Slider

മഞ്ഞുറക്കം(ഹൈബര്‍നേഷന്‍)

1

മഞ്ഞുറക്കം(ഹൈബര്‍നേഷന്‍)...... ശൈത്യം പിടിമുറുക്കുകയാണ്. ഇളംവെയിലിനെ ഊതിക്കെടുത്തുന്ന ശീതക്കാറ്റ്. ഇലപൊഴിഞ്ഞൊഴിഞ്ഞ മരം നഗ്നതയൊളിപ്പിയ്ക്കാനാവാതെ കുനിഞ്ഞുനില്ക്കുമ്പോഴാണ് മഞ്ഞുപരലുകള്‍ വന്നുമൂടിയത്. താഴെ മണ്ണില്‍ ഉണങ്ങിവീണ പാഴ് വിത്തുകള്‍ മരവിച്ചുതുടങ്ങിയിരുന്നു. ഒടുവിലത്തെ പഴുത്തില കൂടി മേലെയിട്ട് മൂടിയപ്പോള്‍ മരം മെല്ലെ മന്ത്രിച്ചു...പുതച്ചിരിയ്ക്കുക, ഇനിവരുന്നത് അതിജീവനത്തിന്റെ പരീക്ഷണനാളുകള്‍! കട്ടിയുള്ള തോടിനുള്ളില്‍ കിട്ടുന്ന ചൂടില്‍ മനംതളരാതെയുറങ്ങുക! അത്യാവശ്യം ജീവനോപാധികള്‍ നിങ്ങള്‍ക്കുള്ളിലുണ്ട്. ഒരുകണക്കിനിപ്പോള്‍ നിങ്ങള്‍ സുരക്ഷിതമേഖലയിലാണ്. കൊത്തിത്തിന്നാനിവിടെ കിളികളോ പുഴുക്കളോ വരില്ല. എല്ലാവരും സ്വരക്ഷയേ നോക്കൂ. ജീവന്റെ നാമ്പുകള്‍ എവിടെയൊളിച്ചിരിയ്ക്കുന്നുവെന്ന് നോക്കാന്‍ ആര്‍ക്കും സമയം കാണില്ല. ജീവോഷ്മാവ് ഉള്ളില്‍ത്തന്നെ തേടി പല ജീവികളും നിദ്രാവസ്ഥ പൂകുകയാകും. വേരാഴത്തില്‍ ഭൂമിയുടെ ഹൃദയതാളം ഞാന്‍ തൊട്ടറിയുന്നുണ്ട്. ഒരു താരാട്ടുപോലെ ആ സ്പന്ദനം കേട്ട് ചായുറങ്ങുക. മഞ്ഞിന്റെ കമ്പളത്തിനുള്ളിലും ജീവന്റെ ഊഷ്മളത കാത്തുവെയ്ക്കുക. മഞ്ഞുരുകിമാറും വരെ മതികെട്ടുറങ്ങിത്തീര്‍ക്കുമ്പോഴും പുതുനാമ്പെന്ന സ്വപ്നം കാണാതിരിയ്ക്കരുത്. ഈറന്‍മണ്ണില്‍ നേരിയചൂടുള്ള സൂര്യരശ്മികള്‍ വന്നുവിളിച്ചുണര്‍ത്തുമ്പോള്‍ മാത്രം കണ്ണുതുറന്നാല്‍മതി. തോടുപൊട്ടി നാമ്പെടുത്തു പുറത്തെത്താന്‍ പ്രത്യേക പരിശീലനം വേണ്ടിവരില്ല. കണ്ണടഞ്ഞുതുടങ്ങിയ വിത്തുകള്‍ ഒന്നുമൂളിയെന്നു വരുത്തി ഉറക്കം തുടങ്ങി. കാറ്റിലുലഞ്ഞ്, വെണ്‍മ വിരിച്ച് മഞ്ഞുപെയ്തുതുടങ്ങിയിരിക്കുന്നു. 

രാധാസുകുമാരന്‍
1
( Hide )
  1. “അത്യാവശ്യം ജീവനോപാധികള്‍ നിങ്ങള്‍ക്കുള്ളിലുണ്ട്.”
    ഇനിയും നന്നായി എഴുതുക.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo