ദർശകരുടെ ബഹളമൊന്നും ഇല്ലെങ്കിലും പ്രകൃതിരമണീയമായ ആ സ്ഥലം കാണാൻ ചില കുടുംബങ്ങളൊക്കെ വരുന്നുണ്ടെന്നു ഞാൻ മനസ്സിലാക്കി. എനിക്ക് സമാധാനമായി.. ഞാൻ മാത്രമെല്ലലോ, സ്ത്രീകളടക്കമുള്ള ചില സംഘങ്ങൾ വേറെയും ഉണ്ടെന്നത് എന്നിലെ സ്ത്രീക്ക് ആശ്വാസം പകർന്നു.. 
പാർക്കിംഗ് ഏരിയയിൽ വണ്ടിവെച്ചുകൊണ്ടു താക്കോലുമെടുത്തു ഞാനിറങ്ങി. സ്റ്റെപ്പുകളിറങ്ങി താഴേക്കു ചെല്ലുന്നിടത്തു തന്നെ ചെറിയൊരാമ്പൽ കുളം. നാലഞ്ചു നീലയാമ്പലുകൾ ചിരിതൂകികൊണ്ട് സ്വാഗതമരുളുന്നു. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ടു അവിടവിടായി മെറ്റൽകൂനകളും കോൺക്രീറ്റ് ബ്രിക്സുകളും കൂടികിടക്കുന്നു. തടാകത്തിനോട് ചേർന്നു പലയിടത്തായി സിമന്റ് ബെഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. ചിലകുട്ടികൾ പാർക്കിൽ ഓടിക്കളിക്കുന്നു. തടാകത്തിൽ ബോട്ടിങ്ങിനു റെഡിയായി ഒന്നുരണ്ടു ബോട്ടുകളും നിർദ്ദേശങ്ങളുമായി ലൈഫ് ഗാർഡുകളും. ചുറ്റുപാടും വീക്ഷിച്ചുകൊണ്ടു ഞാൻ അലസമായി നടന്നു... പുറകിലൂടെ ഒരു മണിയൊച്ച അടുത്ത് വരുന്നതായി ഞാൻ അറിയുന്നുണ്ടായിരുന്നു. തിരിഞ്ഞ് നോക്കിയപ്പോൾ അതൊരു കുതിരവണ്ടിയാണെന്നു മനസ്സിലായി. കുടമണികൾ കുലുക്കികൊണ്ടു ഒരു ചെമ്പൻകുതിരയെ കെട്ടിയ കുതിരവണ്ടിയും വൃദ്ധനായ ഒരു കുതിരക്കാരനും. തടാകത്തിനു ചുറ്റുമുള്ള നടവഴിയിലൂടെ കുതിരവണ്ടിയുമായി അയാൾ വരികയാണ്‌, സന്ദർശകരിലെ കുട്ടികളെ ലക്‌ഷ്യം വെച്ചുകൊണ്ട്. അവരുടെ മാതാപിതാക്കളെ പ്രതീക്ഷയോടെ നോക്കുന്നതും കാണാം. ആ ചെമ്പൻ കുതിരയെ കണ്ടപ്പോൾ അശ്വമേധം എന്ന കവിതയാണ് എന്റെ മനസിലേക്കോടിയെത്തിയത്. ആ കവിതയുടെ ഈരടികൾ മൂളികൊണ്ടു അടുത്തുകണ്ട സിമെന്റ് ബെഞ്ചിലേക്ക് ഞാനിരുന്നു. ഒന്നുരണ്ടു കുട്ടികളുമായി ആ കുതിരവണ്ടി എന്റെ ദൃഷ്ടിമണ്ഡലത്തിൽ നിന്നും തടാകത്തെ വലംവെച്ചു അകലേക്ക്‌ പോയ്മറഞ്ഞു. 
ഞാൻ വീണ്ടും പുതിയ കാഴ്ചകൾക്കായി ചുറ്റിനും മിഴിയോടിച്ചു. എന്നിൽ നിന്നും അല്പം മുന്നിലായി ഒരു മരചുവട്ടിലെ മറ്റൊരു സിമെന്റ് ബെഞ്ചിൽ ഒരു സ്ത്രീയും പുരുഷനും ഇരിക്കുന്നത് ഞാൻ കണ്ടു. അവന്റെ ചുമലിലേക്ക് തലചായ്ച്ചുകൊണ്ടു അവളിരിക്കുന്നു.. അവൻ തന്റെ വലതുകൈകൊണ്ട് അവളെ തന്നിലേക്ക് ചേർത്തുപിടിച്ചിട്ടുണ്ട്. സംസാരത്തിനിടയിൽ ഇടയ്ക്കിടെ അവളുടെ മുടിയിഴകളിൽ വിരലോടിക്കുന്നുണ്ടവൻ.. കുസൃതിപറയുന്ന അവനോടവൾ പരിഭവം കാണിക്കുന്നുണ്ട്. പിണങ്ങിയിട്ടെന്നോണം തന്നിൽ നിന്നും അകന്നുമാറിയ അവളെ അനുനയിപ്പിക്കാൻ ശ്രമിക്കയാണവൻ. അനുരഞ്ജനശ്രമത്തിനൊടുവിൽ എന്തോ പറഞ്ഞു അവന്റെ ചെവിക്കുപിടിച്ചു കൊണ്ട് വീണ്ടും അവൾ അവന്റെ ചുമലിലേക്ക് ചാഞ്ഞു. 
അടുത്തുവരുന്ന കുതിരവണ്ടിയുടെ മണിയൊച്ച എന്നെപോലെ അവളിലും പരിസരബോധമുണ്ടാക്കിയെന്നു തോന്നുന്നു. പരിഭ്രമത്തോടെ തിരിഞ്ഞ് നോക്കിയ അവളെ കണ്ട്‌ ഞാൻ അമ്പരന്നിരുന്നു, ഞാൻ കണ്ട അവൾക്ക് എന്റെ മുഖമായിരുന്നു... 
ഗൗരികല്യാണി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot