Slider

പങ്കുവെക്കൽ

0

പങ്കുവെക്കൽ
'ഇഷ്ടമാണെ'ന്ന രത്നം പൊന്നു
പെട്ടിയിൽ പൂട്ടി വെക്കൊലാ
കഷ്ടമാണെന്നു വരികിലും
പൂട്ട് പൊട്ടിച്ചൊരളവേകണം.
ഉള്ളിൽ തിങ്ങുന്ന സ്നേഹലാവണ്യം
പൂത്തു വിടർന്നു വിലസുകിൽ
ഇരന്നു വാങ്ങാനിട കൊടുക്കാത-
കമറിഞ്ഞു കൊടുക്കുകിൽ
പുത്ര പൗത്രകളത്രസഞ്ചയമൽ -
ഭൂതപ്രേമ ഗീതം രചിച്ചിടും
ചൊല്പടിക്കുള്ള വാക്കെടുക്കുവാൻ
അനേക ദാസർ ഗമിച്ചിടും.
സൗഹൃദത്തിന്റെ കൂട്ടിലേക്കെത്ര -
യാത്മ ഗീത സമുച്ചയം.
പ്രീയമുള്ളോരുണ്ണാെതെയും നിറ
ഞ്ഞാ,ത്മശാന്തിക്ക് നേർന്നിടും
കാമിനിക്കേകാനാവുകില്ലേതു -
മിത്ര വിലയുള്ളതൊന്നുമേ.
പ്രേമമുളളിലുണ്ടുലകിലെങ്കിലും
തൊട്ടുരുമ്മിയാലത് മിന്നുമേ.
കാറ്റുചുറ്റിലും നിറഞ്ഞു നിന്നാലും
ഒട്ടുവീശിയാലേ കുളിരിടു.
ഉള്ളുചുരന്നു വരുന്ന വിസ്മയം
പങ്കുവെക്കുകിലേറുമേ
ഒരു തുള്ളിയിലുയിരിടും കടല -
തിലായിരം സ്നേഹ ദർശനം
സ്വഹൃത്തിലൂറുമുറവയെ മല
നദികളായി വളർത്തും പോൽ
കൂമ്പി നിൽക്കും സ്നേഹമൊട്ടുകൾ
പൂത്തു വിരിയട്ടെ പുണ്യമായി.
പൂമ്പരാഗങ്ങൾ പാറട്ടെ ചുറ്റും
ശ്രീ സുഗന്ധം പരക്കട്ടെ
സ്നേഹസാഗരം തിരയിളക്കുമ്പോൾ
സ്വാർത്ഥരാകല്ലെ നാമിനി.

By
Deva Manohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo